ഒരനുഭവകഥയില്‍ തുടങ്ങാം. പെണ്ണുകാണാന്‍ വന്ന പയ്യനും വീട്ടുകാര്‍ക്കും പെണ്‍കുട്ടിയെ ഇഷ്ടമായി. സംസാരം കുറവാണെങ്കിലും നല്ല വിനയവും ഒതുക്കവുമുള്ള കുട്ടിയാണവളെന്ന് അവര്‍ വിലയിരുത്തി. മാത്രമല്ല, 10ാം ക്ളാസും പ്ളസ് ടുവും പാസായത് മിക്കവിഷയത്തിലും എ പ്ളസ് വാങ്ങിത്തന്നെ. പ്ളസ് ടു കഴിഞ്ഞപ്പോള്‍ സ്കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ചതിന്‍െറ പേരില്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് അവളെ ആദരിക്കുകയും ചെയ്തിരുന്നു. കൂടാതെ, ഏകമകള്‍. ഇതിന്‍െറയൊന്നും അഹങ്കാരമില്ലാതെ തലകുനിച്ചുനില്‍ക്കുന്ന അവളെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും.
വിദേശത്ത് ജോലിയുള്ള പ്രതിശ്രുത വരന് ലീവ് കുറവായതിനാല്‍ വിവാഹം വേഗം നടന്നു. പക്ഷേ, ആദ്യദിനം മുതല്‍തന്നെ മണവാട്ടിയുടെ പെരുമാറ്റത്തിലെ അസാധാരണത്വം നവവരനും വീട്ടുകാരും ശ്രദ്ധിച്ചു. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ അവള്‍ക്ക് ഗ്രഹിക്കാന്‍ കഴിയുന്നില്ല. പ്ളസ് ടുവില്‍ മികച്ചവിജയം സ്വന്തമാക്കിയിട്ടും വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് അര്‍ഥപൂര്‍ണമായി സംസാരിക്കാനാവുന്നില്ല. പ്രത്യേക ആഗ്രഹങ്ങളോ പ്രതീക്ഷകളോ അവള്‍ക്കില്ല. മറ്റുള്ളവരില്‍ നിന്ന് ഒഴിഞ്ഞുമാറി ഒറ്റക്കിരിക്കാനാണ് താല്‍പര്യം. ആളുകള്‍ പരിചയപ്പെടാനത്തെുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കും. ഇതെല്ലാംകണ്ട് പുതുമാരനും വീട്ടുകാരും വല്ലാതെ പരിഭ്രമിച്ചു.
ഒടുവില്‍ വിദഗ്ധ പരിശോധനയിലാണ് അവള്‍ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന ഭിന്നശേഷിയുള്ള പെണ്‍കുട്ടിയാണെന്ന് മനസ്സിലാകുന്നത്. അതായത്, ബുദ്ധിമാന്ദ്യം ബാധിച്ച പാവം പെണ്‍കുട്ടി. പ്രൈമറി വിദ്യാഭ്യാസംപോലും സ്വായത്തമാക്കാന്‍ ശേഷിയില്ലാത്തവള്‍. 18 വയസ്സ് കഴിഞ്ഞെങ്കിലും ചെറിയ സംഖ്യകള്‍പോലും കൂട്ടാനോ കുറക്കാനോ അറിയില്ല. മാതാപിതാക്കളുടെ പേരോ സ്കൂളിന്‍െറ പേരോ തെറ്റുകൂടാതെ എഴുതാനും അറിയില്ല. തിരുവനന്തപുരം-കൊല്ലം ജില്ലകള്‍ക്കിടയിലുള്ള ഒരു സ്കൂളില്‍ പഠിച്ച കുട്ടിയുടെ കഥയാണിത്.
