Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഎത്ര പ്രപഞ്ചങ്ങളുണ്ട്,...

എത്ര പ്രപഞ്ചങ്ങളുണ്ട്, ഈ പ്രപഞ്ചത്തില്‍?

text_fields
bookmark_border
എത്ര പ്രപഞ്ചങ്ങളുണ്ട്, ഈ പ്രപഞ്ചത്തില്‍?
cancel

നിരവധി പ്രപഞ്ചങ്ങളില്‍ ഒന്നുമാത്രമാണോ നമ്മുടെ പ്രപഞ്ചം? ഒരു കാലത്ത് ശാസ്ത്രകഥകളുടെ മുഖ്യപ്രമേയമായിരുന്ന ഈ ചോദ്യത്തിന്‍െറ പ്രസക്തിയേറി വരികയാണ്. നമ്മുടേത് ഒറ്റ പ്രപഞ്ചമല്ളെന്നും ബഹുപ്രപഞ്ചങ്ങളുടെ (multiverse) ലോകത്താണ് നാം ജീവിക്കുന്നതെന്നുമാണ് ശാസ്ത്രലോകത്തുനിന്നുള്ള വാര്‍ത്തകള്‍. ബഹുപ്രപഞ്ചങ്ങളുടെ രൂപത്തെയും സവിശേഷതകളെയും കുറിച്ചുള്ള പുതിയ സിദ്ധാന്തങ്ങള്‍ ഓരാന്നായി വന്നുകൊണ്ടിരിക്കുന്നു. അപരപ്രപഞ്ചത്തില്‍ ജീവനുണ്ടാകുമോ, ഉണ്ടെങ്കില്‍ അവയെങ്ങനെ ആയിരിക്കുമെന്ന ചോദ്യങ്ങള്‍ വേറെയും. പ്രപഞ്ചത്തിന്‍െറ വിശാലതയെക്കുറിച്ച നമ്മുടെ കാഴ്ചപ്പാടുകള്‍ ഇനിയും തിരുത്തേണ്ടിവരുമെന്നാണ് ഈ പുതിയ സിദ്ധാന്തങ്ങള്‍ നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശം. ഈ പ്രപഞ്ചം, ബഹുപ്രപഞ്ചങ്ങളായി പിന്നേയും വികസിച്ചുകൊണ്ടിരിക്കുകയാണ്.

ബഹുപ്രപഞ്ചത്തിന്‍െറ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടാല്‍, അത് ‘നാലാം കോപ്പര്‍നിക്കസ് വിപ്ളവ’മായിരിക്കുമെന്നാണ് ബ്രിട്ടനിലെ പ്രമുഖ ജ്യോതിശ്ശാസ്ത്രജ്ഞനായ മാര്‍ട്ടിന്‍ റീസിന്‍െറ അഭിപ്രായം. പ്രപഞ്ചത്തിന്‍െറ കേന്ദ്രം ഭൂമിയാണെന്ന നൂറ്റാണ്ടുകളുടെ വിശ്വാസത്തെയാണ് 16ാം ശതകത്തില്‍ കോപ്പര്‍നിക്കസ് തിരുത്തിയത്. ആധുനിക ശാസ്ത്രത്തിന് അടിത്തറപാകിയ സിദ്ധാന്തങ്ങളിലൊന്നായിരുന്നു അത്. ഏതാനും ദശകങ്ങള്‍ക്കുശേഷം,  ദൂരദര്‍ശിനി ഉപയോഗിച്ച് ഗലീലിയോ ഗലീലി വാനനിരീക്ഷണം നടത്തിയതോടെ പ്രപഞ്ചത്തിന്‍െറ മറ്റൊരു ചിത്രം നമുക്ക് ലഭിച്ചു. രാത്രിയില്‍ ആകാശത്ത് കാണുന്നതിനുമപ്പുറം നക്ഷത്രങ്ങളും ഗ്രഹങ്ങളുമൊക്കെ ചേര്‍ന്ന ‘സാമാന്യം വലിയ’ ഒരു പ്രപഞ്ചത്തിലാണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹത്തിന്‍െറ നിരീക്ഷണങ്ങളില്‍നിന്ന് വ്യക്തമായി. ആകാശഗംഗ എന്ന ഗാലക്സിയിലെ കോടിക്കണക്കിന് നക്ഷത്രങ്ങളില്‍ ഒന്നുമാത്രമാണ് സൂര്യനെന്ന് നാം മനസ്സിലാക്കുന്നത് അങ്ങനെയാണ്. ആ നക്ഷത്രങ്ങള്‍ക്കുചുറ്റും ഭൂമിക്കു സമാനമായ ഗ്രഹങ്ങളുമുണ്ടാകാം. ആകാശഗംഗ കോടിക്കണക്കിന് ഗാലക്സികളില്‍ ഒന്നുമാത്രമാണെന്ന് പിന്നെ നാം അറിയുന്നു. ഈ അറിവിന്‍െറ അടുത്ത പടിയായാണ് മാര്‍ട്ടിന്‍  റീസ് ബഹുപ്രപഞ്ചങ്ങളെ കാണുന്നത്.  

