Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഹരിതപാത തുറക്കും

ഹരിതപാത തുറക്കും

text_fields
bookmark_border
ഹരിതപാത തുറക്കും
cancel

കാര്‍ഷികമേഖലയില്‍ രാസവഴിയില്‍നിന്ന് ജൈവവഴി വെട്ടാനുറച്ചുള്ള പടപ്പുറപ്പാടിലാണ് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ഹരിതവിപ്ളവം സൃഷ്ടിച്ച രാസവഴിയില്‍നിന്ന് മണ്ണിന്‍െറ വളക്കൂറിന്‍െറ ജൈവവഴി അന്വേഷിക്കുകയാണ് കൃഷിവകുപ്പ്. ഇതുവരെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി രാസവള-കീടനാശിനി നിര്‍മാണശാലകളില്‍നിന്നുള്ള നിര്‍ദേശങ്ങളാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍, മണ്ണിന്‍െറ ജൈവോല്‍പാദനത്തിന് പകരംവെക്കാന്‍ രാസപദാര്‍ഥത്തിന് സാധ്യമല്ളെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. മണ്ണും മനുഷ്യനും ജീവനോടെ ഇരിക്കണമെങ്കില്‍ രാസകീടനാശിനികള്‍ ഉപേക്ഷിക്കണം. മണ്ണിന്‍െറ ഉല്‍പാദനപരതയെ പണമാക്കുന്നത് അവസാനിപ്പിക്കണം.  മണ്ണിന്‍െറ മരണത്തിലേക്കല്ല ജീവന്‍െറ തുടിപ്പിലേക്കാണ് പ്രകൃതിയെ നിര്‍മിക്കേണ്ടതെന്ന് കൃഷിമന്ത്രി തിരിച്ചറിയുന്നു.

കാര്‍ഷികമേഖലയില്‍ പുതിയ ചലനങ്ങളുണ്ടാക്കാന്‍ സര്‍ക്കാറിന് കഴിയുമെന്ന് മന്ത്രി പ്രത്യാശിക്കുന്നു. വൈലോപ്പിള്ളി പാടിയതുപോലെ മകരക്കൊയ്ത്തു മുതല്‍ കന്നിക്കൊയ്ത്തുവരെ നടക്കുന്ന ഞാറ്റുവേലയുടെ കാലത്തെയാണ്  അദ്ദേഹം സ്വപ്നം കാണുന്നത്. കാര്‍ഷികമേഖലക്ക് പുതുജീവന്‍ നല്‍കാന്‍ കൃഷിവകുപ്പിനെ സജ്ജമാക്കും. രാസവളവും രാസകീടനാശിനിയും ഒഴിവാക്കി മണ്ണിന്‍െറ ജൈവാവസ്ഥ വീണ്ടെടുക്കാന്‍ കര്‍ഷകര്‍ക്ക് കഴിയണം. അതിനുള്ള ഹരിതപാതയാണ് തുറക്കുന്നത്.

യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തെ കാര്‍ഷികനയം ഉടച്ചുവാര്‍ക്കുമോ?

കഴിഞ്ഞ സര്‍ക്കാര്‍ കെ. കൃഷ്ണന്‍കുട്ടിയുടെയും മറ്റും നേതൃത്വത്തില്‍ കാര്‍ഷിക നയം തയാറാക്കി പ്രഖ്യാപിച്ചിരുന്നു. അതില്‍ നല്ല കാര്യങ്ങള്‍ പലതുമുണ്ട്. അതുകൊണ്ട് പൂര്‍ണമായും തള്ളിക്കളയില്ല.  ഉള്‍ക്കൊള്ളാവുന്നത്  ഉള്‍ക്കൊള്ളും. നയരൂപവത്കരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാര്‍ഷികമേഖലയിലെ വികലമായ സമീപനം തിരുത്തും. കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്നവിധമായിരിക്കും കാര്‍ഷികരംഗത്തെ സമീപനം. ജൈവകൃഷിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഊന്നല്‍.   

ജൈവകൃഷിയെക്കുറിച്ച് പ്രഖ്യാപനങ്ങള്‍ മാത്രമല്ലേ നടന്നത്?

