Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightലാല്‍സലാം!

ലാല്‍സലാം!

text_fields
bookmark_border
ലാല്‍സലാം!
cancel

കഴിഞ്ഞ ദിവസം രാത്രി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ അഡ്മിനിസ്ട്രേറ്റിവ് ബ്ളോക്കിനു മുന്നില്‍ തടിച്ചുകൂടിയ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ക്കിടയില്‍നിന്ന് ഒരു ആറാം ക്ളാസുകാരി ആകാശത്തേക്കു മുഷ്ടിയെറിഞ്ഞ് തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിച്ചു: ‘ലാല്‍സലാം! റെഡ് സല്യൂട്ട് ടു കോമ്രേഡ്സ്...’ പ്രായത്തെക്കാള്‍ മുതിര്‍ന്ന രാഷ്ട്രീയ ബോധവും ആര്‍ജവവുമുള്ള ആ പെണ്‍കുട്ടിയുടെ മുദ്രാവാക്യങ്ങള്‍ക്ക്  അന്തരീക്ഷത്തില്‍ കിടിലംകൊള്ളിക്കുന്ന മുഴക്കംകിട്ടി. മൈക്ക് കൈയിലേന്തി ഒട്ടും വിറകൊള്ളാതെ, സഭാകമ്പമില്ലാതെ അവള്‍ ഉച്ചത്തില്‍ പറഞ്ഞു: ‘ഉമറും അനിര്‍ബനും ജയിലില്‍നിന്ന് ഒരുമിച്ചു പുറത്തുവന്നതില്‍ നമുക്ക് സന്തോഷിക്കാം. പക്ഷേ, നമ്മുടെ സമരം ഇവിടെ അവസാനിക്കുന്നില്ല. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട എല്ലാവര്‍ക്കും നീതി ലഭിക്കുന്നതുവരെ നമ്മുടെ പോരാട്ടം തുടരും. എസ്.എ.ആര്‍. ഗീലാനിയും ജി.എന്‍. സായിബാബയും പുറത്തുവരുന്നതുവരെ, അവര്‍ക്കെതിരായി ചുമത്തപ്പെട്ട കുറ്റങ്ങള്‍ ഒഴിവാക്കപ്പെടുന്നതുവരെ ഈ പോരാട്ടം അവസാനിക്കാന്‍ പാടില്ല.’ 12 വയസ്സുള്ള സാറ ഫാത്തിമ എന്ന പെണ്‍കുട്ടിയുടെ നിശ്ചയദാര്‍ഢ്യമുള്ള വാക്കുകളില്‍ ഇന്ത്യന്‍ യുവധിഷണയുടെ പ്രകാശഗോപുരമായ സര്‍വകലാശാല പ്രകമ്പനംകൊണ്ടു. അനിയത്തിയില്‍നിന്നും സഹപാഠികളില്‍നിന്നും നൂറുചുവപ്പന്‍ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിയ സാറ ഫാത്തിമയുടെ സഹോദരന്‍ ഉമര്‍ ഖാലിദിന് അഭിമാനിക്കാം. പേടിപ്പിച്ചാല്‍ പിന്തിരിഞ്ഞോടുന്ന പ്രകൃതമല്ല ഇന്ത്യന്‍ യുവതക്കെന്ന് പേര്‍ത്തും പേര്‍ത്തും ഓര്‍മിപ്പിക്കുന്ന പുതുതലമുറയുടെ പ്രതിനിധിയായ പെണ്‍കുട്ടിയുടെ ഉടപ്പിറപ്പായതില്‍.
