Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ്രധാനമന്ത്രിയുടെ സൗദി ...

പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം പുതുവഴികള്‍ തുറക്കുമോ?

text_fields
bookmark_border
പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം പുതുവഴികള്‍ തുറക്കുമോ?
cancel

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദിസന്ദര്‍ശനം വളരെ പ്രതീക്ഷയോടെയാണ് ഇരുരാജ്യങ്ങളും ഉറ്റുനോക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ ഉയരങ്ങളിലത്തെിക്കാന്‍ മോദിയുടെ യാത്ര ഉപകരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ഇസ്ലാമിന്‍െറ  വിശുദ്ധഭൂമിയില്‍, ഇരുഹറമുകളുടെ നാട്ടില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ലഭിക്കാന്‍പോകുന്ന ഊഷ്മള വരവേല്‍പ് സൗദി, ഇന്ത്യന്‍ രാഷ്ട്രീയ-വാണിജ്യ ബന്ധത്തില്‍ പുതിയ യുഗത്തിന് നാന്ദി കുറിക്കുമെന്ന് കരുതപ്പെടുന്നു. സൗദിയിലെ 30 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരായ പ്രവാസികള്‍ മോദിയുടെ റിയാദ് സന്ദര്‍ശനത്തെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.
വാഷിങ്ടണില്‍ നടക്കുന്ന ആണവസുരക്ഷ ഉച്ചകോടിയില്‍ പങ്കെടുത്ത് നാട്ടിലേക്ക് തിരിക്കുന്ന വഴിയെ ഏപ്രില്‍ രണ്ടിന് മോദിയുടെ റിയാദ് പര്യടനം ആരംഭിക്കും. ആറുവര്‍ഷത്തെ ഇടവേളക്കുശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍പ്രധാനമന്ത്രി സൗദിഅറേബ്യ സന്ദര്‍ശിക്കുന്നത്. സൗദി വിദേശകാര്യമന്ത്രി ആദില്‍ ജുബൈര്‍ മോദിയുടെ സന്ദര്‍ശനം സൗദി-ഇന്ത്യ ബന്ധത്തില്‍ പുതിയ നാഴികക്കല്ലാകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയുണ്ടായി. ന്യൂഡല്‍ഹിയില്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജുമായുള്ള ചര്‍ച്ചക്കുശേഷം പത്രക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാനാണ് സൗദിഅറേബ്യ ആഗ്രഹിക്കുന്നതെന്ന് ജുബൈര്‍ പറഞ്ഞു.
2010ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്‍െറ സൗദി സന്ദര്‍ശനത്തോടനുബന്ധിച്ച് തയാറാക്കിയ ‘റിയാദ് പ്രഖ്യാപനം’ രാഷ്ട്രീയ സാമ്പത്തിക സുരക്ഷ, പ്രതിരോധമേഖലകളില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2014 ഫെബ്രുവരിയില്‍ ഇപ്പോഴത്തെ സൗദി രാജാവായ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ്, കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായിരിക്കെ, നടത്തിയ  ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യങ്ങളുടെ ബന്ധത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴി തുറന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ തുര്‍ക്കിയില്‍ ചേര്‍ന്ന ജി-20 ഉച്ചകോടിയില്‍ സല്‍മാന്‍രാജാവും മോദിയും സൗഹൃദസംഭാഷണങ്ങള്‍ നടത്തി.