ഗലീലിയോയുടെ നിരീക്ഷണങ്ങള്‍ക്കു മുമ്പുതന്നെ ബഹുപ്രപഞ്ചങ്ങളെപ്പറ്റി സംസാരിച്ച വേറെയും ശാസ്ത്രജ്ഞരുണ്ടായിരുന്നു. 12ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പേര്‍ഷ്യന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ അല്‍റാസിയായിരുന്നു അതിലൊരാള്‍. മറ്റൊരാള്‍ ഇറ്റാലിയന്‍ ശാസ്ത്രകാരനായ  ഗിനാര്‍ഡോ ബ്രൂണോയും. ഏതെങ്കിലും നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നില്ല അവരുടെ പ്രവചനങ്ങള്‍. മറിച്ച് ഒരു സാധ്യത എന്ന നിലയിലായിരുന്നു. 20ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഐറിഷ് ശാസ്ത്രകാരനായ എഡ്മണ്ട് ഫര്‍ണിയര്‍ ഡി ആല്‍ബെയാണ് ‘പ്രപഞ്ചക്കൂടുകളെ’ക്കുറിച്ച ആധുനിക ശാസ്ത്ര പരികല്‍പനങ്ങള്‍ ആദ്യമായി മുന്നോട്ടുവെച്ചത്.
ബഹുപ്രപഞ്ചങ്ങളുടേതാണ് ഈ ലോകം എന്നു വിശ്വസിക്കാന്‍ ഇന്ന് നിരവധി കാരണങ്ങളുണ്ട്. ആധുനിക ശാസ്ത്രത്തിന്‍െറ പല കണ്ടത്തെലുകളും ബഹുപ്രപഞ്ചത്തിലേക്ക് സൂചന നല്‍കുന്നതാണ്. പക്ഷേ, നമ്മുടെ പ്രപഞ്ചത്തിനു പുറത്തുള്ള മറ്റൊരു ലോകത്തെ നാം എങ്ങനെ നിരീക്ഷിക്കും. നാം ജീവിക്കുന്ന പ്രപഞ്ചത്തിന്‍െറ വിശാലതതന്നെ നമ്മുടെ നിരീക്ഷണത്തെ പരിമിതപ്പെടുന്നുണ്ടെന്നിരിക്കെ, ബഹുപ്രപഞ്ച നിരീക്ഷണം സാധ്യമല്ളെന്ന് പറയേണ്ടിവരും.

