Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇന്‍ ഇലക്ഷന്‍ നഗര്‍

ഇന്‍ ഇലക്ഷന്‍ നഗര്‍

text_fields
bookmark_border
ഇന്‍ ഇലക്ഷന്‍ നഗര്‍
cancel

മലയാളിക്ക് ഒടുക്കത്തെ രാഷ്ട്രീയബോധമാണ്. പോരെങ്കില്‍ സാക്ഷരത കുറച്ച് കൂടുതലും. മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതല്ല സ്ഥിതി. വെള്ളിത്തിരയില്‍ ദൈവികപരിവേഷത്തോടെ താരത്തെ കണ്ടാല്‍ മുട്ടുകുത്തി വണങ്ങുന്ന പതിവുള്ളതുകൊണ്ട് താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ വോട്ടുകുത്തി ജയിപ്പിച്ച് മുഖ്യമന്ത്രി വരെയാക്കിക്കളയും. എന്‍.ടി. രാമറാവു, എം.ജി.ആര്‍, കരുണാനിധി, ജയലളിത, അംബരീഷ്, അനന്ത്നാഗ്, നെപ്പോളിയന്‍, വിജയകാന്ത്, ചിരഞ്ജീവി എന്നിങ്ങനെ താരരാഷ്ട്രീയക്കാരുടെ തെന്നിന്ത്യന്‍ പട്ടിക ഫിലിംറോളുപോലെ നീളുന്നു. കേരളത്തിലിത് കാര്യമായി വിലപ്പോയിട്ടില്ല. കെ.ആര്‍. നാരായണനോട് ലെനിന്‍ രാജേന്ദ്രനും വി.എം. സുധീരനോട് നടന്‍ മുരളിയും തോറ്റത് ഇടതുപക്ഷത്തിന്‍െറ സ്ഥാനാര്‍ഥിപരീക്ഷണ ചരിത്രത്തിലുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവാന്‍ കുപ്പായമിട്ടുനിന്ന പ്രേംനസീര്‍ ഒടുവില്‍ പിന്‍വാങ്ങുകയായിരുന്നു. 1965ല്‍ നിയമസഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ‘ചെമ്മീനി’ന്‍െറ സംവിധായകന്‍ രാമു കാര്യാട്ടും ചാലക്കുടിയില്‍നിന്ന് എം.പിയായ ഇന്നസെന്‍റും അച്ഛന്‍െറ തണലില്‍ രാഷ്ട്രീയത്തിലിറങ്ങിയ കെ.ബി. ഗണേഷ്കുമാറുമൊക്കെയാണ് ഒറ്റപ്പെട്ട അപവാദങ്ങള്‍. എന്‍.എഫ്.ഡി.സി ചെയര്‍മാന്‍ സ്ഥാനം കിട്ടാത്തതില്‍ പരിഭവിച്ച് സുരേഷ് ഗോപി മത്സരത്തില്‍നിന്ന് മാറിനില്‍ക്കുന്ന സ്ഥിതിക്ക് ഈ തെരഞ്ഞെടുപ്പിന് ഒരു താരത്തിളക്കമൊക്കെ വേണ്ടേ? അങ്ങനെ ഏവരും ചിന്തിച്ചിരിക്കെ ഇതാ വരുന്നു ഇടതുപക്ഷത്തിന്‍െറ പുതിയ ചലച്ചിത്ര പരീക്ഷണം. കൊല്ലം പട്ടത്താനം കിഴക്കേവീട്ടില്‍ ജോയ്മോന്‍ എന്നു വിളിക്കപ്പെടുന്ന മുകേഷ് ബാബുവിനെ കൊല്ലത്ത് മത്സരിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അനുമതി നല്‍കിയിരിക്കുന്നു.
അച്ഛന്‍ ഒ. മാധവന്‍ സി.പി.ഐക്കാരനായിരുന്നു. മകന്‍ പക്ഷേ, സി.പി.എമ്മിനോടൊപ്പമാണ് സഹയാത്ര. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് കേരള സംഗീതനാടക അക്കാദമി ചെയര്‍മാനായത് അങ്ങനെ. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും കൊല്ലത്ത് മുകേഷിന്‍െറ പേരു പറഞ്ഞുകേള്‍ക്കും. അതുകൊണ്ട് സാധ്യതാ മുകേഷ് എന്നു വിളിക്കപ്പെട്ടു. ഇപ്പോഴാണ് നറുക്കുവീണത്. സഖാവ് പി.കെ. ഗുരുദാസന്‍െറ സിറ്റിങ് സീറ്റാണ്. ഇടതുമുന്നണിക്ക് നല്ല വിജയസാധ്യതയുള്ള മണ്ഡലം. കഴിഞ്ഞ രണ്ടു തവണയും ഗുരുദാസന്‍ വിജയിച്ചതാണ്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗത്തിന്‍െറ സിറ്റിങ് സീറ്റില്‍ വലിയ വെല്ലുവിളി ഉണ്ടാവാനിടയില്ല. പൊതുവെ സുരേഷ് ഗോപിയെ പോലെയല്ല. സിനിമയിലായാലും പൊതുജീവിതത്തിലായാലും ആളുകളെ വെറുപ്പിക്കുന്ന പതിവില്ല. നന്നായി രസിപ്പിക്കുന്ന തരത്തില്‍ അഭിനയിക്കാനറിയാം, സംസാരിക്കാനറിയാം, അല്‍പസ്വല്‍പം എഴുതാനുമറിയാം.
