Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഭീകരതയെ സംബന്ധിച്ച് ...

ഭീകരതയെ സംബന്ധിച്ച്  അഞ്ചു സത്യങ്ങള്‍

text_fields
bookmark_border
ഭീകരതയെ സംബന്ധിച്ച്  അഞ്ചു സത്യങ്ങള്‍
cancel

ബഗ്ദാദ്-ബൈറൂത്-പാരിസ് സ്ഫോടനങ്ങള്‍ നടന്ന് 24 മണിക്കൂറിനകം അവയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുക്കുകയുണ്ടായി. നവ സമൂഹമാധ്യമങ്ങളാകട്ടെ, സര്‍വജ്ഞഭാവത്തില്‍ മുസ്ലിംകള്‍ക്കുനേരെ ആവര്‍ത്തിച്ച് വിരല്‍ ചൂണ്ടുകയും ചെയ്തു. പാരിസിലെ ഇരകള്‍ക്കാണ് കൂടുതല്‍ അനുഭാവം പിടിച്ചുപറ്റാന്‍ കഴിഞ്ഞത്. ഏതായാലും അവ ഉണര്‍ത്തിയ പൊടിപടലങ്ങള്‍ അടങ്ങിയിരിക്കെ, താഴെ കുറിക്കുന്ന യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച് നാം അന്ധരാകാന്‍ പാടില്ല.

1. ഹീനമായ ഈ ക്രിമിനല്‍ കൃത്യങ്ങളെയും (സ്ഫോടനങ്ങള്‍) ഭീകരതയെയും ലോക മുസ്ലിംകള്‍ പൊതുവെ അപലപിക്കുകയുണ്ടായി.
എന്നിട്ടും മുസ്ലിംകള്‍ എന്തുകൊണ്ട് സ്ഫോടനങ്ങളെ അപലപിക്കുന്നില്ല എന്നായിരുന്നു പലരും ട്വിറ്റര്‍ വഴിയും ഫേസ്ബുക് പോസ്റ്റുകള്‍ വഴിയും ബഹളംവെച്ചുകൊണ്ടിരുന്നത്. ഗൂഗ്ളില്‍ അല്‍പനേരം പരതുന്ന ആര്‍ക്കും പാരിസ് സ്ഫോടനത്തെ അപലപിക്കുന്ന മുസ്ലിം നേതാക്കളുടെ പ്രസ്താവനകളുടെ പ്രവാഹംതന്നെ കാണാന്‍ കഴിയുമായിരുന്നു.

സൗദി പണ്ഡിതസഭ ഉള്‍പ്പെടെ ലോകത്തെ വിവിധ ഇസ്ലാമിക പണ്ഡിത വേദികള്‍ ശക്തമായിത്തന്നെ ഭീകരതക്കെതിരെ പ്രസ്താവനകള്‍ പുറത്തുവിടുകയുണ്ടായി. ഭീകരതക്ക് ഇസ്ലാം അനുമതി നല്‍കിയിട്ടില്ളെന്നും ഇസ്ലാം മുന്നോട്ടുവെക്കുന്ന കരുണയുടെ നേര്‍വിപരീതമാണ് ഭീകരതയെന്നും മുസ്ലിം പണ്ഡിതര്‍ സ്പഷ്ടമാക്കി.
വിവിധ രാജ്യങ്ങളിലെ മുസ്ലിം പണ്ഡിതര്‍ ഒന്നടങ്കം പാരിസ് സ്ഫോടനത്തെ അപലപിച്ചു. മാത്രമല്ല, മുമ്പ് നടന്നുവരുന്ന ഭീകരകൃത്യങ്ങളെയും അവര്‍ യഥാസമയം അപലപിച്ചിരുന്നു. പഴി മാത്രം പറയുന്നവര്‍ ഇതെല്ലാം വിസ്മരിക്കുകയായിരുന്നു. മാത്രമല്ല, ഐ.എസിന്‍െറ കിരാത പ്രവര്‍ത്തനങ്ങളെയും അവക്കു പിന്നിലെ സങ്കുചിത ദര്‍ശനങ്ങളെയും തുറന്നുകാട്ടുന്ന പുസ്തകങ്ങളും മുസ്ലിം പണ്ഡിതന്മാര്‍ രചിക്കുകയുണ്ടായി. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ കണ്ടില്ളെന്നുനടിക്കുന്ന രീതി തുടര്‍ന്നാല്‍ ‘കഴിഞ്ഞകാലത്ത് അരങ്ങേറിയതും വര്‍ത്തമാനകാലത്ത് നടന്നുകൊണ്ടിരിക്കുന്നതും ഇനി ഭാവിയില്‍ നടക്കാന്‍പോകുന്നതുമായ സര്‍വ ഭീകരകൃത്യങ്ങളെയും ഞാന്‍ അപലപിക്കുന്നു’ എന്ന് ജനന മുഹൂര്‍ത്തത്തില്‍ തന്നെ ഓരോ മുസ്ലിം കുഞ്ഞിന്‍െറയും ദേഹത്ത് പച്ചകുത്താന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരായിത്തീരും.

