അമ്മ ബ്രാന്‍ഡിലൂടെ ഭരണത്തുടര്‍ച്ച തേടുന്ന തലൈവി
text_fieldsതായ്, തലൈവി, അമ്മ... ദ്രാവിഡ- തമിഴ് സംസ്കൃതി സമ്പൂര്‍ണ ആരാധന അര്‍പ്പിക്കുന്ന മാതൃത്വം എന്ന വികാരം ദ്യോതിപ്പിക്കുന്ന പദങ്ങള്‍. ദ്രാവിഡ സംസ്കാരവും ‘അമ്മ’യെന്ന വൈകാരിക ഇഴയടുപ്പവും തമ്മില്‍ നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്. നവജാതയായ പെണ്‍കുഞ്ഞിനെപ്പോലും അമ്മാ എന്ന് വിളിക്കപ്പെടുന്ന അഭിസംബോധന ആ സംസ്കാരത്തിന്‍െറ എളിമക്ക് ചൂണ്ടിക്കാട്ടാനാവുന്ന ഉത്തമ ഉദാഹരണമാണ്. സംഘകാലത്തെ കൊറ്റവൈ ദേവിയില്‍ തുടങ്ങിയതാണ് ഈ അമ്മ വികാരം. ഇതിന്‍െറ തുടര്‍ച്ചയാണ് തമിഴകത്ത് എങ്ങും കാണുന്ന അമ്മന്‍ കോവിലുകള്‍. ഈ ബിംബകല്‍പന മാനസികമായും സാങ്കേതികമായും സമര്‍ഥമായി ചൂഷണം ചെയ്യുന്നതിലെ മികവിലൂടെയാണ് വിപ്ളവ നായികയായി(പുരട്ച്ചി തലൈവി) ജയലളിത അപരനാമത്തില്‍ വാഴ്ത്തപ്പെടുന്നത്. ഉപ്പു മുതല്‍ കര്‍പ്പൂരംവരെയും പച്ചവെള്ളം മുതല്‍ മുലപ്പാല്‍വരെയും ഉള്‍പ്പെട്ട പദ്ധതികളുടെ പേരിനുമുമ്പ് അമ്മയെന്ന് ചേര്‍ത്തത് ജനമനസ്സുകളിലേക്ക് കടന്നുകയറാനുള്ള എളുപ്പവഴിയായതുകൊണ്ടാണ്; പ്രത്യേകിച്ച് ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന മാതാക്കളുടെ ഹൃദയങ്ങളിലേക്ക്. ശതകോടികളുടെ അഴിമതികളും കെടുകാര്യസ്ഥതയും തെരഞ്ഞെടുപ്പുകളില്‍ ചര്‍ച്ചയാകാതെ അമ്മക്കു മുമ്പില്‍ തല കുമ്പിട്ടുനില്‍ക്കുന്നതും ഇതുകൊണ്ടു തന്നെ.
അനധികൃത സ്വത്ത്സമ്പാദന കേസിന്‍െറ മുള്‍മുനയിലാണ് ഓള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും (എ.ഐ.എ.ഡി.എം.കെ)തലൈവി ജയലളിതയും ഭരണത്തുടര്‍ച്ച തേടുന്നത്. കോടതിയും തമിഴകത്ത് പെയ്തിറങ്ങിയ നൂറ്റാണ്ടിലെ മഴയും അമ്മക്ക് രാഷ്ട്രീയ ഭീഷണി ഉയര്‍ത്തിയെങ്കിലും ഘട്ടംഘട്ടമായി മറികടക്കാന്‍ കഴിഞ്ഞു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കി സകലരും ഭയപ്പെട്ടിരുന്ന പകര്‍ച്ചവ്യാധിയില്‍നിന്ന് സംസ്ഥാനത്തെ രക്ഷിച്ച് കെടുകാര്യസ്ഥതക്ക് മറുപടി നല്‍കി. രാജ്യ- മാധ്യമശ്രദ്ധ പതിയുന്ന ചെന്നൈ നഗരിയെ തിരികെക്കൊണ്ടുവരാനായെങ്കിലും കടലൂര്‍ ഉള്‍പ്പെടെ മറ്റു തീരദേശ ജില്ലകളിലെ ദുരിതം മാധ്യമങ്ങള്‍ തമസ്കരിച്ചതിനാല്‍ ഭരണകൂടവും കണ്ടില്ല. മൂന്നു മാസത്തെ മഴ മൂന്നു ദിവസംകൊണ്ട് പെയ്തിറങ്ങിയാല്‍ തങ്ങള്‍ എന്തുചെയ്യുമെന്ന ജയലളിതയുടെയും പാര്‍ട്ടി നേതാക്കളുടെയും പ്രസ്താവനകള്‍ കടുത്ത വിമര്‍ശം ഉയര്‍ത്തി. ഇവിടെ അമ്മ അത്തരമൊരു ന്യായീകരണം നല്‍കിയതുകൊണ്ടുമാത്രമാണ് പാര്‍ട്ടി മക്കളും ആവര്‍ത്തിച്ചത്.
