Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസ്വപ്നപദ്ധതികള്‍

സ്വപ്നപദ്ധതികള്‍

text_fields
bookmark_border
സ്വപ്നപദ്ധതികള്‍
cancel

കേരളത്തിന്‍െറ സ്വപ്നപദ്ധതികളെന്ന് വിശേഷിപ്പിക്കാവുന്ന നിരവധി സംരംഭങ്ങളാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ കാലത്ത് പ്രഖ്യാപിക്കപ്പെട്ടത്. മുന്‍ സര്‍ക്കാറുകളുടെ കാലത്തുതന്നെ, ഇവയില്‍ പലതിന്‍െറയും ആശയങ്ങള്‍ രൂപപ്പെട്ടിരുന്നു. എന്നാല്‍, പ്രഖ്യാപനത്തിനപ്പുറം, നിര്‍മാണത്തിന്‍െറ വിവിധഘട്ടങ്ങളില്‍ പദ്ധതികളെയെല്ലാം എത്തിക്കാനായി എന്നത് അഭിമാനിക്കാന്‍ വകനല്‍കുന്നതാണ്. ആശക്കൊപ്പം ആശങ്കകളും വിവാദങ്ങളും ഒപ്പമുണ്ട് എന്നതും വസ്തുത. കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, ലൈറ്റ് മെട്രോ എന്നിവയാണ് ഈ പദ്ധതികള്‍.
കൊച്ചി മെട്രോ പാളത്തില്‍ കയറിക്കഴിഞ്ഞു. പരീക്ഷണഓട്ടം ചരിത്രമുഹൂര്‍ത്തം തന്നെയായി. 2016 ജൂണില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും യഥാര്‍ഥ ഓട്ടം നവംബറിലേ തുടങ്ങൂ എന്നാണ് ഇപ്പോഴത്തെ അവസ്ഥ. നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഡി.എം.ആര്‍.സിക്ക് കരാര്‍ നല്‍കിയതോടെയാണ് പണി ട്രാക്കിലാവുന്നത്. 5,181 കോടി ചെലവും 25.253 കിലോമീറ്റര്‍ ദൈര്‍ഘ്യവുമുള്ള ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 22 സ്റ്റേഷനുകളാണുള്ളത്. കലൂരില്‍നിന്ന് കാക്കനാട് വരെയുള്ള അടുത്തഘട്ടത്തിന് 2000 കോടിയിലേറെ രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്.


പ്രഖ്യാപനമനുസരിച്ച് കാര്യങ്ങള്‍ നടന്നിരുന്നുവെങ്കില്‍ സ്മാര്‍ട്ട്സിറ്റിയുടെ ആറരലക്ഷം ചതുരശ്ര അടി കെട്ടിടം കഴിഞ്ഞ ജൂണില്‍ ഉദ്ഘാടനം ചെയ്യുകയും 40 ലക്ഷം ചതുരശ്രഅടിയുടെ രണ്ടാം ഘട്ടത്തിന്‍െറ ശിലാസ്ഥാപനം നടക്കുകയുംവേണമായിരുന്നു. എന്നാല്‍ ഒന്നാംഘട്ടം പണികള്‍ പൂര്‍ത്തിയാകുംമുമ്പാണ് ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തില്‍ 5000 പേര്‍ക്കും രണ്ടാംഘട്ടത്തില്‍ 45,000 പേര്‍ക്കും തൊഴില്‍നല്‍കലാണ് ലക്ഷ്യം.
കഴിഞ്ഞ ഡിസംബര്‍ 31ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ ആദ്യ പരീക്ഷണ വിമാനം ഇറങ്ങിയപ്പോള്‍ ഫെബ്രുവരി 29 ആയി. 2000 ഏക്കറില്‍ 3050 മീറ്റര്‍ റണ്‍വേയും അരലക്ഷം ചതുരശ്ര മീറ്റര്‍ ടെര്‍മിനല്‍ ഏരിയയുമാണ് നിര്‍മിക്കുക.