2. വെള്ളക്കാരുടെ വംശീയ സംഘടനയായ കൂ ക്ളക്സ് ക്ളാന്‍ (കെ.കെ.കെ) ക്രൈസ്തവതയെ പ്രതിനിധാനം ചെയ്യുന്നതിലേറെ ഐ.എസ് ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്നില്ല. ബാസ്കറ്റ്ബാള്‍ ഇതിഹാസം കരീം അബ്ദുല്‍ ജബ്ബാര്‍ ചൂണ്ടിക്കാട്ടിയത് ഓര്‍മയിലത്തെുന്നു. ഏതെങ്കിലും കറുത്തവര്‍ഗക്കാരന്‍െറ ഗൃഹാങ്കണത്തില്‍ ഇരച്ചുകയറി കെ.കെ.കെ സംഘാംഗം കുരിശ് ചാമ്പലാക്കിയാല്‍ അതിന് വിശദീകരണം നല്‍കാന്‍ ആരെങ്കിലും ക്രൈസ്തവ സമൂഹത്തോട് ആവശ്യപ്പെടാറുണ്ടോ? വര്‍ണവിവേചന വ്യവസ്ഥക്കു കീഴില്‍ നടന്ന അത്യാചാരങ്ങളെ ക്രൈസ്തവ പ്രവര്‍ത്തനമായി ആരെങ്കിലും കുറ്റപ്പെടുത്താറുണ്ടോ? ഏതെങ്കിലും ക്രിമിനല്‍ ഗ്രൂപ് നടത്തുന്ന പ്രവൃത്തികള്‍ ഒന്നടങ്കം ഇസ്ലാമിന്‍െറ ശിരസ്സില്‍ കെട്ടിയേല്‍പിക്കുന്നത് ഇരട്ടത്താപ്പ് മാത്രമാണെന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി. ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്ന ക്രിസ്ത്യാനിയുടേയോ ഹിന്ദു, സിഖ്, ജൂത മതവിഭാഗക്കാരായ വ്യക്തികളുടേയോ പാതകം അതത് മതവ്യവസ്ഥയുടെമേല്‍ കെട്ടിവെക്കാനും ആരെങ്കിലും തയാറാകാറുണ്ടോ? മൃഗങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് മൃഗാവകാശ പ്രവര്‍ത്തകരാണോ ഉത്തരം നല്‍കേണ്ടത്?

