Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകൊടുത്തവര്‍ മറക്കും...

കൊടുത്തവര്‍ മറക്കും കൊണ്ടവര്‍ ഓര്‍ക്കും

text_fields
bookmark_border
കൊടുത്തവര്‍ മറക്കും കൊണ്ടവര്‍ ഓര്‍ക്കും
cancel

മുത്തശ്ശിക്കഥകള്‍ കേട്ടുവളര്‍ന്നവര്‍ക്ക് കുടുംബചരിത്രവും വാമൊഴിയായി പകര്‍ന്നുകിട്ടിയിരുന്നു. ഇവ പുതിയ തലമുറക്ക് ആത്മബോധമുണ്ടാക്കാന്‍ സഹായകരമായിരുന്നു. തനിക്കായി ഒരു ചരിത്രവും പറയാനില്ലാത്തവര്‍ ചാരിത്ര്യപ്രസംഗം നടത്തിക്കൊണ്ടേയിരിക്കും. അടിയന്തരാവസ്ഥക്ക് മുമ്പും അടിയന്തരാവസ്ഥ കാലത്തും കൊടിയ മര്‍ദനം സഹിച്ച ഒ. ഭരതന്‍ തന്‍െറ ആത്മകഥയായ ‘നെരിപ്പോടി’ല്‍ ‘ഗവേഷണത്തിനും ഉപരിപഠനത്തിനും വേണ്ടി  അയല്‍ സംസ്ഥാനങ്ങളില്‍ പോയി താല്‍ക്കാലിക രക്ഷ നേടിയവരെയും ഞാന്‍ കാണുന്നു. ബോംബെ, മദിരാശി തുടങ്ങിയ മഹാനഗരങ്ങളിലുള്ള ബന്ധുജനങ്ങളോടുള്ള സ്നേഹാധിക്യം മൂത്ത് അവരോടൊപ്പം ചേക്കേറിയവരെയും ഞാന്‍ കാണുന്നു. അവരൊക്കെ ഇന്ന് അടിയന്തരാവസ്ഥയിലെ കെടുതികളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നു. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടങ്ങളെക്കുറിച്ച് അവര്‍ വീരഗാഥകള്‍ രചിക്കുന്നു’. (പേജ് 53). ഈ അഭിപ്രായത്തെ ശരിവെക്കുന്നതാണ് കരിവെള്ളൂര്‍ മുരളി എഡിറ്റ് ചെയ്ത ‘കരിവെള്ളൂര്‍ സമരം 60ാം വാര്‍ഷിക സ്മരണിക കരിവെള്ളൂര്‍ 1946/2006’ എന്ന മാഗസിനിലെ എഴുതിയ ‘പുറങ്ങളും എഴുതാപ്പുറങ്ങളും’.