വെറുമൊരു നടനല്ല. അനിതരസാധാരണമായ നര്‍മബോധമുള്ള എഴുത്തുകാരന്‍കൂടിയാണ്. രസകരമായി കഥപറയാന്‍ അറിയുന്നതുകൊണ്ട് ‘മുകേഷ് കഥകള്‍’ എന്ന പുസ്തകം പല പതിപ്പുകള്‍ വിറ്റുപോയി. അടിയന്തരാവസ്ഥക്കാലത്ത് ഹാജര്‍ തികയാതെ പാതിവഴിയില്‍ ഉപേക്ഷിച്ച പഠനം വീണ്ടും തുടരാനുള്ള മോഹമാണ് ‘മുകേഷ് കഥകള്‍’ ഉണര്‍ത്തുന്നത് എന്നുപറഞ്ഞത് എം.എ. ബേബി. ബഷീറിയന്‍ ശൈലിയെ അനുസ്മരിപ്പിക്കുന്ന എഴുത്ത് എന്ന് അഭിപ്രായപ്പെട്ടത് എഴുത്തുകാരന്‍കൂടിയായ നടന്‍ വി.കെ. ശ്രീരാമന്‍. കൊല്ലത്തെ വോട്ടര്‍മാര്‍ക്ക് എന്തു വാഗ്ദാനമാണ് നല്‍കുന്നതെന്ന പത്രക്കാരന്‍െറ ചോദ്യത്തിനു കൊടുത്ത മറുപടിയിലുണ്ട് ആ രസികത്തം. ‘ഞാന്‍ ആദ്യം ഒരു കുപ്പി തേനും ഒരു കുപ്പി പാലുമായി പോകും. ആദ്യം തേന്‍ അവരുടെ മുന്നിലൊഴുക്കിയിട്ടു പറയും. ഇതൊരു സാമ്പ്ള്‍, ഇതു ഞാന്‍ ചെയ്തിരിക്കും’ എന്ന്.
കണ്ടാല്‍ തോന്നില്ളെങ്കിലും വയസ്സിപ്പോള്‍ അറുപതായി. 1956 മാര്‍ച്ച് അഞ്ചിന് ജനനം. അച്ഛന്‍ ഒ. മാധവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാള്‍. അഖിലേന്ത്യ വിദ്യാര്‍ഥി ഫെഡറേഷന്‍െറ സംസ്ഥാന സെക്രട്ടറി, അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റിയംഗം, ഇന്തോ-സോവിയറ്റ് കള്‍ചറല്‍ സൊസൈറ്റിയുടെ സംസ്ഥാന വൈസ് ചെയര്‍മാന്‍, 18 വര്‍ഷം വടക്കേവിള പഞ്ചായത്ത് പ്രസിഡന്‍റ് എന്നിങ്ങനെ പാര്‍ട്ടിപ്രവര്‍ത്തനത്തിന്‍െറ സുദീര്‍ഘമായ പാരമ്പര്യമുണ്ട് അച്ഛന്. എട്ടുവര്‍ഷം കെ.പി.എ.സിയുടെ പ്രധാന നടനും ഏഴുവര്‍ഷം സെക്രട്ടറിയുമായിരുന്ന അദ്ദേഹം ഇന്ത്യയിലെ പ്രമുഖ ഇടതുപക്ഷ തിയറ്റര്‍ ഗ്രൂപ്പായ ഇപ്റ്റയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റുമായിരുന്നു. അമ്മ വിജയകുമാരിക്കുമുണ്ട് ഇടതുപക്ഷത്തോട് ഒട്ടിനിന്ന സാംസ്കാരിക പ്രവര്‍ത്തനത്തിന്‍െറ പാരമ്പര്യം. 13ാം വയസ്സില്‍ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യില്‍ അഭിനയിച്ച കാലത്തു തുടങ്ങുന്നുണ്ട് ആ ബന്ധം. നാടകക്യാമ്പില്‍വെച്ച് പരിചയപ്പെട്ട ഒ. മാധവനെ 16ാം വയസ്സിലാണ് വിവാഹം കഴിച്ചത്. ആ ബന്ധത്തില്‍ മുകേഷും സന്ധ്യയും ജയശ്രീയും പിറന്നു. കൊല്ലം ഇന്‍ഫന്‍റ് ജീസസ് സ്കൂളിലായിരുന്നു മുകേഷിന്‍െറ പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം എസ്.എന്‍ കോളജില്‍നിന്ന് ബി.എസ്സി. തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്ന് എല്‍എല്‍.ബി.
