Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഒഴിയാത്ത വിവാദങ്ങള്‍

ഒഴിയാത്ത വിവാദങ്ങള്‍

text_fields
bookmark_border
ഒഴിയാത്ത വിവാദങ്ങള്‍
cancel

2011 മേയ് 17ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ തുടങ്ങിയ വിവാദങ്ങള്‍ അവസാനകാലത്തും തുടരുകയാണ്. ഇവയില്‍ പലതും സര്‍ക്കാറിന്‍െറ നിലനില്‍പു തന്നെ സംശയത്തിലാക്കിയവയും. പക്ഷേ, എല്ലാം  മറികടന്ന് നേതൃമാറ്റം പോലുമില്ലാതെ സര്‍ക്കാര്‍ കാലാവധി തികക്കുന്നു. എന്നാല്‍, വിവാദങ്ങള്‍  നേട്ടങ്ങളുടെ മാറ്റ് നഷ്ടപ്പെടുത്തി. സര്‍ക്കാറിന്‍െറ പകുതിയില്‍ തുടങ്ങിയ ബാര്‍കോഴ, സോളാര്‍ അഴിമതി വിവാദങ്ങള്‍ ഇടക്ക് പിന്നിലേക്ക് പോയെങ്കിലും അവയെല്ലാം തിരികെയത്തെി വീണ്ടും ചൂടുപിടിച്ചിരിക്കുന്നു.

സ്പീക്കര്‍, ഡെ. സ്പീക്കര്‍, ചീഫ് വിപ്പ് പദവികളുടെ പങ്കിടല്‍ ആയിരുന്നു ആദ്യ തര്‍ക്കം. രണ്ടു മന്ത്രിയും ഡെ. സ്പീക്കര്‍ സ്ഥാനവും മാണിഗ്രൂപ്പിന് നല്‍കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍, പി.സി ജോര്‍ജിനെ സ്പീക്കറാക്കണമെന്ന അവരുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഒടുവില്‍ രണ്ടും കോണ്‍ഗ്രസ് ഏറ്റെടുത്തു.  ജി. കാര്‍ത്തികേയന്‍ സ്പീക്കറും എന്‍. ശക്തന്‍ ഡെപ്യൂട്ടി സ്പീക്കറുമായി. അതിനിടെ, സ്വന്തം മന്ത്രിമാരുടെ പേരും വകുപ്പുകളും പ്രഖ്യാപിച്ച് മുസ്ലിം ലീഗ് പുതിയ വിവാദത്തിന് തിരികൊളുത്തി. ഇവരെക്കൂടാതെ അഞ്ചാമതൊരാള്‍ കൂടി ഉണ്ടാകുമെന്ന് ലീഗ് അധ്യക്ഷന്‍ വ്യക്തമാക്കിയതോടെ വിഷയം മുന്നണിക്കുള്ളിലും പുറത്തും കൊടുമ്പിരിക്കൊണ്ടു. ഇതിന്‍െറ നടുവിലായിരുന്നു സര്‍ക്കാറിന്‍െറ സത്യപ്രതിജ്ഞ.

പിന്നീട്, പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കും അന്വേഷിക്കണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി. മുഖ്യമന്ത്രി രാജിക്കൊരുങ്ങിയെങ്കിലും ഘടകകക്ഷി ഇടപെടലില്‍ പിന്മാറി. എന്നാല്‍, വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതോടെ, തന്‍െറ കൈവശമിരുന്ന വിജിലന്‍സ് വകുപ്പ് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറി. ഉമ്മന്‍ചാണ്ടിക്കെതിരെ ഉത്തരവിട്ട വിജിലന്‍സ് ജഡ്ജിക്കെതിരെ ചീഫ് വിപ്പ് പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ അടുത്ത വിഷയമായി.

അഴിമതി കേസില്‍ ജയിലിലായ ആര്‍. ബാലകൃഷ്ണപിള്ള ജയിലിനുള്ളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതും പിന്നീട് അദ്ദേഹത്തെ മോചിപ്പിച്ചതും മറ്റൊരു വിവാദമായി. ഇതിനിടെയായിരുന്നു സി.പി.എം എം.എല്‍.എ ആര്‍. ശെല്‍വരാജ് രാജിവെച്ചത്. അദ്ദേഹം ഉപതെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് എം.എല്‍.എയുമായി. ആ തെരഞ്ഞെടുപ്പു ദിവസമാണ് വി.എസ് ഒഞ്ചിയത്ത് കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്‍െറ വിധവ രമയെ സന്ദര്‍ശിച്ചത്. അത് പിടിച്ചുലച്ചത് സി.പി.എമ്മിനെ.