പതിറ്റാണ്ടുകളായി എങ്ങുമത്തൊതിരുന്നശേഷമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന് തുടക്കമായത്. പദ്ധതി സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്ക ഇനിയും ഒഴിഞ്ഞിട്ടില്ല. ഒരുവിഭാഗം ജനങ്ങള്‍ ഇപ്പോഴും സമരത്തിലാണ്. കോടതിയില്‍ കേസും നിലനില്‍ക്കുന്നു. അദാനി ഗ്രൂപ്പിനാണ് കരാര്‍. കേന്ദ്രം 817 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടും അനുവദിച്ചു. മദര്‍ പോര്‍ട്ട് എന്ന നിലയില്‍ വലിയ വികസനസാധ്യതയാണ് വിഴിഞ്ഞത്തിന് കല്‍പിക്കപ്പെടുന്നത്. നിശ്ചിത സമയത്തേക്കാള്‍ വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്.


തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി 2012-13ലെ ബജറ്റില്‍ ഇടംപിടിച്ചിരുന്നു. പ്രാരംഭപ്രവര്‍ത്തനത്തിന് 20 കോടിയും നീക്കിവെച്ചു. ആദ്യം മോണോ റെയില്‍ എന്നായിരുന്നു പേര്. പിന്നെ ലൈറ്റ് മെട്രോ ആയി. തിരുവനന്തപുരത്തേക്ക് 4219 കോടിയുടെയും കോഴിക്കോടിന് വേണ്ടി 2509 കോടിയും അടക്കം 6726 കോടിയുടെ പദ്ധതിയാണ് ഉദ്ദേശിച്ചത്. 1619  കോടിയാണ് സര്‍ക്കാറിന്‍െറ ബാധ്യത. സര്‍ക്കാറിന്‍െറ കാലാവധി അവസാനിക്കാറായപ്പോള്‍ ഡി.എം.ആര്‍.സിയുമായി ധാരണപത്രം ഒപ്പിട്ടുവെന്ന് മാത്രം. നടപ്പാകാനാവട്ടെ കടമ്പകള്‍ ഇനിയുമേറെ.


സ്റ്റാര്‍ട്ട്അപ് സംരംഭങ്ങള്‍
ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായ പരിപാടിയായിരുന്നു സ്റ്റാര്‍ട്ട്അപ്. എമര്‍ജിങ് കേരളയുടെ ഭാഗമായി നടപ്പാക്കിയ സ്റ്റാര്‍ട്ട്അപ്പില്‍ 7000 ത്തോളം ആശയങ്ങള്‍വന്നു. 900 സംരംഭങ്ങളാണ് പദ്ധതികളാകുന്ന ഘട്ടത്തില്‍ വന്നത്. പദ്ധതികള്‍ക്ക് മാസം 10,000 രൂപ വീതം രണ്ട് വര്‍ഷം പ്രോത്സാഹനം നല്‍കും. വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കിലും ഹാജറിലും ആനുകൂല്യമുണ്ട്. 2016 ഫെബ്രുവരിക്കുള്ളില്‍ 2000 സ്റ്റാര്‍ട്ടപ്പുകളും 20,000 തൊഴിലവസരങ്ങളുമായിരുന്നു ലക്ഷ്യം. അത് നേടാനായില്ല. കേന്ദ്രം ഈ മാതൃക ഏറ്റെടുത്തിട്ടുണ്ട്.


കാരുണ്യപദ്ധതി
പാവപ്പെട്ടവര്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് കാരുണ്യ ബനവലന്‍റ് ഫണ്ട്. കാരുണ്യ ലോട്ടറിയിലെ വരുമാനത്തില്‍നിന്ന് ചികിത്സാ സഹായം നല്‍കും. കഴിഞ്ഞ മേയ് 15 വരെ 86,876 പേര്‍ക്ക് 701 കോടിയാണ് വിതരണംചെയ്തത്. ഇപ്പോള്‍ അത് 800 കോടിയോളമായി. ഗുരുതരമായ 11 ഇനം രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് രണ്ട് ലക്ഷം രൂപ വരെ നല്‍കും. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി.
 