ഇതിലെ ‘കമ്യൂണിസ്റ്റ് പാര്‍ട്ടി 50 വര്‍ഷങ്ങള്‍ക്കുശേഷം’ (പേജ് 255-265) എന്ന ലേഖനത്തില്‍ 264ാം പുറത്തില്‍ ‘പൊലീസ് കസ്റ്റഡിയില്‍ ഭീകരമായ മര്‍ദനത്തിന് വിധേയനായ എ.വിയുടെ മകന്‍ ബാലചന്ദ്രന്‍, പയ്യന്നൂര്‍ കോളജില്‍നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട് മര്‍ദനമേറ്റ ഓണക്കുന്നിലെ പി.വി. കൃഷ്ണന്‍, എം. മോഹനന്‍, പി. നാരായണന്‍ തുടങ്ങിയവരെല്ലാം അടിയന്തരാവസ്ഥയില്‍ പൊലീസ് പീഡനമേറ്റ വിദ്യാര്‍ഥി പ്രവര്‍ത്തകരാണ്. മണിക്കൂറുകളോളം പൊലീസ് കസ്റ്റഡിയില്‍ മാത്രം കഴിഞ്ഞ ഒരാളോടൊപ്പം കരിവെള്ളൂരിലെ ജയില്‍വാസമനുഭവിച്ച മറ്റുചില വിദ്യാര്‍ഥികളുടെ പേര് പരാമര്‍ശിച്ചുവെങ്കിലും അതില്‍ തമസ്കരിക്കപ്പെട്ട ചില പേരുകളും വസ്തുതകളുമുണ്ട്. കരിവെള്ളൂരിലെ മൂവ്വാരി രാഘവന്‍, കെ.വി. പ്രേമചന്ദ്രന്‍, കെ.വി. പത്മനാഭന്‍, പറങ്ങേന്‍ രാജന്‍ എന്നിവരും ആ ഗണത്തില്‍ പെട്ടവരാണ്. ആ സമയത്താണ് പി.വി. കൃഷ്ണന്‍െറ അച്ഛന്‍ മരിച്ചത്. അച്ഛനെ അവസാനമായി ഒരുനോക്ക് കാണാന്‍ കൃഷ്ണന് കഴിഞ്ഞില്ല. മിച്ചഭൂമി സമരത്തില്‍ ജയിലില്‍ കിടന്ന, കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനുമെതിരെ പ്രവര്‍ത്തിച്ച ചുറുചുറുക്കുള്ള രാഘവന്‍ കടുത്ത സാമ്പത്തിക ഞെരുക്കം മൂലം ആത്മഹത്യ ചെയ്തു. ബന്ധുബലമില്ളെങ്കില്‍ പോരാളികളുടെ ഓര്‍മകള്‍ കുപ്പത്തൊട്ടിയിലാക്കുമെന്ന് പ്രതീക്ഷിക്കാം.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ഒരു നിത്യഹരിത വിദ്യാര്‍ഥി പ്രവര്‍ത്തകന്‍ ഫേസ് ബുക്കില്‍ ഇങ്ങനെ കുറിച്ചു: ‘പിണറായി അത്രവലിയ സംഭവമൊന്നുമല്ല. ഒരുകാലത്തെ കമ്യൂണിസ്റ്റുകാര്‍ സഹിച്ച ത്യാഗം അദ്ദേഹവും സഹിച്ചിട്ടുണ്ട്. ചിലപ്പോള്‍ അല്‍പം കൂടുതലായും. ചരിത്രത്തില്‍നിന്ന് അടര്‍ത്തി മാറ്റി ഇത്തരം സംഭവങ്ങളെ വ്യക്തി വര്‍ണനത്തില്‍ ചുരുക്കിയാല്‍ അത് അപകടമാകും. (മേയ് 25 രാവിലെ 9.44). കണ്ട നിങ്ങളവിടെ നില്‍ക്ക് കേട്ട ഞാന്‍ പറയാമെന്ന മട്ടിലാണ് ഈ പരാമര്‍ശം. ഒ. ഭരതന്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടിട്ടും പിണറായി അനുഭവിച്ച പീഡനത്തെക്കുറിച്ച് എഴുതിയതിങ്ങനെയാണ്:

‘സെപ്റ്റംബര്‍ 28ന്‍െറ അറസ്റ്റില്‍ മര്‍ദനത്തിന് വിധേയനായത് പിണറായി വിജയന്‍ മാത്രം. പൊലീസ് വാഹനത്തില്‍നിന്ന് അദ്ദേഹത്തെ ഇറക്കിയതുതന്നെ താങ്ങിപ്പിടിച്ചാണ്. കാലുകള്‍ നീരുവന്ന് വീര്‍ത്തിരുന്നു. അരോഗ ദൃഢഗാത്രനായ അദ്ദേഹം കൊടും മര്‍ദനമേറ്റ് അവശനായി തീര്‍ന്നിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിച്ചിരുന്നില്ല. പൊലീസ് സൂപ്രണ്ടിന്‍െറ നേതൃത്വത്തില്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട നാലഞ്ച് പൊലീസുകാര്‍ രാത്രി മുഴുവന്‍ വിജയന്‍െറ ശരീരത്തില്‍ തങ്ങളുടെ അഭ്യാസപ്രകടനം കാഴ്ചവെക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഒരു നിരപരാധിയെ രാത്രിയുടെ മറവിലും ഏകാന്തതയിലും മുറിയടച്ചിട്ട് മര്‍ദിക്കാന്‍ അസാമാന്യ ധൈര്യം തന്നെ വേണം.’ (പേജ് 55-56). ഈ ഭരതവാക്യം ഉപദേശിയാകാന്‍ ശ്രമിക്കുന്ന വിപ്ളവക്കുട്ടികള്‍ ശ്രദ്ധിക്കേണ്ടതാണ്. സുഖസമരങ്ങളുടെ കാലത്ത് ത്യാഗികളെ വിലകുറച്ചുകാണുക സ്വാഭാവികം മാത്രം.

