Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസൂര്യാതപം സൂക്ഷിക്കുക

സൂര്യാതപം സൂക്ഷിക്കുക

text_fields
bookmark_border
സൂര്യാതപം സൂക്ഷിക്കുക
cancel

വേനല്‍ക്കാലം ആരംഭിച്ചപ്പോള്‍തന്നെ കേരളം കൊടുംചൂടിന്‍െറ പിടിയിലായി. പകല്‍സമയത്ത് പൊള്ളുന്ന വെയില്‍. രാത്രിയില്‍ വീശിയടിക്കുന്ന ഉഷ്ണക്കാറ്റ്. ജലാശയങ്ങള്‍ വറ്റിവരളുന്നു. നാടെങ്ങും കുടിവെള്ളത്തിനായുള്ള മുറവിളി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം സംഭവിച്ചിരുന്ന സൂര്യാതപമേറ്റ് പാലക്കാട്ട് ഒരാള്‍ മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. പലയിടങ്ങളിലും കന്നുകാലികള്‍ ചത്തൊടുങ്ങുന്നു. അന്തരീക്ഷ ഈര്‍പ്പനില (ഹ്യുമിഡിറ്റി) സ്വതവേ ഉയര്‍ന്നുനില്‍ക്കുന്ന കേരളത്തിന്‍െറ സവിശേഷ കാലാവസ്ഥയില്‍ ഉയരുന്ന ചൂട് കൂടുതല്‍ മാരകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും.

മാര്‍ച്ച് അവസാനം വരെ കടുത്ത ചൂട് ഇങ്ങനെതന്നെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍െറ പ്രവചനം. ഉയര്‍ന്ന അന്തരീക്ഷമര്‍ദമുള്ളതിനാല്‍ തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ താപനില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ശാന്തസമുദ്രത്തിലെ താപനിലയിലുണ്ടായ അസാധാരണ വര്‍ധനയായ ‘എല്‍ നിനോ’ പ്രതിഭാസമാണ് കടുത്ത വേനല്‍ച്ചൂടിനും കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കുമുള്ള കാരണമെന്നാണ് കരുതപ്പെടുന്നത്.
പൊള്ളുന്ന വേനലിന്‍െറ പ്രശ്നങ്ങള്‍ പലതരത്തിലാണ് മനുഷ്യരെ ബാധിക്കുന്നത്. നിര്‍ജലീകരണത്തെ തുടര്‍ന്നുള്ള ക്ഷീണവും തളര്‍ച്ചയും മുതല്‍ സൂര്യാതപംപോലെ അതിഗുരുതരമായ പ്രശ്നങ്ങള്‍ വരെ കടുത്ത വേനല്‍ച്ചൂട് മൂലം ഉണ്ടാകും. തുറസ്സായ സ്ഥലങ്ങളില്‍ പണിയെടുക്കുന്നവര്‍, കര്‍ഷക തൊഴിലാളികള്‍, നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, കായികതാരങ്ങള്‍ തുടങ്ങിയവരില്‍ വേനല്‍ച്ചൂടിന്‍െറ പ്രശ്നങ്ങള്‍ സങ്കീര്‍ണമാകാന്‍ ഇടയുണ്ട്. നിര്‍ജലീകരണവും ലവണനഷ്ടവും വൃദ്ധജനങ്ങളെയാണ് കൂടുതല്‍ ബാധിക്കുന്നത്.

ക്ഷീണവും തളര്‍ച്ചയും
അമിത ചൂടിനെ തുടര്‍ന്നുണ്ടാകുന്ന ഏറ്റവും സാധാരണ പ്രശ്നം ക്ഷീണവും തളര്‍ച്ചയുമാണ്. ശരീരത്തില്‍നിന്ന് ജലാംശവും സോഡിയം ഉള്‍പ്പെടെയുള്ള ലവണങ്ങളും നഷ്ടപ്പെടുന്നതാണ് തളര്‍ച്ചയുടെ പ്രധാന കാരണം. പ്രായമേറിയവരിലും കുട്ടികളിലും പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗങ്ങള്‍ തുടങ്ങിയ ശാരീരികപ്രശ്നങ്ങള്‍ ഉള്ളവരിലും അമിതതാപത്തെ തുടര്‍ന്നുണ്ടാകുന്ന തളര്‍ച്ച സങ്കീര്‍ണമാകാന്‍ ഇടയുണ്ട്. ജലനഷ്ടം പരിഹരിക്കുകയും എന്നാല്‍, ലവണങ്ങളുടെ കുറവ് പരിഹരിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ കൈകാലുകളിലെ പേശികള്‍ കോച്ചിവലിച്ച് ഹീറ്റ് ക്രാംപ്സ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ദാഹം തീര്‍ക്കാനായി ഉപ്പുചേര്‍ക്കാതെ ശുദ്ധജലം മാത്രം കുടിക്കുമ്പോഴാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. നിര്‍മാണ തൊഴിലാളികള്‍, അമിതചൂട് നിലനില്‍ക്കുന്ന ഫാക്ടറികളിലും വാഹനങ്ങളിലും തുടര്‍ച്ചയായി പണിയെടുക്കുന്നവര്‍, ഖനി തൊഴിലാളികള്‍ തുടങ്ങിയവരില്‍ ഹീറ്റ് ക്രാംപ്സ് സാധ്യത ഏറെയാണ്.

