Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസി. കേശവന്‍ അവിസ്മരണീയ ...

സി. കേശവന്‍ അവിസ്മരണീയ മാതൃക

text_fields
bookmark_border
സി. കേശവന്‍ അവിസ്മരണീയ മാതൃക
cancel

കളങ്കമില്ലാത്ത, സംശുദ്ധമായ രാഷ്ട്രീയജീവിതത്തിന്‍െറ അപൂര്‍വമാതൃകകളിലൊന്നാണ് സി. കേശവന്‍. അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയമണ്ഡലത്തില്‍ അരങ്ങുതകര്‍ത്തുവാഴുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അത്തരം രാഷ്ട്രീയ പ്രവര്‍ത്തകരില്‍നിന്ന് വിഭിന്നനാണ് സി. കേശവന്‍. കൈവെച്ച രംഗങ്ങളിലെല്ലാം സ്വകീയ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം  കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിമാരില്‍ ഒരാളാണ്.

നവോത്ഥാന മുന്നേറ്റം കേരളത്തിന് നല്‍കിയ വിശിഷ്ട സംഭാവനയാണ് സി. കേശവന്‍. അദ്ദേഹത്തിന്‍െറ പൊതു പ്രവര്‍ത്തന ജീവിതം ഒരു തുറന്നപുസ്തകമാണ്. നിവര്‍ത്തന പ്രക്ഷോഭ നായകനും സ്വാതന്ത്ര്യസമര സേനാനിയും തിരു-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന അദ്ദേഹം അചഞ്ചലനായ യുക്തിവാദിയുമായിരുന്നു. ജാതി-മത ചിന്തകള്‍ക്ക് അതീതനായി സദാ നിലകൊണ്ടു. മലയാളഭാഷ എക്കാലവും സ്മരിക്കാനിടയുള്ള മനോഹരമായ ഒരു സാഹിത്യസമ്മാനം അദ്ദേഹം കേരളത്തിന് നല്‍കി; ‘ജീവിതസമരം’. ആത്മകഥകള്‍ മലയാളത്തില്‍ പലതുണ്ടെങ്കിലും ഈ ആത്മാഖ്യാനം അതില്‍നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു. സത്യസന്ധതയും വെട്ടിത്തുറന്ന് പറയാനുള്ള ആര്‍ജവവും ഒന്നും ഒളിച്ചുവെക്കാത്ത ആവിഷ്കാര ശൈലിയും ‘ജീവിതസമര’ത്തെ വ്യത്യസ്തമാക്കുന്നു. ജോസഫ് മുണ്ടശ്ശേരിയുടെ ‘കൊഴിഞ്ഞഇലക’ളും വി.ടി. ഭട്ടതിരിപ്പാടിന്‍െറ ‘കണ്ണീരും കിനാവും’ ചെറുകാടിന്‍െറ ‘ജീവിതപ്പാത’യും എസ്. ഗുപ്തന്‍ നായരുടെ ‘മനസാ സ്മരാമി’ യും ഇ.എം.എസിന്‍െറ ആത്മകഥയും വിസ്മരിച്ചുകൊണ്ടല്ല ഞാന്‍ ഇതെഴുതുന്നത്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തിവാഴുന്ന കാലത്താണ് ഇന്ന് നാം ജീവിക്കുന്നത്. എന്നാല്‍, അക്കാലത്ത് അതിനെതിരെ പടപൊരുതിയ മഹാനാണ് യുക്തിവാദിയായ അദ്ദേഹം. ‘ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും’ -ശബരിമലയില്‍ തീപിടിത്തമുണ്ടായപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന സി. കേശവന്‍ പ്രതികരിച്ചതിങ്ങനെയാണ്. മലയാളികള്‍ക്ക് മറക്കാന്‍കഴിയാത്ത ഒരു പ്രഖ്യാപനമായിരുന്നു അത്. ഒരിക്കല്‍, ഒരു പ്രസംഗത്തില്‍ നടത്തിയ ‘ഭഗവാന്‍ കാള്‍മാര്‍ക്സ് !’ എന്ന പരാമര്‍ശം ഒട്ടുവളരെ സംവാദങ്ങള്‍ക്ക് വഴിമരുന്നിട്ടു. ഇടിമുഴക്കംപോലുള്ള ആ ഗര്‍ജനം കേരളീയരുടെ വികാരവിചാരങ്ങളെ പിടിച്ചുലച്ചു.