ദീര്‍ഘകാലം റിയാദ് ഗവര്‍ണറായും മറ്റു സുപ്രധാന പദവികള്‍ അലങ്കരിച്ചും ആറുപതിറ്റാണ്ടിലേറെ ഭരണപരിചയമുള്ള സല്‍മാന്‍രാജാവ് ഇന്ത്യയുമായി നല്ലബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു. അഴിമതിമുക്തവും പ്രജാതല്‍പരതക്ക് പ്രാമുഖ്യം നല്‍കുകയും ചെയ്യുന്ന അദ്ദേഹത്തിന്‍െറ ഭരണം മുന്‍ ഗവണ്‍മെന്‍റുകളില്‍ നിന്നു വേറിട്ടുനില്‍ക്കുന്നു. ഐ.എസിനും ഹൂതികള്‍ക്കും ബശ്ശാറിനുമെതിരായി ശക്തമായ സൈനികനീക്കം നടത്തി മേഖലയില്‍ സൗദി അറേബ്യ അതിന്‍െറ ശക്തിയും മേധാവിത്വവും  തെളിയിച്ചിട്ടുണ്ട്. ഇരു പുണ്യഗേഹങ്ങളുടെയും സൂക്ഷിപ്പുകാരനെന്ന നിലക്ക് ഇന്ത്യന്‍ മുസ്ലിംകളുടെ ക്ഷേമവും പുരോഗതിയും ഉറപ്പുവരുത്താനുതകുന്ന കാര്യങ്ങള്‍ അദ്ദേഹം പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്യുമെന്നാണ് കരുതുന്നത്.
ഇന്ത്യന്‍ പ്രവാസികള്‍
ഏറ്റവുമധികം ഇന്ത്യക്കാര്‍ ജോലിചെയ്യുന്ന ഗള്‍ഫ്രാഷ്ട്രമാണ് സൗദി അറേബ്യ. ഇന്ത്യന്‍ എംബസി ഈയിടെ പുറത്തുവിട്ട ഒരു വിജ്ഞാപനത്തിന്‍െറ അടിസ്ഥാനത്തില്‍ 2.96 ദശലക്ഷം ഇന്ത്യക്കാര്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്ത്  കുടുംബം പോറ്റുക മാത്രമല്ല, ഇന്ത്യയുടെ സമ്പദ്സമൃദ്ധിയെ പോഷിപ്പിക്കുകയും ചെയ്യുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തികസുസ്ഥിതി തന്നെ പ്രവാസികള്‍ അയക്കുന്ന പണത്തെ ആശ്രയിച്ചാണിരിക്കുന്നത്. കേരളത്തിന്‍െറ സാമ്പത്തിക, വ്യവസായ, വാണിജ്യ മുന്നേറ്റത്തെ ത്വരിതപ്പെടുത്തുന്നതില്‍ പ്രവാസികളായ മലയാളികള്‍ക്ക് വലിയ പങ്കുണ്ട്. ഈ സംഭാവനകള്‍ രായ്ക്കുരാമാനം അംഗീകരിക്കുമ്പോഴും പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാനഗവണ്‍മെന്‍റുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത അവഗണനയാണ് കാണിക്കുന്നത്.
ആദില്‍ ജുബൈര്‍ ന്യൂഡല്‍ഹിയില്‍ പത്രക്കാരുമായി സംസാരിക്കവെ ഇന്ത്യയുമായുള്ള ബന്ധത്തിന് സൗദി അറേബ്യ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കി. നയതന്ത്രപ്രധാനമായ ഉഭയകക്ഷി ബന്ധം സുരക്ഷ, ഭീകരവാദം, കപ്പല്‍ ഗതാഗതം, വാണിജ്യം, നിക്ഷേപം, ജനങ്ങള്‍ തമ്മില്‍ നേരിട്ടുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നീ രംഗങ്ങളിലേക്ക്  വ്യാപിപ്പിക്കാന്‍ സൗദി അറേബ്യ ഉദ്ദേശിക്കുന്നതായി അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയില്‍ അഞ്ചിലൊന്ന് സൗദി അറേബ്യയില്‍നിന്നാണ്. ഊര്‍ജരംഗത്തുള്ള ബന്ധം പൂര്‍വോപരി ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക വാണിജ്യബന്ധം ഇപ്പോഴും 40 