Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിജ്ഞാന്‍ഭവനിലെ...

വിജ്ഞാന്‍ഭവനിലെ നന്ദിപ്രകടനങ്ങള്‍

text_fields
bookmark_border
വിജ്ഞാന്‍ഭവനിലെ നന്ദിപ്രകടനങ്ങള്‍
cancel

ന്യൂഡല്‍ഹി അക്ബര്‍ റോഡിലെ ഇന്ത്യാ ഗവണ്‍മെന്‍റിന്‍െറ വിഖ്യാതമായ വിജ്ഞാന്‍ഭവന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച വീണ്ടും അജോയ്കുമാറിനെ കണ്ടു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നടത്തിയ ന്യൂനപക്ഷ കമീഷന്‍െറ വാര്‍ഷിക പ്രഭാഷണത്തില്‍നിന്ന് വിലപ്പെട്ടതൊന്നും കിട്ടാതെ മടങ്ങുമ്പോള്‍ ‘ദി ഇന്ത്യന്‍ എക്സ്പ്രസി’ന്‍െറ അബന്തിക ഘോഷ് ആണ് നിര്‍ബന്ധിച്ചത്, അജോയ്കുമാറിനെ കണ്ടിട്ടേ പോകാവൂയെന്ന്. ജെയ്റ്റ്ലിയുടെ പ്രഭാഷണത്തില്‍നിന്ന് നല്‍കാന്‍ ബംഗാളിനെ കുറിച്ചു പറഞ്ഞ
രാഷ്്രടീയമല്ലാതെ മറ്റൊന്നുമില്ളെന്നും അജോയ്കുമാറിനെ കണ്ടാല്‍ അതെങ്കിലും ഒരു കാര്യമാകട്ടേയെന്നും പറഞ്ഞാണ് അബന്തിക നിര്‍ബന്ധിച്ചത്. തനിക്കും കുടുംബത്തിനും ഉറക്കംവരുന്നില്ളെന്ന് പരസ്യമായി പറഞ്ഞ് മോദിസര്‍ക്കാറിന്‍െറ ഉറക്കം കെടുത്തിയ ദേശീയ ന്യൂനപക്ഷ കമീഷന്‍ അഡീഷനല്‍ സെക്രട്ടറി അജോയ് കുമാറിനെ കാണാന്‍ നിര്‍ബന്ധിക്കുന്നതിന്‍െറ കാരണം മറ്റൊന്നുമല്ലായിരുന്നു.
കഴിഞ്ഞമാസം 23ന് ന്യൂനപക്ഷമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍തന്നെ വേദിയില്‍ കയറിനിന്ന് മന്ത്രിയുടെ മുഖത്തുനോക്കി രാത്രിയിലുറങ്ങാന്‍ കഴിയുന്നില്ളെന്നും ജീവിക്കാന്‍ രാജ്യത്ത് സമാധാനമാണ് വേണ്ടതെന്നും തുറന്നുപറഞ്ഞ ആ വാര്‍ത്ത ലഭിച്ചത് ദി ഇന്ത്യന്‍ എക്സ്പ്രസിനും ടെലിഗ്രാഫിനും മാധ്യമത്തിനും മാത്രമായിരുന്നു. കേരളത്തില്‍ മുസ്ലിംകളും ക്രിസ്ത്യാനികളും ന്യൂനപക്ഷമല്ളെന്ന പരാമര്‍ശം നടത്തിയ ദേശീയ ന്യൂനപക്ഷ കമീഷന്‍ അംഗം മാബെല്‍ റബലോയെക്കൊണ്ട് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ അംഗം കെ.പി. മറിയുമ്മ അത് തിരുത്തിപ്പറയിച്ച അതേ വേദിയിലിയിരുന്നു ഈ ഐ.എ.എസ് ഓഫിസര്‍ എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞത്.
