Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightചരിത്രമായി ബഹിരാകാശ...

ചരിത്രമായി ബഹിരാകാശ വിജയം

text_fields
bookmark_border
ചരിത്രമായി ബഹിരാകാശ വിജയം
cancel

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണം ഏകദേശം 1963ലാണ് നമ്മള്‍ തുടങ്ങിയത്. 52 വര്‍ഷത്തോളം പിന്നിട്ടിരിക്കുന്ന ഈ ഘട്ടത്തില്‍ പിന്നിലോട്ട് നോക്കിയാല്‍ കൈവരിച്ച പല നേട്ടങ്ങളും ആരെയും അസൂയപ്പെടുത്തുന്നതാണ്. അതിലൊന്നാണ് ഇന്നലെ വിജയപഥത്തിലത്തെിയ പി.എസ്.എല്‍.വിയുടെ സി-34 ദൗത്യം. വ്യത്യസ്തങ്ങളായ 20 ഉപഗ്രഹങ്ങളെയും വഹിച്ചുള്ള ദൗത്യം ഇതാദ്യമായാണ്. ഏറ്റവും വലിയ സാങ്കേതികവിദ്യ ആദ്യ ശ്രമത്തില്‍തന്നെ  വിജയിച്ചിരിക്കുന്നുവെന്നത് അഭിമാനകരമാണ്. നമ്മുടെ കണക്കുകൂട്ടലുകള്‍ വിജയിച്ചിരിക്കുന്നു.

ഇന്നലെ വിക്ഷേപിച്ചതില്‍ പ്രധാനപ്പെട്ടത്   ഭൗമനിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ്-രണ്ട് പരമ്പരയിലുള്ളതും 700 കിലോ ഭാരമുള്ളതുമായ സാറ്റലൈറ്റാണ്. ശേഷിക്കുന്ന 19 സാറ്റലൈറ്റുകളില്‍ രണ്ടെണ്ണമാകട്ടെ വിദ്യാര്‍ഥികളുടെ ഉപഗ്രഹനിര്‍മാണപഠനവുമായി ബന്ധപ്പെട്ടുള്ളതും ചെന്നൈ സത്യഭാമ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ രൂപകല്‍പനചെയ്ത സത്യഭാമ സാറ്റ്, പുണെ കോളജ് ഓഫ് എന്‍ജിനീയറിങ്ങിന്‍െറ ‘സ്വയം’ എന്നിവയാണ് വിദ്യാര്‍ഥികളുടെ ഉപഗ്രഹങ്ങള്‍.   വിദേശ രാജ്യങ്ങളുടെ 17 സാറ്റലൈറ്റുകളാണ് ഇതിനുപുറമെ  പി.എസ്.എല്‍.വിയുടെ സി-34 ദൗത്യം വഹിച്ചത്.

നാനോ- മൈക്രോ സാറ്റലൈറ്റുകള്‍ ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. 100 കിലോഗ്രാമിന് അടുത്ത് ഭാരം വരുന്ന ഉപഗ്രഹങ്ങളെയാണ്  മൈക്രോ സാറ്റലൈറ്റ് എന്ന് പറയുക.  15 കിലോഗ്രാം വരെ ഭാരം വരുന്നവയെ നാനോ സാറ്റലൈറ്റ് എന്നും പറയും. ഇത്തരത്തില്‍ നാല് നാനോ സാറ്റലൈറ്റുകള്‍ വീതമുള്ള മൂന്ന് ബോക്സുകള്‍  യു.എസ്.എയുടെ വകയായുണ്ട്. അതായത് 12 നാനോ സാറ്റലൈറ്റുകള്‍. ഇവയുടെ പ്രക്ഷേപണലക്ഷ്യം ഹരിതഗൃഹ പ്രഭാവം കണ്ടത്തെുക എന്നതാണ്. 500-505 ഉയരത്തിലുള്ള അന്തരീക്ഷപരിധിയിലെ മീഥേയിലിന്‍െറയും  കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍െറയും അംശം കണ്ടത്തൊനുള്ള കഴിവ് ഇവക്കുണ്ട്. ഇതിനുപുറമെ  കാനഡ, ജര്‍മനി, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും  പി.എസ്.എല്‍.വിയുടെ സി-34 ദൗത്യത്തിലുണ്ട്.
ഒന്നിലധികം ഉപഗ്രഹവിക്ഷേപണ ദൗത്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് സാറ്റലൈറ്റ് സെപ്പറേറ്റിങ്. ഉപഗ്രഹങ്ങളെ വിക്ഷേപണവാഹനത്തില്‍ അടുക്കി ക്രമീകരിക്കുന്നതിന് കൃത്യമായ വ്യവസ്ഥയുണ്ട്. ഓരോ സാറ്റലൈറ്റിനും ഒരു സ്ഥാനമുണ്ടാകും. ഇത്രയും ഉപഗ്രഹങ്ങളെ  സ്ഥാനവും ദിശയുമടക്കം കൃത്യമായും സൂക്ഷ്മമായും ഘടിപ്പിച്ചാണ് ദൗത്യത്തിന് സജ്ജമാക്കിയത്.