ബില്യണ്‍ ഡോളര്‍ കവിഞ്ഞിട്ടില്ല. ഇറക്കുമതിയും കയറ്റുമതിയും വര്‍ധിപ്പിച്ചുകൊണ്ട് വാണിജ്യബന്ധം വളര്‍ത്താന്‍ മോദിയുടെ യാത്ര ഉപകരിച്ചേക്കും. ഉഭയകക്ഷിബന്ധം ശക്തമാക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിനുപുറമെ ഇറാന്‍, സിറിയ, ലബനാന്‍, യമന്‍ ആഗോളഭീകരത തുടങ്ങിയ അന്തര്‍ദേശീയ പ്രശ്നങ്ങളും റിയാദ് ചര്‍ച്ചകളില്‍ വിഷയീഭവിക്കും.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമയും ഇന്ത്യ-സൗദി ബന്ധം അടുത്ത വിതാനത്തിലേക്കുയര്‍ത്താന്‍ തങ്ങളുടെ ഗവണ്‍മെന്‍റ് പ്രതിജ്ഞാബദ്ധമാണെന്ന് ആദില്‍ ജുബൈറിനെ അറിയിച്ചതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. സുരക്ഷ, ഭീകരവാദം എന്നീ രംഗങ്ങളില്‍ കൂടുതല്‍ ശക്തമായ സഹകരണം ഇന്ത്യ പ്രതീക്ഷിക്കുന്നതായി സുഷമ പറഞ്ഞു. അതേസമയം, ഇന്ത്യ സമര്‍പ്പിക്കാനുദ്ദേശിക്കുന്ന അന്തര്‍ദേശീയ ഭീകരതക്കെതിരായ സമഗ്രകണ്‍വെന്‍ഷന്‍ (Comprehensive Convention on International Terrorism  CCIT)  സൗദിയുടെ നിര്‍ലോഭമായ പിന്തുണ പ്രതീക്ഷിക്കുന്നു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഐ.എസ്  ഭീകരര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ ചെറുക്കാന്‍ ഇരുരാജ്യങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനും ധാരണയുള്ളതായി വിദേശകാര്യ വക്താവ് കൂട്ടിച്ചേര്‍ത്തു.
നയതന്ത്ര ബന്ധം
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിക്കുന്നത് 1948 ലാണ്. 1932ല്‍ അബ്ദുല്‍അസീസ് രാജാവ് അറേബ്യയിലെ വിവിധ പ്രദേശങ്ങളും ഗോത്രങ്ങളും സംയോജിപ്പിച്ച് ഒരു ആധുനിക രാഷ്ട്രം രൂപവത്കരിച്ചപ്പോള്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു രാജാവിനെ മുക്തകണ്ഠം പ്രശംസിച്ചു. 1955ല്‍ ഫൈസല്‍ രാജാവ് കിരീടാവകാശിയും വിദേശകാര്യമന്ത്രിയുമായിരിക്കെ ഡല്‍ഹി സന്ദര്‍ശിച്ച് നയതന്ത്രബന്ധങ്ങള്‍ക്ക് പൂര്‍ണതയും ശക്തിയും പകര്‍ന്നു. ഇടക്കാലത്ത് പാകിസ്താന്‍െറ നിരന്തരമായ സമ്മര്‍ദവും ഇടപെടലും കശ്മീര്‍ പ്രശ്നവും സൗദി-ഇന്ത്യ ബന്ധത്തിന്‍െറ വീര്യം കുറക്കാന്‍ കാരണമായെങ്കിലും 2006 ജനുവരിയില്‍ അബ്ദുല്ല രാജാവിന്‍െറ ചരിത്രപ്രധാനമായ ഇന്ത്യാസന്ദര്‍ശനം ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം പൂര്‍വോപരി സുദൃഢമാക്കുകയുണ്ടായി. കൂറ്റന്‍ ടാങ്കുകളും വമ്പന്‍ മിസൈലുകളും യുദ്ധവിമാനങ്ങളും പ്രദര്‍ശിപ്പിച്ച് ഇന്ത്യയുടെ സൈനികശക്തി തെളിയിച്ച റിപ്പബ്ളിക്ദിന പരേഡില്‍ അബ്ദുല്ല രാജാവിന്‍െറ സാന്നിധ്യം സൗദികള്‍ക്കിടയില്‍ ഇന്ത്യയെക്കുറിച്ചും