പൊങ്ങച്ചക്കാര്‍ക്ക് സത്യം പറയുന്നവരെ ഇഷ്ടമല്ല എന്നത് ഒരു പ്രപഞ്ചസത്യമാണ്. ഞാന്‍ ആനയാണ്, ചേനയാണ് എന്നൊക്കെ വീമ്പടിക്കുന്നവരുടെ മുന്നില്‍ ചെന്ന്, ഒരു തേങ്ങയുമല്ല എന്നുപറയാന്‍ പോയാല്‍ എന്താവും സ്ഥിതി? അതാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് പറ്റിയത്. വീമ്പുപറച്ചിലുകാരന്‍ എന്നര്‍ഥമുള്ള ‘ഫെകു’ എന്ന ഓമനപ്പേരാണല്ളോ സോഷ്യല്‍ മീഡിയ മോദിക്കു ചാര്‍ത്തിക്കൊടുത്തത്. വ്യാജമായ അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടാന്‍ കഴിഞ്ഞ മൂന്നുകൊല്ലവും ഒരു മടിയും കാട്ടിയിട്ടില്ല രഘുറാം രാജന്‍. വിവരവും വിവേകവുമുള്ളവരെ ദേശീയ സ്ഥാപനങ്ങളില്‍ വെച്ചുപൊറുപ്പിക്കില്ല എന്നതാണ് സര്‍ക്കാറിന്‍െറ ശപഥം. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ തലപ്പത്ത് മൂന്നാംകിട അര്‍ധനീലപ്പടങ്ങളിലെ നായകന്‍ ഗജേന്ദ്ര ചൗഹാനെയും സെന്‍സര്‍ ബോര്‍ഡിന്‍െറ അമരത്ത് കാണുന്ന സിനിമക്കെല്ലാം വിവേചനരഹിതമായി കത്തിവെക്കുന്ന പഹ്ലജ് നിഹലാനിയെയും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ അധ്യക്ഷക്കസേരയില്‍ ക്രിക്കറ്റര്‍(!) ചേതന്‍ ചൗഹാനെയും പ്രതിഷ്ഠിച്ചവര്‍ക്ക് രഘുറാം രാജനെപ്പോലെ ബൗദ്ധികമായ സ്വാതന്ത്ര്യം നിര്‍ഭയം പ്രസരിപ്പിക്കുന്നവരെ വെച്ചുപൊറുപ്പിക്കാന്‍ പാടായിരുന്നു. അതുകൊണ്ട് അവര്‍ രാജനെ പുകച്ചു പുറത്തുചാടിച്ചു. വെറുതെയല്ല രാമചന്ദ്ര ഗുഹ പറഞ്ഞത്, രാജ്യചരിത്രത്തിലെ ഏറ്റവും വലിയ ബുദ്ധിജീവിവിരുദ്ധ സര്‍ക്കാറാണ് ഇതെന്ന്.
റിസര്‍വ് ബാങ്കിന്‍െറ 23ാം ഗവര്‍ണറാണ്. 2013 ആഗസ്റ്റിലാണ് തലപ്പത്ത് എത്തുന്നത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വര്‍ഷംതോറും രണ്ടു ശതമാനം ഇടിവു രേഖപ്പെടുത്തിയിരുന്ന കാലം. അന്ന് രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്നതായിരുന്നു. വിലക്കയറ്റ നിരക്ക് പത്തു ശതമാനവും. രണ്ടുവര്‍ഷത്തെ നയപരിപാടികള്‍കൊണ്ട് അത് ആറു ശതമാനത്തിലേക്കു താഴ്ത്തി. നാണയപ്പെരുപ്പവും രൂപയുടെ മൂല്യത്തകര്‍ച്ചയും കുറച്ചു. സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കി. വരുന്ന സെപ്റ്റംബര്‍ നാലിനാണ് നിയമപ്രകാരം പടിയിറങ്ങേണ്ടത്. പക്ഷേ, സര്‍ക്കാറിന് രണ്ടു കൊല്ലംകൂടി കാലാവധി നീട്ടിക്കൊടുക്കാവുന്നതേയുള്ളൂ. 1992 മുതല്‍ ഈ പദവിയില്‍ ഇരുന്നവരെല്ലാം അഞ്ചുവര്‍ഷം തികച്ചിട്ടുണ്ട്. എന്നാല്‍, ആത്മാഭിമാനം പണയംവെക്കാതെ രണ്ടാമൂഴം വേണ്ടെന്നുപറഞ്ഞ് പടിയിറങ്ങുകയാണ്. രാഷ്ട്രീയ-ബിസിനസ് ലോബിയിങ്ങിനെ എതിര്‍ത്തതുകൊണ്ട് ദേശദ്രോഹിയായി ചിത്രീകരിക്കപ്പെട്ടു. ജീവിച്ചിരിക്കുമ്പോള്‍തന്നെ ചരമക്കുറിപ്പെഴുതി. കോര്‍പറേറ്റ് ലോബിയും സുബ്രമണ്യന്‍ സ്വാമിയും നന്നായി ഉത്സാഹിച്ചു. വയസ്സിപ്പോള്‍ 53. ഇനി ഷികാഗോ സര്‍വകലാശാലയില്‍ പഠിപ്പിക്കാന്‍ പോവുന്നു. രാഷ്ട്രീയക്കാരുടെ ദയാദാക്ഷിണ്യത്തിനു കീഴ്പ്പെട്ട് ഭരണപദവിയിലിരിക്കുന്നതിനെക്കാള്‍ നല്ലത് അതാണെന്നു കരുതി. എഴുതിത്തള്ളേണ്ട; ഇന്ത്യയില്‍ തന്നെ ഉണ്ടാവും എന്നു പറഞ്ഞാണ് പോവുന്നത്. പിടിത്തംവിട്ട സാമ്പത്തിക നയങ്ങള്‍ക്കു കടിഞ്ഞാണിടുന്ന ആളായിരുന്നു. രാജ്യത്തെ പാവങ്ങള്‍ ഇനി നല്ളോണം അനുഭവിക്കട്ടെ.
