Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഭാരത് കുമാര്‍

ഭാരത് കുമാര്‍

text_fields
bookmark_border
ഭാരത് കുമാര്‍
cancel

ഹരികൃഷ്ണഗിരി ഗോസ്വാമി എന്ന മനോജ്കുമാര്‍ ദേശസ്നേഹിയാണ് എന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ഓരോ വാക്കിലും നോക്കിലും ദേശസ്നേഹം നിറഞ്ഞുതുളുമ്പുന്ന സിനിമകളിലാണ് അദ്ദേഹം ഏറെയും അഭിനയിച്ചത്. സംശയമുള്ളവര്‍ക്ക് ഒരു സാമ്പിളായി ‘ക്ളര്‍ക്ക്’ എന്ന സിനിമ കണ്ടുനോക്കാവുന്നതാണ്. മുഴുവന്‍ ഇരുന്നുകാണാന്‍ ക്ഷമയില്ലാത്തവര്‍ക്ക് യുട്യൂബില്‍ ‘ക്ളര്‍ക്ക്-ഹാര്‍ട്ട് അറ്റാക്ക് സീന്‍’ എന്ന് ടൈപ് ചെയ്താല്‍ രണ്ടുമൂന്ന് മിനിറ്റുനേരമുള്ള ഹൃദയഹാരിയായ ദേശസ്നേഹരംഗം കിട്ടും. മനോജ്കുമാറിന്‍െറ അച്ഛന്‍ അശോക്കുമാറിന് ഹൃദയാഘാതം വരുന്ന രംഗം. വിളിച്ച ഡോക്ടര്‍ ഫീസ് ചോദിച്ചുകളഞ്ഞു. അപ്പോള്‍ മനോജ്കുമാറിന് ഒരു ഐഡിയ തോന്നി. തുടര്‍ന്ന് രണ്ടു ബാറ്ററി ഉപയോഗിച്ച് അച്ഛന്‍െറ ഹൃദയാഘാതം ചികിത്സിച്ച് ഭേദമാക്കുകയാണ് മകന്‍.

ആ ബാറ്ററി ടേപ് റെക്കോഡറിലിട്ട് അയാള്‍ ഒരു ദേശഭക്തിഗാനം കേള്‍പ്പിക്കുന്നു. മരണക്കിടക്കയില്‍നിന്ന് അച്ഛന്‍ അതിനനുസരിച്ച് കൈകാലുകളിളക്കി മാര്‍ച്ച് ചെയ്യുന്നു. ഇന്ത്യന്‍ സിനിമയുടെ ഇത$പര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ കോമഡിയായ ഇത്തരം രംഗങ്ങള്‍ ആവോളമുള്ള ‘ക്ളര്‍ക്ക്’ എഴുതിയതും നിര്‍മിച്ചതും സംവിധാനംചെയ്തതും മുഖ്യവേഷത്തില്‍ അഭിനയിച്ചതും മനോജ്കുമാര്‍തന്നെ. കനയ്യ കുമാറിന് ഇടക്കാല ജാമ്യം നല്‍കിയ ഡല്‍ഹി ഹൈകോടതിയുടെ വിധി തുടങ്ങുന്നത് മനോജ്കുമാറിന്‍െറ ‘ഉപ്കാര്‍’ എന്ന ചിത്രത്തിലെ ‘മേരേ ദേശ് കി ധര്‍ത്തി സോന ഉഗ്ലേ’ എന്ന ഗാനം ഉദ്ധരിച്ചുകൊണ്ടാണ്. ബോളിവുഡ് ദേശീയതയുടെ ഈ കാലത്ത് മനോജ്കുമാറിനല്ലാതെ ആര്‍ക്കാണ് കേന്ദ്രസര്‍ക്കാറിന്‍െറ പരമോന്നത ചലച്ചിത്രപുരസ്കാരമായ ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് സമ്മാനിക്കുക?

