Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഎന്നും വെളിച്ചത്തെ...

എന്നും വെളിച്ചത്തെ സ്വപ്നംകണ്ടൊരാള്‍

text_fields
bookmark_border
എന്നും വെളിച്ചത്തെ സ്വപ്നംകണ്ടൊരാള്‍
cancel

ബാബു ഭരദ്വാജ് ആദ്യം ഓര്‍മയില്‍ വരുന്നത് ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍’ എന്ന സിനിമയുടെ നിര്‍മാതാവായിട്ടാണ്. എണ്‍പതുകളുടെ തുടക്കത്തില്‍ കോഴിക്കോട്ടെ ചില സുഹൃദ് സംഘത്തിന്‍െറ ഉത്സാഹത്തിലാണ് ആ സിനിമയുണ്ടായത്. ചിന്ത രവിയായിരുന്നു ആ സിനിമയുടെ ഒൗദ്യോഗിക നിര്‍മാതാവ്. തിരക്കഥയും സംവിധാനവും രവി തന്നെ. പില്‍ക്കാലത്ത് ഏഷ്യാനെറ്റ് ചാനലിന്‍െറ അമരക്കാരനായി തീര്‍ന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ശശികുമാറിനെയാണ് നായകനാക്കിയത്.
കടമ്മനിട്ട രാമകൃഷ്ണനും ടി.വി. ചന്ദ്രനും വിജയലക്ഷ്മിയും ചെലവൂര്‍ വേണുവുമൊക്കെയായിരുന്നു ആ സിനിമയുടെ അഭിനേതാക്കള്‍. ഒരു കച്ചവട സിനിമയുടെ ഒരു ചേരുവയും ഇല്ലാത്ത, തികഞ്ഞ രാഷ്ട്രീയ സിനിമയുടെ നിര്‍മാതാവ് എന്ന നിലയില്‍ ഞങ്ങള്‍ക്കൊക്കെ അദ്ദേഹത്തെ വലിയ മതിപ്പായിരുന്നു.
അക്കാലത്ത് ബാബുവിന് ഗള്‍ഫിലായിരുന്നു ജോലി. അയാള്‍ ഗള്‍ഫില്‍ പോയതുപോലും സ്വന്തമായി സമ്പാദിക്കാനോ വീടുവെച്ച് സ്വസ്ഥനാകാനോ ഒന്നുമായിരുന്നില്ല. മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നങ്ങള്‍ പൂവിടുന്നതിന് വേണ്ടിയായിരുന്നു. മുടക്കുമുതല്‍ ഒരിക്കല്‍പോലും തിരിച്ചുകിട്ടാത്ത ഒരു സിനിമയുടെ നിര്‍മാതാവ് എന്ന നിലയില്‍ ഞങ്ങള്‍ക്കൊക്കെ ആദരവ് തോന്നിയ മനുഷ്യന്‍.
ഇടതുപക്ഷത്തിന്‍െറ ഭാഗമായി കണ്ട സ്വപ്നങ്ങളും മൂല്യങ്ങളും ഒന്നൊന്നായി ചോര്‍ന്നുപോകുന്നു എന്നു തോന്നിയപ്പോഴുണ്ടായ വ്യഥയില്‍നിന്നായിരുന്നു ആ സിനിമ ജനിച്ചത്. മുഖ്യധാര സിനിമയായില്ളെങ്കിലും നിരവധി പേര്‍ അത് കണ്ടു. നല്ല അഭിപ്രായങ്ങളും ഉണ്ടായി.
വീണ്ടും ബാബു ഗള്‍ഫിലേക്കുതന്നെ മടങ്ങിപ്പോയി. തന്‍െറ നിലപാടുകളോട് യോജിക്കാത്ത ഒരിടത്തും അയാള്‍ ഒരുപാടുകാലം തളംകെട്ടി നിന്നില്ല. പലയിടത്തായി ഒഴുകിപ്പരന്ന ഒരു ജീവിതമായിരുന്നു ബാബുവിന്‍േറത്. ഗള്‍ഫ് വാസം മതിയാക്കി നാട്ടില്‍ വന്ന ബാബുവിന് ഇവിടത്തെന്നെ നില്‍ക്കണമെന്നു