പ്രളയകാലത്ത് ജയലളിതയും മന്ത്രിമാരും വീടുകളില്‍ തന്നെ കഴിഞ്ഞുകൂടിയത് വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. പോയസ് ഗാര്‍ഡന്‍െറ ചുറ്റുമതിലില്‍നിന്ന് ജയലളിത പുറത്തിറങ്ങിയതുമില്ല. വെള്ളം ഇറങ്ങിയതിനു ശേഷം സ്വന്തം മണ്ഡലമായ ആര്‍.കെ നഗറില്‍ എത്തിയെങ്കിലും ഒരുതുള്ളി വെള്ളമെങ്കിലും ശരീരത്തില്‍ പതിക്കാതിരിക്കാന്‍ വാഹനത്തിന്‍െറ വിന്‍ഡോഗ്ളാസ് ഉയര്‍ത്തിത്തന്നെ വെച്ചു. അമ്മയത്തെുമെന്നറിഞ്ഞാല്‍ പതിനായിരങ്ങള്‍ തടിച്ചുകൂടുന്ന തമിഴകത്ത് അന്ന് വരവേറ്റത് നാമമാത്രമായ പാര്‍ട്ടിപ്രവര്‍ത്തകര്‍ മാത്രമാണ്. സകലതും നഷ്ടപ്പെട്ട വീട്ടമ്മമാര്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. 68ാം ജന്മദിനത്തില്‍ വീട്ടുപകരണങ്ങളും തയ്യില്‍ മെഷീനും ഉള്‍പ്പെടെ സൗജന്യങ്ങള്‍ വാരിക്കോരി നല്‍കി പ്രതിഷേധ മനസ്സുകളെ തണുപ്പിച്ചു. പ്രളയത്തില്‍പ്പെടാതെ മന്ത്രിമാര്‍ ചെന്നൈയില്‍നിന്ന് രായ്ക്കുരാമാനം രക്ഷപ്പെടുകയായിരുന്നു. പ്രളയകാലത്തെ കെടുകാര്യസ്ഥതയെ രാഷ്ട്രീയമായി നേരിടുന്നതില്‍ വിഘടിച്ചുനില്‍ക്കുന്ന പ്രതിപക്ഷം പരാജയപ്പെടുകയാണുണ്ടായത്. ഡി.എം.കെ ഉള്‍പ്പെടെ പ്രതിപക്ഷത്തിന്‍െറ പ്രചാരണങ്ങളൊന്നും വേണ്ടവിധം ഏശുന്നുമില്ല. 1987ല്‍ എം.ജി.ആര്‍ മരിച്ചതിനുശേഷം ഇതുവരെയും ഒരു രാഷ്ട്രീയ പാര്‍ട്ടിയും തമിഴകം തുടര്‍ച്ചയായി ഭരിച്ചിട്ടില്ല. പക്ഷേ, 2016ല്‍ ജയലളിത ഇത് തിരുത്തിയെഴുതുമോ? നഷ്ടപ്പെട്ടുപോയ വിശ്വാസ്യത നേടാന്‍ ഡി.എം.കെക്കായിട്ടില്ല. കോടതിവിധിയുടെ ബലത്തില്‍ കുറ്റാരോപിതയായ ജയലളിതക്കെതിരെ കാര്യമായ അഴിമതി ആരോപണം ഉയര്‍ത്താന്‍ പ്രതിപക്ഷത്തിനായിട്ടില്ല. അതിനാല്‍ സാഹചര്യങ്ങള്‍ പൊതുവേ ജയലളിതക്ക് അനുകൂലമാവുകയാണ്.