മനോജ്കുമാറിന് ഫാല്‍ക്കെ അവാര്‍ഡ് പ്രഖ്യാപിച്ച ദിവസം തിരുവനന്തപുരത്തുകാരന്‍ പി. കൃഷ്ണന്‍ നായര്‍ എന്ന പി.കെ. നായര്‍ നിത്യതയിലേക്ക് മടങ്ങി. അല്ളെങ്കില്‍, അന്നല്ലാതെ എന്നാണ് പി.കെ. നായര്‍ പോവേണ്ടത്? ഇന്ത്യന്‍സിനിമയുടെ വളര്‍ച്ചക്കും വികസനത്തിനും നല്‍കിയ ആയുഷ്കാല സംഭാവനകളെ മാനിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം സമ്മാനിക്കുന്ന അവാര്‍ഡിന് ഇത്രത്തോളം അര്‍ഹനായ മറ്റൊരാള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. സിനിമമാത്രം ശ്വസിച്ചുജീവിച്ച ആ മനുഷ്യന്‍ മാസങ്ങളായി രോഗബാധിതനായിരുന്നു. അദ്ദേഹത്തിന് ഫാല്‍ക്കെ അവാര്‍ഡ് സമ്മാനിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ ചലച്ചിത്രപ്രേമികള്‍ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. സാക്ഷാല്‍ ഫാല്‍ക്കെ പോലും ഇദ്ദേഹത്തോട് കടപ്പെട്ടിരിക്കും. കാരണം, ഫാല്‍ക്കെയുടെ ‘രാജാ ഹരിശ്ചന്ദ്ര’ കണ്ടെടുത്ത് സംരക്ഷിച്ചത് പി.കെ. നായര്‍ ആണ്. 12,000ത്തിലേറെ ഇന്ത്യന്‍സിനിമകള്‍ കണ്ടത്തെി സംരക്ഷിച്ച ഈ സെല്ലുലോയ്ഡ് മനുഷ്യനെ അവഗണിച്ചുകൊണ്ട് ഉള്ളു പൊള്ളയായ ദേശസ്നേഹ സിനിമകള്‍ എടുത്ത മനോജ്കുമാറിന് കൊടുത്തിരിക്കുകയാണ് പരമോന്നത ചലച്ചിത്രപുരസ്കാരം.

10 ലക്ഷവും സ്വര്‍ണകമലവും ഷാളും കിട്ടാനുള്ള ഒരു കാരണം ആയല്ളോ. രണ്ടാമത്തെ കാരണം മനോജ്കുമാര്‍ തീവ്ര ഹിന്ദുത്വവാദിയാണ് എന്നുള്ളതാണ്. ഇന്ത്യന്‍സിനിമയുടെ പിതാവ് ദാദാ സാഹെബ് ഫാല്‍ക്കെയായിരുന്നില്ല മനോജ്കുമാര്‍ എന്ന സിനിമാനടന്‍െറ ഗുരു; ബാലാസാഹെബ് താക്കറെ എന്ന തീവ്ര ഹിന്ദുത്വവാദിയായിരുന്നു.  2004ലെ പൊതു തെരഞ്ഞെടുപ്പിനുമുമ്പാണ് മനോജ്കുമാര്‍ താന്‍ ശിവസേനയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്. 1967 മുതല്‍ ബാല്‍ താക്കറെയും മനോജ്കുമാറും അടുത്ത സുഹൃത്തുക്കളാണ്. മറാത്താ കടുവയുടെ സ്വകാര്യഗുഹയായ മാതാശ്രീയുടെ ഒന്നാംനിലയില്‍ പ്രവേശമുള്ള അപൂര്‍വംചില വ്യക്തികളില്‍ ഒരാള്‍. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ തലപ്പത്ത് മഹാഭാരതം സീരിയലിലെ യുധിഷ്ഠിരനെ അവതരിപ്പിച്ച ഗജേന്ദ്ര ചൗഹാനെ ഇരുത്തിയവര്‍ ദേശസ്നേഹ സിനിമകളിലഭിനയിച്ച ശിവസേനക്കാരന് ഫാല്‍ക്കെ അവാര്‍ഡ് കൊടുത്തില്ളെങ്കിലല്ളേ അദ്ഭുതമുള്ളൂ.

ഫാല്‍ക്കെ അവാര്‍ഡ് നേടുന്ന 47ാമത്തെ വ്യക്തി. വയസ്സിപ്പോള്‍ 78. ‘ഭാരത്കുമാര്‍’ എന്നാണ് അറിയപ്പെടുന്നത്. ഭാരതത്തോടുള്ള അദമ്യമായ സ്നേഹം പ്രകടിപ്പിക്കുന്നതുകൊണ്ട് ചില സിനിമകളിലെ നായകന്‍െറ പേര് അതായിരുന്നു. മനോജ്കുമാര്‍ ദേശീയവാദിയും ഹിന്ദുവുമൊക്കയാവുമ്പോള്‍ ഷാറൂഖ് ഖാനും ഫറാ ഖാനുമൊക്കെ മതമൗലികവാദികളാവണമല്ളോ. ദേശസ്നേഹം മൂത്ത് അങ്ങനെയും പറഞ്ഞിട്ടുണ്ട് മനോജ്കുമാര്‍. ഷാറൂഖിനെ നായകനാക്കി ഫറാ ഖാന്‍ സംവിധാനം ചെയ്ത ‘ഓംശാന്തി ഓം’ എന്ന ചിത്രത്തില്‍ തന്നെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് കോടതി കയറുകവരെയുണ്ടായി. 1937 ജൂലൈ 24ന് അവിഭക്ത ഇന്ത്യയിലെ ആബട്ടാബാദില്‍ ജനനം. വിഭജനത്തെ തുടര്‍ന്ന് 10ാം വയസ്സില്‍ ഡല്‍ഹിയിലേക്ക് പലായനം ചെയ്തതാണ് കുടുംബം. ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദു കോളജില്‍നിന്ന് ബിരുദം നേടിയ ഹരികൃഷ്ണഗിരി ഗോസ്വാമി ചലച്ചിത്രരംഗത്തേക്ക് കടന്നു. കുട്ടിക്കാലത്ത് ദിലീപ്കുമാറിന്‍െറ വലിയ ആരാധകനായിരുന്നു. ആ ആരാധന മൂത്താണ് ‘ശബ്നം’ എന്ന സിനിമയിലെ ദിലീപ്കുമാറിന്‍െറ കഥാപാത്രമായ മനോജ്കുമാറിന്‍െറ പേര് സ്വീകരിച്ചത്.