ജയപ്രകാശ് നാരായണനാല്‍ രൂപവത്കരിക്കപ്പെട്ട ലോക്സംഘര്‍ഷ് സമിതിയുടെ കേരള സംസ്ഥാന ചെയര്‍മാനായിരുന്ന എം.പി. മന്മഥനെ മര്‍ദിച്ചിട്ടില്ളെങ്കിലും ജയിലില്‍ ഒറ്റപ്പെടുത്തി മനോവീര്യം തകര്‍ക്കാനാണ് ശ്രമിച്ചത്. ഇദ്ദേഹത്തോടൊപ്പം സഹപ്രവര്‍ത്തകരായി ഒളിവിലും തെളിവിലും പ്രവര്‍ത്തിച്ചവരാണ് എം.എ. ജോണ്‍, സി.കെ. നാണു, കെ.എം. പ്രിയദര്‍ശന്‍ലാല്‍, സുബ്രഹ്മണ്യം തുടങ്ങിയവര്‍.

സമ്മര്‍ദ കാലത്താണ് സര്‍ഗാത്മക ആവിഷ്കാരങ്ങള്‍ക്ക് ശക്തികൂടുക. ആവിഷ്കാരങ്ങള്‍ക്ക് ആമം വീണ കാലമാണ് അടിയന്തരാവസ്ഥ. ബംഗാളി നോവലായ ബിമല്‍ മിത്രയുടെ ‘ഇരുപതാം നൂറ്റാണ്ട് ’ അവതരിപ്പിച്ചതിന്‍െറ പേരില്‍ വി. സാംബശിവന്‍ 10 മാസം ജയിലില്‍ കിടന്നു. അദ്ദേഹത്തിന്‍െറ ഭാഷയില്‍ പറഞ്ഞാല്‍ കഥാപ്രസംഗം കേള്‍ക്കാന്‍ സര്‍ക്കാറും വന്നു. അതിന്‍െറ ഫലം അറസ്റ്റും. ജവഹര്‍ലാല്‍  നെഹ്റുവിന്‍െറ വിഖ്യാതമായ ‘അച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍’ക്ക് പോലും വിലക്കുണ്ടായി. മഹാത്മാഗാന്ധീ കീ ജയ് എന്നുവിളിച്ച ആര്‍.എസ്.എസുകാരനായ പൂന്തുറ മണിയെ ചത്ത ഗാന്ധിക്ക് ജയ് വിളിക്കാതെ ജീവിക്കുന്ന ഗാന്ധിക്ക് വിളിയെടായെന്ന് ആക്രോശിച്ച് പൊലീസുകാര്‍ അദ്ദേഹത്തിന്‍െറ വാരിയെല്ല് ചവിട്ടിപ്പൊട്ടിച്ചു. എന്തിനധികം വീക്ഷണം ഫണ്ട് പിരിക്കാന്‍ ഇറങ്ങിത്തിരിച്ച എ.കെ. ആന്‍റണിക്ക് പോലും അന്ന് മൈക് അനുവദിച്ചിരുന്നില്ല. അടിയന്താവസ്ഥ പ്രഖ്യാപിച്ചയുടന്‍ ഇറങ്ങിയ മുദ്രാവാക്യങ്ങളാണ് ‘അടിയന്തരാവസ്ഥ അറബിക്കടലില്‍’, ‘ഇന്ദിരഗാന്ധി ഭാരതയക്ഷി നിന്നെ ഞങ്ങള്‍ കണ്ടോളാം’ എന്നിവ. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരളമൊഴിച്ച് മറ്റെല്ലാ നാടും ആ മുദ്രാവാക്യങ്ങള്‍ യഥാര്‍ഥ്യമാക്കി. ഇന്ത്യ മുഴുവന്‍ പ്രചരിച്ചിരുന്ന മറ്റൊരു മുദ്രാവാക്യമാണ്
അന്ധേരെ മെ ഏക് പ്രകാശ്
ജയപ്രകാശ് ജയപ്രകാശ്