ഫെബ്രുവരി 24ന് ഇറങ്ങിയ ദി ഇന്ത്യന്‍ എക്സ്പ്രസ് മുന്‍ പേജില്‍ നാലു കോളത്തില്‍ വീശിയ ആ വാര്‍ത്ത ഒട്ടും പ്രാധാന്യം കുറക്കാതെ ടെലിഗ്രാഫും തലസ്ഥാനനഗരത്തില്‍ സംസാരവിഷയമാക്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാകട്ടെ മോദിസര്‍ക്കാറിന് മുന്നില്‍ നട്ടെല്ല് നിവര്‍ത്തിനിന്ന ഉദ്യോഗസ്ഥന് പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തതോടെ ന്യൂനപക്ഷമന്ത്രാലയത്തെ ജാള്യത്തിലാക്കിയ വലിയ രാഷ്ട്രീയവാര്‍ത്തയായി ആ നന്ദിപ്രകടനം മാറി. അതോടെ വാര്‍ത്ത വന്ന വഴി അന്വേഷിച്ച് മൂന്നു പത്രങ്ങളിലെ ലേഖകര്‍ക്കും പല കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിളിയായി. മന്ത്രി നജ്മ ഹിബത്തുല്ല മാത്രമല്ല, ലേഖകരുമായി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകരും ലഭിച്ച വാര്‍ത്തയുടെ യഥാര്‍ഥ ഉറവിടം അറിയാന്‍ വിളിച്ചുകൊണ്ടിരുന്നു. ലേഖകര്‍ക്ക് നേരിട്ട് ലഭിച്ചതാണോ അതല്ല ന്യൂനപക്ഷമന്ത്രാലയത്തിലെ മറ്റേതെങ്കിലും  ഉദ്യോഗസ്ഥന്‍ പറഞ്ഞുതന്നതാണോ എന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. അജോയ്കുമാര്‍ സംസാരിക്കുന്നത് നേരിട്ട് റിപ്പോര്‍ട്ട് ചെയ്തതാണെന്ന് ഉറപ്പിച്ചതോടെ വാര്‍ത്ത തെറ്റാണെന്നും പിറ്റേന്നുതന്നെ അത് തിരുത്തിക്കൊടുക്കണമെന്നുമായി മന്ത്രി നജ്മയും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും. അജോയ്കുമാര്‍ പറഞ്ഞത് നേരില്‍ കേട്ടത് നിഷേധിക്കാനാവില്ളെന്ന ഉറച്ചനിലപാട് ലേഖകര്‍ സ്വീകരിച്ചതോടെ മോദിസര്‍ക്കാര്‍ പൊലീസ് മുറ പുറത്തെടുത്തു. ഉറക്കം വരുന്നില്ളെന്ന് പറഞ്ഞത് രാജ്യത്തിന്‍െറ അവസ്ഥ ഓര്‍ത്തല്ളെന്നും വ്യക്തിപരമായ കാരണങ്ങളാലാണെന്നും വ്യക്തമാക്കുന്ന ഒരു പ്രസ്താവനയുണ്ടാക്കി അതില്‍ അജോയ്കുമാറിനെ കൊണ്ട് ഒപ്പുവെപ്പിച്ചു. ഭരണകൂടത്തെ ചോദ്യം ചെയ്താല്‍ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറുമെന്നും കുടുംബജീവിതം തകര്‍ക്കുമെന്നുമുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ഒപ്പുവെപ്പിച്ച പ്രസ്താവനയിലെ പല വരികളും. ഭാര്യക്ക് അര്‍ബുദമാണെന്നും ജേണലിസം പഠിക്കുന്ന മകന് വിഷാദരോഗമാണെന്നും അതുകൊണ്ടാണ് ഉറക്കംവരാതിരുന്നതെന്നും അതില്‍ സര്‍ക്കാറിന് വേണ്ടി എഴുതിപ്പിടിപ്പിച്ചു. തയാറാക്കിയ മൊഴിയും സീഡിയിലാക്കിയ പ്രസംഗത്തിന്‍െറ പകര്‍പ്പും കൈമാറി എങ്ങനെയെങ്കിലും നിഷേധംകൊടുത്തേ തീരൂ എന്നായി മന്ത്രാലയം. എന്നാല്‍, സീഡിയുടെ പകര്‍പ്പില്‍നിന്ന് പ്രസംഗത്തിന്‍െറ പൂര്‍ണരൂപമെടുത്ത് ദി ഇന്ത്യന്‍ എക്സ്പ്രസ് ഫെബ്രുവരി 29ന് പ്രസിദ്ധീകരിച്ചതോടെ സര്‍ക്കാര്‍ വെളുക്കാന്‍തേച്ചത് പാണ്ടാകുകയാണ് ചെയ്തത്.