ഇതിനുപുറമെ ഓരോ ഉപഗ്രഹവും നിര്‍ണിത സമയത്തിനുള്ളില്‍ വേര്‍പെടുന്നതിന് സംവിധാനമുണ്ടാകും. സിഗ്നല്‍ ലഭിക്കുന്ന മുറക്ക് സ്പ്രിങ് റിലീസിങ് സംവിധാനമോ വളരെ ചെറിയ അളവിലുള്ള കത്തലോ പ്രയോജനപ്പെടുത്തിയാണ് ഉപഗ്രഹങ്ങളെ വേര്‍തിരിക്കുന്നത്. തീപ്പെട്ടിക്കൊള്ളി ഉരസുമ്പോഴുണ്ടാകുന്നത്ര മാത്രം   ചെറുതാവും സ്ഫുലിംഗം. മില്ലീ സെക്കന്‍റിനുള്ളിലാണ് ഉപഗ്രഹങ്ങള്‍  വേര്‍പെടുക.  കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങിലൂടെയാണ് ഇവയെല്ലാം ക്രമീകരിക്കുക. ഒരെണ്ണം വേര്‍പെട്ടശേഷം അടുത്ത വേര്‍പെടലിന് 30 സെക്കന്‍റിന്‍െറ സമയദൈര്‍ഘ്യമേ ഉണ്ടാകൂ.  ഈ സമയത്തില്‍ വ്യത്യാസമുണ്ടായാല്‍ കൂട്ടിയിടിയുണ്ടാകും. അത്രമാത്രം സൂക്ഷ്മതയോടെയാണ് സമയം ക്രമീകരിക്കുക. വിക്ഷേപണവാഹനം ഏതാണ്ട് സെക്കന്‍റില്‍ 9.5 കി.മീറ്റര്‍ വേഗത്തിലത്തെിയതിനുശേഷമേ ഉപഗ്രഹങ്ങളെ പുറന്തള്ളൂ. എങ്കിലേ  അവ വേര്‍പെട്ടാല്‍ താഴേക്ക് വരാതെ ഭ്രമണപഥത്തിലത്തെി സ്ഥിരപ്പെടൂ. ഇതെല്ലാം ഭംഗിയായി പൂര്‍ത്തിയാക്കിയാണ്  20 ഉപഗ്രഹങ്ങളെ പി.എസ്.എല്‍.വിയുടെ സി-34 ഭ്രമണപഥത്തിലത്തെിച്ചത്.

ഒരേ വാഹനത്തില്‍നിന്ന് രണ്ട് ഭ്രമണപഥങ്ങളിലേക്ക്് ഉപഗ്രഹങ്ങളെ എത്തിക്കുന്ന പരീക്ഷണദൗത്യത്തിനും പി.എസ്.എല്‍.വിയുടെ സി-34 വിജയിച്ചിട്ടുണ്ട്. അടുത്ത ദൗത്യമായ പി.എസ്.എല്‍.വി സി-35  ഇത്തരമൊരു സംവിധാനത്തോടെയാണ് ബഹിരാകാശത്തേക്ക് കുതിക്കുക. സാങ്കേതികമികവും സജ്ജീകരണങ്ങളും ഇതിന് വേണ്ടതുണ്ട്. ക്രയോജനിക് എന്‍ജിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിവെച്ചശേഷം വീണ്ടും പ്രവര്‍ത്തിപ്പിച്ചാണ് ഇത് സാധ്യമാക്കുക. എന്‍ജിന്‍ ഷട്ട്ഡൗണ്‍ ചെയ്തെങ്കിലേ ഉപഗ്രഹം വേര്‍പെടൂ. ഇത്തരത്തില്‍ ആദ്യത്തെ ഉപഗ്രഹ വേര്‍പെടുത്തലിന് എന്‍ജിന്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും മുകളിലുള്ള അടുത്ത ഓര്‍ബിറ്റിലേക്ക് രണ്ടാമത്തെ ഉപഗ്രഹത്തെ എത്തിക്കുന്നതിന് വീണ്ടും എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. ഇതിനുള്ള ഇന്ധനവും പ്രക്ഷേപണ വാഹനത്തില്‍ കരുതും. സ്റ്റോപ് ആന്‍ഡ്  റീസ്റ്റാര്‍ട്ട് സംവിധാനം എന്നാണ് ഈ രീതി അറിയപ്പെടാറ്. ഇത്തരത്തില്‍ രണ്ട് ‘റീ സ്റ്റാര്‍ട്ട്’ ദൗത്യമാണ് പരീക്ഷണാടിസ്ഥാനത്തില്‍ പി.എസ്.എല്‍.വിയുടെ സി-34 വിജയിപ്പിച്ചിട്ടുള്ളത്്. മൂന്ന്- നാല് വര്‍ഷമായി താഴത്തെട്ടില്‍ ഇതിനുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു. ഇന്നലെത്തെ വിജയത്തോടെ അടുത്ത ഘട്ടമായ സി-35ല്‍ ‘സ്റ്റോപ് ആന്‍ഡ് റീസ്റ്റാര്‍ട്ട്’ സംവിധാനം  സധൈര്യം  ഉപയോഗിക്കാനുള്ള ആത്മവിശ്വാസമാണ് നമുക്ക് ലഭ്യമായിരിക്കുന്നത്.

