Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവികസനക്കുതിപ്പിന്‍െറ...

വികസനക്കുതിപ്പിന്‍െറ പൊന്‍ചിറകടി

text_fields
bookmark_border
വികസനക്കുതിപ്പിന്‍െറ പൊന്‍ചിറകടി
cancel

2016 ഫെബ്രുവരി 29ന് തിങ്കളാഴ്ച രാവിലെ ഒമ്പതു മണി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കലിനായി ബംഗളൂരുവില്‍നിന്ന് പറന്നുയര്‍ന്ന ഇന്ത്യന്‍ വ്യോമസേനയുടെ ഡോണിയര്‍ 228 നിലംതൊട്ട ചരിത്രമുഹൂര്‍ത്തം, വടക്കെ മലബാറുകാരുടെ മൂന്നര ദശകങ്ങളായുള്ള സ്വപ്നത്തിന്‍െറ സാക്ഷാത്കാരമുദ്രയായി രേഖപ്പെട്ടുകഴിഞ്ഞു. വിമാനത്താവളത്തിന്‍െറ സമീപപ്രദേശമായ കാടാച്ചിറ സ്വദേശിയായ പൈലറ്റ് എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ ആകാശവീഥിയില്‍ മൂന്നു പ്രാവശ്യം വട്ടമിട്ട് പറന്നപ്പോള്‍ വിമാനത്താവളത്തില്‍ ഒരുക്കിയ പന്തലിലും പുറത്തും ആകാംക്ഷാഭരിതരായി കാത്തുനിന്ന പതിനായിരങ്ങള്‍ ഹര്‍ഷാരവം മുഴക്കി. ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളില്‍ ആഹ്ളാദത്തിന്‍െറ തുടികൊട്ടി. ഒഴുകിയത്തെിയ ആബാലവൃദ്ധം ജനങ്ങള്‍ എതിരേറ്റത് ഒരു കൊച്ചു വിമാനത്തെയായിരുന്നില്ല. മറിച്ച് അനേകായിരം കാതമകലെനിന്ന് പറന്നുവരുന്ന ജംബോ ജെറ്റുകള്‍ക്ക് സുരക്ഷിതമായി ഇറങ്ങാനുള്ള 4000 മീറ്റര്‍ റണ്‍വേയുടെ പ്രഥമഘട്ടമായ 3050 മീറ്ററില്‍ പണിതീര്‍ത്ത ഭാഗത്ത് പ്രത്യാശയുടെ പൊന്‍താലത്തെയാണ്.

കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളുള്‍ക്കൊള്ളുന്ന വടക്കേ മലബാര്‍, വടകര, മാഹി, കര്‍ണാടകയിലെ ദക്ഷിണ കനറ, കൂര്‍ഗ് എന്നീ പ്രദേശങ്ങളിലുള്ള യാത്രക്കാര്‍ക്ക് ഏറ്റവും എളുപ്പം എത്തിച്ചേരാവുന്ന സ്ഥലത്താണ് വിമാനത്താവളം. മൈസൂരുവില്‍നിന്ന് 123 കിലോമീറ്റര്‍ മാത്രമാണ് ഇവിടേക്കുള്ള ദൂരം. കേരളത്തില്‍ നാലാമതായി വരുന്ന ഈ വിമാനത്താവളം ഇതര വിമാനത്താവളങ്ങളെക്കാള്‍ വികസനസാധ്യതയുള്ളതും പ്രയോജനപ്രദവുമാണെന്ന് നിരീക്ഷിക്കപ്പെടുന്നു. നിലവില്‍ 2200 ഏക്കര്‍ സ്ഥലം വിമാനത്താവള കമ്പനിയായ ‘കിയാലി’ന്‍െറ അധീനതയിലുണ്ട്. കൊച്ചി വിമാനത്താവളം 1200 ഏക്കറിലും തിരുവനന്തപുരം 500 ഏക്കറിലും കരിപ്പൂര്‍ 366 ഏക്കറിലും വികസനസാധ്യതയില്ലാതെ ഒതുങ്ങേണ്ടിവരുമ്പോഴാണ് കണ്ണൂര്‍ വിമാനത്താവളത്തിന്‍െറ വികസനം അനിവാര്യവും സുസാധ്യവുമായി തെളിഞ്ഞുവരുന്നത്. ഒരു വര്‍ഷം 15 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരും ആറുലക്ഷം ആഭ്യന്തര യാത്രക്കാരും ഈ വിമാനത്താവളം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