അതുകൊണ്ടുതന്നെ, മറ്റു വിദ്യകളിലൂടെ അവയെ അറിയാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിനനുസൃതമായ സിദ്ധാന്തങ്ങളാണ് ഇപ്പോള്‍ ശാസ്ത്രലോകം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത്. ഈ ലേഖനത്തില്‍ അത്തരത്തിലുള്ള ഏതാനും സിദ്ധാന്തങ്ങളെ പരിചയപ്പെടാം. നമ്മുടെ പ്രപഞ്ചത്തിന്‍െറ ഭാഗമായി തന്നെ കുഞ്ഞുപ്രപഞ്ചങ്ങള്‍ നിലകൊള്ളുന്നുവെന്നാണ് ‘ബഹുപ്രപഞ്ചങ്ങളെ’ സംബന്ധിച്ച ഒരു തിയറി. വിശദീകരിക്കാം: പ്രപഞ്ചം അനുക്ഷണം വികസിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് നിലവിലെ ശാസ്ത്ര ധാരണ. ഇതിന്‍െറ അനന്തര ഫലം തന്നെയാണ് ഈ കുഞ്ഞുപ്രപഞ്ചങ്ങളും. മറ്റൊരര്‍ഥത്തില്‍, 13.8 ബില്യണ്‍ വര്‍ഷമാണ് പ്രപഞ്ചത്തിന്‍െറ പ്രായം കണക്കാക്കുന്നത്. 13.8 ബില്യണ്‍ പ്രകാശ വര്‍ഷത്തിനുമപ്പുറമുള്ള ഒരു പ്രപഞ്ച മേഖലയില്‍ പ്രകാശം ചെന്നത്തെുകയില്ല. ഈ ഭാഗം മറ്റൊരു പ്രപഞ്ചമായി കണക്കാക്കുകയാണിവിടെ. പക്ഷേ, അവ മാതൃപ്രപഞ്ചത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്നുമില്ല. തുന്നിച്ചേര്‍ത്ത ഇത്തരം നിരവധി പ്രപഞ്ചങ്ങളുണ്ടാകാമെന്നാണ് (ദി പാച്ച്വര്‍ക് യൂനിവേഴ്സ്) ഈ സിദ്ധാന്തം വിശദീകരിക്കുന്നത്.

മറ്റൊരു സിദ്ധാന്തം ഉരുത്തിരിഞ്ഞിരിക്കുന്നത് മഹാവിസ്ഫോടനവുമായി (ബിഗ് ബാങ്) ബന്ധപ്പെട്ടാണ്. പ്രപഞ്ചത്തിന്‍െറ തുടക്കമാണ്  മഹാവിസ്ഫോടനം. ഒരു സിംഗുലാരിറ്റിയില്‍നിന്ന് പൊട്ടിത്തെറിയിലൂടെ വികാസം പ്രാപിച്ച പ്രപഞ്ചമാണ് നമ്മുടേത്. പൊട്ടിത്തെറിയുടെ ഏതാനും നിമിഷങ്ങള്‍ക്കുശേഷം, ക്രമാതീതമായി അതിവേഗം (പ്രകാശത്തേക്കാള്‍ വേഗത്തില്‍) വികസിച്ചതിനെയാണ് ഇന്‍ഫ്ളേഷന്‍ എന്ന് പറയുന്നത്. ഇന്‍ഫ്ളേഷന്‍ ഒറ്റത്തവണയല്ല സംഭവിച്ചതെന്നും, ബിഗ് ബാങ്ങിന്‍െറ ഫലമായുണ്ടായ ‘പ്രതീതി സ്ഥലത്ത്’ (ഫാള്‍സ് വാക്വം) പിന്നെയും ഇന്‍ഫ്ളേഷന്‍ സംഭവിച്ചിരിക്കാമെന്നും അത് മറ്റു പ്രപഞ്ചങ്ങളുടെ രൂപവത്കരണത്തിലേക്ക് വഴിതുറന്നിരിക്കാമെന്നും ഈ സിദ്ധാന്തം പറയുന്നു. അഥവാ, 13.8 ബില്യണ്‍ വര്‍ഷം മുമ്പ് നമ്മുടെ പ്രപഞ്ചം രൂപപ്പെടുന്ന സമയത്തുതന്നെ നിരവധി സമാന്തര പ്രപഞ്ചങ്ങളും ഇവിടെയുണ്ടായിട്ടുണ്ടെന്നര്‍ഥം.

