Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഡോക്ടര്‍മാരെയും...

ഡോക്ടര്‍മാരെയും കാവിപുതപ്പിക്കുകയോ?

text_fields
bookmark_border
ഡോക്ടര്‍മാരെയും കാവിപുതപ്പിക്കുകയോ?
cancel

ഡല്‍ഹി ജെ.എന്‍.യു കാമ്പസില്‍ ഈയിടെ നടന്ന ചില സംഭവങ്ങളും അതിനെതുടര്‍ന്ന് പട്യാല കോടതിയില്‍ നടന്ന ചില അനിഷ്ട സംഭവങ്ങളും ഇന്ത്യയില്‍ വേരൂന്നിത്തുടങ്ങിയ സവര്‍ണ അധീശത്വബോധത്തെയും അസഹിഷ്ണുതയെയും അതിന്‍െറ ഭരണകൂട ഒത്താശകളെയും മാത്രമല്ല ലോകത്തിനുമുന്നില്‍ വെളിവാക്കിയത്. സമൂഹമന$സാക്ഷിയെ ഏതുവിധത്തിലും വളച്ചൊടിക്കുന്നതിനുള്ള മാധ്യമങ്ങളുടെ അസാധാരണമായ ആശയങ്ങളും അത് വെളിപ്പെടുത്തി. ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് കൃത്രിമമായി തെളിവുകള്‍ ചമക്കുന്നതിന്‍െറയും ദൃശ്യമാധ്യമങ്ങള്‍ക്കു മുന്നിലിരുത്തി ആക്രോശിച്ച് നാടകീയത വരുത്തി തെറ്റോ ശരിയോ ആയ പ്രതിച്ഛായ ഒരാളുടെ മേല്‍ പതിപ്പിച്ചെടുക്കുന്നതിന്‍െറയും നല്ലനല്ല ഉദാഹരണങ്ങള്‍ ഈയവസരത്തില്‍ പരസ്യമായി പ്രകടിപ്പിക്കപ്പെട്ടു. ഇന്ത്യയിലെ ഭിഷഗ്വരന്മാരുടെ ദേശീയ സംഘടനയായ ഐ.എം.എ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) ഈയൊരവസരം മുതലെടുത്ത് അമിത ദേശസ്നേഹ നാട്യത്തോടെ അംഗങ്ങളെ വഞ്ചിച്ച്  നടത്തിയ ചില നീക്കങ്ങളും അതിലൂടെ പുറത്തുവന്ന ചില മലിന മുഖങ്ങളും ആണ് ഈ കുറിപ്പിനാധാരം.
വധശിക്ഷ ആശാസ്യമോ ഭരണഘടനാപരമായി പുന$പരിശോധിക്കേണ്ടതോ എന്ന സംവാദം അഫ്സല്‍ ഗുരു വധശിക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയരുകയുണ്ടായി. സ്വാഭാവികമായും അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ജെ.എന്‍.യുവിലും നടന്നു. സംവാദങ്ങളും സെമിനാറുകളും ഏറ്റവും നല്ല ജനാധിപത്യ അടയാളങ്ങളാണ്. അഭിപ്രായ സ്വാതന്ത്ര്യവും പ്രതിപക്ഷ ബഹുമാനവും ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കേണ്ട ഒരവസരവുമാണ് അത്. ആരോ ഉയര്‍ത്തിയ ചില മുദ്രാവാക്യങ്ങള്‍  ദേശവിരുദ്ധമായി പൊലിപ്പിച്ചെടുത്ത്  ഒരു പ്രത്യേക വിഭാഗം വിദ്യാര്‍ഥികളുടെ മേല്‍ അതിന്‍െറ പിതൃത്വം അടിച്ചേല്‍പിക്കുന്നതില്‍ ചിലര്‍ വിജയിക്കുകയും ചെയ്തു. ജെ.എന്‍.യുവില്‍ സത്യത്തില്‍ എന്താണ് നടന്നതെന്ന് ഇനിയും അന്വേഷണങ്ങള്‍ക്കു ശേഷം മാത്രം വെളിപ്പെടേണ്ട കാര്യമാണ്.
സംഗതികള്‍ ഇങ്ങനെയിരിക്കെ ഐ.എം.എ ദേശീയ അധ്യക്ഷന്‍ ഡോ. എസ്.എസ്. അഗര്‍വാള്‍, സെക്രട്ടറി ഡോ. കെ.കെ. അഗര്‍വാള്‍ എന്നിവര്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് സ്വമേധയാ ഒരു കത്തയച്ചു. ജെ.എന്‍.യുവില്‍ നടന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഐ.എം.എയുടെ 2.6 ലക്ഷം അംഗങ്ങളും അപലപിക്കുന്നുവെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശനവും അവശ്യവുമായ നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആ കത്ത്.  2.6 ലക്ഷം അംഗങ്ങള്‍ എന്ന് കത്തില്‍ രണ്ടു സ്ഥലത്ത് ആവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മേലില്‍ ആരും ധൈര്യപ്പെടാത്ത വിധത്തില്‍ ശക്തമായിരിക്കണം ശിക്ഷ എന്നും കത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്.