ടൂറിസം വികസനമാണ് കണ്ണൂര്‍ വിമാനത്താവളത്തിന്‍െറ മുഖ്യലക്ഷ്യം. തെക്കന്‍ ജില്ലകളിലെ ടൂറിസം മേഖല പൂരിതഘട്ടത്തിലത്തെി നില്‍ക്കുകയാണിപ്പോള്‍. തീരെ വികസന സ്പര്‍ശനമേല്‍ക്കാതെ നിലകൊള്ളുന്ന നിരവധി മേഖലകള്‍ ടൂറിസത്തിനായി പ്രയോജനപ്പെടുത്താന്‍ വടക്കന്‍ മേഖലയില്‍ കിടപ്പുണ്ട്. കേരളക്കരയില്‍ 2500 വര്‍ഷത്തെ ചരിത്രപാരമ്പര്യമുള്ള ഏഴിമല മൂഷികരാജവംശത്തിന്‍െറയും കോലത്തിരി നാടുവാഴി വംശത്തിന്‍െറയും ടിപ്പുസുല്‍ത്താന്‍, പഴശ്ശിരാജ തുടങ്ങിയ സമീപകാല രാജവംശങ്ങളുടെയും ചരിത്രാവശിഷ്ടങ്ങള്‍ നിരവധിയുണ്ട്. കൂടാതെ ഡച്ച്, പോര്‍ചുഗീസ്, ബ്രിട്ടീഷ്, ഫ്രഞ്ച് അധിനിവേശകര്‍ വിട്ടേച്ചുപോയ നിരവധി ചരിത്രസ്മാരകങ്ങളും പുരാവസ്തുവകുപ്പ് സംരക്ഷിച്ച് സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ഒരുക്കിവെച്ചിട്ടുണ്ട്. മതപരവും സാംസ്കാരികവുമായ തനിമയാര്‍ന്ന കലാരൂപങ്ങള്‍, ഐതിഹ്യാധിഷ്ഠിതമായ സ്മാരകങ്ങള്‍, നാടോടി നൃത്തകലകള്‍ തുടങ്ങിയ മേഖലകളും വിനോദസഞ്ചാര വികസനത്തിന് പ്രയോജനപ്പെടുത്താനാകും.

വിമാനത്താവളത്തിന്‍െറ മുഖ്യലക്ഷ്യമായി കണക്കാക്കുന്നത് വ്യവസായ, വാണിജ്യ വികസനമാണ്. ചരിത്രാതീതകാലം മുതല്‍ വിദേശവ്യാപാരികള്‍ വ്യഞ്ജനങ്ങള്‍ക്കായി കപ്പലിറങ്ങിയ പ്രദേശമാണ് കണ്ണൂര്‍. കുടകിലെ കൊറവവംശജരുടെ അടിവേരുകള്‍ അന്വേഷിച്ചത്തെിയത് മെസപ്പൊട്ടേമിയയിലും യമന്‍, ഒമാന്‍ തുടങ്ങിയ അറബ്നാടുകളിലുമാണ്. ഏറ്റവും മുന്തിയ മലഞ്ചരക്കുകള്‍ തേടി കപ്പലില്‍ എത്തിച്ചേര്‍ന്ന വിദേശികള്‍ പശ്ചിമഘട്ടത്തിന്‍െറ ഈ ശാദ്വലതലത്തില്‍ കുടുംബമായി അധിവസിച്ചിരുന്നുവത്രെ. അവരുടെ/പിന്മുറക്കാരാണ് കുറവര്‍ എന്ന് ചരിത്രമുണ്ട്. മെസപ്പൊട്ടേമിയയിലെ സൂര്യാരാധനയും അറബികളിലെ ഖന്‍ജറും കൂഫിയയും അങ്ങനെ മിശ്രസംസ്കാരമായി തലമുറകള്‍ കൈമാറിവന്നതാണത്രെ.