ഇന്ത്യക്കാരെക്കുറിച്ചും വലിയ മതിപ്പുളവാക്കാന്‍ ഉപകരിച്ചു. ആ സന്ദര്‍ശനത്തിനുശേഷം രാഷ്ട്രീയ സാമ്പത്തിക, വാണിജ്യ സാംസ്കാരികമണ്ഡലങ്ങളില്‍ ഇരുരാജ്യങ്ങളും അനിതരസാധാരണയായ കുതിപ്പാണ് നടത്തിയത്. ‘ഇന്ത്യ എന്‍െറ രണ്ടാം വീടാണ്’ എന്ന അബ്ദുല്ല രാജാവിന്‍െറ പ്രഖ്യാപനം ഉഭയകക്ഷിബന്ധത്തിലെ നാഴികക്കല്ലായി മാറി എന്നത് അനുഭവസത്യം. മധ്യപൗരസ്ത്യ ദേശത്തെ അറിയപ്പെട്ട പത്രപ്രവര്‍ത്തകനും സൗദി  ഗസറ്റ് ഇംഗ്ളീഷ് പത്രത്തിന്‍െറ എഡിറ്റര്‍ അറ്റ് ലാര്‍ജും സൗദി രാജാക്കന്മാര്‍ക്കൊപ്പവും അല്ലാതെയും ഇന്ത്യ പലവട്ടം സന്ദര്‍ശിച്ച വ്യക്തിത്വവുമായ ഡോ. ഖാലിദ് അല്‍മഈന, മോദിയുടെ പര്യടനം ഇന്ത്യ-സൗദി ബന്ധങ്ങള്‍ക്ക് പുതിയ ഊര്‍ജവും ഉന്മേഷവും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. താന്‍ അടക്കമുള്ള സൗദി പ്രമുഖര്‍ പങ്കെടുത്ത 2006ലെ അബ്ദുല്ല രാജാവിന്‍െറ ഇന്ത്യ സന്ദര്‍ശനത്തിന്‍െറ ബഹുമുഖമായ നേട്ടങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു.
ഫലസ്തീന്‍ പ്രശ്നത്തില്‍ തുടക്കം മുതലേ ശക്തമായ അനുകൂല നിലപാട് സ്വീകരിച്ച ഇന്ത്യ അടുത്ത കാലത്ത് നിലപാട് മാറ്റിയതില്‍ അല്‍മഈന പരിഭവം രേഖപ്പെടുത്തി. മതേതരത്വത്തിനെതിരെയുള്ള കടന്നുകയറ്റവും ഇതര മതങ്ങളോടും വിശ്വാസങ്ങളോടും അഭിപ്രായങ്ങളോടുമുള്ള വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയും ഇല്ലായ്മ ചെയ്ത് രാഷ്ട്രത്തിന്‍െറ യശസ്സ് ഉയര്‍ത്താന്‍ അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
പാകിസ്താനുമായി സമാധാനപൂര്‍ണമായ ബന്ധം സ്ഥാപിച്ച് ഇരു രാജ്യങ്ങളുടെയും ശക്തിയും വിഭവങ്ങളും തങ്ങളുടെ ജനതയുടെ അഭിവൃദ്ധിക്കായി ഉപയോഗപ്പെടുത്തണമെന്നാണ് അല്‍മഈനയുടെ ആഗ്രഹം. ഇന്ത്യയും സൗദി അറേബ്യയും വിദ്യാഭ്യാസ സാംസ്കാരികരംഗങ്ങളില്‍ കൂടുതല്‍ അടുത്തബന്ധം വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യവസായിക ഉണര്‍വ്
സൗദിയില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍പ്രവാസികളും വന്‍ നിക്ഷേപങ്ങളുള്ള ബിസിനസുകാരും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. സൗദി രാജാവുമായും മന്ത്രിമാരുമായുമുള്ള മോദിയുടെ ചര്‍ച്ചകള്‍ ഇരു രാഷ്ട്രങ്ങള്‍ക്കും ഗുണകരമായിരിക്കുമെന്ന് ‘സൗദി ഗസറ്റ്’ ഇംഗ്ളീഷ് പത്രത്തിന്‍െറ എക്സിക്യൂട്ടീവ് എഡിറ്റര്‍ എല്‍. റാം നാരായണ്‍ അയ്യര്‍ പറയുന്നു. ഇരു രാജ്യങ്ങളിലുമുള്ള പണ്ഡിതന്മാരുടെയും വിദഗ്ധരുടെയും ഗവേഷകരുടെയും പരസ്പരസന്ദര്‍ശനം പൊതുവായ താല്‍പര്യങ്ങള്‍ മനസ്സിലാക്കാനും പുരോഗതി ത്വരിതപ്പെടുത്താനും ഉപകരിക്കും.