മുകളിലെ ഭ്രമണപഥത്തില്‍  ഉപഗ്രഹത്തെ വിട്ടശേഷം താഴെയുള്ള ഭ്രമണപഥത്തില്‍ രണ്ടാമത്തെ ദൗത്യത്തിനായി വാഹനത്തെ തിരിച്ചിറക്കുന്നതിനുള്ള സംവിധാനവും ‘സ്റ്റോപ് ആന്‍ഡ് റീസ്റ്റാര്‍ട്ട്’ സംവിധാനത്തിലൂടെ കൈവരിക്കാനാകും.  പി.എസ്.എല്‍.വി വാഹനങ്ങളുടെ ഓരോ ലോഞ്ചിങ്ങിലും ഓരോ പുതിയ സാങ്കേതിക വിദ്യയാണ് പരീക്ഷണാടിസ്ഥാനത്തില്‍ വിജയിപ്പിക്കുന്നത്. പ്രധാന ദൗത്യത്തിനപ്പുറം ഇത്തരം പരീക്ഷണങ്ങള്‍ക്ക് പുറത്ത് അധികം പ്രചാരണം ലഭിക്കണമെന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

‘എയര്‍ ബ്രീത്തിങ്’ സാങ്കേതികവിദ്യ സമീപഭാവിയില്‍ പരീക്ഷണവിധേയമാകുന്നുണ്ട്.   ഇന്ധനം കത്തുന്നതിന് ഓക്സിജന്‍ അനിവാര്യമാണ്. നിര്‍ണിത അന്തരീക്ഷ പരിധിക്കപ്പുറം ഓക്സിജന്‍ ലഭ്യമല്ലാത്തതിനാല്‍ ഇവിടങ്ങളില്‍ വിക്ഷേപണവാഹനത്തിലെ  ക്രയോജനിക് എന്‍ജിനില്‍  ഇന്ധനം കത്തുന്നതിനുള്ള ഓക്സിജന്‍ കൂടി കരുതാറുണ്ട്. അതേസമയം ഇത്തരം എന്‍ജിനുകള്‍ക്ക് നൂറ് കി.ലോമീറ്റര്‍ പരിധിയില്‍ ഓക്സിജന്‍ ലഭ്യമായ അന്തരീക്ഷ പരിധിയിലും അവ പ്രയോജനപ്പെടുത്താനാവില്ല. പുറത്ത് സുലഭമായി ഓക്സിജന്‍ ലഭിക്കുമ്പോഴും വാഹനത്തില്‍ കരുതിയിട്ടുള്ള ഓക്സിജനാണ് ഉപയോഗിക്കുക. ഇത് ഒഴിവാക്കി അന്തരീക്ഷത്തില്‍ ലഭ്യമായ ഓക്സിജന്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുകയും അവ ലഭ്യമല്ലാതാകുമ്പോള്‍ വാഹനത്തില്‍ കരുതിയ ഓക്സിജന്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ‘എയര്‍ ബ്രീത്തിങ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.  

ഐ.എസ്.ആര്‍.ഒയുടെ നേട്ടങ്ങളില്‍ കുതിച്ചുചാട്ടം പ്രകടമാണ്. 2000വരെയും  രണ്ടുവര്‍ഷത്തില്‍ ഒരു ലോഞ്ചിങ് എന്ന നിലയിലായിരുന്നു കണക്കുകള്‍. പിന്നീട് വര്‍ഷത്തില്‍ ഒന്നായി. 2012-2013 കാലഘട്ടത്തില്‍ ഇത് മൂന്നായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ആറ് ലോഞ്ചിങ്ങായിരുന്നു. 2016ല്‍ ഇത് പത്തായി ഉയരുമെന്നാണ് പ്രതീക്ഷ. ഇന്നലെ വിജയിച്ചത് വര്‍ഷത്തിലെ അഞ്ചാമത്തേതാണ്. ഇനി നാല് പി.എസ്.എല്‍.വിയും ഒരു ജി.എസ്.എല്‍.വിയും വിക്ഷേപിക്കാനുണ്ട്.

(മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവാണ് ലേഖകന്‍)
തയാറാക്കിയത്: എം. ഷിബു

Show Full Article
TAGS:pslv c34 
Next Story