Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightറാഗിങ്ങിന് പിന്നില്‍

റാഗിങ്ങിന് പിന്നില്‍

text_fields
bookmark_border
റാഗിങ്ങിന് പിന്നില്‍
cancel

ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശങ്ങള്‍ക്കും വിഷയമായിക്കഴിഞ്ഞിട്ടും, ഇരകള്‍ക്ക് ഏതൊരുനേരത്തും പരാതിപ്പെടാനായി സര്‍ക്കാര്‍ ഹെല്‍പ്ലൈന്‍ സഹായമുണ്ടായിട്ടും, അത്തരം പെരുമാറ്റങ്ങള്‍ ഉണ്ടാകില്ല എന്ന് ഓരോ വിദ്യാര്‍ഥിയും രക്ഷിതാവും പ്രവേശ സമയത്ത് ഒപ്പിട്ടു കൊടുക്കേണ്ടതുണ്ടായിട്ടും റാഗിങ്ങിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മുടെ കാമ്പസുകളില്‍നിന്ന് ഇപ്പോഴും ഇടക്കിടെ പുറത്തുവരുന്നു. ഏറ്റവുമൊടുവിലായി, മലയാളിയായ ദലിത് വിദ്യാര്‍ഥിനിക്ക് കര്‍ണാടകയിലെ നഴ്സിങ് കോളജില്‍ നേരിടേണ്ടിവന്ന പീഡനങ്ങള്‍ റാഗിങ്ങിനെയും അതിനെ നിര്‍മാര്‍ജനം ചെയ്യുന്നതിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഒരിക്കല്‍ക്കൂടി അവസരമൊരുക്കിയിരിക്കുന്നു.

കൊലപാതകങ്ങളെയും മറ്റും പോലെ ഒരു വ്യക്തി മറ്റൊരു നിശ്ചിത വ്യക്തിയോട് മുന്‍കൂട്ടിനിശ്ചയിച്ച് ചെയ്യുന്നൊരു ദുഷ്കൃത്യമല്ല റാഗിങ്. മുന്‍വൈരാഗ്യമോ മുന്‍പരിചയംപോലുമോ ഇല്ലാത്ത ഒരുകൂട്ടം അപരിചിതരോട് ഒരു അനുഷ്ഠാനമോ കര്‍ത്തവ്യമോപോലെ, പലപ്പോഴും ക്രൂരതയും കുറ്റകൃത്യവുമാണ് എന്ന ബോധ്യംപോലുമില്ലാതെ, നിര്‍വഹിക്കപ്പെടുന്നൊരു പ്രവൃത്തിയാണത്. ഏറെ അക്കാദമിക് സ്വപ്നങ്ങളും ജീവനുകള്‍തന്നെയും പൊലിഞ്ഞുതീര്‍ന്നിട്ടും കര്‍ക്കശ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടും അനവധി പേര്‍ക്ക് കടുത്ത ശിക്ഷകിട്ടിയിട്ടും റാഗിങ്ങിനെ നിര്‍മാര്‍ജനംചെയ്യാന്‍ നമുക്കിതുവരെയായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ റാഗിങ്ങിന് വഴിയൊരുക്കുകയും പ്രോത്സാഹനമാവുകയും ചെയ്യുന്ന മന$ശാസ്ത്രഘടകങ്ങളെക്കുറിച്ചൊരു വിശകലനം പ്രസക്തമാണ്.