3. ഭീകരതയെ അസന്ദിഗ്ധമായ രീതിയില്‍ ഇസ്ലാം എതിര്‍ക്കുന്നു. ഭീകരത ഒരു മതാത്മക കര്‍മമല്ല, അത് ഒരു ആക്രമണതന്ത്രം മാത്രമാകുന്നു. തികച്ചും അധാര്‍മിക പ്രവര്‍ത്തനമായതുകൊണ്ടാണ് മുസ്ലിംകള്‍ ഭീകരതയെ അപലപിച്ചുകൊണ്ടിരിക്കുന്നത്. അന്യായമായി ഒരു വ്യക്തിയെ വധിച്ചാല്‍ അത് മുഴുവന്‍ മാനവരാശിയെയും കൊല്ലുന്നതിന് തുല്യമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിരുന്നു. യുദ്ധസന്ദര്‍ഭങ്ങളില്‍പോലും കുട്ടികളെയും സ്ത്രീകളെയും സാധാരണ പൗരന്മാരെയും വധിക്കാന്‍ പാടില്ളെന്ന് പ്രവാചകനും നിര്‍ദേശിക്കുന്നു. നാട്ടില്‍ കുഴപ്പമുണ്ടാക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെയും കൊള്ളയെയും ഇസ്ലാമിക നിയമസംഹിതകള്‍ കടുത്ത പാതകങ്ങളായി വിശദീകരിക്കുന്നതും കാണാം.
എന്നാല്‍, മുസ്ലിം ഭീകരര്‍ ഇസ്ലാമിക വിഭാവനകള്‍ ദുര്‍വ്യാഖ്യാനം നടത്തുന്നതായും അതിനാല്‍ ഭീകരതക്ക് ഇസ്ലാമാണ് നിമിത്തമാകുന്നതെന്നുമുള്ള അതിവാദവും ഇവിടെ ഉന്നയിക്കപ്പെട്ടുകഴിഞ്ഞു. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഇസ്ലാമിക നിയമവ്യവസ്ഥയെയും മുഖ്യധാരാ മുസ്ലിം രീതികളെയും അവഗണിച്ച് ഒരുപിടി ക്രിമിനലുകളുടെ ദുഷ്കര്‍മങ്ങളുടെ പേരില്‍ ഉന്നയിക്കപ്പെടുന്ന വിമര്‍ശം സത്യസന്ധമാകുമോ?
കേംബ്രിജ് സര്‍വകലാശാലയിലെ ടി.ജെ. വിന്‍റര്‍ നിരീക്ഷിക്കുന്നത് നോക്കുക: ‘ഭീകരതയെ ജിഹാദിനോട് ഉപമിക്കുന്നത് വ്യഭിചാരത്തെ ദാമ്പത്യബന്ധത്തോട് ഉപമിക്കുന്നതുപോലെയാകുന്നു.
വാസ്തവത്തില്‍ മതാത്മക ആശയങ്ങളല്ല, രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഭീകരതയുടെ പ്രേരണ. നിരവധി സര്‍വേകള്‍ ഈ വസ്തുതക്ക് സ്ഥിരീകരണം നല്‍കിയിട്ടുണ്ട്.  ഷികാഗോ യൂനിവേഴ്സിറ്റി സംഘടിപ്പിച്ച ‘സുരക്ഷയും ഭീകരതയും’ എന്ന പ്രോജക്ട് വഴി നടത്തിയ പഠനവും ഇതിന് അടിവരയിടുന്നു. അധിനിവേശത്തോടുള്ള പ്രതികരണമാണ് ഭീകരതയെന്നാണ് റോബര്‍ട്ട് എ. പേവ്, ജെയിംസ് കെ. ഫെല്‍സ്മേന്‍ തുടങ്ങിയ ഗവേഷകര്‍ എത്തിച്ചേര്‍ന്ന നിഗമനം. അതിനെ നമ്മുടെ ജീവിതശൈലി തിരുത്താനുള്ള നീക്കമായി കാണാനാകില്ളെന്നും അവര്‍ വിശദീകരിക്കുന്നു.

