Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightന്യൂനപക്ഷകാര്യ...

ന്യൂനപക്ഷകാര്യ മന്ത്രിയുടെ സത്വരശ്രദ്ധക്ക്

text_fields
bookmark_border
ന്യൂനപക്ഷകാര്യ മന്ത്രിയുടെ സത്വരശ്രദ്ധക്ക്
cancel

മന്ത്രിസഭയിലെ പുതുമുഖം ഡോ.കെ.ടി ജലീലിന്‍െറ കരങ്ങളില്‍ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ഏല്‍പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രചോദനമായത് അദ്ദേഹത്തിന്‍െറ കഴിവിലും പ്രാപ്തിയിലുമുള്ള വിശ്വാസമാവാം. യു.ഡി.എഫ് ഭരണകാലത്ത് മൂന്നുമന്ത്രിമാര്‍ കൈകാര്യ ചെയ്ത തദ്ദേശസ്വയംഭരണം, ഗ്രാമവികസനം, നഗരാസൂത്രണം, ന്യൂനപക്ഷകാര്യം, ഹജ്ജ്, വഖഫ് തുടങ്ങിയ സുപ്രധാന വകുപ്പുകളാണ് ജലീലിന് നല്‍കിയത്. എല്‍.ഡി.എഫ് നേതൃത്വം കൈയേല്‍പിച്ച ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ അര്‍പ്പണബോധത്തോടെ നിര്‍വഹിക്കുകയും വകുപ്പില്‍ ഭാവനാപൂര്‍ണമായ കാഴ്ചപ്പാടോടെ പുതിയ ആശയങ്ങളും പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കാം. പിടിപ്പുകേടും കൊള്ളരുതായ്മകളും മൂലം നിറംകെട്ട ഹജ്ജും വഖഫും അടക്കമുള്ള വകുപ്പുകളാണ് ജലീലിന് ലഭിച്ചിരിക്കുന്നത്. അടിമുടി രാഷ്ട്രീയവത്കരിക്കപ്പെട്ടതോടെ സംരക്ഷിക്കപ്പെട്ടത് പാര്‍ട്ടിയുടെയോ ഏതാനും വ്യക്തികളുടെയോ താല്‍പര്യങ്ങള്‍ മാത്രമായിരുന്നു. പൊളിച്ചെഴുത്ത് അനിവാര്യമാണ് ന്യൂനപക്ഷ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്ത്. പുതിയ മന്ത്രി മനസ്സ്വെച്ചാല്‍ അത് സാധ്യമാകാതിരിക്കില്ല. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത്  ഹജ്ജും വഖഫും കൈകാര്യം ചെയ്ത മന്ത്രി പാലോളി മുഹമ്മദ് കുട്ടി തുടങ്ങിവെച്ച പദ്ധതികള്‍ പാതിവഴിക്ക് തടസ്സപ്പെട്ടുവെന്ന് മാത്രമല്ല, കഴിഞ്ഞ  അഞ്ചുവര്‍ഷത്തിനുള്ളില്‍ പലതിലും പിറകോട്ടടിക്കുകയും ചെയ്തു.