ആത്മനിയന്ത്രണം, നല്ല തീരുമാനങ്ങളിലത്തൊനുള്ള ശേഷി എന്നിങ്ങനെ മനുഷ്യര്‍ക്കു മാത്രം സ്വന്തമായുള്ള പല ഗുണങ്ങളും നമുക്കു തരുന്നത് തലച്ചോറിന്‍െറ മുന്‍ഭാഗത്തായുള്ള ‘പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ്’ എന്ന ഭാഗമാണ്. തലച്ചോര്‍ പക്വത കൈവരിക്കുന്നത് പിറകില്‍നിന്നു മുന്നിലേക്കാണ് എന്നതിനാല്‍ ഈയൊരു ഭാഗത്തിന്‍െറ വളര്‍ച്ച പൂര്‍ണമാകുന്നത് ഏകദേശം 25ാം വയസ്സോടെ മാത്രമാണ്. കോളജ് വിദ്യാര്‍ഥികളില്‍ നല്ളൊരു ശതമാനത്തിനും, മനസ്സിനു കടിഞ്ഞാണായി വര്‍ത്തിക്കുന്ന ഈയൊരു മസ്തിഷ്കഭാഗത്തിന് പാകമത്തെിയിട്ടില്ല എന്നര്‍ഥം. ഇരയുടെ ജീവിതത്തിലോ തന്‍െറതന്നെ ഭാവിയിലോ റാഗിങ് ചെലുത്തിയേക്കാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റി ലവലേശം ആകുലതകളില്ലാതെ, അഥവാ അവ തലപൊക്കിയാല്‍ത്തന്നെ അവയെ മുഖവിലക്കെടുക്കാതെ, നൈമിഷികരസത്തിനുവേണ്ടി അവര്‍ റാഗിങ്ങില്‍ മുഴുകിപ്പോവാന്‍ ഇതൊരു കാരണമാവുന്നുണ്ട്.

കൗമാരം കൂട്ടുകാരില്‍ ഏറ്റവും സ്വാധീനം ചെലുത്താനാവുന്നൊരു പ്രായമാണ്. ഒറ്റക്കുചെയ്യാന്‍ മടിക്കുന്നതോ ധൈര്യപ്പെടാത്തതോ ആയ പല കാര്യങ്ങളും കൂട്ടുകാരോടൊത്തു ചെയ്യാന്‍ ഈ പ്രായക്കാര്‍ ആവേശം കാണിക്കാം. കൂട്ടുകാര്‍ക്കു മുന്നില്‍ ഹീറോ ചമയാനും ‘ഗാങ്ങി’ല്‍നിന്നു പുറന്തള്ളപ്പെടാതിരിക്കാനും സ്വതവേ സൗമ്യശീലരും സല്‍സ്വഭാവികളുമായവര്‍ പോലും റാഗിങ്ങിനവസരം കിട്ടുമ്പോള്‍ മറ്റൊരു പ്രകൃതം പുറത്തെടുക്കാം.

സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ 1971ല്‍ നടന്ന ‘സ്റ്റാന്‍ഫോര്‍ഡ് പ്രിസണ്‍ എക്സ്പെരിമെന്‍റ്’ എന്ന പഠനത്തിന്‍െറ കണ്ടത്തെലുകള്‍, മറ്റൊരാള്‍ക്കുമേല്‍ താല്‍ക്കാലികമായെങ്കിലും കൈവരുന്ന അധികാരം കൗമാരക്കാരുടെ മനോഭാവങ്ങളെ വല്ലാതെ ദുഷിപ്പിക്കുമെന്നതിന്‍െറ ശക്തമായൊരു തെളിവാണ്. ഒരു ജയിലന്തരീക്ഷം കൃത്രിമമായി സൃഷ്ടിച്ച്, പഠനത്തില്‍ പങ്കെടുക്കാന്‍ സമ്മതിച്ചത്തെിയ വിദ്യാര്‍ഥികളില്‍ ഒരു വിഭാഗത്തോട് ജയില്‍പ്പുള്ളികളായും മറ്റൊരു വിഭാഗത്തോട് ഗാര്‍ഡുമാരായും ജീവിക്കാനാവശ്യപ്പെട്ട് ഇരുകൂട്ടരെയും നിരീക്ഷിച്ച ഗവേഷകര്‍ കണ്ടത്, ദിവസങ്ങള്‍ക്കുള്ളില്‍ ‘ഗാര്‍ഡുമാര്‍’ കൂടെയുള്ള ‘ജയില്‍പ്പുള്ളി’കളെ അടക്കിഭരിക്കാനും അമിതോപദ്രവമേല്‍പിക്കാനും തുടങ്ങിയെന്നാണ്. റാഗിങ് തങ്ങളുടെ ‘അവകാശ’മാണെന്ന മുന്‍വിധിയോടെ ഒന്നാം വര്‍ഷക്കാരെ സമീപിക്കുന്ന സീനിയേഴ്സിന്‍െറ മനസ്സില്‍ നടക്കുന്നതും ഇത്തരമൊരു ക്രൂരവത്കരണമാവണം.

