Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതനത് കലയുടെ...

തനത് കലയുടെ പ്രമാണവാക്യം

text_fields
bookmark_border
തനത് കലയുടെ പ്രമാണവാക്യം
cancel

നമ്മുടെ സംസ്കാരത്തെ, നൃത്ത സംഗീത പാരമ്പര്യത്തെ ഇത്രയേറെ സ്വാംശീകരിക്കുകയും അവയൊക്കെ തന്‍െറ കലാസൃഷ്ടികളില്‍ സാര്‍ഥകമായി പ്രയോഗിക്കുകയും ചെയ്ത മറ്റൊരാള്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഏതെങ്കിലും മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു കലോപാസകനായിരുന്നില്ല അ¤േദ്ദഹം. പാരമ്പര്യ നാടോടി കലാരൂപങ്ങള്‍, മോഹിനിയാട്ടം പോലുള്ള തനത് നൃത്തരൂപം, കവിത, നാടകം, ലളിതഗാനങ്ങള്‍, ചലച്ചിത്ര ഗാനങ്ങള്‍ ഇങ്ങനെ നാനാതുറകളില്‍ വ്യാപരിച്ചുനില്‍ക്കുന്നു അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനമേഖലകള്‍. സംസ്കൃത നാടകങ്ങള്‍ക്ക് എങ്ങനെയാണ് ആധുനിക കാലഘട്ടത്തില്‍ ഒരു രംഗരൂപം ചമക്കേണ്ടത് എന്ന് തിരിച്ചറിവില്ലാതിരുന്ന കാലത്താണ് കാവാലം ആ രംഗത്ത് കൈവെച്ചത്. മധ്യമവ്യായോഗം എന്ന ഭാസ നാടകം കാളിദാസന്‍െറ ജന്മസ്ഥലമായ ഉത്തര്‍പ്രദേശിലെ ഉജ്ജയിനിയില്‍ അവതരിപ്പിക്കുമ്പോള്‍ ഞാനും ആ സംഘത്തിലുണ്ടായിരുന്നു.

ഇന്ത്യയുടെ നാനാ ഭാഗങ്ങളില്‍നിന്ന് അഞ്ചാറ് സംസ്കൃത നാടകങ്ങള്‍ അവിടെ അവതരിപ്പിച്ചു. പക്ഷേ, സംസ്കൃത നാടകങ്ങള്‍ പുതിയ അരങ്ങില്‍ പ്രയോഗിക്കേണ്ടതിന്‍െറ സൂത്രവാക്യങ്ങള്‍ പലര്‍ക്കും അജ്ഞാതമായിരുന്നു. കഥകളിയിലും കൂടിയാട്ടത്തിലും അനേകം നാടോടി കലാരൂപങ്ങളിലും കാണുന്ന രംഗശീല ക്രമങ്ങള്‍ സന്നിവേശിപ്പിച്ച് കാവാലം അവതരിപ്പിച്ച മധ്യമവ്യായോഗമാണ് അന്ന് ഏറ്റവും മികച്ചു നിന്നത് എന്ന് ഞാന്‍ ഓര്‍ക്കുന്നു. പ്രാമാണികരായ ഒട്ടേറെ നാടക പ്രവര്‍ത്തകര്‍ ഈ രംഗ വേദിയെ കുറിച്ച്, ഈ നാടക അവതരണത്തെക്കുറിച്ച് അറിയാനും പഠിക്കാനും കേരളത്തിലെ അദ്ദേഹത്തിന്‍െറ കളരിയില്‍ വന്നുപോയിരുന്നു.

ഒരു കാലത്ത് കേരളത്തില്‍ ഏറ്റവും അധികം പാടിനടന്നിരുന്ന ലളിതഗാനങ്ങള്‍ കാവാലം നാരായണപ്പണിക്കരും എം.ജി. രാധാകൃഷ്ണനും ചേര്‍ന്ന് ഒരുക്കിയവയാണ്. സിനിമാപാട്ടുകളാണെങ്കില്‍ കേട്ടു ശീലിച്ച ഈരടികളില്‍നിന്ന് വ്യത്യസ്തം. പുതിയ രചനാമുഖം തുറക്കുകയാണ് കാവാലം ചെയ്തത്. ‘വടക്കത്തി പെണ്ണാളെ’ തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹം സ്വയം ചിട്ടപ്പെടുത്തുകയും പാടുകയും ചെയ്തിട്ടുണ്ട്. ഇനി ഈ പാത പിന്തുടരേണ്ടതെങ്ങനെ എന്നുള്ള പരിഭ്രാന്തിയിലാണ് ഞങ്ങളൊക്കെ. എല്ലാ വിഷയങ്ങളെക്കുറിച്ചും സമഗ്രമായ ധാരണയുള്ള ഒരാള്‍ക്ക് മാത്രമേ ഇത്തരം നാടകങ്ങള്‍ രചിക്കാനും സംവിധാനം ചെയ്യാനും അവതരിപ്പിക്കാനും സാധിക്കുകയുള്ളൂ. മറ്റു ഭാഷക്കാര്‍ കാവാലത്തെ തിരച്ചറിഞ്ഞത് പോലെ നമ്മുടെ നാട്ടുകാര്‍ അദ്ദേഹത്തെ വിലയിരുത്തിയിട്ടുണ്ടോ എന്നുള്ളത് ആലോചിക്കേണ്ട കാര്യമാണ്. അദ്ദേഹം തുടങ്ങിവെച്ച നമ്മുടെ സ്വന്തം സംസ്കൃതിയിലൂന്നിയ ഈ പാരമ്പര്യവിശേഷങ്ങള്‍ ഏറ്റെടുക്കാന്‍ പുതിയ തലമുറ ഉണ്ടാവുമോ?