ജൈവകൃഷി പ്രഹസനമായിരുന്നെന്ന വാദം തെറ്റാണ്. വര്‍ത്തമാനകാലത്ത് ജൈവകൃഷിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ജനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. അതേസമയം കഴിഞ്ഞ രണ്ടുവര്‍ഷം കീടനാശിനിയുടെ ഉപയോഗം വര്‍ധിച്ചു. അത് 1200 മെട്രിക് ടണാണ്. ഒരുഭാഗത്ത് ജൈവകൃഷി വികസിപ്പിച്ചെന്ന് പറയുന്നതും കീടനാശിനിയുടെ ഉപയോഗം വര്‍ധിച്ചതും വൈരുധ്യമുള്ള കാര്യമാണ്. കീടനാശിനി ഉപയോഗം ഇത്രയധികം വര്‍ധിച്ചതിന്‍െറ കാരണം പരിശോധിക്കണം.കീടനാശിനിയുടെ നിയന്ത്രണം പൂര്‍ണമായും കൃഷി വകുപ്പിനാണ്. ക്വാളിറ്റി കണ്‍ട്രോള്‍ വകുപ്പും കൃഷി ഓഫിസര്‍മാരുമാണ്. ഈ അധികാരങ്ങള്‍ നിയമാനുസൃതമായി ശക്തമായി നടപ്പാക്കണം. കൃഷി ഓഫിസര്‍മാര്‍ മാസത്തില്‍ രണ്ടുതവണ വില്‍പനശാലകളില്‍ പരിശോധന നടത്തണം. സ്റ്റോക് റിപ്പോര്‍ട്ട് പുറത്ത് പരസ്യപ്പെടുത്തണം. അതുപോലെ വില്‍പ്പന സംബന്ധിച്ചും വിറ്റ മരുന്നുകളെ സംബന്ധിച്ചും വ്യക്തമായ രജിസ്റ്റര്‍ ഉണ്ടാവണം. നിരോധിച്ച കീടനാശിനി വിറ്റാല്‍ ലൈസന്‍സ് റദ്ദുചെയ്യണം. കീടനാശിനി കമ്പനിക്കാര്‍ നേരിട്ട് കൃഷിക്കാര്‍ക്ക് വില്‍പന നടത്തുന്നത് നിയമപരമായി തെറ്റാണ്. അത് അനുവദിക്കില്ല. ഇക്കാര്യത്തില്‍ സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. പരസ്യങ്ങളില്‍നിന്ന് കീടനാശിനി കമ്പനികള്‍ക്ക് ശക്തമായ നിയന്ത്രണം ഉണ്ടാവും. രോഗകീടങ്ങളെയും രോഗബാധയെയും മുന്‍കൂട്ടി തിരിച്ചറിയാനുള്ള സര്‍വകലാശാലയുടെ സംവിധാനങ്ങള്‍ പ്രയോജപ്രദമാക്കും. പച്ചക്കറിയിലെ കീടനാശിനിയുടെ അളവ് കണ്ടത്തൊനുള്ള സംവിധാനം ജില്ലകളിലേക്ക് വ്യാപിപ്പിക്കും. മിത്രകീടങ്ങളെ വ്യാപിപ്പിക്കും. കീടനാശിനികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമല്ല സര്‍ക്കാര്‍ സ്വീകരിക്കുക.ഭക്ഷ്യസുരക്ഷാ കമീഷണര്‍, കൃഷി ഡയറക്ടര്‍, ആസൂത്രണ ബോര്‍ഡ് അംഗം, ഹോര്‍ട്ടികള്‍ച്ചര്‍ മേധാവി, ആരോഗ്യവകുപ്പിലെ രണ്ടു പ്രതിനിധികള്‍, ആര്‍.സി.സി അംഗം, കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് മൂന്നുപേര്‍  തുടങ്ങിയവരുടെ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ജൂണ്‍ 30നകം കീടനാശിനി നിയന്ത്രണം ഘട്ടംഘട്ടമായി എങ്ങനെ ഒഴിവാക്കമെന്ന് ഇവര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും.
 
ജൈവകൃഷിയിലെ പുതുപരീക്ഷണങ്ങള്‍ പരിഗണിക്കുമോ?