ചുറ്റുമുള്ളവരെ നിരീക്ഷിച്ചും അനുകരിച്ചും പെരുമാറ്റങ്ങള്‍ പഠിച്ചെടുക്കുക (Social learning) എന്നത് കഴിവുകള്‍ സ്വായത്തമാക്കുന്നതിനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നാണ്. ദൃശ്യമാധ്യമങ്ങളിലെ കാഴ്ചകളെ അന്ധമായി അനുകരിക്കാനുള്ള പ്രവണത ബാല്യ-കൗമാരങ്ങളുടെ സവിശേഷതയാണ്. ഉദാഹരണത്തിന് ജര്‍മനിയില്‍ നടന്ന സംഭവം. 19കാരനായ നായകന്‍ തീവണ്ടിക്കുമുന്നില്‍ ചാടി ആത്മഹത്യചെയ്യുന്ന രംഗങ്ങളുള്ളൊരു സീരിയല്‍ ആദ്യമായി കാണിച്ചപ്പോഴും പുന$സംപ്രേഷണം ചെയ്തപ്പോഴും അവിടെ ധാരാളം ചെറുപ്പക്കാര്‍ സമാനരീതിയില്‍ ആത്മഹത്യചെയ്യുകയുണ്ടായി.  ‘മുന്നാഭായ് എം.ബി.ബി.എസ്’ തൊട്ട് ‘പ്രേമം’ വരെയുള്ള സിനിമകളില്‍ തമാശരൂപത്തിലും വീരകൃത്യമായുമൊക്കെ അവതരിപ്പിക്കപ്പെട്ടുവെന്നത് റാഗിങ്ങിന് കൗമാരക്കാരുടെ മനസ്സില്‍ നല്ല പരിവേഷം കിട്ടാന്‍ കാരണമായിട്ടുണ്ടാവാം.
മതിപ്പ് കുറഞ്ഞവരും ശരിക്കുള്ള ലോകത്തിനു മുന്നില്‍ കരുത്തുകാണിക്കാന്‍ കഴിവില്ലാത്തവരും നിരാശ്രയരുമായ ഒന്നാം വര്‍ഷക്കാരെ ഉള്ളില്‍ കാത്തുകൊണ്ടുനടക്കുന്ന ശൗര്യം മുഴുവന്‍ ബഹിര്‍ഗമിപ്പിക്കാനുള്ള വേദിയാക്കാം. ബാല്യത്തില്‍ മാതാപിതാക്കളുടെ ക്രൂരതകള്‍ക്ക് ഏറെ ഇരയായവര്‍ മനസ്സിലെ പ്രതികാരവാഞ്ഛ ശമിപ്പിക്കാന്‍ കിട്ടുന്ന ആദ്യവസരമായി റാഗിങ്ങിനെ സമീപിക്കാം. ഇനിയും ചിലര്‍ മറ്റൊരു നാട്ടിലോ ലിംഗത്തിലോ മതത്തിലോ ജാതിയിലോ സാമ്പത്തിക ശ്രേണിയിലോ നിന്നുള്ളവരോടുള്ള വിദ്വേഷം തീര്‍ക്കാനൊരു സുവര്‍ണാവസരമായി റാഗിങ് എന്ന ‘നാട്ടുനടപ്പി’നെ ഉപയോഗപ്പെടുത്താം.