ഇന്ത്യയുമായി സഹകരിച്ച് ചെറുകിട വ്യവസായങ്ങള്‍ വളര്‍ത്തിയെടുത്ത് സൗദികള്‍ക്ക് കൂടുതല്‍ ജോലിസാധ്യത കണ്ടത്തൊനും ഇന്ത്യന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സഹായത്തോടെ സൗദിയുടെ വിജ്ഞാന സമ്പദ് വ്യവസ്ഥ (Knowledge economy) എന്ന സ്വപ്നം സാക്ഷാത്കരിക്കാനും സാധിക്കുമെന്ന് അയ്യര്‍ വിശദീകരിച്ചു. മറ്റു ഗള്‍ഫ് നാടുകളിലുള്ളപോലെ ഇന്ത്യയുടെ സഹകരണത്തോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനും മോദിയുടെ യാത്ര ഉപകരിക്കുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു. ഇന്ത്യന്‍പ്രവാസികളുടെ കുട്ടികള്‍ക്ക് ഉപരിപഠനം ക്ഷിപ്രസാധ്യമാക്കുമെന്നുമാത്രമല്ല, പുറം നാടുകളില്‍ പോകാതെ സൗദി വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നേടാനും വിദേശികള്‍ തങ്ങളുടെ വരുമാനം നാട്ടിലേക്കയക്കുന്നത് ഒരു പരിധിവരെ കുറക്കാനും ഇതുപകരിക്കും.
വിദേശനിക്ഷേപങ്ങള്‍ക്ക് സൗദി അറേബ്യ പ്രാമുഖ്യം നല്‍കുന്നുണ്ടെങ്കിലും പുതിയ നിയമങ്ങള്‍ നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുസാമ്പത്തികവിദഗ്ധര്‍ വിലയിരുത്തുന്നു. വിദേശനിക്ഷേപ പദ്ധതികളില്‍ 75 ശതമാനം ജോലിക്കാരും സ്വദേശികളാകണമെന്ന നിര്‍ദേശവും കഴിവും പരിചയവുമുള്ള ജോലിക്കാരെ കിട്ടാന്‍ വിസ ലഭിക്കാത്ത സാഹചര്യവും പദ്ധതി നടത്തിപ്പിനു തടസ്സം സൃഷ്ടിക്കുമെന്നാണ് നിക്ഷേപകര്‍ പരാതിപ്പെടുന്നു. സ്വദേശികള്‍ നിക്ഷേപകരില്‍നിന്ന് 2.5 ശതമാനം നികുതിയീടാക്കുമ്പോള്‍ വിദേശ നിക്ഷേപകരില്‍നിന്ന് 20 ശതമാനം ഈടാക്കുന്ന കാര്യവും ഇന്ത്യ-സൗദി ഉച്ചകോടിയില്‍ ചര്‍ച്ചയാവേണ്ടതുണ്ടെന്ന് ബിസിനസ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.


സൗദിയിലെ ‘അറബ് ന്യൂസ്’ പത്രാധിപസമിതി അംഗമായിരുന്നു ലേഖകന്‍

 

Show Full Article
TAGS:modi's saudi visit narendra modi saudi arabia 
Next Story