സൂര്യപ്രകാശം ഏല്‍ക്കുന്നതിനെ തുടര്‍ന്ന് ചര്‍മത്തിന് പല അവസ്ഥകളും ഉണ്ടാകാം. ചര്‍മകോശങ്ങളിലെ വര്‍ണവസ്തുവായ ക്രോമോഫോറുകള്‍ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുന്നതിനെ തുടര്‍ന്ന് കോശങ്ങളിലെ ഡി.എന്‍.എയുടെ പ്രവര്‍ത്തനം തകരാറിലാകുന്നു. കൂടാതെ, പ്രോസ്റ്റ ഗ്ളാന്‍റിനുകളും പ്രോസ്റ്റ സൈക്ളിനുകളും കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇവയെല്ലാംതന്നെ ചര്‍മത്തിന് നിറഭേദവും പൊള്ളലും മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കുന്നു. സൂര്യാതപത്തിന്‍െറ പ്രശ്നങ്ങള്‍ സൂര്യപ്രകാശമേറ്റ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആരംഭിക്കുന്നു. ചര്‍മത്തിന് ചുവപ്പ്, പുകച്ചില്‍, വേദന, നീര്, കുമിളകള്‍ പ്രത്യക്ഷപ്പെടുക തുടങ്ങിയവ ഉണ്ടാകാം. തൊലി നേര്‍ത്ത പാളികളായി ഇളകിയേക്കാനും ഇടയുണ്ട്. ഒരു പ്രാവശ്യം എല്ലാവരിലും ഒരുപോലെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്ന് വരില്ല. ചര്‍മത്തിലെ വര്‍ണവസ്തുവായ മെലാനിന്‍െറ അളവ് കുറഞ്ഞ വെളുത്ത നിറമുള്ളവര്‍ സൂര്യപ്രകാശത്തോട് അമിതമായി പ്രതികരിക്കും.

രണ്ടുതരം
അമിത ചൂടിനെ തുടര്‍ന്നുണ്ടാകുന്ന ഏറ്റവും ഗുരുതരമായ പ്രശ്നമാണ് സൂര്യാതപം. പലപ്പോഴും മനുഷ്യരുടെ പ്രാണനെടുക്കുന്ന ദുരന്തമായി കൊടുംചൂട് മാറുന്നതിന്‍െറ കാരണവും സൂര്യാതപം തന്നെ. കഠിനമായ ചൂടിനെ തുടര്‍ന്ന് ആന്തരിക താപനില ക്രമാതീതമായി ഉയരുമ്പോള്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലാകുന്നു. സാധാരണയായി ശരീര താപനില 90 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുമ്പോഴാണ് ശാരീരികപ്രവര്‍ത്തനങ്ങളുടെ താളംതെറ്റുന്നത്. ആന്തരാവയവങ്ങളായ കരള്‍, വൃക്കകള്‍, തലച്ചോര്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയവയുടെ പ്രവര്‍ത്തനം സ്തംഭിക്കുന്നതിനെ തുടര്‍ന്ന് രോഗി അതീവ ഗുരുതരാവസ്ഥയില്‍ എത്തിച്ചേരുന്നു. സൂര്യാതപം രണ്ടുതരത്തിലാണ് കാണപ്പെടുന്നത്. അമിത ചൂടില്‍ തുറസ്സായ സ്ഥലത്ത് അത്യധ്വാനം ചെയ്യുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്നതാണ് ഒന്ന്. രണ്ടോ മൂന്നോ ദിവസംകൊണ്ട് സാവധാനം രൂപപ്പെടുന്നതാണ് രണ്ടാമത്തേത്. മുതിര്‍ന്നവരിലും വൃദ്ധജനങ്ങളിലുമാണ് ഇത്തരത്തിലുള്ള സൂര്യാതപം കാണുന്നത്. തലച്ചോറിന്‍െറ പ്രവര്‍ത്തനമാന്ദ്യമാണ് സൂര്യാതപത്തിന്‍െറ മുഖ്യ ലക്ഷണം. അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങി അപസ്മാര ചേഷ്ടകള്‍ക്കും തുടര്‍ന്ന് ഗാഢമായ അബോധാവസ്ഥക്കും (കോമ) സൂര്യാതപം കാരണമാകുന്നു.