നെല്ലിയാമ്പതി തോട്ടം ഏറ്റെടുക്കാനുള്ള തീരുമാനം രാഷ്ട്രീയതര്‍ക്കമായി മാറി. ഇതില്‍ കോടതിവിധി നടപ്പാക്കണമെന്ന് വനംമന്ത്രിയായിരുന്ന കെ.ബി. ഗണേഷ്കുമാറും ഇതിനെതിരെ ഉടമകളെ പിന്തുണച്ച് പി.സി. ജോര്‍ജും രംഗത്തത്തെി. ഇതിനിടെ വാഗ്ദാനംചെയ്യപ്പെട്ട അഞ്ചാം മന്ത്രിസ്ഥാനത്തിനായി ലീഗ് രംഗത്തത്തെി. ഇതിനെതിരെ കോണ്‍ഗ്രസും, വിട്ടുവീഴ്ചയില്ളെന്ന് ലീഗും വ്യക്തമാക്കിയതോടെ കാര്യങ്ങള്‍ കുഴഞ്ഞു. സംസ്ഥാനത്തിന് ഒട്ടും ഗുണകരമായിരുന്നില്ല ഈ വിവാദം. ഭൂരിപക്ഷ-ന്യൂനപക്ഷ വേര്‍തിരിവടക്കം ഒട്ടേറെ അനാരോഗ്യകരമായ ചിന്തകള്‍ക്കും പ്രചാരണങ്ങള്‍ക്കും ഇതിടയാക്കി. എല്ലാം കഴിഞ്ഞ് മഞ്ഞളാംകുഴി അലി അഞ്ചാം മന്ത്രിയായി.

ഇതിനു പിന്നാലെ ആഭ്യന്തര വകുപ്പുകൂടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കാന്‍ മുഖ്യമന്ത്രി തയാറായി. വകുപ്പുമാറ്റം കെ.പി.സി.സി പ്രസിഡന്‍റായിരുന്ന രമേശ് ചെന്നിത്തലയെ അറിയിച്ചത് അവസാന നിമിഷം. ആഭ്യന്തരംകൂടി നല്‍കി തിരുവഞ്ചൂരിനെ ശക്തനും തന്നെ ദുര്‍ബലനുമാക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്ന് ചെന്നിത്തല സംശയിച്ചു. ഇതോടെ ഇരുവരും തമ്മിലുള്ള അകലം കൂടി.

ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ ബാലകൃഷ്ണപിള്ള രംഗത്തത്തെിയതോടെ തുടങ്ങിയ പ്രശ്നങ്ങള്‍ മാസങ്ങള്‍ നീണ്ടു. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം കൂടുതല്‍ വിവാദത്തിലേക്ക് നീണ്ടു. അദ്ദേഹം നയിച്ച ജാഥ തലസ്ഥാനത്ത് സമാപിക്കും മുമ്പ് മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ രമേശിന് ആഭ്യന്തരമന്ത്രിപദം വാഗ്ദാനം ചെയ്തു.  സോളാര്‍ തട്ടിപ്പുകാര്‍ക്ക് മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്‍െറ ഓഫിസിലെ ചിലരുമായും ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തായി. ഇതോടെ ഗണ്‍മാന്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ മൂന്നു വിശ്വസ്തരെ ഒഴിവാക്കി. പിന്നാലെ ഇവരില്‍പ്പെട്ട ജോപ്പന്‍ അറസ്റ്റിലുമായി. മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണപക്ഷത്തെ ചിലര്‍ക്ക് കേസിലെ പ്രതിയായ സരിതയുമായി ബന്ധം ഉണ്ടെന്നും വെളിപ്പെട്ടു. ഇതോടെ,സര്‍ക്കാര്‍ അപമാനത്തിന്‍െറ നടുക്കടലിലായി. സോളാറില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സ്ഥാനം നഷ്ടമായ സലിംരാജിന് ഭൂമി തട്ടിപ്പുകളിലും ബന്ധമുണ്ടെന്ന കാര്യം പുറത്തുവന്നത് ഉമ്മന്‍ ചാണ്ടിക്ക് വ്യക്തിപരമായും തിരിച്ചടിയായി.  