ശരിക്കും ജനാധിപത്യരീതിയില്‍ ഇന്നുവരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഐ.എം.എക്ക് ഇത്തരത്തില്‍ സങ്കുചിതമായ ഒരു മനോഭാവം എങ്ങനെ കൈവന്നു എന്നത് അന്വേഷിക്കുമ്പോള്‍ പല രഹസ്യങ്ങളും പുറത്തുവരുന്നു. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗജേന്ദ്ര ചൗഹാനെ അവരോധിച്ചതുപോലെയും പാഠപുസ്തകങ്ങള്‍ രൂപവത്കരിക്കുന്ന എന്‍.സി.ഇ.ആര്‍.ടി സമിതി, ദേശീയ ചരിത്രഗവേഷണ കൗണ്‍സില്‍ എന്നിവ അപകടകരമാംവിധം ആര്‍.എസ്.എസ് പ്രവര്‍ത്തകരെക്കൊണ്ടു  നിറച്ചതും പോലെ അപകടംപിടിച്ച ഒരു സ്ഥലമായി ഇന്ത്യന്‍ ഭിഷഗ്വരന്മാരുടെ ദേശീയ സംഘടനയും മലിനപ്പെടുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബി.ജെ.പിക്കുവേണ്ടി പല ദേശീയ സമിതികളിലും അംഗമായി ഇരുന്ന വ്യക്തിയാണ് ഇപ്പോഴത്തെ ഐ.എം.എ അധ്യക്ഷന്‍ ഡോ. എസ്.എസ്. അഗര്‍വാള്‍. ബി.ജെ.പിയുമായി ബന്ധമുണ്ടാകുന്നത് ഐ.എം.എ പ്രസിഡന്‍റാവുന്നതിന് അയോഗ്യതയൊന്നുമില്ല. പക്ഷേ, ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ മറന്നുപോകുംവിധമാവരുത് അത്തരം ബന്ധങ്ങള്‍. തന്‍െറ നിറം വെളിപ്പെട്ടാലും ഭയമില്ല എന്ന ധാര്‍ഷ്ട്യം ഇത്തരം ഉന്നതപദവികള്‍ കൈയാളുന്നവര്‍ ഏതൊരു വിധേയത്വത്തിന്‍െറ പേരിലായാലും പ്രകടിപ്പിക്കരുത്.
മൂന്നു പ്രധാന വീഴ്ചകളാണ് ഡോ. അഗര്‍വാളിന് സംഭവിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രിക്കുള്ള കത്തില്‍ അദ്ദേഹം രണ്ടുപ്രാവശ്യം ആവര്‍ത്തിച്ച 2.6 ലക്ഷം മെംബര്‍മാര്‍ എന്നതാണ് ഒന്നാമത്തേത്. രണ്ടര ലക്ഷത്തിലേറെ വരുന്ന മെംബര്‍മാര്‍ക്ക് തന്‍െറ അതേ  അഭിപ്രായമാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. ഈ അംഗങ്ങളില്‍ വ്യത്യസ്ത മതസ്ഥരും പല ചിന്താഗതിക്കാരും നാസ്തികര്‍ പോലും ഉണ്ട്. അവരുടെ മുഴുവന്‍ സമ്മതമില്ലാതെ, ജില്ലാ-സംസ്ഥാന തലങ്ങളില്‍ അഭിപ്രായ രൂപവത്കരണവും ഏകോപനവും നടത്താതെ 2.6 ലക്ഷം ഡോക്ടര്‍മാരുടെ പേരില്‍ സ്വന്തം അഭിപ്രായം കുറിച്ചു എന്നത് പ്രധാന തെറ്റ്. ഇതിനെതിരെ ലോക്കല്‍ കമ്മിറ്റി, ജില്ലാകമ്മിറ്റി, സംസ്ഥാന കമ്മിറ്റികളില്‍ വരെ എതിരഭിപ്രായങ്ങള്‍ ഉയരുകയുണ്ടായി.