സ്വതന്ത്രവും നിര്‍ഭയവുമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനിടെ പൊങ്ങച്ചക്കാര്‍ക്കിട്ട് പണികൊടുക്കുന്ന പതിവുണ്ടായിരുന്നു. മോദിസര്‍ക്കാര്‍ വന്നതിനുശേഷം സമ്പദ്വ്യവസ്ഥ അതിവേഗം വളരുകയാണ് എന്ന പ്രചാരണത്തിന് ഓശാന പാടാന്‍ പോയില്ല എന്നു മാത്രമല്ല, അന്ധന്മാരുടെ ലോകത്തെ ഒറ്റക്കണ്ണന്‍ രാജാവാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ എന്ന് തുറന്നടിക്കുകയും ചെയ്തു. അത് വീമ്പുപറച്ചിലില്‍ മോദിക്കു പഠിക്കുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെയും വാണിജ്യമന്ത്രി നിര്‍മല സീതാരാമനെയും ചൊടിപ്പിച്ചു. പിന്നീടൊരിക്കല്‍, രാജ്യാന്തര വിപണിയില്‍ ചൈനയെ കടത്തിവെട്ടാന്‍ ഇന്ത്യക്കു കഴിയുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞപ്പോള്‍ അത് അസാധ്യമാണെന്ന് തുറന്നടിച്ചു. പലിശനിരക്ക് കുറക്കാന്‍ വിസമ്മതിച്ചു. നാണയപ്പെരുപ്പം നിയന്ത്രണാധീനമായി എന്നുറപ്പായാലേ പലിശനിരക്ക് കുറക്കുകയുള്ളൂ എന്നുപറഞ്ഞു. പറഞ്ഞപോലെ പലിശനിരക്ക് കുറച്ചിരുന്നെങ്കില്‍ സാമ്പത്തികദുരന്തം തന്നെ സംഭവിച്ചേനെ. ‘മേക് ഇന്‍ ഇന്ത്യ’ കാമ്പയിനെതിരെ സംസാരിച്ചു. ആഭ്യന്തര വിപണി വലുതായതിനാല്‍ ഇന്ത്യക്കുവേണ്ടി നിര്‍മിക്കുക എന്നതായിരിക്കണം നയം എന്നുപറഞ്ഞു.
മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍െറ കണക്കെടുക്കാനുള്ള സര്‍ക്കാറിന്‍െറ പുതിയ രീതിശാസ്ത്രം ശരിയല്ളെന്നു വാദിച്ചു. പാവങ്ങള്‍ക്കായി ജന്‍ധന്‍ യോജന പദ്ധതി പ്രകാരം അതിവേഗം ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനുള്ള നീക്കത്തിനെതിരെ മുന്നറിയിപ്പ് കൊടുത്തു. അക്കൗണ്ടുകളുടെ ഇരട്ടിപ്പുണ്ടായാലും അവ ഉപയോഗിക്കപ്പെടാതെകിടന്നാലും പദ്ധതി പാഴാവുമെന്നു പറഞ്ഞു. 2015 ഫെബ്രുവരിയില്‍ ഗോവയില്‍ നടത്തിയ പ്രസംഗത്തില്‍ സുശക്തമായ സര്‍ക്കാറുകള്‍ അഭിവൃദ്ധി കൊണ്ടുവരില്ളെന്നു പറയാന്‍ ഹിറ്റ്ലറുടെ ഉദാഹരണമാണ് എടുത്തത്. ശക്തമായ സര്‍ക്കാര്‍ ഉണ്ടാക്കിയ ഹിറ്റ്ലര്‍ നിയമവാഴ്ചയെ നിഷ്ഫലമാക്കി ജര്‍മനിയെ പതനത്തിലേക്കാണ് നയിച്ചത് എന്ന ചരിത്രം ഓര്‍മപ്പെടുത്തിയതും മോദിഭക്തര്‍ക്ക് രുചിച്ചില്ല. അസഹിഷ്ണുതാ വിവാദത്തിന്‍െറ കാലത്ത് പൊതുവേദിയില്‍ പറഞ്ഞത് പൊറുക്കാനേ പറ്റിയില്ല. പുതിയ ബിസിനസ് സംരംഭങ്ങള്‍ക്കും സാമ്പത്തിക പ്രവര്‍ത്തനത്തിനും സഹിഷ്ണുത അനിവാര്യമാണ്. ആശയങ്ങളുടെ വിപണിയില്‍ മത്സരം വളര്‍ത്താനും സഹിഷ്ണുത ആവശ്യമാണ്. നിര്‍ബന്ധിത നിരോധങ്ങള്‍ രാജ്യപുരോഗതിയെ ബാധിക്കും എന്നൊക്കെ പറഞ്ഞുകളഞ്ഞു. ഇത്രയുമായപ്പോള്‍ ഇവനെ ഇനിയും വെച്ചുകൊണ്ടിരിക്കാന്‍ പറ്റില്ളെന്ന് ഭരണസാരഥികള്‍ക്ക് ബോധ്യമായി.
ആര്‍.ബി.ഐ ധനമന്ത്രാലയത്തിനു കീഴിലാണ്. ധനമന്ത്രി ജെയ്റ്റ്ലിയെയും രാജനുള്ള പൊതുജന പിന്തുണയെയും മറികടന്നുവേണമായിരുന്നു മോദിക്ക് രാജനെ ചവിട്ടിപ്പുറത്താക്കാന്‍. എന്നാല്‍, തന്നെ ആരും വില്ലനായി കാണരുതെന്നും മോദിക്കു നിര്‍ബന്ധമുണ്ടായിരുന്നു. അതിനാണ് ഹാര്‍വഡ് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ സുബ്രമണ്യന്‍ സ്വാമിയെ കൂട്ടുപിടിച്ചത്. അതിനായി ആദ്യം സ്വാമിയെ രാജ്യസഭയിലത്തെിച്ച് തനിക്ക് കടപ്പെട്ടവനാക്കി. നന്ദിപ്രകടനമായി സ്വാമി റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ കാബിന്‍ ചൂട്ടുകത്തിച്ച് പുകക്കാന്‍ തുടങ്ങി. കോണ്‍ഗ്രസ് ഏജന്‍റ് എന്നുവിളിച്ചതും തല്‍സ്ഥാനത്ത് തുടരാന്‍ അനുമതി നല്‍കരുത് എന്നാവശ്യപ്പെട്ട് രണ്ടു തവണ മോദിക്ക് കത്തയച്ചതും അത് പരസ്യമാക്കിയതും സ്വാമി. തീവ്രദേശീയതയുടെ വങ്കത്തങ്ങളും അതിലുണ്ട്. അമേരിക്കയില്‍ ഗ്രീന്‍കാര്‍ഡുള്ള പൂര്‍ണ ഇന്ത്യക്കാരനല്ലാത്ത ഇയാള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്നും സ്വാമി പ്രചരിപ്പിച്ചു. അതിനായി ഒരുക്കിയ ടൈംബോംബ് ഡിസംബറില്‍ പൊട്ടിത്തെറിക്കും എന്നുവരെ സ്വാമി പറഞ്ഞു. ഇന്ത്യയിലെ സാമ്പത്തിക രഹസ്യങ്ങള്‍ രാജന്‍ വിദേശത്തേക്കു കടത്തി എന്നൊക്കെ കഥകളുണ്ടാക്കി.
തമിഴ് ബ്രാഹ്മണ കുടുംബത്തിലെ അംഗമായി മധ്യപ്രദേശിലെ ഭോപാലില്‍ 1963 ഫെബ്രുവരി മൂന്നിന് ജനനം. അഹ്മദാബാദ് ഐ.ഐ.എമ്മില്‍ സഹപാഠിയായിരുന്ന രാധികപുരിയാണ് ഭാര്യ. രാധിക ഷികാഗോ സര്‍വകലാശാലയില്‍ അധ്യാപികയാണ്. ഒരു മകനും മകളുമുണ്ട്.