സിനിമയില്‍ അവസരം കിട്ടാന്‍ മദിരാശിക്കു വണ്ടികയറിയിട്ടില്ല. കോടമ്പാക്കത്തെ പൈപ്പുവെള്ളം കുടിച്ച് ഭാഗ്യം തേടിയലഞ്ഞിട്ടില്ല. ഒ. മാധവന്‍െറ മകന്‍ എന്ന വിലാസമാണ് സിനിമയിലേക്കുള്ള വഴി തുറന്നുകൊടുത്തത്. 1982ല്‍ രവിഗുപ്തന്‍ സംവിധാനം ചെയ്ത ‘ബലൂണ്‍’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം.  തുടര്‍ന്ന് പ്രിയദര്‍ശന്‍ ചിത്രങ്ങളിലൂടെ എണ്‍പതുകളിലെ ചിരിപ്പടങ്ങളിലെ അവിഭാജ്യഘടകമായി. ‘ബോയിങ് ബോയിങ്ങി’ല്‍ തുടങ്ങിയ മോഹന്‍ലാല്‍ -മുകേഷ് കൂട്ടുകെട്ട് ഒരു ജനപ്രിയ ഫോര്‍മുലതന്നെയായി. പതിവു ഹാസ്യകഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്തമായ ഗൗരവഭാവങ്ങള്‍ അവതരിപ്പിച്ച ‘തനിയാവര്‍ത്തന’ത്തിലെ സഹോദരന്‍െറ വേഷം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. 1989ല്‍ പ്രദര്‍ശനത്തിനത്തെിയ ‘റാംജിറാവു സ്പീക്കിങ്’ ആണ് തലവര മാറ്റിവരച്ചത്. മുകേഷിന് പ്രധാന വേഷമുള്ള സിദ്ദിഖ്-ലാല്‍ സിനിമകളുടെ പരമ്പരക്കുതന്നെ അത് തുടക്കമിട്ടു. തൊണ്ണൂറുകളില്‍ ലോബജറ്റ് കോമഡി ചിത്രങ്ങളിലെ സൂപ്പര്‍താരമായി. കഴിഞ്ഞ 34 വര്‍ഷമായി ചലച്ചിത്രവ്യവസായരംഗത്തുനിന്ന് ഒരിക്കല്‍പോലും പുറത്താവാതെ സജീവസാന്നിധ്യമറിയിച്ചുകൊണ്ട് പ്രേക്ഷകസമക്ഷമുണ്ട്. കോളജില്‍ പഠിക്കുന്ന കാലം തൊട്ടേ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. സിനിമയില്‍ സജീവമായിട്ടും നാടകം മറന്നിട്ടില്ല. അച്ഛന്‍ സ്ഥാപിച്ച കാളിദാസ കലാകേന്ദ്രത്തിന്‍െറ ബാനറില്‍ മോഹന്‍ലാലിനെക്കൂടി അരങ്ങിലത്തെിച്ച് ‘ഛായാമുഖി’ എന്ന നാടകം അവതരിപ്പിച്ചു. നര്‍ത്തകിയായ ഭാര്യയെ നടിയായി രംഗത്തത്തെിച്ച ഗിരീഷ് കര്‍ണാടിന്‍െറ ‘നാഗമണ്ഡല’യുടെ മലയാള പുനരാവിഷ്കാരം കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചു.
ആദ്യഭാര്യ പ്രമുഖ തെന്നിന്ത്യന്‍ നടി സരിത. ആ ബന്ധത്തില്‍ രണ്ടു മക്കള്‍. ശ്രാവണും തേജസും. ശ്രാവണ്‍ റാസല്‍ഖൈമ സര്‍വകലാശാലയില്‍ എം.ബി.ബി.എസിന് പഠിക്കുന്നു. തേജസ് ന്യൂസിലന്‍ഡിലെ വെലിങ്ടണിലെ വിക്ടോറിയ യൂനിവേഴ്സിറ്റിയില്‍ ബിരുദവിദ്യാര്‍ഥി. 2013ല്‍ നര്‍ത്തകി മേതില്‍ ദേവികയെ വിവാഹം കഴിച്ചു.

Show Full Article
TAGS:madhyamam article mukesh kerala ballot 2016 
Next Story