Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസംവരണ മണ്ഡലങ്ങളുടെ...

സംവരണ മണ്ഡലങ്ങളുടെ രാഷ്ട്രീയം

text_fields
bookmark_border
സംവരണ മണ്ഡലങ്ങളുടെ രാഷ്ട്രീയം
cancel

നിയമസഭാമണ്ഡലങ്ങളുടെ പ്രാധാന്യത്തെപ്പറ്റി പൊതുവില്‍ ചര്‍ച്ചചെയ്യപ്പെടുന്നത് രാഷ്ട്രീയത്തിലെ പ്രമുഖര്‍ മത്സരിക്കുമ്പോഴാണ്. എന്നാല്‍, സംവരണ മണ്ഡലങ്ങള്‍ ഇത്തരം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വിധേയമാകാറില്ല. സമൂഹത്തിന്‍െറ ഏറ്റവും താഴേക്കിടയിലെ ജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നത് ഇത്തരം മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്യുക വഴിയാണെങ്കിലും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വേണ്ടത്ര ശ്രദ്ധ സംവരണമണ്ഡലങ്ങള്‍ക്ക് കൊടുക്കുന്നുണ്ടോയെന്നത് സംശയാസ്പദമാണ്. പട്ടികജാതി സംവരണമണ്ഡലങ്ങളും രണ്ട് പട്ടികവര്‍ഗ സംവരണമണ്ഡലങ്ങളും കാലങ്ങളായി അടിസ്ഥാനവര്‍ഗത്തെ നിയമസഭയില്‍ പ്രതിനിധാനം ചെയ്തെങ്കിലും അവരുടെ വികസനരാഷ്ട്രീയം, പുരോഗതിക്കുവേണ്ടിയുള്ള ആഗ്രഹം, വിദ്യാഭ്യാസത്തിലൂടെ സ്വയം ശാക്തീകരിക്കാനുള്ള വ്യഗ്രത, വിഭവങ്ങളുടെ മേലുള്ള പങ്കാളിത്തം എന്നിവ വേണ്ടവിധം പരിഗണിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇക്കാലമത്രയും സംവരണമണ്ഡലങ്ങളെ പ്രതിനിധാനം ചെയ്തവര്‍ക്കും അതിന്‍െറ കര്‍തൃത്വം ഏറ്റെടുത്ത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഇനിയെങ്കിലും ഉത്തരം നല്‍കേണ്ടതായിവരും.

സംവരണമണ്ഡലങ്ങള്‍ക്ക് ഒരു പ്രത്യേക രാഷ്ട്രീയമുണ്ട്. ഒന്ന്, ചരിത്രപരമായി മാറ്റിനിര്‍ത്തപ്പെട്ട ജനതക്ക് രാഷ്ട്രീയശബ്ദം നല്‍കുക. രണ്ട്, നിയോജകമണ്ഡലത്തിലെ വിവിധ ജനവിഭാഗങ്ങളുടെയും തൊഴിലാളികളുടെയും പ്രത്യേക സാമൂഹിക രാഷ്ട്രീയ ആവശ്യങ്ങള്‍ മുന്നോട്ടു കൊണ്ടുവരുകയും ചെയ്യുക. കേരള രാഷ്ട്രീയ ഭൂപടത്തില്‍, മേല്‍പറഞ്ഞ രാഷ്ട്രീയം പൊതുമധ്യത്തില്‍ ഉന്നയിക്കാനോ, നിയമസഭയില്‍ പ്രതിഫലിപ്പിക്കാനോ കഴിഞ്ഞിട്ടില്ലായെന്നത്  യാഥാര്‍ഥ്യമാണ്. ഇതിന്‍െറ കാരണങ്ങള്‍ പലതാണ്. ഒന്ന്, മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇംഗിതത്തിന് അനുസരിച്ചുമാത്രം നിലനില്‍ക്കുന്ന നിയമസഭാ സാമാജികരായി സംവരണമണ്ഡലത്തിലെ ജനപ്രതിനിധികള്‍ മാറുന്നു. രണ്ട്, മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പാര്‍ട്ടി സംവിധാനത്തിന് പുറത്ത് തങ്ങള്‍ക്കെന്തെങ്കിലും ചെയ്യാനാകുമോ എന്ന ചോദ്യം ഉന്നയിക്കാന്‍ കഴിയാതെ പോകുന്നു. മുന്‍കാലങ്ങളില്‍ ഇത്തരം സാമാജികര്‍ക്ക് നിലനിന്നുപോകാന്‍ കഴിഞ്ഞിരുന്നെങ്കിലും ഇന്ന് മേല്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളും സംവരണമണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളും ബാധ്യസ്ഥരാണ്.

ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, കുന്നത്തൂര്‍, അടൂര്‍, മാവേലിക്കര, വൈക്കം, ദേവികുളം, ചേലക്കര, നാട്ടിക, കുന്നത്തുനാട്, തരൂര്‍, വണ്ടൂര്‍, കോങ്ങോട്, ബാലുശ്ശേരി എന്നീ പട്ടികജാതി സംവരണമണ്ഡലങ്ങളും സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നീ പട്ടികവര്‍ഗ സംവരണമണ്ഡലങ്ങളുമാണ് കേരളത്തിലുള്ളത്. പതിനാറ് ജനപ്രതിനിധികള്‍ കാലങ്ങളായി സംവരണ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്തെങ്കിലും ഭരണഘടന അനുശാസിക്കുന്ന അവരുടെ സംരക്ഷണത്തിനും വികസനത്തിനുമായി സംഘടിതമായി ഒന്നും ചെയ്യുവാന്‍ സാധിച്ചിട്ടില്ല. എന്നാല്‍, ഭരണഘടന അനുശാസിക്കുന്ന ന്യൂനപക്ഷ സംരക്ഷണ പ്രവര്‍ത്തനം കേരളത്തില്‍ നടന്നുവരുന്നു.  മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളായ കേരളകോണ്‍ഗ്രസുകളും ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗും തങ്ങളുടെ രാഷ്ട്രീയകര്‍ത്തവ്യങ്ങള്‍ ഇത്തരത്തില്‍ നിറവേറ്റിപ്പോരുന്നുണ്ട്. പതിനാറ് എം.എല്‍.എമാര്‍ പട്ടികജാതി-പട്ടികവര്‍ഗ സംരക്ഷണവും അവരുടെ വികസനവും ഒന്നിച്ചുയര്‍ത്തിയാല്‍ അവശ ജനവിഭാഗത്തിന്‍െറ ശാക്തീകരണം സാധ്യമാകും. ഭരണഘടന സംരക്ഷണം, കേരള വികസനം എന്നിവ അതിന്‍െറ പൂര്‍ണാര്‍ഥത്തില്‍ പൂര്‍ത്തീകരിക്കാന്‍ ദലിത്-പിന്നാക്ക ജനവിഭാഗങ്ങള്‍ സ്വയം ശക്തിയാര്‍ജിക്കേണ്ടതായിട്ടുണ്ട്. അതിനു നേതൃത്വം നല്‍കുന്നവര്‍ വിദ്യാസമ്പന്നരും സത്യസന്ധരും കഴിവുള്ളവരും ആയിരിക്കണം.