വിവാദങ്ങള്‍ കത്തിനില്‍ക്കെയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് വരുന്നത്. സീറ്റ് വിഷയത്തില്‍ എല്‍.ഡി.എഫുമായി പിണങ്ങി ആര്‍.എസ്.പി യു.ഡി.എഫില്‍ എത്തി. ഇത് യു.ഡി.എഫിന് കരുത്തായെങ്കിലും വീരേന്ദ്രകുമാറിന്‍െറ പാലക്കാട്ടെ തോല്‍വി ജെ.ഡി.യുവുമായുള്ള ബന്ധത്തില്‍ വിള്ളലായി. അതിനു പിന്നാലെ മദ്യനയം ചൂടുപിടിച്ചു. കെ.പി.സി.സി പ്രസിഡന്‍റായ വി.എം സുധീരന്‍ ഗുണനിലവാരമില്ലാത്ത മുഴുവന്‍ ബാറുകളും പൂട്ടണമെന്ന ആവശ്യത്തില്‍ പിടിമുറുക്കി. ഇതോടെ സര്‍ക്കാറും പാര്‍ട്ടിയും രണ്ടു ധ്രുവങ്ങളിലായി. അവസാനം  ബാറുകളെല്ലാം അടച്ചുപൂട്ടി. മദ്യവിരുദ്ധതയില്‍ സുധീരനെക്കാളും മുമ്പന്‍ താനാണെന്ന് ബോധ്യപ്പെടുത്താനായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഈ തീരുമാനം. ഇതോടെ മന്ത്രിമാര്‍ക്കെതിരെ കോഴ ആരോപണം ഉയര്‍ന്നു. ആദ്യം കെ.എം. മാണിയിലേക്കും പിന്നീട് കെ. ബാബു, രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍ എന്നിവരിലേക്കും വ്യാപിച്ചു.

ഇതിനിടെ പാര്‍ട്ടിയുമായി ഇടഞ്ഞ പി.സി. ജോര്‍ജിന് ചീഫ്വിപ്പ് സ്ഥാനം നഷ്ടമായി; പിന്നീട് എം.എല്‍.എ സ്ഥാനവും. ബാര്‍ കോഴ കേസിലെ ഹൈകോടതി പരാമര്‍ശത്തില്‍ മാണി രാജിവെച്ചു. ഇക്കാര്യത്തില്‍ ഇരട്ട നീതിയും ഗൂഢാലോചനയും മാണിഗ്രൂപ് ആരോപിച്ചു. അതിനു ശേഷം ഈ വിഷയത്തില്‍തന്നെ വിജിലന്‍സ് കോടതി ഉത്തരവിനെ തുടര്‍ന്ന് കെ. ബാബു രാജി പ്രഖ്യാപിച്ചെങ്കിലും ഹൈകോടതി ഇടപെടലില്‍ അദ്ദേഹം അത് പിന്‍വലിച്ചു. സോളാര്‍ വിവാദം അന്വേഷിക്കുന്ന കമീഷന്‍ മുമ്പാകെ പ്രതികളായ ബിജു രാധാകൃഷ്ണനും സരിത നായരും നടത്തുന്ന വെളിപ്പെടുത്തലിന്‍െറ നടുക്കത്തിലാണ് സര്‍ക്കാറും ഭരണമുന്നണിയും. സരിതയുടെ വെളിപ്പെടുത്തലിനു പിന്നാലെ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ കേസെടുത്ത് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ് വന്നു. ഇത് ഹൈകോടതി സ്റ്റേ ചെയ്തതോടെ ഒരു രാജിയില്‍നിന്നുകൂടി ഉമ്മന്‍ ചാണ്ടി രക്ഷപ്പെട്ടു. അതിനിടെ ആര്‍.എസ്.പിയിലെ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുകയും ചെയ്തു.

സരിതയുടെ തുടരുന്ന വെളിപ്പെടുത്തലുകള്‍ സര്‍ക്കാറിനെ കൂടുതല്‍ പരിഹാസ്യമാക്കുകയാണ്. വിവാദത്തിന്‍െറ തുടക്കത്തില്‍ മുഖ്യമന്ത്രി അവകാശപ്പെട്ട പലതും യാഥാര്‍ഥ്യമല്ളെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മാത്രമല്ല, മുഖ്യമന്ത്രിയുടെ കുടുംബവും വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. സരിതയുടെ വിശ്വാസ്യതയില്‍ സംശയങ്ങളുണ്ടാവാം. എന്നാല്‍, അവരുടെ വെളിപ്പെടുത്തലില്‍ സര്‍ക്കാര്‍ സംവിധാനമാകെയാണ് അവിശ്വാസത്തിലാവുന്നത്. തന്‍െറ കൈവശമത്തെിയ ധനവകുപ്പിലൂടെ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി ഇതില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്.

നാളെ: സ്വപ്ന പദ്ധതികള്‍

Show Full Article
TAGS:kerala ballot 2016 
Next Story