കാവാലത്തെ കണ്ടില്ലായിരുന്നെങ്കില്‍ ഏറ്റവും അച്ചടക്കമില്ലാത്ത മറ്റൊരാളായി ഞാന്‍ മാറുമായിരുന്നു. എന്തെങ്കിലും വ്യത്യസ്തത എന്നിലുണ്ടെങ്കില്‍ അതെല്ലാം പകര്‍ന്നു കിട്ടിയത് കാവാലത്തില്‍നിന്നാണ്. കുട്ടനാടിലെ ഒരു പുഴയുടെ ഇരുകരകളാണ് നെടുമുടിയും കാവാലവും. എല്ലാ കലകളിലും സമഗ്രമായ ധാരണ കാവാലത്തിനുണ്ടായിരുന്നു. ആലപ്പുഴയില്‍ ഞാനും ഫാസിലും അഭിനയിച്ച നാടകത്തിന് ജഡ്ജായത്തെിയതാണ് അദ്ദേഹം. നാടകം കഴിഞ്ഞ് അദ്ദേഹം അണിയറയില്‍ ഞങ്ങളെ കാണാനത്തെി. നാടകം നന്നായിട്ടുണ്ടെന്നും അഭിനയം കേമമെന്നും പ്രോത്സാഹിപ്പിച്ചു. നല്ല നടന്മാരാണ് രണ്ടു പേരുമെന്നും വീട്ടിലേക്ക് വരണമെന്നും ക്ഷണിച്ചു. അങ്ങനെ അദ്ദഹത്തെ വീട്ടില്‍ ചെന്ന് കണ്ടു. അന്നുമുതല്‍ തുടങ്ങിയതാണ് ബന്ധം. പിന്നെ ഒരിക്കലും മുറിഞ്ഞിട്ടില്ല. ദൈവത്താര്‍ നാടകത്തിലാണ് ആദ്യം അഭിനയിച്ചത്. വലിയ തറവാട്ടിലാണ് കാവാലം ജനിച്ചതെങ്കിലും കുട്ടനാടന്‍ ഗ്രാമീണര്‍ക്കിടയിലായിരുന്നു അദ്ദേഹം കൂടുതലും ജീവിച്ചത്. അതുകൊണ്ടുതന്നെ കവിതയിലും നാടകത്തിലും അദ്ദേഹം അതു പ്രയോഗിക്കുകയും ചെയ്തു. പഴയ ശീലുകളില്‍നിന്ന് മാറി കുട്ടനാടന്‍ ഗ്രാമീണതയില്‍ കാവാലം തന്‍െറ സര്‍ഗവാസനയെ സന്നിവേശിപ്പിക്കുകയായിരുന്നു. അത്യാവശ്യം പാടാനും താളത്തിലുമുള്ള എന്‍െറ വാസനയും അവ സമന്വയിപ്പിച്ച് അവതരിപ്പിക്കാനുള്ള ശേഷിയും അദ്ദേഹം എളുപ്പം തിരിച്ചറിഞ്ഞു. സോപാനമാണ് എന്‍െറ കഴിവ് തെളിയിക്കാനുള്ള ഏറ്റവും നല്ല ഇടമെന്ന് ഞാനും തിരിച്ചറിഞ്ഞു.

ആലപ്പുഴയില്‍നിന്ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് വന്നപ്പോള്‍ എന്നെയും കൂടെക്കൂട്ടി. ഇവിടെ എത്തിയപ്പോള്‍ നാടകം മാത്രംകൊണ്ട് മുന്നോട്ടു പോകാനാവില്ളെന്ന് അദ്ദേഹംതന്നെ പറഞ്ഞു. ജീവിക്കാന്‍ ഒരു ജോലി കൂടിയേ തീരൂ. കേരളകൗമുദിയുടെ അന്നത്തെ എഡിറ്റര്‍ എം.എസ്. മണി സാറിനെ ചെന്നുകണ്ടു. കാവാലം പറഞ്ഞു എനിക്ക് ജോലി തരണമെന്ന്. മലയാളം ഐച്ഛിക വിഷയമായി പഠിച്ച എനിക്ക് അങ്ങനെ ഒരു ഉപാധിയും കൂടാതെ എം.എസ്. മണി ജോലി തന്നു. കലാകൗമുദിയിലും ഫിലിം മാഗസിനിലും ജോലി നോക്കി. അങ്ങനെ ജേണലിസ്റ്റായി. ആദ്യ സിനിമ ‘തമ്പ്’ ആണ്. അതില്‍ കാവാലത്തിന്‍േറതാണ് ഗാനങ്ങള്‍. സോപാന സന്ധ്യാനടയില്‍ എന്ന ഗാനം എനിക്ക് ഒരിക്കലും മറക്കാനാകില്ല. അദ്ദേഹം തുടങ്ങിയ ഈ മഹാസംരംഭം മുന്നോട്ടുകൊണ്ടുപോവുക എളുപ്പമല്ല എന്ന തിരിച്ചറിവാണ് ഏറെ വിഷമമുണ്ടാക്കുന്നത്ത്.

തയാറാക്കിയത്:  ശ്രീകുമാര്‍

Show Full Article
TAGS:kavalam narayanapanikar 
Next Story