തിരിച്ചെത്തിയ ആത്മവിശ്വാസം
ഡിസംബറില്‍ പെയ്തിറങ്ങിയ നൂറ്റാണ്ടു കണ്ട മഴ ഭരണത്തുടര്‍ച്ചയെന്ന ആത്മവിശ്വാസത്തെ തകര്‍ത്തെറിഞ്ഞിരുന്നു. എന്നാല്‍, നവംബറിലെ ആത്മവിശ്വാസം ജയലളിതക്ക് തിരികെ കൈവന്നിരിക്കുന്നു. ഇതിന്‍െറ ഭാഗമാണ് 68ാം വയസ്സിലേക്ക് കാലെടുത്തുവെക്കുന്ന വേളയില്‍ അനുയായികള്‍ ആവോളം തിമിര്‍ത്ത് ആഘോഷിച്ചത്. കഴിഞ്ഞവര്‍ഷം കേസും കൂട്ടവുമായി നടക്കുകയായിരുന്നതിനാല്‍ ആഘോഷം വെട്ടിച്ചുരുക്കിയിരുന്നു. പ്രളയത്തത്തെുടര്‍ന്നുള്ള ഭരണവിരുദ്ധ വികാരത്തെ നേരിടാനുള്ള ജനപ്രിയ നടപടികള്‍ ഏകദേശം വിജയ തീരത്തത്തെിക്കഴിഞ്ഞു. ചെന്നൈയില്‍ കൂവം , അഡയാര്‍ നദീതീരങ്ങളില്‍ താമസിച്ചിരുന്നവര്‍ക്ക് സൗജന്യമായി ഫ്ളാറ്റുകള്‍ പണിതുനല്‍കി. ദുരിതപ്രദേശങ്ങളിലെ ഒരു കുടുംബത്തിന് 5,000 രൂപ ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു. കാലങ്ങളായി തമിഴ്നാട്ടിലെ മാറിമാറിവന്ന സര്‍ക്കാറുകള്‍ പയറ്റിയ അതേ സൗജന്യ ജനപ്രിയ പദ്ധതികളാണ് പ്രളയമനസ്സുകളെ കീഴടക്കാന്‍ ജയലളിതയും പ്രയോഗിച്ചത്.
കുറ്റകൃത്യങ്ങളുടെ കുറവും ജാതി സംഘര്‍ഷങ്ങളെ കൈകാര്യംചെയ്തതും അയല്‍സംസ്ഥാനങ്ങളുമായുള്ള ജലതര്‍ക്കങ്ങളില്‍ സംസ്ഥാന താല്‍പര്യം സംരക്ഷിക്കാനായതും ജയലളിതക്ക് പൊന്‍ തൂവല്‍ ചാര്‍ത്തുന്നു. സുപ്രീംകോടതി തീരുമാനത്തിലൂടെ 142 അടിയായി മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുകയും കര്‍ണാടകയുമായുള്ള കാവേരി തര്‍ക്കത്തില്‍ ട്രൈബ്യൂണല്‍ രൂപവത്കരിക്കാനും കഴിഞ്ഞു. അഴിമതിക്കേസില്‍ മുഖ്യമന്ത്രിക്കസേര നഷ്ടപ്പെട്ടപ്പോഴും ഭരണത്തിന്‍െറ കടിഞ്ഞാണ്‍ ജയലളിതയുടെ കൈകളില്‍ ഭദ്രമായിരുന്നു.