വ്യവസായിക വികസനവും കരകൗശല ഗാര്‍ഹികോല്‍പന്ന വികസനവും ലക്ഷ്യമിടുന്നുണ്ട്പുതിയ വിമാനത്താവളം. വടക്കന്‍ കേരളത്തില്‍ സമരവും സംഘര്‍ഷവുംമൂലം അന്യം വന്നുപോയ നിരവധി വ്യവസായങ്ങളുണ്ട്. അവയുടെ പുനരുജ്ജീവനം കൂടി വിമാനത്താവളത്തിന്‍െറ ദൗത്യമാണ്. ടെക്സ്റ്റൈല്‍ സിറ്റിയായി കേന്ദ്രസര്‍ക്കാര്‍ 10 വര്‍ഷം മുമ്പ് അംഗീകാരം നല്‍കിയിട്ടും വസ്ത്രനിര്‍മാണരംഗത്ത് വേണ്ടത്ര പുരോഗതി കൈവരിക്കാനാകാതെ പോയത് കയറ്റുമതിയുടെ അപര്യാപ്തതമൂലമാണ്. വന്‍ കാര്‍ഗോ വിമാനങ്ങള്‍ക്ക് വന്നിറങ്ങാനുള്ള റണ്‍വേ ഒരുങ്ങുന്നതോടെ ഈ മേഖലയിലും കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നു. പല ഉല്‍പന്നങ്ങളും ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്തത്തെിയില്ളെങ്കില്‍ ഗുണമേന്മ നഷ്ടപ്പെടുകയും നിരസിക്കപ്പെടുകയും ചെയ്യും. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വിലവ്യത്യാസം വരുന്നതാണ് പനിനീര്‍, ആന്തൂറിയം തുടങ്ങിയ പുഷ്പങ്ങള്‍. ഇവ ഇന്ത്യയില്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് പശ്ചിമഘട്ട മലനിരകളിലാണ്. ഈ പുഷ്പങ്ങളുടെ സംഭരണത്തിനായി ദുബൈയില്‍ ഏറ്റവും വലിയ ഒരു ഗോഡൗണ്‍  സജ്ജീകരിച്ചിട്ടുണ്ട്. അവിടെനിന്ന് ലോകത്തിന്‍െറ നാനാഭാഗത്തേക്കും കയറ്റിയയക്കുന്ന വന്‍ ബിസിനസ് ശൃംഖലയുമുണ്ട്. കര്‍ഷകര്‍ക്ക് യഥാര്‍ഥ വില ലഭ്യമാകാന്‍ ഈ വിമാനത്താവളം സഹായകരമാകും.

വിമാനത്താവളത്തോടനുബന്ധിച്ച് സെസ് (പ്രത്യേക സാമ്പത്തികമേഖല) പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കിലും വ്യവസായികവികസനത്തിന് ആ ലക്ഷ്യംകൂടി അടിയന്തരമായും സാധിതമാകണം. പദ്ധതികള്‍ പലതും കടലാസില്‍ ഒതുങ്ങിപ്പോകുന്നതാണ് നമ്മുടെ ശാപം. ഭരണത്തുടര്‍ച്ചയില്ലാത്തതും പ്രതിഷേധകോലാഹലങ്ങളും ആരോപണപ്രത്യാരോപണങ്ങളും അവസാനിപ്പിച്ചെങ്കില്‍ മാത്രമേ നമുക്ക് ലക്ഷ്യം നേടാനാവൂ. മത്സ്യകയറ്റുമതിക്കും നല്ല ശോഭനമായ ഭാവിയാണുള്ളത്. അഴീക്കല്‍ ഫിഷിങ് ഹാര്‍ബര്‍, കണ്ണൂര്‍ തുറമുഖം തുടങ്ങി നിരവധി മത്സ്യബന്ധന കേന്ദ്രങ്ങള്‍ ഈ മേഖലയിലുണ്ട്. സമുദ്രോല്‍പന്നസംസ്കരണവും കയറ്റുമതിയും ലക്ഷ്യംവെച്ച് വ്യവസായശൃംഖലകള്‍ക്കുതന്നെ സാധ്യതകളുണ്ട്. കാപ്പി, ചായ, കുരുമുളക്, കശുവണ്ടി തുടങ്ങിയമുന്തിയ ഇനം വനോല്‍പന്നങ്ങളാണ് വടക്കന്‍ മേഖലയിലുള്ളത്.