അദ്ദേഹത്തിന്‍െറകോഴഞ്ചേരി പ്രസംഗം ചരിത്രപ്രസിദ്ധാണ്. മാന്യമായ ജീവിതത്തിനും നിയമസഭയിലും സര്‍ക്കാര്‍ സര്‍വിസിലും അര്‍ഹമായ പ്രാതിനിധ്യത്തിനും  കേരളത്തിലെ പിന്നാക്കാവസ്ഥയില്‍നിന്ന ഈഴവരും ക്രിസ്താനികളും മുസ്ലിംകളും സംയുക്തമായി നടത്തിയ തുറന്ന യുദ്ധമായിരുന്നു നിവര്‍ത്തന പ്രക്ഷോഭണം. സി. കേശവനായിരുന്നു ആ പ്രക്ഷോഭണത്തിന്‍െറ നായകരില്‍ പ്രമുഖന്‍. അദ്ദേഹം കോഴഞ്ചേരിയില്‍ ഒരു പ്രസംഗം ചെയ്തു. രാജഭരണത്തിനെതിരായ ഒരു പോര്‍വിളിതന്നെയായിരുന്നു അത്.  ധിക്കാരിയായ  രാജ്യദ്രോഹിയായി മുദ്രകുത്തി. പൂജപ്പുര ജയിലില്‍ അദ്ദേഹത്തെ രണ്ടുവര്‍ഷം തടവിലാക്കി. ജയില്‍മോചിതനായ സി. കേശവന്  കിടങ്ങാംപറമ്പില്‍ നല്‍കിയ സ്വീകരണത്തില്‍ അധ്യക്ഷനായ മലയാള മനോരമ പത്രാധിപര്‍ മാമന്‍ മാപ്പിള ‘കിരീടം വെക്കാത്ത രാജാവായി’ സി. കേശവനെ വിശേഷിപ്പിച്ചു.

പില്‍ക്കാലത്ത്, പലപ്പോഴും രാജഭരണം അദ്ദേഹത്തെ തുറുങ്കിലടച്ചു. അവക്കൊന്നും തന്‍േറടത്തെയും ചങ്കൂറ്റത്തെയും തളര്‍ത്താനായില്ല. ബ്രിട്ടീഷ് ആധിപത്യവും രാജഭരണവും അവസാനിപ്പിച്ച് തിരുവിതാംകൂര്‍ സ്വതന്ത്രമായപ്പോള്‍ ജനകീയ മന്ത്രിസഭയില്‍ തൊഴില്‍, വനം, ആരോഗ്യം എന്നീ വകുപ്പുകളുടെ മന്ത്രിയായി. തൊഴിലാളികള്‍ക്ക് മിനിമംകൂലി ഉറപ്പുവരുത്തുന്ന മിനിമം വേജസ് ആക്ട് നടപ്പാക്കിയത് അദ്ദേഹമായിരുന്നു. തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ ആവശ്യമായ നടപടിക്ക് തുടക്കം കുറിച്ചതും സി. കേശവനായിരുന്നു. നിഷ്കാമകര്‍മയോഗിയായ ഒരു ഋഷിതുല്യനെയാണ് ഈ അപൂര്‍വവ്യക്തിയില്‍ നമുക്ക് കാണാന്‍കഴിയുക. ‘ജീവിതസമരം’ അവതരിപ്പിച്ച് പുത്രനായ കെ. ബാലകൃഷ്ണന്‍ എഴുതി: ‘അച്ഛന്‍െറ വിശ്വാസ പ്രമാണങ്ങളുടെ ആകത്തുക രണ്ട് വാക്കില്‍ ഒതുക്കാവുന്നതേയുള്ളൂ-സത്യവും സ്നേഹവും.’

സത്യസന്ധമായി, ‘നേരെ വാ നേരെ പോ’ എന്ന മനോഭാവത്തോടെ ജീവിച്ച സി. കേശവന്‍ നല്ളൊരു പാട്ടുകാരനും നടനുമായിരുന്നു. രവീന്ദ്രനാഥ ടാഗോര്‍ തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍ കുമാരനാശാന്‍ എഴുതിയ ‘ദിവ്യകോകിലം ’ എന്ന കവിത ചൊല്ലി അദ്ദേഹം ശ്രോതാക്കളെ ആവേശഭരിതരാക്കി. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത അദ്ദേഹം മനോഹരമായി പാടുമായിരുന്നു. ശാകുന്തളത്തിലെ ദുഷ്യന്തനെ സി. കേശവന്‍ പല സ്റ്റേജുകളിലും അനശ്വരമാക്കിയിട്ടുണ്ട്. നിര്‍ഭയനായി, സത്യസന്ധനായി, ധിക്കാരിയായി, നാടിന്‍െറ ഉന്നതിക്കു വേണ്ടി എങ്ങനെ പൊരുതി നേടാം, വിജയിക്കാം എന്ന് മലയാളികളെ ബോധ്യപ്പെടുത്തിയ സി. കേശവന്‍ കേരളത്തിലെ പൊതുജീവിതത്തിന് ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത അനശ്വര മാതൃകയാണ്.

(സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും സി. കേശവന്‍ ഫൗണ്ടേഷന്‍െറ വൈസ് ചെയര്‍മാനുമാണ് ലേഖകന്‍)

Show Full Article
TAGS:c kesavan 
Next Story