ഏറെ രസകരവും കൗതുകകരവുമാണ് മൂന്നാമത്തെ സിദ്ധാന്തം. മാതൃ പ്രപഞ്ചം കുഞ്ഞു പ്രപഞ്ചങ്ങള്‍ക്ക് ജന്മം നല്‍കുന്നുവെന്നാണ് ഈ സിദ്ധാന്തം (കോസ്മിക് നാച്വറല്‍ സെലക്ഷന്‍) പറയുന്നത്. കാനഡയിലെ പെരിമീറ്റര്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഫോര്‍ തിയററ്റിക്കല്‍ ഫിസിക്സിലെ ലീ സ്മോലിന്‍ എന്ന ശാസ്ത്രകാരനാണ് ഈ സിദ്ധാന്തത്തിന് പിന്നില്‍. പ്രകൃതിനിര്‍ധാരണം (നാച്വറല്‍ സെലക്ഷന്‍) പോലെ തന്നെ പ്രപഞ്ചത്തിനും ചില തെരഞ്ഞെടുപ്പുകള്‍ വേണ്ടിവരുമെന്നാണ് ഇദ്ദേഹത്തിന്‍െറ നിരീക്ഷണം. അതിന്‍െറ ഭാഗമായി മാതൃപ്രപഞ്ചത്തിന് കുഞ്ഞുപ്രപഞ്ചങ്ങള്‍ക്ക് ജന്മം നല്‍കേണ്ടിവരും. പ്രപഞ്ചത്തില്‍ തമോഗര്‍ത്തങ്ങളുണ്ടെങ്കില്‍ അത് സാധ്യമാണെന്നും ഇദ്ദേഹം സമര്‍ഥിക്കുന്നു.

ഭീമന്‍ നക്ഷത്രങ്ങളുടെ പരിണാമ ദശയിലെ ഏറ്റവും അവസാന ഘട്ടമാണ് യഥാര്‍ഥത്തില്‍ തമോഗര്‍ത്തം എന്നുപറയുന്നത്. സ്വന്തം ഗുരുത്വാകര്‍ഷണം മൂലം സ്വയം തകര്‍ന്നടിയുകയും സമീപത്തുള്ള വസ്തുക്കളെ (പ്രകാശത്തെപ്പോലും) അതിലേക്ക് വലിക്കുകയുമാണ് തമോഗര്‍ത്തങ്ങള്‍ ചെയ്യുന്നത്്. 1960കളില്‍ സ്റ്റീഫന്‍ ഹോക്കിങ്ങും റോജര്‍ പെന്‍സറും നക്ഷത്രങ്ങളുടെ തകര്‍ച്ച, ബിഗ് ബാങ്ങിന്‍െറ വിപരീത പ്രക്രിയയാണെന്ന് നിരീക്ഷിച്ചിട്ടുണ്ട്. ഈ നിരീക്ഷണത്തെ കുറച്ചുകൂടി വിപുലപ്പെടുത്തുകയാണ് സ്മോലിന്‍. സിംഗുലാരിറ്റിയിലേക്കുള്ള തിരിച്ചുപോക്കാണ് തമോഗര്‍ത്തമെങ്കില്‍, അവക്ക്  ബിഗ് ബാങ് സംഭവിപ്പിക്കാനും അതുവഴി പുതിയ പ്രപഞ്ചങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്നാണ് അദ്ദേഹത്തിന്‍െറ വാദം. ഇങ്ങനെയുണ്ടാകുന്ന കുഞ്ഞുപ്രപഞ്ചങ്ങളില്‍ ആറ്റങ്ങളും നക്ഷത്രങ്ങളുമുണ്ടാകും. അതുവഴി ജീവന്‍ ആവിര്‍ഭവിക്കാനും സാധ്യതയുണ്ട്. ഈ പ്രപഞ്ചത്തില്‍ തമോഗര്‍ത്തമുണ്ടെങ്കില്‍ പിന്നെയും കുഞ്ഞുപ്രപഞ്ചങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും.
ഇനിയുമുണ്ട്, ബഹുപ്രപഞ്ചങ്ങള്‍ സംബന്ധിച്ച സിദ്ധാന്തങ്ങള്‍. ബ്രേന്‍ തിയറി, ക്വാണ്ടം മള്‍ട്ടിവേഴ്സ് തുടങ്ങിയവ അതില്‍ പ്രധാനപ്പെട്ടതാണ്. പക്ഷേ, ഈ സിദ്ധാന്തങ്ങളൊക്കെയും തെളിയിക്കാന്‍ പാകത്തിലുള്ള നിരീക്ഷണ സംവിധാനങ്ങള്‍ സാധ്യമല്ളെന്നാണ് ‘ബഹുപ്രപഞ്ച’ പഠനത്തിലെ ഏറ്റവും വലിയ വെല്ലുവിളി.

(ബ്രിട്ടനിലെ വിഖ്യാത ശാസ്ത്രമെഴുത്തുകാരനും നേച്വര്‍ വാരികയുടെ മുന്‍ എഡിറ്ററുമാണ് ലേഖകന്‍)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gravitymultiiverse
Next Story