സങ്കുചിത ദേശീയതയെ ചോദ്യംചെയ്യുന്ന കമ്യൂണിസ്റ്റുകാരന്‍ മുസ്ലിമാണെങ്കില്‍ അയാളും ഭീകരവാദിയായി മുദ്രകുത്തപ്പെടും എന്ന ക്രൂരമായ ഇന്ത്യന്‍ യാഥാര്‍ഥ്യത്തിന് ഉദാഹരണമാണ് ഉമര്‍ ഖാലിദ്. ഭരണകൂടം ഈ യുവാവിനെതിരെ കെട്ടിച്ചമച്ച കഥകള്‍ക്ക് പഞ്ഞമില്ല. ചില കഥകളില്‍ അയാള്‍ കശ്മീരിയായ രാജ്യദ്രോഹിയായി. മറ്റു ചില കഥകളില്‍ ജയ്ശെ മുഹമ്മദ് അനുഭാവിയായി. പാകിസ്താനിലേക്ക് പലതവണ വിളിച്ച് ഇന്ത്യക്കെതിരെ പടക്കോപ്പു കൂട്ടുന്ന ഭീകരനുമായി ഈ ഇരുപത്തെട്ടുകാരന്‍. അക്ഷരം കൂട്ടിവായിച്ചു തുടങ്ങിയ കാലം മുതല്‍ യുക്തിബോധംകൊണ്ട് പിറന്ന മതം ഉള്‍പ്പെടെ കണ്‍മുന്നിലുള്ള എല്ലാറ്റിനെയും ചോദ്യംചെയ്തു വളര്‍ന്ന കുട്ടിയാണ്. ‘ഞാനൊരിക്കലും മതനിഷ്ഠകള്‍ക്കനുസരിച്ച് ജീവിച്ചിട്ടില്ല. എന്നിട്ടും മുസ്ലിം ഭീകരന്‍ എന്നു വിളിക്കപ്പെട്ടു. ഞാന്‍ നേരിട്ടത് എന്‍െറ വിചാരണയല്ല. ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്‍െറ മുഴുവന്‍ വിചാരണയുമാണ്. ഞാന്‍ അഅ്സംഗഢില്‍നിന്ന് വരുന്ന നമസ്കാരത്തൊപ്പി ധരിച്ച മതനിഷ്ഠയുള്ള മുസ്ലിം ആയിരുന്നെങ്കില്‍ എന്താവുമായിരുന്നു അവസ്ഥ? ആ മതചിഹ്നങ്ങള്‍ മാത്രം മതിയായിരുന്നു എനിക്ക് ഭീകരമുദ്ര ചാര്‍ത്തിക്കിട്ടാന്‍’. രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ പോവേണ്ടിവന്ന സ്വാതന്ത്ര്യസമരസേനാനികളുടെയും അരുന്ധതി റോയിയുടെയും ബിനായക് സെന്നിന്‍െറയും കൂട്ടത്തില്‍പെട്ടതില്‍ അഭിമാനംകൊള്ളുന്നു ഉമര്‍ ഖാലിദ്.
കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്സ് യൂനിയന്‍ എന്ന തീവ്ര ഇടതു സംഘടന അഫ്സല്‍ ഗുരുവിന്‍െറയും മഖ്ബൂല്‍ ഭട്ടിന്‍െറയും ജുഡീഷ്യല്‍ കൊലകളില്‍ പ്രതിഷേധിക്കാന്‍ സംഘടിപ്പിച്ച സാംസ്കാരിക പരിപാടി നിശ്ചയിച്ച സമയത്തിന് അരമണിക്കൂര്‍ മുമ്പ് സര്‍വകലാശാല അധികൃതര്‍ തടഞ്ഞു. അതില്‍ പ്രതിഷേധിച്ച് സബര്‍മതി ലോണ്‍സില്‍ ഒത്തുകൂടിയ കശ്മീരി വിദ്യാര്‍ഥികള്‍ അടക്കമുള്ള വിദ്യാര്‍ഥി സംഘത്തില്‍ ഒരാളായിരുന്നു ഉമര്‍ ഖാലിദ്. മുന്‍ ഡി.എസ്.യു നേതാവ്. സംഭവം വിവാദമായപ്പോള്‍ ചാനല്‍ സ്റ്റുഡിയോകളില്‍ കയറിയിറങ്ങി പ്രതിഷേധപരിപാടിയെ അനുകൂലിച്ച് സംസാരിച്ചു. രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ്ചെയ്യപ്പെട്ട കനയ്യയെ അഭിഭാഷകര്‍ ചവിട്ടിമെതിക്കുമ്പോള്‍ ആത്മരക്ഷക്കായി കാമ്പസില്‍നിന്ന് വിട്ടുനിന്നു. അതോടെ ഭരണകൂടത്തിനും വലതുപക്ഷ മാധ്യമങ്ങള്‍ക്കും അയാള്‍ ഭീകരനായി.
ഉമര്‍ കശ്മീരിയല്ല. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലാണ് ജനിച്ചത്. മാതാപിതാക്കള്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ്. 35 കൊല്ലമായി ജാമിഅ നഗറില്‍ താമസിച്ചുവരുന്നു. അവര്‍ക്ക് കശ്മീരുമായി ഒരു ബന്ധവുമില്ല. കശ്മീരിനെക്കുറിച്ചുള്ള ഉമറിന്‍െറ നിലപാടുകള്‍ ജെ.എന്‍.യു കാമ്പസില്‍ നേരത്തേ തന്നെ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞതേ ഉമറും പറഞ്ഞിട്ടുള്ളൂ. കശ്മീരി ജനതക്ക് ഹിതപരിശോധനക്ക് അവസരം നല്‍കണം. നിരവധി മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഇതേ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അവരെയൊക്കെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ്ചെയ്യുമോ എന്നാണ് ഉമറിന്‍െറ പിതാവ് സയ്യിദ് ഖാസിം റസൂല്‍ ഇല്യാസ് ചോദിക്കുന്നത്.