വിളി കാത്ത്
രാഷ്ട്രീയ സാഹചര്യം ജയലളിതക്ക് അനുകൂലമാണെന്ന് പ്രതിപക്ഷവും തിരിച്ചറിഞ്ഞിട്ടുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍ മറികടന്ന് ആള്‍ ഇന്ത്യാ അണ്ണാ ഡി.എം.കെക്കെതിരെ ഒന്നിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും അധികാരാം ഒറ്റക്കനുഭവിക്കണമെന്ന അമിതമോഹം അത് തടയുകയാണ്. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ ഡി.എം.കെയും വിജയകാന്തിന്‍െറ എം.ഡി.എം.കെയും ഒപ്പം വൈക്കോയും ഇടതുപക്ഷവും നേതൃത്വംനല്‍കുന്ന ജനക്ഷേമ മുന്നണിയും ഒരുമിച്ചാല്‍ ഭരണകൂടത്തിന് ഭീഷണിതന്നെയാകും. എന്നാല്‍, പ്രതിപക്ഷത്തെ പല കക്ഷികളും അമ്മ വിളിച്ചാല്‍ സകല ബന്ധങ്ങളും ഉപേക്ഷിച്ച് കൂടണയും. വിജയകാന്തും ജി.കെ വാസനും അമ്മയുടെ വിളി കാത്തിരിപ്പാണ്. ഫോര്‍വേഡ് ബ്ളോക്കും ഭരണമുന്നണിയിലുണ്ട്്. ജവാഹറുല്ലയുടെ മനിതനേയ മക്കള്‍ കക്ഷി അമ്മയുടെ ക്ഷണം പ്രതീക്ഷിച്ച് ഇടക്കാലത്തെ ജനക്ഷേമമുന്നണി ബന്ധം തലാഖ് ചൊല്ലി. സംസ്ഥാനമെങ്ങും തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിക്കഴിഞ്ഞ വൈക്കോയും ഇടതുപക്ഷവും തിരുമാളവനും അടങ്ങിയ ജനക്ഷേമ മുന്നണി ഒരു ക്ഷണം മാത്രം മതി തകര്‍ന്നടിയാനെന്ന് ജവാഹറുല്ലയുടെ കരണംമറിച്ചിലിലൂടെ വ്യക്തമാവുകയാണ്. കഴിഞ്ഞ നിയമസഭാ- ലോക്സഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും സി.പി.ഐയും ജയലളിതക്കൊപ്പമായിരുന്നു.
ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കാമോ?
234 സീറ്റുകളിലും ജയിച്ചുകയറി മുഖ്യ ശത്രുവായ കരുണാനിധിയെയും ഡി.എം.കെയെയും നാമാവശേഷമാക്കുകയാണ് ജയലളിതയുടെ ലക്ഷ്യം. അമ്മയുടെ നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പ് കാമ്പയിനുമായി മാസങ്ങള്‍ മുമ്പേ അണികള്‍ വീടുവീടാന്തരം കയറിയിറങ്ങിത്തുടങ്ങി. പരമാവധി പേരെ വോട്ടര്‍പട്ടികയില്‍ എത്തിക്കാന്‍ പ്രവര്‍ത്തകര്‍ അശ്രാന്തപരിശ്രമത്തിലുമാണ്. വോട്ടര്‍പട്ടികയില്‍ ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ ആരോപണം ഗൗരവമായി എടുത്ത തെരഞ്ഞെടുപ്പ് കമീഷന്‍ പട്ടിക അരിച്ചുപെറുക്കി ശുദ്ധീകരിക്കുന്നു. ജനാഭിലാഷം പൂര്‍ണമായി നിറവേറ്റാന്‍ ജയലളിതക്കായിട്ടുമില്ല. അഴിമതിക്ക് കുറവൊന്നും സംഭവിച്ചിട്ടില്ളെന്നാണ് കഴിഞ്ഞമാസം പുറത്തായ അണ്ണാ ഡി.എം.കെ എം.എല്‍.എ പഴ കറുപ്പയ്യയുടെ അഭിപ്രായം. സംസ്ഥാന സര്‍ക്കാറിന്‍െറ കൈകള്‍ അശുദ്ധമാണ്.