മോഹമുണ്ടായിരുന്നു. തന്‍െറ എഴുത്തിന്‍െറയും കല-സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെയും തുടര്‍ച്ചയായി ഒരു പ്രസ് സ്ഥാപിക്കാന്‍ ബാബു നടത്തിയ ശ്രമങ്ങള്‍ അയാളുടെ ജീവിതത്തിലെ വലിയ ദുരന്തമായി തീര്‍ന്നു. ആ ഉദ്യമത്തിന്‍െറ പ്രായോഗിക പ്രശ്നങ്ങള്‍ ബാബുവിനെ കടക്കെണിയിലാക്കി എന്നാണ് അറിയാന്‍ കഴിഞ്ഞത്. പക്ഷേ, അതൊന്നും ആരെയും അറിയിക്കുന്നത് ബാബുവിന് ഇഷ്ടമായിരുന്നില്ല.
സത്യത്തില്‍ ബാബു കഥയിലേക്കും എഴുത്തിലേക്കുമൊക്കെ കടന്നുവന്നത് കത്തെഴുത്തിലൂടെയായിരുന്നു. കഥപോലെ ഹൃദ്യമായി ബാബു കത്തെഴുതുമെന്ന് എന്നോട് പറഞ്ഞത് ചിന്ത രവിയാണ്. അത് നേരായിരുന്നു. മനോഹരമായ ഭാഷയില്‍ ബാബു പലര്‍ക്കും കത്തുകളെഴുതി. പലരും അത് നിധിപോലെ സൂക്ഷിച്ചുവെച്ചു.
ആ കത്തുകളില്‍നിന്ന് ലഭിച്ച ഉള്‍വിളിയാണ് പ്രവാസികളുടെ ജീവിതത്തെക്കുറിച്ച് എഴുതാന്‍ ബാബുവിനെ പ്രേരിപ്പിച്ചതെന്നു തോന്നുന്നു. മരുഭൂമികളില്‍ എല്ലുരുകി പണിയെടുക്കുന്ന നിസ്സഹായരായ മനുഷ്യരുടെ സ്വപ്നങ്ങളെപ്പറ്റി, അവരുടെ ജീവിതത്തിന്‍െറ സംഘര്‍ഷങ്ങളെപ്പറ്റി ബാബു ഭരദ്വാജിനെ പോലെ ഉള്ളുതൊട്ട് എഴുതിയ മറ്റൊരു എഴുത്തുകാരനും മലയാളത്തിലില്ല. ആ കുറിപ്പുകള്‍ വായിച്ച് നെടുവീര്‍പ്പിടുകയും കണ്ണീര്‍ വാര്‍ക്കുകയും ചെയ്ത നിരവധിപേരെ എനിക്കറിയാം.
ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍െറ ഭാഗമായി രൂപപ്പെട്ട രാഷ്ട്രീയത്തിലാണ് ബാബു ഒടുവില്‍ വരെ ജീവിച്ചത്. പ്രാണവായുവായി കണക്കാക്കിയ ആ ബോധ്യങ്ങളില്‍നിന്ന് ബാബു ഒരിക്കലും പിന്തിരിഞ്ഞിട്ടില്ല. ആ ബോധ്യങ്ങള്‍ ആരുടെ മുന്നിലും പണയപ്പെടുത്താന്‍ ഒരുക്കമല്ലാത്തതുകൊണ്ടാവാം പല ചാനലുകളില്‍നിന്നും അദ്ദേഹത്തിന് വിട്ടുപോകേണ്ടിവന്നത്.
ദൗര്‍ഭാഗ്യങ്ങളുടെയും കൂട്ടുകാരനായിരുന്നു അദ്ദേഹം. പക്ഷേ, അതൊന്നും ഉള്ളിലെ വെളിച്ചം കെടാന്‍ അയാളെ അനുവദിച്ചിരുന്നില്ല. എന്നും ബാബു പ്രകാശത്തെ സ്വപ്നം കണ്ടിരുന്നു. ഒരിക്കല്‍പോലും നിരാശയുടെ കുഴിയില്‍ അയാള്‍ പെട്ടിരുന്നില്ല. ജീവിതത്തിലെ തിരിച്ചടികളില്‍ പതറുന്ന പ്രകൃതമായിരുന്നില്ല. ബാബു ഭരദ്വാജ് എന്നത് എനിക്കൊരു ധീര സ്മരണയാണ്. ഒരു ദു$ഖകഥയും.

 

Show Full Article
TAGS:babu bharadwaj 
Next Story