4. ഭീകരതയുടെ പ്രധാന ഇരകള്‍ മുസ്ലിംകളാകുന്നു.
ഐ.എസ്, ബോകോ ഹറാം, അല്‍ഖാഇദ, അശ്ശബാബ്, താലിബാന്‍ തുടങ്ങിയ സംഘടനകളുടെ ലക്ഷ്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും മുസ്ലിംകളെ കൂടുതലായി കൊല്ലുന്നതില്‍ അവര്‍ പൊതുവെ ഒരേ നിലപാട് പങ്കുവെക്കുന്നു. അഫ്ഗാന്‍, ഇറാഖ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 60 ശതമാനത്തിലേറെയും മുസ്ലിംകള്‍ തന്നെയായിരുന്നു. അമേരിക്കയുടെ നാഷനല്‍ കൗണ്ടര്‍ ടെററിസം സെന്‍റര്‍ ഈ വസ്തുത സ്ഥിരീകരിക്കുന്നുണ്ട്.
യഥാര്‍ഥത്തില്‍ ഇരട്ട ഇരകളാകാന്‍ വിധിക്കപ്പെട്ടവരാണ് മുസ്ലിംകള്‍. ഒരുവശത്ത് ഭീകരസംഘടനകളുടെ കരങ്ങളാല്‍ ഇരകളാക്കപ്പെടുന്നു. മറുവശത്ത് ഭീകരതാവിരുദ്ധ വേട്ടയുടെ പേരിലും മുസ്ലിംകള്‍ കൊന്നൊടുക്കപ്പെടുന്നു. അതിനാല്‍ ഭീകരതയോട് ഏറ്റവും ശക്തിയായി അമര്‍ഷം പ്രകടിപ്പിക്കാന്‍ അര്‍ഹതയുള്ളവര്‍ മുസ്ലിംകളാണെന്നും വ്യക്തം.

5. ഭീകരത മുസ്ലിം വിഷയമല്ല
മുസ്ലിംകളാണ് കൂടുതല്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നതെന്ന് സാമ്പ്രദായിക പൊതുബോധം വിശ്വസിക്കുന്നു. എന്നാല്‍, യൂറോപ്പിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ രണ്ടു ശതമാനം മാത്രമാണ് മുസ്ലിം നാമധാരികള്‍ നടത്തിയതെന്ന് യൂറോപ്യന്‍ ലോ എന്‍ഫോഴ്സ്്മെന്‍റ് ഏജന്‍സി (യൂറോപോള്‍) ചൂണ്ടിക്കാട്ടുന്നു. 
വലതുപക്ഷ തീവ്രവാദി സംഘടനകളില്‍നിന്നാണ് മുസ്ലിം ഭീകരന്മാരില്‍നിന്നല്ല കൂടുതല്‍ ആക്രമണഭീഷണി ഉയരുന്നതെന്നാണ് എഫ്.ബി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ചാള്‍സ് കുര്‍സ്മാന്‍, ഡേവിഡ് ഷാന്‍സര്‍ എന്നീ യു.എസ് ഭീകരതാ വിദഗ്ധര്‍ സമര്‍ഥിക്കുന്നത്. ഭീകരതയുമായി ബന്ധമില്ലാത്ത ഹിംസകളില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെടുന്ന രാജ്യമാണ് അമേരിക്ക. മുസ്ലിം ഭീകരതയാല്‍ ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ മറ്റു കാരണങ്ങളാല്‍ 4300 പേര്‍ കൊല്ലപ്പെടുന്നുവെന്ന് ഇതേ ലേഖനം വെളിപ്പെടുത്തുന്നു.

(നിയമവിദഗ്ധനും കോളമിസ്റ്റുമായ ലേഖകന്‍ അമേരിക്കയിലെ ഇന്‍ഡ്യാനയിലുള്ള വാള്‍പറെയ്സോ കലാശാലയിലെ ലോ സ്കൂള്‍ അധ്യാപകനാണ്)
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story