സാമ്പത്തിക മാന്ദ്യത്തിന്‍െറ കരിനിഴലില്‍ നില്‍ക്കുമ്പോള്‍ സാന്ത്വനസ്പര്‍ശം പ്രതീക്ഷിച്ച ജനങ്ങള്‍ക്കിടയില്‍ പൊതുബജറ്റു കൊണ്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നിരാശയും അമര്‍ഷവും നിറച്ചു. ആഗോള മാന്ദ്യത്തിന്‍െറ തീവ്രത കൂടുന്ന വര്‍ഷമാണ് മുന്നിലെന്ന് വ്യക്തമാക്കി സര്‍ക്കാറിന്‍െറ വിഭവസമാഹരണത്തിന് സാധാരണക്കാരുടെ മടിക്കുത്തിലാണ് മന്ത്രി പിടികൂടിയത്. മാന്ദ്യം നേരിടുന്ന പൊതുസമൂഹത്തെ ആശ്വസിപ്പിച്ചതുമില്ല.
അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നിക്ഷേപത്തിലാണ് ബജറ്റിന്‍െറ ഊന്നല്‍. കൃഷിക്കും ഗ്രാമീണ മേഖലക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കുമൊക്കെ നല്ല തുക നീക്കിവെച്ചിട്ടുണ്ടെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വിശദീകരിക്കുന്നുണ്ട്. പൊതുനിക്ഷേപത്തിന് സ്വകാര്യ മേഖലക്ക് അവസരം നല്‍കുകയും പൊതുജനങ്ങള്‍ക്ക് വായ്പാ വാഗ്ദാനം നല്‍കുകയും ചെയ്തുകൊണ്ടാണ് ഈ അവകാശവാദം. സാധാരണക്കാരന്‍െറയും കര്‍ഷകന്‍െറയും നിത്യപ്രശ്നങ്ങള്‍ക്ക് ഇതിനിടയില്‍ സമാശ്വാസമില്ല. റബര്‍ കര്‍ഷകന് ആശ്വാസമില്ല; നിത്യോപയോഗ സാധന വിലക്കയറ്റത്തിന്‍െറ തീവ്രത കുറക്കാനുമില്ല നടപടി. കാര്‍ഷിക മേഖല മുമ്പൊരിക്കലുമില്ലാത്ത വറുതിയിലാണ്. കര്‍ഷകന്‍െറ വരുമാനം 2022 ആകുമ്പോള്‍ ഇരട്ടിപ്പിക്കുമെന്ന് മന്ത്രി വാഗ്ദാനം ചെയ്യുന്നതിന്‍െറ പൊള്ളത്തരം എളുപ്പം പറഞ്ഞറിയിക്കാന്‍ റബര്‍ തന്നെ ഉദാഹരണം. 240 രൂപയില്‍ നിന്ന് 80 രൂപയിലും താഴെ റബര്‍ വില എത്തി നില്‍ക്കുമ്പോള്‍ സമാശ്വാസ വിഹിതം നീക്കിവെക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല. ജനസംഘത്തിന്‍െറ നേതാവായിരുന്ന ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ പ്രാരംഭ നിധിയായി 100 കോടി മാറ്റിവെക്കുന്നതിന് ധനഞെരുക്കം തടസ്സമായില്ല.
ബജറ്റ് പ്രസംഗത്തിന്‍െറ തൊട്ടുപിന്നാലെയുള്ള മണിക്കൂറുകളില്‍, ആദായനികുതി നിരക്കില്‍ മാറ്റമില്ളെന്ന വിവരം കേട്ട് തെല്ളൊന്നു നെടുവീര്‍പ്പിട്ട ശമ്പളക്കാര്‍ വൈകുന്നേരം ബജറ്റ് രേഖകളിലെ വിവരം പുറത്തുവന്നപ്പോള്‍ ഞെട്ടി. എംപ്ളോയീസ് പ്രൊവിഡന്‍റ് ഫണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന പണത്തിന്‍െറ 60 ശതമാനത്തിന് ഏപ്രില്‍ ഒന്നു മുതല്‍ ആദായനികുതി കൊടുക്കണം. ഏഴാം ശമ്പള കമീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കുന്നതു വഴി ലഭിക്കുന്ന അധിക വരുമാനത്തിന്‍െറ ഒരു പങ്ക് ഖജനാവിലേക്കു തന്നെ തിരിച്ചത്തെിക്കാന്‍ ആദായനികുതിയിളവു പരിധി ഉയര്‍ത്താത്ത മന്ത്രിയുടെ കൗശലം സഹായിക്കും. ആനുകൂല്യ-സബ്സിഡികളുടെ ‘ചോര്‍ച്ച’ ഒഴിവാക്കാനെന്ന പേരില്‍ ആധാര്‍ ഉപയോഗപ്പെടുത്തി ഗുണഭോക്താക്കളുടെ എണ്ണം കഴിയുന്നത്ര കുറക്കാനുള്ള സര്‍ക്കാറിന്‍െറ നിശ്ചയദാര്‍ഢ്യം ബജറ്റില്‍ പ്രകടം. സ്വകാര്യതക്കു മേലുള്ള കടന്നു കയറ്റമായി സുപ്രീംകോടതി ചൂണ്ടിക്കാണിച്ച ‘ആധാറി’ന് നിയമപരിരക്ഷ നല്‍കാനുള്ള ബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാര്‍ലമെന്‍റില്‍ എത്തിക്കുകയാണ്. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് എല്‍.പി.ജി കണക്ഷന്‍ നല്‍കുന്നതു സ്വാഗതം ചെയ്യപ്പെടുമ്പോള്‍, അതു നടപ്പാക്കാന്‍ പോവുന്നത് വലിയൊരു വിഭാഗത്തിന്‍െറ സബ്സിഡി എടുത്തുകളഞ്ഞുകൊണ്ടാവും.