സര്‍ക്കാര്‍ ഡ്രൈവറുടെ ജോലി മുതല്‍ വൈസ് ചാന്‍സലര്‍ തസ്തികവരെ ലക്ഷങ്ങളുടെയും കോടികളുടെയും ഇടപാടിലൂടെയാണ് ഉറപ്പിക്കുന്നത്. ഡി.എം.കെയുടെ ചരിത്രം ഒട്ടും മോശമല്ളെന്നതാവാം ഇവിടെ ജയക്കൊരു സമാശ്വാസം. 2011ല്‍ പതിനൊന്ന് പാര്‍ട്ടികളടങ്ങിയ മുന്നണിക്ക് നേതൃത്വംനല്‍കിയാണ് അണ്ണാഡി.എം.കെ അധികാരത്തിലത്തെിയത്. അതിശക്തമായ ഡി.എം.കെ വിരുദ്ധ വികാരത്തിന്‍െറ തിരതള്ളലും സെന്‍റ് ജോര്‍ജ് കോട്ടയിലേക്കുള്ള വഴി എളുപ്പമാക്കി. കഴിഞ്ഞ നിയമസഭാ കൂട്ടുമുന്നണി നേടിയ 203 സീറ്റില്‍ 150ഉം എ.ഐ.എ.ഡി.എം.കെ സ്വയം ജയിച്ചുകയറിയതാണ്. ഈ സ്ഥാനത്ത് കലൈഞ്ജറുടെ എട്ട് പാര്‍ട്ടികളടങ്ങിയ സഖ്യത്തിന് കിട്ടിയതാകട്ടെ വെറും 31 സീറ്റാണ്. ഇതില്‍ ഡി.എം.കെക്ക് സ്വന്തമെന്ന് അവകാശപ്പെടാനാകുന്നത് വെറും 23 സീറ്റായിരുന്നു. ഇരു സഖ്യങ്ങളും നേടിയ വോട്ട് ശതമാനം 51.93 ശതമാനവും 39.53 ശതമാനവുമായിരുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 39 ല്‍ 37 സീറ്റും കരസ്ഥമാക്കി എ.ഐ.എ.ഡി.എം.കെ ജൈത്രയാത്ര തുടരുകയായിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കര്‍ണാടക ഹൈകോടതി വെറുതെ വിട്ടതിനത്തെുടര്‍ന്ന് ചെന്നൈ ആര്‍.കെ നഗറില്‍നിന്ന് ഒരുപിടി റെക്കോഡുകള്‍ കൈപ്പിടിയിലൊതുക്കിയാണ് ജയ വീണ്ടും മുഖ്യമന്ത്രി പദത്തിലത്തെിയത്. വെറും ഒന്നരമണിക്കൂര്‍ പ്രചാരണവും രണ്ട് പ്രസംഗവും നടത്തിയ ജയക്ക് സംസ്ഥാന നിയമസഭാ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് ലഭിച്ചത്. പ്രതിപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ഒളിച്ചോടി. സി. മഹേന്ദ്രനെ മത്സര രംഗത്തിറക്കി തന്‍േറടം കാണിച്ച സി.പി.ഐക്കാകട്ടെ കെട്ടിവെച്ച കാശും പോയി. കേസും കൂട്ടവും കല്‍ത്തുറുങ്കുകളും കയറിയിറങ്ങി രാഷ്ട്രീയ ഭാവി അസ്തമിച്ചെന്ന് കരുതിയവര്‍ക്ക് മുമ്പിലേക്ക് അസാമാന്യ വ്യക്തി
പ്രഭാവത്തിന്‍െറയും രാഷ്ട്രീയ കൗശലങ്ങളുടെയും ബലത്തില്‍ വിസ്മയകരമായി തിരിച്ചത്തെുകയായിരുന്നു ജയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