ഇതുകൊണ്ടെല്ലാംകൂടിയാണ് തുറന്നുപറച്ചിലിന്‍െറ പേരില്‍ വേട്ടയാടപ്പെട്ട ആ മനുഷ്യനെ നേരില്‍ക്കണ്ട് ആശ്വസിപ്പിക്കാമെന്നവര്‍ നിര്‍ബന്ധിച്ചത്. അനന്തരം എന്തു സംഭവിച്ചുവെന്ന ചോദ്യത്തിന് താനിവിടെ നിങ്ങള്‍ക്ക് മുന്നില്‍ തന്നെയില്ളേ എന്നായിരുന്നു ദരിദ്രകുടുംബത്തില്‍നിന്ന് സിവില്‍ സര്‍വിസോളം വളര്‍ന്ന ആ മനുഷ്യന്‍െറ മറുപടി. വാര്‍ത്ത വന്ന നാളില്‍തന്നെ നിഷേധിക്കണമെന്നാവശ്യപ്പെട്ട മന്ത്രാലയത്തിലെ ഉന്നതരോട്് വേദിയില്‍ സംസാരിച്ച കാര്യങ്ങളിലുറച്ചുനില്‍ക്കുകയാണെന്ന് പറഞ്ഞു. ജീവിതത്തിലിന്നോളം പറഞ്ഞത് നിഷേധിച്ചിട്ടില്ല. ശരിയെന്ന് തോന്നിയ കാര്യങ്ങള്‍ ചെയ്തിട്ടുമുണ്ട്. എന്നല്ല, ശരിയാണെന്ന് തോന്നിയ കാര്യങ്ങളേ ചെയ്തിട്ടുള്ളൂ. ബിഹാറില്‍ മുടിചൂടാമന്നനായി പപ്പു യാദവ് വിലസുന്ന സമയത്താണ് അക്കാലത്ത് സര്‍വ പ്രതാപിയായിരുന്ന ജനതാദള്‍ നേതാവ് ശരദ് യാദവിന്‍െറ മുന്നറിയിപ്പ് അവഗണിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലേക്കയച്ചത്. അതിന്‍െറ വൈരാഗ്യംമൂലംതന്നെ ജില്ലാ കലക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റാതെ സ്വന്തം തട്ടകംകൂടിയായ ആ ജില്ലയിലേക്ക് കടക്കില്ളെന്ന് അന്നത്തെ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനോട് ശരദ് യാദവ് പറഞ്ഞു. എന്നിട്ടും, ചെയ്ത ശരിയിലുറച്ചുനില്‍ക്കുകയാണ്  ചെയ്തത്. ഒറ്റക്കല്ല, ഭാര്യയും മകനും ഈ ശരിക്കൊപ്പമുണ്ട്. തന്‍െറ പ്രസംഗം പത്രത്തില്‍ വായിച്ച് ചെയ്തത് ശരിയായെന്നാണ് അവരിരുവരും പറഞ്ഞത്. സഹപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ മാനിച്ചു. പറഞ്ഞത് ശരിയാണെന്നുതന്നെയാണ് അവരും പറഞ്ഞത്. വിരമിക്കാന്‍  നാലര വര്‍ഷംകൂടി ബാക്കിയുള്ള ഒരു ചെറുപ്പക്കാരനാണ് താനെന്നുപറഞ്ഞ് ചിരിച്ച അജോയ്കുമാര്‍ കുടുംബത്തിന്‍െറ ഭാവി തകര്‍ക്കുംവിധം ഭാര്യയും മകനും രോഗികളാണെന്ന് വരുത്തിത്തീര്‍ത്ത  പരാമര്‍ശത്തെ കുറിച്ച് പറഞ്ഞപ്പോള്‍ മാത്രം ദുര്‍ബലനായി. ആരും ചെയ്യരുതാത്ത പാതകമാണതെന്നും നൈതികതക്കെതിരാണതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