മുന്‍ ജൈവ വൈവിധ്യബോര്‍ഡ് ചെയര്‍മാന്‍ ഡോ.വി.എസ്. വിജയന്‍ വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മാതൃകയെക്കുറിച്ച് ഡോ. ദത്തനും തോമസ് ഐസക്കുമായും ചര്‍ച്ച ചെയ്തു. തത്ത്വത്തില്‍ ഇത് അംഗീകരിച്ചു. ആ മാതൃകയെ പോസിറ്റീവ് ആയി എടുത്ത് സര്‍ക്കാര്‍ ഇതിന് പിന്തുണ നല്‍കുകയാണ്. മറ്റ് ജില്ലകളിലും അത് വ്യാപിപ്പിക്കാണ് ഉദ്ദേശിക്കുന്നത്. ഗ്രാമപഞ്ചായത്തില്‍ 10000 കുടുംബങ്ങള്‍ ജൈവകൃഷി ചെയ്യുന്നുണ്ട്. കൃഷി വിജയിക്കുമോ ലാഭം കിട്ടുമോ എന്നൊക്കെ കര്‍ഷകര്‍ക്ക് ആദ്യം ആശങ്കയുണ്ടായിരുന്നു. അത് സ്വാഭാവികമാണ്. നിലവിലെ കൃഷിരീതിയില്‍നിന്ന് ജൈവകൃഷിയിലേക്ക് മാറാന്‍ ചിലര്‍ക്ക് ഭയമുണ്ട്. എന്നാല്‍, സംഘമായി ഇത് ചെയ്യാന്‍ രംഗത്തുവരികയാണെങ്കില്‍ പരസ്പര സഹായം കൃഷിയെ മുന്നോട്ടു നയിക്കും. ജൈവകൃഷി ചെയ്താല്‍ ലാഭംകിട്ടുമെന്ന് ബോധ്യമായാല്‍ ആരും അത് വിട്ടുപോകില്ല. കഷ്ടപ്പെട്ട് കൃഷി ചെയ്തുണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് നല്ലവില ലഭിക്കണം. ഇതിന് സര്‍ക്കാര്‍ സംവിധാനം ഒരുക്കും.
കുട്ടനാട്ടിലും നെല്‍കൃഷിയില്‍ ഘട്ടം ഘട്ടമായി ജൈവകൃഷി കൊണ്ടുവരും. തൃശൂര്‍-പൊന്നാനി കോള്‍ മേഖലയില്‍ പ്രോജക്ടിലുണ്ടായിരുന്ന 15 വര്‍ഷംകൊണ്ട് പരിസ്ഥിതി സൗഹൃദ കൃഷി കൊണ്ടുവരാനുള്ള ശ്രമം നടത്തിയിരുന്നു. അത് മുന്നോട്ട് പോയിട്ടുണ്ട്. പ്രകൃതിദത്ത വളം ഉപയോഗിച്ചായിരുന്നു നേരത്തേ കൃഷി നടത്തിയിരുന്നത്. ഇപ്പോള്‍ അതിലെല്ലാം മാറ്റം വന്നിട്ടുണ്ട്. ഒരു ദിവസം രാവിലെ അത് നടപ്പാക്കുക പ്രയാസമാണ്. ശരിയായ റിസള്‍ട്ട് ഉണ്ടാവണം. മെട്രിക് ടണ്‍ കണക്കിന് കീടനാശിനി ഉപയോഗം കുറക്കണം. ജൈവകൃഷി നടത്തുന്നവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. ആദ്യം സ്വാഭാവികമായി ഉല്‍പാദനക്കുറവ് ഉണ്ടാവും. അതിന് സര്‍ട്ടിഫിക്കേഷന്‍ നല്‍കി മാര്‍ക്കറ്റില്‍ കൂടുതല്‍ വിലകിട്ടാവുന്ന സാഹചര്യം ഉണ്ടാക്കും. ജൈവകര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് നിലവിലെ മാര്‍ക്കറ്റ് വിലയെക്കാള്‍ ഉയര്‍ന്ന തുക ലഭിക്കും.

കര്‍ഷകരും കൃഷിവകുപ്പും തമ്മില്‍ ബന്ധമില്ലാത്ത അവസ്ഥ എങ്ങനെ മാറ്റും?