സെന്‍റര്‍ ഫോര്‍ രാജീവ് ഗാന്ധി സിവില്‍ ഏവിയേഷന്‍ അക്കാദമി എന്ന പേരില്‍ വിമാനത്താവളത്തോടനുബന്ധിച്ച് വ്യോമയാന പരിശീലനകേന്ദ്രവും സ്ഥാപിക്കപ്പെടും. വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള ബൃഹത്തായ സംവിധാനവും ഒരുക്കുന്നുണ്ട്. 4000 മീറ്റര്‍ റണ്‍വേ ഒരുങ്ങുന്നതോടെ ലോകത്തിന്‍െറ ഏതു ഭാഗത്തുനിന്നുമുള്ള സൂപ്പര്‍ ജംബോ ജെറ്റുകള്‍ക്ക് ഇവിടെ ഇറങ്ങാനാകും. അതോടൊപ്പം അറ്റകുറ്റപ്പണികള്‍ക്ക് മുംബൈയെ ആശ്രയിക്കാതെയും കഴിയും.
1980 മുതല്‍ ആരംഭിച്ച തീവ്രശ്രമത്തിന്‍െറ ഫലപ്രാപ്തിയാണ് കഴിഞ്ഞ ദിവസം മൂര്‍ഖന്‍പറമ്പില്‍ ദര്‍ശിച്ചത്. റണ്‍വേ പൂര്‍ത്തിയാകാതെ പരീക്ഷണപ്പറക്കല്‍ നടത്തിയതിനെ ഇടതുപക്ഷം പരിഹസിക്കുകയും ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. പക്ഷേ, നെടുനാളത്തെ അഭിലാഷത്തിന്‍െറ സാക്ഷാത്കാരം കണ്ടാണ് ജനങ്ങള്‍ മടങ്ങിയത്. 1980 ഒക്ടോബര്‍ 27ന് ജസ്റ്റിസ് ഇ.കെ. മൊയ്തുവിന്‍െറ നേതൃത്വത്തില്‍ പി.വി.കെ. നമ്പ്യാര്‍, ഡോ. പി.വി. ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘം ഏഴിമല നാവിക അക്കാദമിയുടെ അനുബന്ധമായി മാടായിപ്പാറയില്‍ വിമാനത്താവളത്തിനായി പ്രധാന മന്ത്രി യായിരുന്ന ഇന്ദിരാഗാന്ധിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു.

നിരവധി തവണ നിവേദനം ആവര്‍ത്തിച്ചിട്ടും ഫലമുണ്ടായില്ല. അവസാനം കെ. കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോള്‍ മാടായിപ്പാറയില്‍ ഫ്ളയിങ് ക്ളബിന് ശിലാസ്ഥാപനം നിര്‍വഹിച്ച് ജനങ്ങളെ സമാശ്വസിപ്പിച്ചു. പിന്നീട് ദേവ ഗൗഡ കാബിനറ്റില്‍ വ്യോമയാനമന്ത്രിയായ സി.എം. ഇബ്രാഹിമാണ് കണ്ണൂര്‍ വിമാനത്താവളത്തിന് പച്ചക്കൊടി കാണിച്ചത്. മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പ്രത്യേകതാല്‍പര്യവും ആ പ്രഖ്യാപനത്തിന് പിന്‍ബലമേകി. തിങ്കളാഴ്ച നടന്ന പരിപാടിയില്‍ പ്രത്യേകം ആദരിക്കപ്പെട്ട സി.എം വികാരനിര്‍ഭരമായാണ് കഴിഞ്ഞകാല സംഭവങ്ങള്‍ അയവിറക്കിയത്. വ്യവസായപ്രമുഖനായ എ.കെ. കാദര്‍കുട്ടി, കണ്ണൂര്‍ വികസനസമിതി അംഗങ്ങളായ ജ. ഇ.കെ. മൊയ്തു, പി. ഹമീദ്കോയ, ലീല ഗ്രൂപ് ചെയര്‍മാന്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ എന്നിവരുടെ സേവനം ഈ സ്വപ്നസാക്ഷാത്കാരത്തിന് പിന്നിലെ ചാലകശക്തിയായിരുന്നു. കണ്ണൂരിന്‍െറ മാത്രമല്ല, വടക്കന്‍ കേരളത്തിന്‍െറയും തെക്കന്‍ കര്‍ണാടകത്തിന്‍െറയും സമഗ്രവികസനത്തിന് നാന്ദികുറിച്ച ഈ പരീക്ഷണപ്പറക്കല്‍ അതിരുകളില്ലാത്ത ചക്രവാളങ്ങള്‍ താണ്ടി മുന്നേറട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur airport
Next Story