പക്ഷേ, അവള്‍ എങ്ങനെ എസ്.എസ്.എല്‍.സിയും പ്ളസ് ടുവും വിജയിച്ചു. അതും ഉയര്‍ന്നതലത്തില്‍? അദ്ഭുതവും ഞെട്ടലുമാണ് ഇതിന്‍െറ ഉത്തരമറിയുമ്പോള്‍ ഉണ്ടാകുന്നത്. മാത്രമല്ല, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ളെന്നും മനസ്സിലാകും. അതായത്, ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കിയാല്‍ അവര്‍ക്ക് 10ാം ക്ളാസിലും 12ാം ക്ളാസിലും അവസാനപരീക്ഷയെഴുതാന്‍ ഒരു സഹായിയെ (Scribe) കൂടെയിരുത്താം. ഇപ്രകാരം മറ്റാരെങ്കിലും ഇവര്‍ക്കുവേണ്ടി പരീക്ഷയെഴുതുന്നു. എന്നാല്‍, മിക്ക സ്കൂളുകളിലും ബുദ്ധിമാന്ദ്യമുള്ളവര്‍ക്ക് പരീക്ഷയെഴുതിക്കൊടുക്കുന്നത് അവരുടെ അധ്യാപകരാണ്. ചോദ്യംപോലും വായിക്കാനറിയാത്ത ഈ കുട്ടികള്‍ ഉയര്‍ന്ന മാര്‍ക്കില്‍ വിജയിക്കുന്നതിന്‍െറ രഹസ്യവും ഇതാണ്. ഇന്ന് കുടുംബകോടതികളില്‍ കെട്ടിക്കിടക്കുന്ന വിവാഹമോചന കേസുകളില്‍ നല്ളൊരുപങ്കും ബുദ്ധിമാന്ദ്യവുമായി ബന്ധപ്പെട്ടവയാണ്. മുന്‍കാലങ്ങളില്‍ 10ാം ക്ളാസ് വിജയിക്കുന്ന വ്യക്തി ഒരു സാമാന്യ ബുദ്ധിശക്തി ഉള്ള ആളാണെന്ന് അനുമാനിച്ചിരുന്നു. (അപ്പോള്‍ തോറ്റിരുന്നവരെല്ലാം സാമാന്യ ബുദ്ധിശക്തി ഇല്ലാത്തവരാണ് എന്ന് ഇതിന് അര്‍ഥമില്ല). എന്നാല്‍, ഇന്ന് ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞിറങ്ങിയാലും ഒരാള്‍ക്ക് ബുദ്ധിമാന്ദ്യമില്ളെന്ന് ഉറപ്പുവരുത്തണമെങ്കില്‍ ഇന്‍റലിജന്‍സ് ടെസ്റ്റ് നടത്തണമെന്ന അവസ്ഥയാണ്.
ഒരാളുടെ ശരാശരി ബുദ്ധിക്കുവേണ്ട ഐക്യൂ (I.Q-Intelligence Quotient) അതായത്, ബുദ്ധിമാനം 90നും 109നും ഇടയിലായിരിക്കും. അതിന് താഴെ 70നും 89നും ഇടയില്‍ ഐ.ക്യൂ ഉള്ളവരെ ബോര്‍ഡര്‍ ലൈന്‍ വിഭാഗക്കാര്‍ എന്നു പറയുന്നു. ശരാശരിക്കും ബുദ്ധിമാന്ദ്യത്തിനും ഇടയില്‍ വരുന്നതുകൊണ്ടാണ് ഈ പേരു വന്നത്. ഇവര്‍ക്ക് 10ാം ക്ളാസിലെ എല്ലാം വിഷയങ്ങളും പഠിച്ച് വിജയിക്കാനുള്ള മാര്‍ക്ക് നേടാന്‍ പ്രയാസമാണ്. ഐ.ക്യൂ 70ന് താഴെവരുന്നവരെ പൊതുവെ ബുദ്ധിമാന്ദ്യമുള്ളവരായി കണക്കാക്കുന്നു. ഇത്തരക്കാര്‍ക്ക് സര്‍ക്കാറില്‍നിന്ന് പെന്‍ഷനും മറ്റ് ബസ്-ട്രെയിന്‍ യാത്രാ ഇളവുകളും ലഭിക്കുന്നുണ്ട്.
ഐക്യൂ 50ന് താഴെയുള്ള ഒരാള്‍ 20 വയസ്സായാലും അഞ്ചാംതരത്തിലെ പാഠങ്ങള്‍ പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടും. സ്വാശ്രയ പ്രഫഷനല്‍ കോളജുകളുടെ ആവിര്‍ഭാവത്തോടെ എന്‍ജിനീയറിങ്ങിന് പുറമേ ചികിത്സയുമായി ബന്ധപ്പെട്ട കോഴ്സുകളായ ആയുര്‍വേദം, ദന്തവൈദ്യം, ഹോമിയോ, സിദ്ധ, തുടങ്ങിയവയിലെല്ലാം സാമാന്യ ബുദ്ധിശക്തിക്ക് തൊട്ടുതാഴെ വരുന്ന ബോര്‍ഡര്‍ ലൈന്‍ വിഭാഗക്കാരോ അല്ളെങ്കില്‍ അതിലും താഴെയുള്ള ലഘു ബുദ്ധിമാന്ദ്യം ഉള്ള വിദ്യാര്‍ഥികളോ ഉണ്ടെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