കാറിനും സ്വര്‍ണത്തിനും ചില ആഡംബര സാധനങ്ങള്‍ക്കും മാത്രമല്ല, മിനറല്‍ വാട്ടര്‍, യാത്ര, ഫോണ്‍കാള്‍, ലാപ്ടോപ് എന്നിവക്കെല്ലാം വില കൂടും. സാമ്പത്തിക മാന്ദ്യത്തിന്‍െറ നാളുകളില്‍ ഉപയോക്താക്കളെ വിപണിയില്‍ നിന്ന് ഓടിക്കുന്ന വിധമുള്ള ഇത്തരം ബജറ്റ് നിര്‍ദേശങ്ങളില്‍ വ്യവസായ ലോകവും അമര്‍ഷത്തിലാണ്. ബജറ്റിനു പിന്നാലെ ഓഹരി വിലസൂചിക ഇടിഞ്ഞത് ഇതിന് തെളിവായി. പെട്രോളിയം ഉല്‍പന്നങ്ങളുടെ എക്സൈസ് തീരുവ പലവട്ടം ഉയര്‍ത്തി വരുമാനക്കമ്മി കുറച്ചെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ അടുത്ത വര്‍ഷത്തേക്ക് നികുതി വരുമാന വര്‍ധനവും ഓഹരിവില്‍പനയും വരുമാന മാര്‍ഗങ്ങളായി കാണുന്നുണ്ട്. പ്രത്യക്ഷ നികുതി നിര്‍ദേശങ്ങള്‍ വഴി സര്‍ക്കാറിന് 1060 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. എന്നാല്‍, ഉപയോക്താക്കള്‍ക്ക് അധികഭാരം നല്‍കി 20,670 കോടി രൂപയാണ് പരോക്ഷ നികുതിയിനത്തില്‍ പിരിക്കുന്നത്. 56,500 കോടിയാണ് ഓഹരി വില്‍പനയിലൂടെ പ്രതീക്ഷിക്കുന്നത്.
ബജറ്റിന് ദിശാബോധമില്ളെങ്കിലും ക്ഷേമപദ്ധതികളില്‍നിന്ന് സര്‍ക്കാറിന്‍െറ പിന്മാറ്റം വ്യക്തമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മിക്ക പുതുപദ്ധതികളും സ്വകാര്യ പങ്കാളിത്തം, പ്രത്യക്ഷ വിദേശനിക്ഷേപം എന്നിവ സംബന്ധിച്ച വ്യവസ്ഥകള്‍ ഉദാരമാക്കിക്കൊണ്ടുള്ളതാണ്. ജില്ലാ ആശുപത്രികള്‍ തോറും ഡയാലിസിസ് സെന്‍ററുകള്‍ തുടങ്ങുന്നതിനുള്ള പദ്ധതി പ്രഖ്യാപനം പോലും ഈ അടിസ്ഥാനത്തിലാണ്. ഒരു സംസ്ഥാനത്തിന്‍െറയും പേരു പരാമര്‍ശിക്കാത്ത ബജറ്റ് പ്രസംഗം വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. ധനകമീഷന്‍ ശിപാര്‍ശ പ്രകാരമുള്ള ഉയര്‍ന്ന വിഹിതം നല്‍കിക്കഴിഞ്ഞാല്‍, കേന്ദ്ര പദ്ധതികള്‍ കാര്യമായൊന്നും സംസ്ഥാനങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നില്ല. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായ പരിഗണനയൊന്നും നല്‍കാത്തതു കൂടിയാണ് അരുണ്‍ ജെയ്റ്റ്ലിയുടെ മൂന്നാം ബജറ്റ്. ആഗോള മാന്ദ്യത്തിനിടയിലും മെച്ചപ്പെട്ട വളര്‍ച്ച നേടാന്‍ ഇന്ത്യക്ക് കഴിയുന്നുവെന്ന് മേനി പറയുമ്പോള്‍ തന്നെ, ഇനിയങ്ങോട്ട് കൂടുതല്‍ തീവ്രമാകാന്‍ പോകുന്ന മാന്ദ്യത്തെ നേരിടാന്‍ മുന്‍കരുതലുകള്‍ വേണമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറയുന്നുണ്ട്. അതുകൊണ്ട് സാമ്പത്തിക നിയന്ത്രണങ്ങള്‍ കൂടിയേ പറ്റൂ. സര്‍ക്കാറിന്‍െറ പക്കല്‍ പണമില്ളെന്നാണ് പറഞ്ഞുവെക്കുന്നത്. വളര്‍ച്ച കുറയാതിരിക്കണമെങ്കില്‍ ഇന്ത്യന്‍ വിപണിയെ ആശ്രയിച്ച് മുന്നോട്ടുപോകണമെന്നും മന്ത്രി അഭിപ്രായപ്പെടുന്നു.
സാമ്പത്തിക മാനേജ്മെന്‍റ് ഇനിയുള്ള നാളുകളില്‍ പ്രയാസകരമത്രേ. ഇക്കാര്യത്തില്‍ പൊതുജനങ്ങളെ സഹായിക്കാനും സര്‍ക്കാറില്ല എന്നതാണ് ഈ ബജറ്റിനെ വികലമാക്കുന്നത്. സര്‍ക്കാറിന്‍െറ സാന്ത്വനമില്ലാതെ, മാന്ദ്യം കൂടുതല്‍ പിടിമുറുക്കുന്നുവെന്ന വെല്ലുവിളിക്കു മുന്നിലാണ് ജനം.