എന്തു ചെയ്യണം?
തുറസ്സായ സ്ഥലങ്ങളില്‍ പണിയെടുക്കുന്നവര്‍ കടുത്ത വേനല്‍ച്ചൂടേറ്റ് കുഴഞ്ഞുവീഴുകയാണെങ്കില്‍ സൂര്യാതപം ഉണ്ടായതായി സംശയിക്കണം. ഉടനെ ശരീരം തണുപ്പിച്ച് തീവ്രപരിചരണം നല്‍കിയില്ളെങ്കില്‍ മരണനിരക്ക് 60 മുതല്‍ 75 ശതമാനം വരെയാകാം. സൂര്യാതപമേറ്റയാളെ ഉടനെ തണലുള്ള സ്ഥലത്തേക്ക് മാറ്റി കിടത്തണം. ദേഹത്തോട് ഒട്ടിക്കിടക്കുന്ന വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റണം. അപസ്മാരബാധയെ തുടര്‍ന്ന് മൂക്കിലും വായിലുമൊക്കെ പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയുമൊക്കെ തുടച്ചുമാറ്റണം. ദേഹം തണുപ്പിക്കാനായി തണുത്ത വെള്ളംകൊണ്ട് ശരീരം തുടര്‍ച്ചയായി തുടക്കുക. വെള്ളത്തില്‍ മുക്കിയെടുത്ത ഷീറ്റുകൊണ്ട് ശരീരം പൊതിയാം. ഐസ്കട്ടകള്‍ ശരീരഭാഗങ്ങളില്‍, പ്രത്യേകിച്ച് കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും. ശക്തിയായി വീശിയോ ഫാന്‍ പ്രവര്‍ത്തിപ്പിച്ചോ ശരീരം തണുപ്പിക്കുന്നത് നല്ലതാണ്. കൈകാലുകള്‍ തിരുമ്മിക്കൊടുക്കുന്നത് രക്തക്കുഴലുകള്‍ വികസിക്കാനും ശരീരത്തില്‍നിന്നുള്ള താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കാനും ഉപകരിക്കും. തുടര്‍ന്ന് ഒട്ടും സമയം പാഴാക്കാതെ  വൈദ്യസഹായം ലഭ്യമാക്കണം.

കടുത്ത വേനല്‍ച്ചൂടേറ്റ് കുഴഞ്ഞുവീണാല്‍എന്തു ചെയ്യണം?

 • വേഗം തണലത്തേക്ക് മാറ്റിക്കിടത്തുക
 • വീണ ഉടനെ ശരീരം തണുപ്പിച്ച് തീവ്രപരിചരണം നല്‍കണം
 • ദേഹത്തോടൊട്ടിക്കിടക്കുന്ന വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുക
 • മൂക്കിലും വായിലും പറ്റിപ്പിടിച്ച തുപ്പലും പതയും തുടച്ചുകളയുക
 • തണുത്ത വെള്ളംകൊണ്ട് ശരീരം തുടര്‍ച്ചയായി തുടക്കുക
 • നനഞ്ഞ തുണികൊണ്ട് ശരീരം പൊതിയാം
 • കക്ഷത്തിലും തുടയിടുക്കിലും ഐസ്കട്ടകള്‍ വെക്കുന്നത് നല്ലതാണ്
 • വീശിയോ ഫാനിട്ടോ ശരീരം തണുപ്പിക്കുക
 • രക്തക്കുഴലുകള്‍ വികസിക്കാനും ശരീരതാപം കുറക്കാനും
 • കൈകാലുകള്‍ തിരുമ്മിക്കൊടുക്കുക
 • എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കുക

ചൂടിനെ നേരിടാന്‍

 • ദിവസവും 2 ലിറ്റര്‍ വെള്ളം കുടിക്കണം
 • തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങവെള്ളം എന്നിവ ഉപ്പിട്ട് കുടിക്കാം
 • കൃത്രിമ ശീതളപാനീയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക
 • പഴങ്ങള്‍, പച്ചക്കറി, ഇലക്കറി എന്നിവ ധാരാളം കഴിക്കുക
 • മാംസാഹാരം മിതമാക്കുക
 • അമിത ചൂടില്‍ തുറസ്സായ സ്ഥലങ്ങളിലെ അമിതാധ്വാനം ഒഴിവാക്കണം
 • നിര്‍മാണ തൊഴിലാളികള്‍ ധാരാളം വെള്ളം കുടിക്കണം
 • ഇടക്ക് തണലത്ത് വിശ്രമിക്കുക
 • പകല്‍ 11നും 2നും ഇടക്ക് വെയില്‍ കൊള്ളരുത്
 • വെയിലത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കണം
 • പുറത്തിറങ്ങുമ്പോള്‍ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക
 • നൈലോണും പോളിസ്റ്ററും ഒഴിവാക്കി കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
 • നട്ടുച്ചക്കുള്ള ജാഥകളും പ്രകടനങ്ങളും ഒഴിവാക്കുക
 • കുട്ടികള്‍ക്കും വയോധികര്‍ക്കും പ്രത്യേക പരിചരണം
 • പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ശാരീരികപ്രശ്നമുള്ളവര്‍ക്കും പ്രത്യേക പരിചരണം വേണം
 • വിട്ടുമാറാത്ത തളര്‍ച്ചയോ ക്ഷീണമോ ഉണ്ടായാല്‍ വൈദ്യോപദേശം തേടുക

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മെഡിസിന്‍ വിഭാഗം പ്രഫസറാണ് ലേഖകന്‍

Show Full Article
TAGS:summer disease 
Next Story