കേരളത്തിലെ സംവരണമണ്ഡലങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ വൈക്കം ഒരു ഉദാഹരണമായി പരിശോധിക്കപ്പെടാവുന്നതാണ്. കാരണം, ഇന്ത്യയുടെ സാമൂഹിക ചരിത്രത്തില്‍ വളരെ ശ്രദ്ധനേടിയ ഒരിടം എന്ന നിലയില്‍ മറ്റ് മണ്ഡലങ്ങളെക്കാള്‍ വൈക്കം പ്രാധാന്യമര്‍ഹിക്കുന്നു. കീഴാളജനതയുടെ സഞ്ചാരസ്വാതന്ത്ര്യപ്രഖ്യാപനം നടന്നയിടം കൂടിയാണ് വൈക്കം. ചരിത്രത്തില്‍ സംഭവിച്ച ഈ മുന്നേറ്റത്തെ പിന്തുടരുവാന്‍ സ്വാതന്ത്ര്യാനന്തരകാലത്തെ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് സാധിച്ചിട്ടുണ്ടോ എന്നത് ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. കേരളത്തിലെ ആദ്യ നഗരസഭകളില്‍ ഒന്നായ വൈക്കം അതിന്‍െറ വികസന താല്‍പര്യങ്ങളെ പുതിയകാലത്തിന്‍െറ ജനകീയ അജണ്ടകളുമായി കണ്ണിചേര്‍ത്തിട്ടില്ല. ഈ വസ്തുത കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരിച്ചറിയേണ്ടതുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അനിവാര്യമാണെങ്കിലും പാര്‍ട്ടിസംവിധാനത്തിന്‍െറ സംഘടനാപരമായ പരിമിതിക്കുള്ളില്‍ മാത്രം ജനാധിപത്യത്തെ ഉള്‍ക്കൊള്ളാന്‍ സാധ്യമല്ല. അതുകൊണ്ട് നിയമനിര്‍മാണ സഭകളിലെ പങ്കാളിത്തത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ പ്രതിനിധാനംചെയ്യുന്നവരുടെ രാഷ്ട്രീയ ബോധത്തെക്കുറിച്ചും, പൊതുവായ അവരുടെ കാഴ്ചപ്പാടുകളെക്കുറിച്ചും വിലയിരുത്തിക്കൊണ്ടേ മത്സരിക്കേണ്ടവരെ തെരഞ്ഞെടുക്കാവൂ. അപ്പോള്‍ പാര്‍ട്ടിപ്രവര്‍ത്തനവും പാര്‍ലമെന്‍ററി പ്രവര്‍ത്തനവും സംയോജിപ്പിച്ചുകൊണ്ട് ഭരണപരമായ കര്‍ത്തവ്യങ്ങളെ ക്രിയാത്മകമായി അവതരിപ്പിച്ച് നടപ്പിലാക്കുക എന്ന വിശാല ജനാധിപത്യ ഉത്തരവാദിത്തം രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരിച്ചറിയേണ്ടതുണ്ട്.

സംവരണമണ്ഡലമായ വൈക്കത്ത്,  തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങള്‍ എന്തൊക്കെ പറയുന്നു എന്നറിയാനായി അവരോട് സംവദിച്ചപ്പോള്‍ ഉയരുന്ന വികസന പ്രശ്നങ്ങള്‍ ഇതൊക്കെയാണ് -കുടിവെള്ളം, നെല്‍പ്പാടങ്ങളുടെ തിരോധാനം, പൊതുറോഡുകളുടെ ശോചനീയാവസ്ഥ, ആരോഗ്യരംഗത്തെ പിന്നാക്കാവസ്ഥ, ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ നിശ്ചലാവസ്ഥ എന്നിവയാണ്. അവര്‍ പങ്കുവെച്ച മറ്റൊരു പ്രധാന ആശങ്ക തൊട്ടടുത്ത മണ്ഡലങ്ങളായ കോട്ടയം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ കാണുന്ന വികസന കുതിപ്പ് വൈക്കത്ത് ഇല്ല എന്നതാണ്. ഇതിന്‍െറ കാരണങ്ങള്‍, മണ്ഡലത്തിലെ വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെ: കഴിഞ്ഞ നാല്‍പത് വര്‍ഷത്തോളം വൈക്കം സംവരണ മണ്ഡലമായതുകൊണ്ട് വികസന മുരടിപ്പ് ഉണ്ടായിയെന്നതല്ല. മറിച്ച്, മണ്ഡലത്തെ പ്രതിനിധാനം ചെയ്ത സാമാജികര്‍ വൈക്കത്തിന്‍െറ പൊതുപ്രശ്നങ്ങളെയും സവിശേഷമായ ജനകീയപ്രശ്നങ്ങളെയും നിയമസഭക്ക് അകത്തുംപുറത്തും ഗൗരവത്തോടെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു എന്നതാണ്.