ആദ്യത്തെ പണി അതാണ്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കര്‍ഷകര്‍ക്കൊപ്പം കൃഷി ഭൂമിയിലേക്ക് ഇറങ്ങണം. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ മനോഘടനയില്‍ മാറ്റംവരുത്തണം. അവരുടെ സംഘടനയോട് അഭിപ്രായം ചോദിച്ചിട്ടുണ്ട്്. അവര്‍ പഠിച്ച് പരിശീലിച്ച പലകാര്യങ്ങളും അവര്‍ക്ക് നടപ്പാക്കണമെങ്കില്‍ അവര്‍ കര്‍ഷകര്‍ക്കൊപ്പം പ്രവര്‍ത്തിക്കണം. അവര്‍ പറയുന്ന പരാതി ഓഫിസില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തവിധം ക്ളറിക്കല്‍ ജോലികളില്‍ കുടുങ്ങിപ്പോവുന്നുവെന്നാണ്. അക്കാര്യത്തില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കും. കൃഷിക്കാരോടൊത്ത് മാത്രമേ അവര്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. അവര്‍ക്ക് ഫീഡില്‍ ഇറങ്ങാനുള്ള സൗകര്യം മന്ത്രിയെന്നനിലയില്‍ ഉണ്ടാക്കിക്കൊടുക്കും. സര്‍വകലാശാലയും കൃഷിവകുപ്പും തമ്മിലെ ബന്ധം ശക്തമാക്കും. ശാസ്ത്രജ്ഞരുടെ ഗവേഷണങ്ങള്‍ കൃഷിക്കാരിലത്തെണം. ആരൂപത്തിലുള്ള നല്ല ബന്ധം വളര്‍ത്തിയെടുക്കാം. മെത്രാന്‍ കായലിന്‍െറ കാര്യത്തിലും ഇത് ആവശ്യമാണ്. പാടി മിഷന്‍ പുന$സംഘടിപ്പിക്കാനും തീരുമാനിച്ചു.

64 ഫാമുകളും തകര്‍ച്ചയുടെ വക്കിലാണ്. എന്തുപറയുന്നു?

വളരെ ശരിയായ കാര്യമാണിത്. മന്ത്രിയായതിനുശേഷം ഏറ്റവും ആദ്യം പരിശോധിച്ചത് ഫാമുകളുടെ കാര്യമാണ്. സംസ്ഥാനത്തെ 64 ഫാമുകള്‍ ശരിയായനിലയില്‍ കൃഷി നടത്തി അവിടത്തെ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കും. അതിനുള്ള പദ്ധതി ആസൂത്രണ ഘട്ടത്തിലാണ്. കര്‍ഷകര്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന കേന്ദ്രവും ഫാമുകളാണ്. വിത്തും തൈകളും വിതരണം ചെയ്യുന്ന കേന്ദ്രങ്ങള്‍ മാത്രമല്ല അവിടെ ഉല്‍പാദനകേന്ദ്രങ്ങളാക്കി തീര്‍ക്കണം.

ഫാമുകള്‍ കാലാനുസൃതമായി നവീകരിക്കാനും ശ്രമം നടന്നിട്ടില്ല. ഇവിടെ ഫലഭൂയിഷ്ഠമായ ഭൂമിയും ധാരാളം തൊഴിലാളികളും മറ്റ് സൗകര്യങ്ങളുമുണ്ട്. കൃഷിവിദഗ്ധരുടെ ഉപദേശം കൂടിയുണ്ടെങ്കില്‍ ഫാമുകള്‍ കാര്‍ഷികമേഖലയില്‍ വലിയമാറ്റം സൃഷ്ടിക്കാം. ആദ്യഘട്ടത്തില്‍ ഫാമുകളിലെ കൃഷി വ്യാപിപ്പിക്കണം. ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ കിട്ടാവുന്ന വിധം വളര്‍ത്തണം. കൃഷിയും കാലിവളര്‍ത്തലും തമ്മില്‍ സംയോജിപ്പാക്കാം. അതിനുള്ള എല്ലാ സാധ്യതയും ഫാമുകളിലുണ്ട്. ഇത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അതോടൊപ്പം സര്‍വകലാശാലകളും ഫാമുകളും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുകയും വേണം.

തെന്നിന്ത്യയിലെ ഏറ്റവും മികച്ച ആറളം ഫാം ഇന്ന് സ്വകാര്യവ്യക്തികളുടെ പൈനാപ്പിള്‍ കൃഷിത്തോട്ടമായി. എന്തു നടപടി സ്വീകരിക്കും?