ഗെയില്‍ പൈപ്പ് ലൈന്‍
8,500 കോടിയുടെ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയില്‍ മതിയായ നഷ്ടപരിഹാരം നല്‍കാത്തതിനാല്‍ ജനങ്ങളുടെ എതിര്‍പ്പ് തുടരുകയാണ്. എല്‍.എന്‍.ജി ടെര്‍മിനല്‍ പൂര്‍ത്തിയായിട്ടും പൈപ്പ് ലൈന്‍ കടന്നുപോകുന്ന സ്ഥലത്ത് ജനങ്ങളുടെ ആശങ്ക മാറിയിട്ടില്ല. അവര്‍ ശക്തമായി ചെറുത്തുനില്‍ക്കുന്നു. എന്നാല്‍, വീടുകളില്‍ പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് ലൈന്‍ പദ്ധതി എറണാകുളത്ത് 200 ഓളം വീടുകളില്‍ വാതകം എത്തിച്ച് ഉദ്ഘാടനം ചെയ്യാനായി. എല്‍.എന്‍.ജി പദ്ധതി 2012 ആഗസ്റ്റില്‍ പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചിരുന്നത്. പദ്ധതിയിലൂടെ 4,500 കോടിയുടെ വ്യവസായനിക്ഷേപമാണ് പ്രതീക്ഷിച്ചത്. കുറഞ്ഞനിരക്കില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതികളും എഫ്.എ.സി.ടി, കായംകുളം എന്‍.ടി.പി.സി, ചീമേനി പദ്ധതി, ഊര്‍ജാധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങിയവയും എല്‍.എന്‍.ജിയിലൂടെ സ്വപ്നം കണ്ടിരുന്നു. കെട്ടിപ്പൊക്കിയ സ്വപ്നങ്ങളൊക്കെ തകര്‍ന്നടിഞ്ഞ നിലയിലാണ്. ജനങ്ങളെ പദ്ധതിയെക്കുറിച്ച് ബോധവത്കരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടുമില്ല.


ജനസമ്പര്‍ക്ക പരിപാടി
വിമര്‍ശം ഏറെയുയര്‍ന്നെങ്കിലും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി സമൂഹത്തിലെ താഴെതട്ടിലുള്ളവരില്‍ വലിയ പ്രതീക്ഷ വളര്‍ത്തി. വില്ളേജ് ഓഫിസറുടെ ജോലി മുഖ്യമന്ത്രി ചെയ്യുന്നുവെന്നായിരുന്നു പ്രധാന ആക്ഷേപം. രോഗികളടക്കം സഹായത്തിന് തിക്കുംതിരക്കും കൂട്ടുന്ന ദയനീയരംഗവും കാണേണ്ടിവന്നു. 2011ല്‍ 5.45 ലക്ഷം അപേക്ഷകളില്‍ 2.97 ലക്ഷത്തിലും 2013ല്‍ 3.21 ലക്ഷം അപേക്ഷകളില്‍ 3.16 ലക്ഷത്തിലും 2015ല്‍ 3,76,772 അപേക്ഷകളില്‍ 1,22,828 എണ്ണത്തിലും തീര്‍പ്പുകല്‍പിച്ചു. ഐക്യരാഷ്ട്രസംഘടനയുടെ അവാര്‍ഡ് ജനസമ്പര്‍ക്ക പരിപാടിക്ക് ലഭിച്ചിരുന്നു. അവാര്‍ഡ് വാങ്ങിവരുന്ന ഘട്ടത്തിലാണ് സോളാര്‍ വിവാദം സര്‍ക്കാറിനെ വിഴുങ്ങിയത്.

നാളെ: സാമ്പത്തിക ഞെരുക്കമല്ല, പ്രതിസന്ധിതന്നെ...

Show Full Article
TAGS:kerala ballot 2016 
Next Story