1977 മുതല്‍ വൈക്കം പട്ടികജാതി സംവരണമണ്ഡലമാണ്. 77 മുതല്‍ 87 വരെ പത്തുവര്‍ഷക്കാലം തുടര്‍ച്ചയായി മൂന്നുതവണ മണ്ഡലത്തെ പ്രതിനിധാനംചെയ്ത വ്യക്തിയാണ് സി.പി.ഐയിലെ എം.കെ. കേശവന്‍. പിന്നീട് പി.കെ. രാഘവന്‍(1987) മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. 1991ല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിലെ കെ.കെ. ബാലകൃഷ്ണന്‍ ഇടതുകോട്ടയായ വൈക്കം മണ്ഡലത്തില്‍നിന്ന് വിജയിച്ചു. എന്നാല്‍, 1996ല്‍ എം. കെ. കേശവനിലൂടെ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചു. 1991, 2001 തെരഞ്ഞെടുപ്പുകളില്‍ സി.പി.ഐയിലെ പി. നാരായണനും 2006, 2011 തെരഞ്ഞെടുപ്പുകളില്‍ വൈക്കത്തെ പ്രതിനിധാനം ചെയ്തത് നാലുതവണ തെരഞ്ഞെടുക്കപ്പെട്ട എം.കെ. കേശവന്‍െറ മകന്‍ കെ. അജിത്താണ്.
1977,1980 തെരഞ്ഞെടുപ്പുകളില്‍ അറുപതുശതമാനത്തിനു മുകളില്‍ വോട്ടുനേടിയ ഇടതുപക്ഷം തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പുകളില്‍ അമ്പതു ശതമാനത്തില്‍ താഴെമാത്രം വോട്ടുനേടുകയും 1991ല്‍ മണ്ഡലം കൈവിട്ടുപോകുകയും ചെയ്ത ചരിത്രം ഓര്‍ക്കേണ്ടതുണ്ട്. 1996നു ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം തുടര്‍ച്ചയായി വിജയിക്കുന്നുണ്ടെങ്കിലും വോട്ടിങ് ശതമാനം അമ്പത് ശതമാനത്തിന് അടുത്തുമാത്രമാണ് എന്നത് ശ്രദ്ധേയമാണ്.

മണ്ഡലത്തിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം സവിശേഷമായി പരിശോധിക്കുമ്പോഴാണ് മേല്‍പ്പറഞ്ഞ കണക്കുകളുടെ അര്‍ഥം മനസ്സിലാവുക. മണ്ഡലത്തിലെ വിജയസാധ്യത നിര്‍ണയിക്കുന്നത് സാമുദായികമായി നോക്കിയാല്‍ പുലയരുടെയും ഈഴവരുടെയും വോട്ടുകളാണ്. ഇത് മൊത്തം വോട്ടര്‍മാരുടെ പകുതിയിലധികംവരും. മുമ്പൊന്നുമില്ലാത്തവിധം രാഷ്ട്രീയധ്രുവീകരണം ഈ സമുദായങ്ങള്‍ക്കിടയില്‍ ഉണ്ടായി എന്നത് നിര്‍ണായക കാര്യമാണ്. കെ.പി.എം.എസിലെ ഒരു വിഭാഗം യു.ഡി.എഫിനോടും മറ്റൊന്ന് ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യത്തിനൊപ്പവും നിലകൊള്ളുമ്പോള്‍ വൈക്കം മണ്ഡലം ഇടതുപക്ഷ കോട്ടയാണെന്ന ചരിത്രയാഥാര്‍ഥ്യം ചിലപ്പോള്‍ മിത്തായിമാറും. വൈക്കത്തുകാര്‍ പ്രകടിപ്പിക്കുന്ന രാഷ്ട്രീയ അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് സമകാലീന കേരളരാഷ്ട്രീയത്തെ സൂക്ഷ്മമായി വായിച്ചെടുക്കാനും 40 വര്‍ഷങ്ങളോളമായി നിലനില്‍ക്കുന്ന വികസന മുരടിപ്പിന് പരിഹാരം കാണാനും കെല്‍പ്പുള്ള, വിദ്യാസമ്പന്നരും കാര്യശേഷിയുമുള്ള യുവതലമുറയെ സംവരണ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി  അവതരിപ്പിച്ചില്ളെങ്കില്‍ പൊതുവായി അഭിമുഖീകരിക്കുന്ന നാനാജനവിഭാഗങ്ങളുടെ പ്രശ്നങ്ങളും ദലിതരുടെ സവിശേഷമായ പ്രശ്നങ്ങളും അപരിഹാര്യമായി തുടരാതിരിക്കില്ല.

തയാറാക്കിയത്: ഡോ. രാജേഷ് കോമത്ത്, പി.എസ്. സുബിസുധന്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservation seat
Next Story