ഉമര്‍ കമ്യൂണിസ്റ്റും യുക്തിവാദിയുമാണ്. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റും മുസ്ലിം വ്യക്തിനിയമബോര്‍ഡ് അംഗവുമായ പിതാവ് മകനോട് വിയോജിക്കുന്നത് മതവിശ്വാസമില്ലായ്മയുടെ പേരില്‍ മാത്രം. കുടുംബത്തിലെ ഏക അവിശ്വാസി അവനാണ്. വ്രതാനുഷ്ഠാനം, നമസ്കാരം തുടങ്ങിയ മതചര്യകളുടെ പേരില്‍ കുടുംബാംഗങ്ങളുമായി വാഗ്വാദത്തിലേര്‍പ്പെടുന്നത് മകന്‍െറ പതിവാണ്. എന്നിട്ടും ജന്മംകൊണ്ട് മുസ്ലിമായതിന്‍െറ പേരിലാണ് മകന്‍ വേട്ടയാടപ്പെടുന്നത് എന്ന് ഇല്യാസ് വിശ്വസിക്കുന്നു. പരിപാടിയുടെ സംഘാടകരായി പത്തോളം പേര്‍ വേറെയുണ്ടായിരുന്നു. എന്നിട്ടും ലക്ഷ്യംവെച്ചത് ഉമറിനെ. അതിന് ഇല്യാസിന്‍െറ പഴയ സിമി ബന്ധംപോലും വലിച്ചിഴച്ചുകൊണ്ടുവന്നവരുണ്ട്. ഉമര്‍ ജനിക്കുന്നതിനും സിമി നിരോധിക്കപ്പെടുന്നതിനും മുമ്പ് സംഘടന വിട്ടതാണ് താനെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. പെണ്‍മക്കളുടെ ദേഹത്ത് ആസിഡ് ഒഴിക്കുമെന്ന ഭീഷണിപോലുമുണ്ടായി. പ്രശ്നത്തില്‍ മകനൊപ്പം തന്നെയാണ് പിതാവ്.
ഉമര്‍ പാകിസ്താനില്‍ പലതവണ പോയിട്ടുള്ളതായും പ്രചാരണം നടന്നിരുന്നു. എന്നാല്‍, അവന് പാസ്പോര്‍ട്ടില്ല. ഇന്‍റര്‍നാഷനല്‍ സ്കോളര്‍ഷിപ് ലഭിച്ചിട്ടും പാസ്പോര്‍ട്ടിന് അപേക്ഷിച്ചിട്ടുപോലുമില്ല. ഇന്നുവരെ അവന്‍ വിമാനത്തില്‍ കയറിയിട്ടുപോലുമില്ളെന്ന് പിതാവ് പറയുന്നു. അവന്‍ നല്ല വിദ്യാര്‍ഥിയായിരുന്നു എന്നും. സൗത് ഡല്‍ഹിയിലെ ബന്യന്‍ ട്രീ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം. 2009ല്‍ കിരോരി മാല്‍ കോളജില്‍നിന്ന് ചരിത്രത്തില്‍ ബിരുദം. എം.എയും എം.ഫിലും ജെ.എന്‍.യുവില്‍നിന്ന്. ഇപ്പോള്‍ ഝാര്‍ഖണ്ഡിലെ ആദിവാസികളുടെ അവസ്ഥയെക്കുറിച്ചാണ് ഗവേഷണം നടത്തുന്നത്. അമേരിക്കയിലെ യേല്‍ യൂനിവേഴ്സിറ്റി പ്രഫസര്‍ അവിടെ പഠനം തുടരാമെന്ന് വാഗ്ദാനം ചെയ്തതാണ്. സഹോദരി അവിടെയുണ്ടായിരുന്നിട്ടും അവന്‍ പോയില്ല. ഭരണകൂടത്തിന് അസഹ്യമായി തോന്നുന്ന ശക്തമായ രാഷ്ട്രീയ നിലപാടുകളുള്ള മുസ്ലിംമുഖം ആണ് അവന്‍േറത്്. അതുകൊണ്ടുതന്നെ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് അവന് വിനയായതെന്ന് ഇല്യാസ് കരുതുന്നു.

Show Full Article
TAGS:umar khalid 
Next Story