പ്രവേശപരീക്ഷയില്‍ പൂജ്യം മാര്‍ക്ക് വാങ്ങിയാലും പ്ളസ് ടുവില്‍ വാങ്ങിയ മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ പ്രവേശം നടത്താമെന്ന തീരുമാനംകൂടിയാകുമ്പോള്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമെന്ന് പറയേണ്ടതില്ലല്ളോ. ഇങ്ങനെ പ്രവേശം നേടുന്നവരില്‍ ചിലര്‍ അധികംതാമസിയാതെ പഠിക്കേണ്ട വിഷയങ്ങള്‍ക്കുമുന്നില്‍ പതറി കോഴ്സ് ഒഴിവാക്കും. മറ്റുചിലര്‍ അവ്യക്തവും അടിസ്ഥാന രഹിതവുമായ ശാരീരിക രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് ചികിത്സയുമായി പഠനം പാതിവഴിയില്‍ അവസാനിപ്പിക്കും. രണ്ടുതരം കൊഴിഞ്ഞുപോക്കും സ്വാശ്രയ കോളജിന് ലാഭകരമാണ്. കാരണം, അഡ്മിഷന്‍ എടുത്തുകഴിഞ്ഞാല്‍ കോഴ്സ് അവസാനിക്കുന്നതുവരെയുള്ള ഫീസ് അടച്ചാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകളും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റും അവര്‍ നല്‍കുകയുള്ളൂ. ഇനി വല്ലവിധേനയും കോഴ്സുകള്‍ കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചാല്‍തന്നെ അവിടത്തെ സൗകര്യങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമാന്ദ്യമുള്ളവര്‍ക്ക് കഴിയില്ല. 1954ലെ ഇന്ത്യന്‍ സ്പെഷല്‍ മാര്യേജ് ആക്ടില്‍ ബുദ്ധിമാന്ദ്യമുള്ള വ്യക്തികള്‍ വിവാഹ ഉടമ്പടിയില്‍ കടക്കാന്‍ പ്രാപ്തരല്ലാ എന്ന് പ്രതിപാദിക്കുന്നു. അവര്‍ക്ക് വിവാഹജീവിതത്തിന്‍െറ അന്തസ്സത്ത മനസ്സിലാക്കാന്‍ അവിടെ നിറവേറ്റേണ്ട കടമകളെ കുറിച്ചും ശരിയായ ധാരണയുണ്ടാവില്ല. പക്ഷേ, ബുദ്ധിമാന്ദ്യത്തിന്‍െറ അളവ് 35ല്‍ കുറവാണെങ്കില്‍ ശാരീരികമായ പ്രത്യേകതകളാല്‍ പെട്ടെന്ന് അവരെ ബുദ്ധിവൈകല്യമുള്ളവരായി തിരിച്ചറിയാന്‍ കഴിയും. എന്നാല്‍, അതിനുമുകളില്‍ ഐ.ക്യൂ ഉള്ളവരുടെ ശാരീരികവളര്‍ച്ചയും ഘടനയും സാധാരണപോലെയാവാം. പക്ഷേ, പ്രായമനുസരിച്ചുള്ള ചിന്താശക്തിയും കാര്യക്ഷമതയും വിലയിരുത്തുമ്പോള്‍ മാത്രമേ പന്തികേട് മനസ്സിലാകൂ.
ഇവിടെ ഉത്തരം ലഭിക്കേണ്ട ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ഇവരെ എന്തിന് മറ്റൊരാളെക്കൊണ്ട് പരീക്ഷയെഴുതി വിജയിപ്പിക്കുന്നു. അല്ളെങ്കില്‍, അനര്‍ഹമായ മാര്‍ക്ക് നല്‍കി വിജയിപ്പിക്കുന്നു. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് അവര്‍ക്കോ സമൂഹത്തിനോ എന്തെങ്കിലും നേട്ടമുണ്ടോ. പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത മേഖലകളില്‍ തള്ളിവിട്ട് അവരുടെ ഉള്ള മനോബലവും മനസ്സമാധാനവും നഷ്ടപ്പെടുത്തുന്നത് എന്തിന്.
ബുദ്ധിവൈകല്യമുള്ള വ്യക്തിക്ക് എന്തൊക്കെനല്‍കിയാലും അവരുടെ മാതാപിതാക്കളുടെ മനസ്സിലെ തീ അണയില്ല. അതുകൊണ്ട് മാതാപിതാക്കള്‍ സ്ഥായിയായ ആശ്വാസംപകരുന്നതും ഇത്തരക്കാരെ സംരക്ഷിക്കാനുമുള്ള സമഗ്ര പദ്ധതികള്‍ ആവിഷ്കരിക്കണം. അതിന് വിദഗ്ധരുടെയും സാമൂഹികപ്രവര്‍ത്തകരുടെയും അധികാരികളുടെയും കൂട്ടായ ശ്രമം ഉണ്ടാകണം. ഇതൊന്നുമില്ലാത്ത ബിരുദങ്ങളും കീര്‍ത്തി മുദ്രകളും നല്‍കുമ്പോള്‍ വാസ്തവത്തില്‍ അവര്‍ക്കും കുടുംബത്തിനും അത് മുള്‍ക്കിരീടമായി മാത്രമേ പരിണമിക്കൂ.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൈക്കോളജി വിഭാഗം അസോ. പ്രഫസറാണ് ലേഖകന്‍