ആറളം ഫാമിന്‍െറ കാര്യത്തില്‍ യു.ഡി.എഫ് അനുവര്‍ത്തിച്ച രീതിയില്‍ മുന്നോട്ടുപോവില്ല. അവിടത്തെ പ്രശ്നങ്ങളെക്കുറിച്ച് പ്രത്യേകം പഠിക്കേണ്ടതുണ്ട്. അതിനായി ആറളം സന്ദര്‍ശിക്കും. നേരിട്ടുപോവുന്നതിന് കാരണം കാര്യങ്ങള്‍ മനസ്സിലാക്കാനാണ്. ഫാമിനെക്കുറിച്ച് റിപ്പോര്‍ട്ടുകളും നിര്‍ദേശങ്ങളും ധാരാളമുണ്ട്. ആറളം ഫാമിന്‍െറ കാര്യത്തില്‍ പ്രത്യേക പദ്ധതി ആവശ്യമാണ്. അതിന് കൃഷിവകുപ്പിനെ ചുമതലപ്പെടുത്തും. ഫാമിന്‍െറ വളര്‍ച്ച ആദിവാസി പുരധിവാസമേഖലക്കും ഊര്‍ജം നല്‍കണം. കേരളത്തില്‍
ഏറ്റവുമധികം പരിഗണന നല്‍കേണ്ടത്് ആദിവാസികള്‍ക്കാണ്. കാര്‍ഷികമേഖലയുടെ തകര്‍ച്ചയാണ് പട്ടിണിമരണത്തിലേക്ക് നയിച്ചത്. കാര്‍ഷിമേഖലയില്‍ ഉല്‍പാദം നടന്നാല്‍ അതില്‍ ആദിവാസികള്‍ക്ക് പങ്കാളിത്തം ലഭിച്ചാല്‍ ഇപ്പോള്‍ അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവും. അവര്‍ക്ക് എന്നും സൗജന്യറേഷന്‍ നല്‍കി നിലനിര്‍ത്താനാണ് പലപ്പോഴും സര്‍ക്കാര്‍ ശ്രമിച്ചത്. ആ സമീപനം മാറ്റാനാണ് കൃഷിവകുപ്പ് ശ്രമിക്കുക.

ആദിവാസി ഫാമുകളുടെ കാര്യത്തില്‍ എന്തു ചെയ്യും?

പട്ടികവര്‍ഗ വകുപ്പിന്‍െറ കീഴിലാണ് ഈ ഫാമുകള്‍. വയനാട്ടിലും അട്ടപ്പാടിയിലും ഇത്തരം ഫാമുകളുണ്ട്. അവിടെ ചാര്‍ജുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒന്നും ചെയ്യാനാവുന്നില്ല.  ഇവിടങ്ങളില്‍ ഭരണനിര്‍വഹണം സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലവിലുണ്ട്.

നെല്ലിയാമ്പതിയിലെ ഫാമില്‍ ആദിവാസി കള്‍ക്ക് ജോലി നല്‍കിയിട്ടില്ല?

‘മാധ്യമ’ത്തിലെ വാര്‍ത്ത കണ്ടെങ്കിലും ഇക്കാര്യം ഇതുവരെ പരിശോധിച്ചിട്ടില്ല. ആദിവാസികള്‍ക്ക് കൃഷിഫാമില്‍ അയിത്തം പ്രഖ്യാപിച്ചിട്ട് മുന്നോട്ടുപോവില്ല. അത് അംഗീകരിക്കാനും കഴിയില്ല. ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കും. കൃഷിഫാമിന്‍െറ ഭൂമി ആര്‍ക്കെങ്കിലും നല്‍കിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ആടുകളെ സംരക്ഷിക്കും. അതിനായി പുതിയ പദ്ധതികള്‍ നടപ്പാക്കാനും ആലോചിക്കും. ഫാമിന്‍െറ ഭൂമി ആര്‍ക്കെങ്കിലും നല്‍കിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുപിടിക്കും. അട്ടപ്പാടി ബ്ളോക്കിന്‍െറ കാര്യത്തില്‍ ഗൗരവമായി പരിശോധിച്ച് വേണ്ടകാര്യങ്ങള്‍ ചെയ്യും. ഭക്ഷ്യവിളകളുടെയും പച്ചക്കറിയുടെയും ഉല്‍പാദത്തില്‍  കേരളം ഏറെ മുന്നോട്ടുപോവും. അതിന് കൃഷിവകുപ്പ് നേതൃത്വം നല്‍കും.

തയ്യാറാക്കിയത്:  ആര്‍. സുനില്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vp sunil kumar
Next Story