1957ല്‍ പ്രദര്‍ശനത്തിനത്തെിയ ‘ഫാഷന്‍’ ആദ്യചിത്രം. പക്ഷേ, പടം അധികമാരും ശ്രദ്ധിച്ചില്ല. ആദ്യ നായകവേഷം 1960ല്‍ ‘കാഞ്ച് കി ഗുഡിയ’ എന്ന ചിത്രത്തില്‍. ’60കളുടെ ആദ്യപാദങ്ങളില്‍ കാല്‍പനിക വേഷങ്ങളില്‍ തിമര്‍ത്താടി. മാലാ സിന്‍ഹയും സാധനയും ആശാ പരേഖുമൊക്കെയായിരുന്നു നായികമാര്‍.
ഭഗത് സിങ്ങിന്‍െറ ജീവിതത്തെ ആധാരമാക്കി 1965ല്‍ രാംശര്‍മ സംവിധാനം ചെയ്ത ‘ശഹീദി’ല്‍ നായകനായതോടെയാണ് പ്രതിച്ഛായതന്നെ മാറിയത്. ദേശസ്നേഹിയായി മാറിയ മനോജ്കുമാറിന് പിന്നീട് ആ ഇമേജിന്‍െറ തടവറയില്‍നിന്ന് രക്ഷയുണ്ടായില്ല. 1965ലെ ഇന്തോ-പാക് യുദ്ധത്തിനുശേഷം പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി പറഞ്ഞു, ജയ് ജവാന്‍ ജയ് കിസാന്‍ എന്ന ജനപ്രിയ മുദ്രാവാക്യത്തെ പ്രകീര്‍ത്തിച്ച് ഒരു പടമെടുക്കാന്‍. അങ്ങനെ ഉണ്ടായതാണ് ‘ഉപ്കാര്‍’. 1967ല്‍ പ്രദര്‍ശനത്തിനത്തെിയ ഈ ചിത്രം വന്‍വിജയമായിരുന്നു. മനോജ്കുമാറിന്‍െറ ആദ്യ സംവിധാനസംരംഭവും ഇതുതന്നെ.

മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയപുരസ്കാരം ‘ഉപ്കാര്‍’ നേടി. വിജയിച്ച രാജ്യസ്നേഹ ഫോര്‍മുലയെതന്നെ ഉപജീവിച്ച് തുടര്‍ന്നും സിനിമകള്‍ ചെയ്തു. 1970ലെ ‘പൂരബ് ഒൗര്‍ പശ്ചിമി’ല്‍ പാശ്ചാത്യര്‍ അത്യാര്‍ത്തിയുള്ളവരും കാമഭ്രാന്തന്മാരും ദുര്‍മാര്‍ഗികളുമായി ചിത്രീകരിക്കപ്പെട്ടപ്പോള്‍ ഇന്ത്യക്കാര്‍ സര്‍വഗുണ സമ്പന്നരായി. പെണ്‍കുട്ടിയുടെ അച്ഛന്‍െറ അനുവാദമില്ലാതെ അവളുടെ കരംഗ്രഹിക്കുക പോലും ചെയ്യാത്ത ഇന്ത്യക്കാരായ കാമുകന്മാര്‍ പിന്നീട് ബോളിവുഡ് സിനിമയിലെ ആദര്‍ശനായകന്മാരായി.  ’80കളില്‍ ബോക്സോഫിസില്‍ പല സിനിമകളും മൂക്കുകുത്തിവീണു. 1995ല്‍ അഭിനയം അവസാനിപ്പിച്ചു. 1992ല്‍ പത്മശ്രീ ലഭിച്ചു. ഹരിയാനക്കാരിയായ ശശി ഗോസ്വാമിയാണ് ഭാര്യ. വിശാല്‍, കുനാല്‍ എന്നീ രണ്ടു മക്കള്‍.

Show Full Article
TAGS:manoj kumar 
Next Story