അന്ന് ഒളിവില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരസ്പരം തിരിച്ചറിയാന്‍ ഒരു സൂത്രവാക്യമായി ഈ മുദ്രാവാക്യമാണ് ഉപയോഗിച്ചിരുന്നത്. അപരിചിതരെ കണ്ടാല്‍ അലക്ഷ്യമട്ടില്‍ അന്ധേരെ മെ എന്ന് ആത്മഗതം പോലെ കുശുകുശുക്കും. ഏക് പ്രകാശ് എന്ന മറുവചനം കേട്ടാല്‍ അവര്‍ പരസ്പരം ഉറപ്പിക്കും ഇരുവരും പോരാട്ടത്തിലെ കണ്ണികളാണെന്ന്. പിന്നീട് വേണ്ട വിനിമയങ്ങള്‍ നടത്തും. എ.വി. കുഞ്ഞമ്പു, സി. കണ്ണന്‍, ചാത്തുണ്ണി മാസ്റ്റര്‍, ഒ. ഭരതന്‍ തുടങ്ങിയ നേതാക്കളെ ജയിലിലടച്ചപ്പോള്‍ ആ വിവരം ജനങ്ങളിലത്തെിക്കാന്‍ കണ്ടത്തെിയ ഉപായം അവരുടെ ചിത്രം ദേശാഭിമാനി വാരികയുടെ പുറംതാളായി പ്രസിദ്ധീകരിക്കുകയെന്നതാണ്.

അടിയന്തരാവസ്ഥക്ക് ഇളവ് വരുത്തിയപ്പോള്‍ കോണ്‍ഗ്രസ് കോട്ടകള്‍ തകര്‍ന്നു. ആ തകര്‍ച്ചയുടെ ചരിത്രം മുദ്രാവാക്യമായി മുഴങ്ങി.
ജഗജീവന്‍ പോയ് ജീവന്‍ പോയ്
ബഹുഗുണ പോയി ഗുണവും പോയി
നന്ദിനി പോയി നാറിപ്പോയി
നീലന്‍ പോയി നിറവും പോയി.
അന്ന് കേരള സര്‍ക്കാറിന്‍െറ പബ്ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്മെന്‍റ് ഒരു പോസ്റ്റര്‍ വ്യാപകമായി ഒട്ടിച്ചിരുന്നു.
സോഷ്യലിസത്തിന്‍ വീഥിയിലൂടെ,
തേരുതെളിക്കും ജേതാവേ,
അധികാരത്തില്‍ തുടരുക തുടരുക
അവശ ജനങ്ങളെ രക്ഷിക്കാന്‍.

ഒട്ടിച്ച പോസ്റ്ററുകളിലെല്ലാം അവസാനത്തെ വാക്കിന്‍െറ ആദ്യ അക്ഷരം ‘ര’, ‘ഭ’ ആക്കി മാറ്റി. അതുകൊണ്ട് അന്നത്തെ ഭരണകക്ഷിക്കാര്‍ തന്നെ പോസ്റ്ററുകള്‍ കീറിക്കളഞ്ഞു. പക്ഷേ, പോസ്റ്റര്‍ നശിപ്പിച്ചതിന്‍െറപേരില്‍ കേസെടുത്തത് അടിയന്തരാവസ്ഥക്കെതിരെ പടപൊരുതിയവര്‍ക്കെതിരായും. ഒളിവിലും തെളിവിലുമായി ഒരുപാടാളുകള്‍ അടിയന്തരാവസ്ഥയുടെ ദുരിതംപേറി ഇന്നും കഴിയുന്നുണ്ട്. അന്ന് പീഡനമേറ്റവരാണ് ഇന്ന് കേരളവും കേന്ദ്രവും ഭരിക്കുന്നത്. അവരൊന്ന് മനസ്സുവെച്ചാല്‍ പഴയ ഇരകള്‍ക്ക് കരിക്കാടിക്കുള്ള വകയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:emergency
Next Story