അജോയ്കുമാറിനെ രണ്ടാമതും കാണുമ്പോഴേക്കും ന്യൂനപക്ഷമന്ത്രാലയത്തിന്‍െറ കീഴില്‍ രണ്ടു പരിപാടികള്‍ കൂടി വിജ്ഞാന്‍ഭവനില്‍ നടന്നുകഴിഞ്ഞിരുന്നു. ഒന്ന് സര്‍ക്കാറിനെ നയിക്കുന്ന നരേന്ദ്ര മോദിതന്നെ മുഖ്യാതിഥിയായ ലോക സൂഫിഫോറവും. രണ്ടാമത്തേത് സര്‍ക്കാറിലെ രണ്ടാമന്‍ അരുണ്‍ ജെയ്റ്റ്ലി വന്ന ദേശീയ ന്യൂനപക്ഷ കമീഷന്‍ വാര്‍ഷികപ്രഭാഷണവും. രണ്ടിലും നന്ദിപറയാന്‍ അജോയ്കുമാറിനെ വിളിച്ചിട്ടില്ല. രണ്ടിലും സര്‍ക്കാര്‍ ആഗ്രഹിച്ചതുപോലെയുള്ള നന്ദിപ്രകടനങ്ങള്‍ നടക്കുകയും ചെയ്തു. രണ്ടു ന്യൂനപക്ഷ പരിപാടികളിലും വീണ്ടുമൊരു അജോയ്കുമാര്‍ കലമുടക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സര്‍ക്കാര്‍ എടുക്കുകയും ചെയ്തു. അതുകൊണ്ടാണ് ഗ്രാന്‍റ് മുഫ്തിയും ഉലമാക്കളും മശായിഖുകളുമിരുന്ന ലോക സൂഫിഫോറത്തിലേക്ക് നരേന്ദ്ര മോദി കടന്നുവരുമ്പോള്‍ സദസ്സിനിടയില്‍നിന്ന് ‘ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ ഗുജറാത്തില്‍നിന്ന് ഗുലാം മുസ്തഫയുടെ നേതൃത്വത്തില്‍ ‘അല്‍പ സംഖ്യക്’ മോര്‍ച്ചക്കാരെ കൊണ്ടുവന്നിരുത്തിയത്. അവര്‍ക്ക് പ്രത്യഭിവാദ്യം ചെയ്യാനായിമാത്രം മോദി തൊഴുകൈയോടെ എഴുന്നേറ്റുനിന്നത്. മുസ്ലിം വിവേചനത്തിനെതിരെ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന പശ്ചിമബംഗാളിനെക്കാള്‍ മികച്ച ജീവിതനിലവാരമാണ് ഇപ്പോഴും ഗുജറാത്തിലെന്നുപറഞ്ഞ അരുണ്‍ ജെയ്റ്റ്ലിയെ ഖണ്ഡിക്കാന്‍ എഴുന്നേറ്റ സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ ഇന്‍ജത് അലിഷായോട് ഇത് ചോദ്യോത്തരവേളയല്ളെന്ന് പറഞ്ഞ് ന്യൂനപക്ഷമന്ത്രി നജ്മ ഹിബത്തുല്ല നാവടക്കാന്‍ പറഞ്ഞത്. വിജ്ഞാന്‍ ഭവനിലെ നന്ദിപ്രകടനങ്ങള്‍ നല്‍കുന്ന സന്ദേശവും അതാണ്. മേലിലെങ്കിലും ന്യൂനപക്ഷം നാവടക്കണം. അല്ളെങ്കില്‍, നന്ദിമാത്രം പറയണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam article
Next Story