വിദ്യാര്‍ഥികളും അധ്യാപകരും മാതാപിതാക്കളും പൊതുസമൂഹവും വെച്ചുപുലര്‍ത്തുന്ന വികലധാരണകളും പ്രതിസ്ഥാനത്തുണ്ട്. ഇത്തിരി റാഗിങ്ങൊക്കെ നല്ലതാണ്, സീനിയേഴ്സും ജൂനിയേഴ്സും തമ്മിലൊരു സൗഹൃദം രൂപപ്പെടാന്‍ അതു സഹായിക്കും, പിള്ളേരായാല്‍ ഇത്തിരി തമാശയൊക്കെയാവാം, മാതാപിതാക്കളുടെ ചിറകിനടിയില്‍ പുറംലോകം കാണാതെ വളര്‍ന്നവര്‍ക്ക് ‘ലോകം ഇങ്ങനെയൊക്കെയാണ്’ എന്നൊരു ഉള്‍ക്കാഴ്ച കൊടുക്കാന്‍ ഉതകും, നാണംകുണുങ്ങികളെ വീരശൂരപരാക്രമികളാക്കാം, റാഗിങ് വ്യക്തിത്വ വികാസത്തെ സഹായിക്കും തുടങ്ങിയ മിഥ്യകളില്‍ വിശ്വസിക്കുന്നവര്‍ പക്ഷേ, റാഗിങ് മൂലം ഓരോ വര്‍ഷവും പരിക്കേല്‍ക്കുകയും പഠനം നിര്‍ത്തുകയും ജീവന്‍ നഷ്ടപ്പെടുകയും അറസ്റ്റിലാവുകയുമൊക്കെ ചെയ്യുന്നവരെ വിസ്മരിക്കുകയാണ്. വല്ലാതെ ക്രൂരമാവുമ്പോഴേ കുഴപ്പമുള്ളൂ, അല്ലാതെ ചെറിയ റാഗിങ്ങിനെയൊന്നും വെറുതെ കുറ്റപ്പെടുത്തേണ്ടതില്ല എന്നു വാദിക്കുന്നവര്‍ ‘ചെറുത്’, ‘ക്രൂരം’ എന്നൊക്കെയുള്ള വേര്‍തിരിവ് ആപേക്ഷികവും ക്ളേശകരവുമാണ്, പല ‘ക്രൂര’ റാഗിങ്ങുകളും തുടങ്ങുന്നത് ‘ചെറുതാ’യിത്തന്നെയാണ് എന്ന കാര്യവും കണക്കിലെടുക്കുന്നില്ല.

റാഗിങ്ങിനു തുനിയുന്നവരെ നിയമത്തിനു മുന്നിലത്തെിക്കാനുള്ള ഇച്ഛാശക്തി ഏവര്‍ക്കും വേണ്ടതുണ്ട്. മുതിര്‍ന്നവരോടുള്ള എതിര്‍പ്പ്  കൗമാരസഹജമാണ് എന്നതിനാല്‍ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂല മന$സ്ഥിതിയുള്ള സീനിയര്‍ വിദ്യാര്‍ഥികളെ രംഗത്തിറക്കുന്നത് ഫലപ്രദമായേക്കും. റാഗിങ് മൂലം കഷ്ടനഷ്ടങ്ങള്‍ വന്നവരെക്കുറിച്ചുള്ള വിഡിയോകളും മറ്റും ഈ ഉദ്യമത്തില്‍ പ്രസംഗങ്ങളെക്കാള്‍ കാര്യക്ഷമമാവും. സഹജീവികളോടുള്ള സഹാനുഭൂതിയും കരുണയും സഹായമന$സ്ഥിതിയും ഉള്‍ച്ചെലുത്തി ഓരോ കുഞ്ഞിനെയും വളര്‍ത്തിക്കേണ്ടതും പ്രധാനമാണ്.
(ലേഖകന്‍ ചങ്ങനാശ്ശേരി സെന്‍റ് തോമസ് ഹോസ്പിറ്റലില്‍ സൈക്യാട്രിസ്റ്റാണ്. www.mind.in)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ragging
Next Story