രണ്ടാമത്തെ അപരാധം അന്വേഷണത്തിലിരിക്കുന്ന ഒരു വിഷയത്തെപ്പറ്റി മുന്‍ധാരണ രൂപവത്കരിച്ച് അതുപ്രകാരം അന്ധമായി പ്രതികരിച്ചു എന്നതാണ്. ഉത്തരവാദപ്പെട്ട വ്യക്തി ചെയ്യാന്‍ പാടില്ലാത്ത അക്ഷന്തവ്യമായ അപരാധമായിപ്പോയി അത്. ഐ.എം.എയുടെ അടിസ്ഥാന സ്ഥാപകലക്ഷ്യങ്ങളില്‍നിന്ന് വ്യതിചലിച്ചു എന്നതാണ് മൂന്നാമത്തെ വീഴ്ച. 1928ല്‍ കൊല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യ മെഡിക്കല്‍ കോണ്‍ഫറന്‍സിലാണ് ഐ.എം.എ രൂപപ്പെട്ടത്. വൈദ്യശാസ്ത്രത്തിനും അതിന്‍െറ അനുബന്ധ ശാസ്ത്രങ്ങള്‍ക്കും പുരോഗതിയുണ്ടാക്കുക, ഡോക്ടര്‍മാരുടെ അന്തസ്സും അഭിമാനവും പരസ്പര സഹകരണവും ഉറപ്പുവരുത്തുക, വൈദ്യ വിദ്യാഭ്യാസരംഗത്തെ അശാസ്ത്രീയ വിഭജനങ്ങള്‍ ദൂരീകരിക്കാനും അംഗങ്ങള്‍ക്കിടയില്‍ തുല്യത നിലനിര്‍ത്താനും യത്നിക്കുക എന്നിവയായിരുന്നു സ്ഥാപകലക്ഷ്യങ്ങള്‍. ഈ ലക്ഷ്യങ്ങളിലൊന്നും ദേശീയത സംരക്ഷിക്കുക എന്നതോ കാമ്പസുകളില്‍ നടക്കുന്നതായി ആരോപിക്കപ്പെടുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക എന്നതോ കടന്നുവരുന്നില്ല. ഏതൊരു ഇന്ത്യന്‍ സംഘടനയുടെയും അടിസ്ഥാനലക്ഷ്യങ്ങളില്‍ ദേശീയത അവിഭാജ്യഘടകമാണെങ്കിലും കാമ്പസുകളില്‍ നടന്ന സംവാദങ്ങളില്‍ ദേശീയതയോ ദേശവിരുദ്ധതയോ ഉണ്ടോ എന്നന്വേഷിക്കേണ്ടത് ഐ.എം.എയുടെ ബാധ്യതയാവുന്നില്ല. അന്വേഷണത്തിലിരിക്കുന്ന സംഗതിയെക്കുറിച്ച് അഭിപ്രായം മുഴുവന്‍ അംഗങ്ങള്‍ക്കും വേണ്ടി ആഭ്യന്തരമന്ത്രിയെ ധരിപ്പിക്കാനും ഐ.എം.എ ദേശീയ അധ്യക്ഷനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല.
ഇവിടെയാണ് തങ്ങളുടെ നിറം വെളിപ്പെട്ടാലും തങ്ങള്‍ ഒന്നും ഭയക്കുകയില്ല എന്ന ധാര്‍ഷ്ട്യം പുറത്തുവരുന്നത്. ഭൂരിപക്ഷ വര്‍ഗീയതയുടെയും ഫാഷിസത്തിന്‍െറയും പിന്‍ബലമാണ് ഈ ധാര്‍ഷ്ട്യത്തിന്‍െറ പ്രധാന കാരണം. ഐ.എം.എ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുന്ന ദിവസം കൈലാസ്ദര്‍ശനിലെ നാഷനല്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ധന്വന്തരി പൂജ നടത്തിക്കൊണ്ടാണ് ഡോ. എസ്.എസ്. അഗര്‍വാള്‍ അധികാരമേറ്റെടുത്തത്.
സ്വന്തം വിശ്വാസപ്രമാണമനുസരിച്ച് അധികാരാരോഹണത്തിന് പുറപ്പെടുമ്പോള്‍ വീട്ടില്‍വെച്ച് നടത്താമായിരുന്ന ഈ പൂജ ഐ.എം.എ നാഷനല്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടത്തിയാലെന്താണ് പ്രശ്നം എന്ന ധിക്കാരപരമായ ചോദ്യം ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന വിഭിന്ന മതവിശ്വാസികളും നിരീശ്വരവാദികള്‍ പോലും അടങ്ങുന്ന വലിയൊരു ഭിഷഗ്വര സമൂഹത്തോടാണ്. അതിന് മറുപടി പറയാനാവാതെ ഡോക്ടര്‍ സമൂഹം തലതാഴ്ത്തുമ്പോള്‍ ഭിഷഗ്വരസമൂഹം മാത്രമല്ല തോല്‍ക്കുന്നത്. ചതഞ്ഞരഞ്ഞ ഇന്ത്യന്‍ മതേതരത്വത്തിനുമേല്‍ ഫാഷിസത്തിന്‍െറ കനത്ത പാദങ്ങള്‍ വീണ്ടും ആഞ്ഞുപതിക്കുമ്പോള്‍ തോല്‍ക്കുന്നത് മതേതരത്വത്തിലധിഷ്ഠിതമായ ഇന്ത്യന്‍ ദേശീയതതന്നെയാണ്.

Show Full Article
TAGS:ima 
Next Story