Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightചരിത്ര സ്മരണയുമായി...

ചരിത്ര സ്മരണയുമായി യൂനിവേഴ്സിറ്റി കോളജ്

text_fields
bookmark_border
ചരിത്ര സ്മരണയുമായി യൂനിവേഴ്സിറ്റി  കോളജ്
cancel

കേരളത്തിലെ ആദ്യ കലാലയങ്ങളിലൊന്നായ തിരുവനന്തപുരം യൂനിവേഴ്സിറ്റി  കോളജ് ഒന്നര നൂറ്റാണ്ട്   പിന്നിടുകയാണ്.  1834ല്‍  സ്വാതി തിരുനാളിന്‍െറ കാലത്ത് ഇംഗ്ളീഷ്  സ്കൂളായി ആരംഭിച്ച  സ്ഥാപനം 1866ലാണ് കോളജായി മാറുന്നത്. ഹിസ് ഹൈനസ് മഹാരാജാസ് കോളജ് എന്നായിരുന്നു അക്കാലത്ത് പേര്. 1937 നവംബറില്‍  യൂനിവേഴ്സിറ്റി കോളജ്  എന്നത് ഒൗദ്യോഗിനാമമായി.

ചാള്‍സ് വുഡ്സ് ഡസ്പാച്ച് രേഖ (1854) പ്രകാരമാണ് ഇന്ത്യയില്‍ സര്‍വകലാശാലകള്‍ നിലവില്‍ വന്നത്.  അതനുസരിച്ച്  ബോംബെ, കല്‍ക്കട്ട, മദ്രാസ് സര്‍വകലാശാലകള്‍ 1857ല്‍ സ്ഥാപിതമായി. കേരളത്തിലൊരു കോളജ് ആദ്യമായി ഇവയിലൊരു സര്‍വകലാശാലയുമായി ബിരുദകോഴ്സ് അഫിലിയേറ്റ് ചെയ്യുന്നത് 1866ലാണ്. അത് മദ്രാസ് സര്‍വകലാശാലയുമായി അഫിലിയേറ്റ ചെയ്ത യൂനിവേഴ്സിറ്റി കോളജായിരുന്നു അത്. 1870ല്‍  വി. നാഗമയ്യ കോളജിലെ  ആദ്യ ബിരുദധാരിയായി. കേരളത്തിനുള്ളിലെ ഒരുകോളജില്‍നിന്ന് ബിരുദം നേടുന്ന ആദ്യവ്യക്തിയായിരുന്നു വി. നാഗമയ്യ. പില്‍ക്കാലത്ത്  അദ്ദേഹം തിരുവിതാംകൂര്‍  സ്റ്റേറ്റ് മാനുവലിന്‍െറ ശില്‍പി  എന്ന നിലയില്‍ പ്രശസ്തനായി.

 1909 മുതലാണ് പെണ്‍കുട്ടികള്‍ക്ക് പ്രവേശം ലഭിച്ചത്. തിരുവിതാംകൂറിലെ ആദ്യ സര്‍ജന്‍ ജനറലും ഇന്ത്യയിലെ ആദ്യത്തെ വനിതാ സര്‍ജന്‍ ജനറലുമായ മേരി പുന്നന്‍ ലൂക്കോസ് ആണ്  യൂനിവേഴ്സിറ്റി കോളജില്‍ പ്രവേശം നേടിയ ആദ്യവനിത. ദീര്‍ഘകാലം വിദേശികളാണ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുണ്ടായിരുന്നത്. അതിനു 1915 ല്‍  മാറ്റമുണ്ടായി. 1915ല്‍ കേരള പാണിനി എ.ആര്‍.  രാജരാജവര്‍മ  ആദ്യത്തെ ഇന്ത്യന്‍  പ്രിന്‍സിപ്പലായി. 1937ല്‍ തിരുവിതാംകൂര്‍ സര്‍വകലാശാല ആരംഭിക്കുമ്പോള്‍ സര്‍വകലാശാലയുടെ കേന്ദ്രബിന്ദുവായിരുന്നു ഹിസ് ഹൈനസ്  മഹാരാജാസ് കോളജ്. കേരളം ആസ്ഥാനമാക്കി ഒരു സര്‍വകലാശാല ആരംഭിക്കുന്നതിനുമുമ്പ് തന്നെ ഇവിടെ ഒരു കോളജ് പ്രവര്‍ത്തിച്ചിരുന്നുവെന്നതും ബിരുദം നല്‍കിയിരുന്നുവെന്നതും ശ്രദ്ധേയമാണ്. 1965 ല്‍  ഈവനിങ് കോഴ്സുകള്‍ക്ക് തുടക്കം കുറിച്ചു.

യൂനിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളുടെ സമരചരിത്രത്തിനും ഒന്നര നൂറ്റാണ്ടോളം  പഴക്കമുണ്ട്. മലയാളി മെമ്മോറിയലിന്‍െറ 125ാം  വാര്‍ഷികം  ആഘോഷിക്കുന്ന അവസരത്തില്‍ യുനിവേഴ്സിറ്റി കോളജിന്‍െറ ചരിത്രം കൂടുതല്‍  പ്രധാനമാവുകയാണ്. മലയാളി മെമ്മോറിയലിനു നേതൃത്വം നല്‍കിയവരില്‍ പ്രധാനികളായിരുന്ന ബാരിസ്റ്റര്‍ ജി.പി. പിള്ളയും സി.വി. രാമന്‍ പിള്ളയും മെമ്മോറിയലിനെ സംബന്ധിക്കുന്ന ആദ്യ ആലോചനകള്‍ നടത്തിയത് കോളജിലെ ചരിത്ര പ്രസിദ്ധമായ മുത്തശ്ശി മാവിന്‍െറ ചുവട്ടിലായിരുന്നു. ജി. പരമേശ്വരന്‍  പിള്ള എന്ന ബാരിസ്റ്റര്‍ ജി.പി. പിള്ള സാമ്രാജ്യത്വത്തെയും അഴിമതിയെയും വിമര്‍ശിച്ച് എഴുതിയ ലേഖനം അധികാരികളെ അസ്വസ്ഥരാക്കുകയും അദ്ദേഹത്തെ കോളജില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പില്‍ക്കാലത്ത് അദ്ദേഹം സ്വാതത്ര്യ സമരപ്രസ്ഥാനത്തിന്‍െറ നേതൃസ്ഥാനത്തേക്കുയര്‍ന്നു.

യൂനിവേഴ്സിറ്റി കോളജിന്‍െറ ദേശീയപ്രാധാന്യം വ്യക്തമാക്കുന്ന നിരവധി സംഭവങ്ങളുണ്ട്. സ്വാതന്ത്ര്യസമരകാലത്തും അടിയന്തരാവസ്ഥക്കാലത്തും നിരവധി അവകാശസമരങ്ങള്‍ക്ക് ഈ കലാലയം കേന്ദ്രമായി. 1921ല്‍   ഫീസ് വര്‍ധനക്കെതിരെ നടത്തിയ സമരം ദിവാന്‍ നേരിട്ടത് കുതിരപ്പട്ടാളത്തെ ഉപയോഗിച്ചായിരുന്നു. 1938ലെ സമരത്തെ ലാത്തിച്ചാര്‍ജിലൂടെ നേരിട്ടു. 1942 ല്‍ കോളജിന് മുന്നിലെ മാവില്‍ മണ്ണന്തല കരുണാകരന്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പതാകയുയര്‍ത്തിയതും തുടര്‍ന്ന് അദ്ദേഹത്തെയും പുതുപ്പള്ളി രാഘവനെയുമടക്കം പൊലീസ് അറസ്റ്റ് ചെയ്തതും ചരിത്രരേഖകളാണ്. ദേശീയ പ്രക്ഷോഭങ്ങളോടൊപ്പം കേരളത്തിലെ സാമൂഹിക പരിഷ്കരണ പ്രക്ഷോഭങ്ങളിലും കലാലയം നിര്‍ണായക സംഭാവനകള്‍ നല്‍കി. ജാതി വ്യവസ്ഥക്കും താലികെട്ട് കല്യാണത്തിനും മറ്റ് അനാചാരങ്ങള്‍ക്കുമെതിരെ വിദ്യാര്‍ഥികള്‍ പ്രചാരണം നടത്തി.

ബാരിസ്റ്റര്‍ ജി.പി. പിള്ള,  സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എം.എസ്. സ്വാമിനാഥന്‍, കേസരി ബാലകൃഷ്ണ പിള്ള, കെ.ആര്‍. നാരായണന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍,  പ്രഫ. ഹൃദയകുമാരി,  പ്രഫ. കുമാരപിള്ള, ശൂരനാട്ട്  കുഞ്ഞന്‍ പിള്ള, സുഗതകുമാരി, ഒ.എന്‍. വി. കുറുപ്പ്, തിരുനല്ലൂര്‍ കരുണാകരന്‍,  ഡോ. കെ. അയ്യപ്പപ്പണിക്കര്‍,  പ്രഫ. വിഷ്ണു നാരായണന്‍ നമ്പൂതിരി, ഭരത് ഗോപി, പത്മരാജന്‍, കമുകറ പുരുഷോത്തമന്‍, ലെനിന്‍ രാജേന്ദ്രന്‍, ജി. മാധവന്‍ നായര്‍, തുടങ്ങി നിരവധി പേര്‍  ഈ കലാലയത്തിലെ പൂര്‍വവിദ്യാര്‍ഥികളാണ്.  1922ല്‍ രവീന്ദ്രനാഥ ടാഗോറും 1925 ല്‍ മഹാത്മാഗാന്ധിയും കോളജ് സന്ദര്‍ശിച്ചു. കേരളത്തില്‍ ജനകീയവും  മതനിരപേക്ഷവുമായ ഉന്നത വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച കലാലയമാണ് യൂനിവേഴ്സിറ്റി കോളജ്. സ്വകാര്യ കലാശാലകളുടെയും വരേണ്യവിദ്യാഭ്യാസ സമ്പ്രദായത്തിന്‍െറയും സ്ഥാനത്ത് ജനാധിപത്യപരമായ വിദ്യാഭ്യാസ പദ്ധതി വ്യാപകമായതിനു പിന്നില്‍ സുദീര്‍ഘമായൊരു ചരിത്രമുണ്ട്. ആ ചരിത്രത്തിലെ നാഴികക്കല്ലാണ് യൂനിവേഴ്സിറ്റി കോളജ്.

Show Full Article
TAGS:university college 
Next Story