സച്ചാര്‍ റിപ്പോര്‍ട്ട് വഴികാട്ടട്ടെ
ഇന്ത്യന്‍മുസ്ലിംകളുടെ സാമൂഹികവും വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ അവസ്ഥയെ കുറിച്ച് ആഴത്തില്‍ പഠിച്ച സച്ചാര്‍കമീഷന്‍ റിപ്പോര്‍ട്ടിനെ ഗൗരവമായി കണ്ട പാര്‍ട്ടികളിലൊന്നാണ് സി.പി.എം. റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ വെക്കണമെന്നും സമഗ്രമായ ചര്‍ച്ച നടത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും ലോക്സഭാംഗവുമായിരുന്ന മുഹമ്മദ് സലീം കണ്‍വീനറും ഹന്നാന്‍ മുല്ല, സുഭാഷിണി അലി, പാലോളി മുഹമ്മദ് കുട്ടി, ടി.കെ ഹംസ, മുഈനുല്‍ഹസന്‍ തുടങ്ങിയവര്‍ അംഗങ്ങളുമായ 17 അംഗ ന്യൂനപക്ഷസെല്‍, ജന.സെക്രട്ടറി പ്രകാശ് കാരാട്ടിന്‍െറ അധ്യക്ഷതയില്‍, സച്ചാര്‍ റിപ്പോര്‍ട്ടിന്‍െറ ചുവടുപിടിച്ച് മുസ്ലിം ഉന്നമനത്തിന് ‘സി.പി.എം ചാര്‍ട്ടര്‍’ തയാറാക്കി. വികസനം, തൊഴിലും വരുമാനവും കണ്ടത്തെല്‍, വിദ്യാഭ്യാസം, സുരക്ഷ എന്നിങ്ങനെ നാല് തലക്കെട്ടുകളില്‍ 23 നിര്‍ദേശങ്ങള്‍ ചാര്‍ട്ടറില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. അച്യുതാനന്ദന്‍മന്ത്രിസഭയുടെ കാലയളവില്‍ പാലോളി കമ്മിറ്റി ഈ ദിശയില്‍ ക്രിയാത്കമായ കുറെ ചുവടുവെപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍, യു.ഡി.എഫ് വന്നതോടെ തുടര്‍നടപടികളുമായി മുന്നോട്ട്പോയില്ല എന്ന് മാത്രമല്ല, സച്ചാര്‍ എന്ന വാക്ക് പോലും കേള്‍ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ഏകമനസ്സോടെ പ്രവര്‍ത്തിക്കുകയും ചെയ്തു. ന്യൂനപക്ഷക്ഷേമ കാര്യങ്ങളില്‍ മന്ത്രി പാലോളി നിര്‍ത്തിയിടത്തുനിന്നാണ് ജലീല്‍ തുടങ്ങേണ്ടത്. പരേതനായ അര്‍ജുന്‍സിങ് കേന്ദ്രമാനവവിഭവ ശേഷി മന്ത്രിയായിരുന്ന കാലത്ത്, സച്ചാര്‍ റിപ്പോര്‍ട്ട് മുന്നില്‍വെച്ച്, ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നതി ലാക്കാക്കി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കിയിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈ വഴിക്കുള്ള കേന്ദ്രസഹായം യഥാവിധി പ്രയോജനപ്പെടുത്താന്‍ പോലും ബന്ധപ്പെട്ടവര്‍ ശുഷ്കാന്തി കാണിച്ചിരുന്നില്ല എന്ന പരാതി ബാക്കിയുണ്ട്. ഗള്‍ഫ് സമ്പാദ്യം വിദ്യാഭ്യാസമേഖലയില്‍ നിക്ഷേപിക്കാനും പ്രഫഷനല്‍ മേഖലയിലടക്കം ബഹുദൂരം മുന്നേറാനും മുസ്ലിം വിദ്യാര്‍ഥികള്‍, വിശിഷ്യാ പെണ്‍കുട്ടികള്‍ ഒൗല്‍സുക്യം കാണിക്കുന്ന മാറിയ സാഹചര്യത്തില്‍ ക്രിയാത്മകമായ പുതിയ കാല്‍വെപ്പുകള്‍ക്ക് വകുപ്പ് സന്നദ്ധമാവുകയാണെങ്കില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സഹായസഹകരണങ്ങള്‍ ലഭിക്കുമെന്നുറപ്പാണ്.

പരാക്രമം തീര്‍ഥാടകരോട് വേണ്ട
ഹജ്ജ് തീര്‍ഥാടകരുടെ യാത്ര പരമാവധി സുഗമമവും ക്ളേശരഹിതവുമാക്കാന്‍ എന്തുചെയ്യാന്‍ പറ്റുമെന്ന് ചിന്തിക്കുന്നതിനു പകരം ആരുടെയൊക്കെയോ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി നിസ്സഹായത നടിച്ചതിന്‍െറ പ്രത്യാഘാതം കഴിഞ്ഞ കാലത്ത് അനുഭവിച്ചത് ഹാജിമാരാണ്. മലബാറുകാരുടെ നെടുനാളത്തെ പ്രാര്‍ഥനകള്‍ക്കും പരിദേവനങ്ങള്‍ക്കും ശേഷമാണ് കരിപ്പൂര്‍ വിമാനത്താവളം എംബാര്‍ക്കേഷന്‍ പോയന്‍റായി അനുവദിച്ചത്. റീകാര്‍പറ്റിങ്ങിന്‍െറ പേരില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒരുനാള്‍ പെട്ടെന്ന് വലിയ വിമാനങ്ങള്‍ പിന്‍വലിക്കുകയും അതിന്‍െറ മറവില്‍ ഹജ്ജ് തീര്‍ഥാടകരെ നെടുമ്പാശ്ശേരിയിലേക്ക് ആട്ടിയോടിക്കുകയും ചെയ്ത ക്രൂരനടപടിയോട് സമുദായം ഇതുവരെ പ്രതികരിക്കാതിരിക്കാന്‍ പ്രധാന കാരണം മുസ്ലിംലീഗ് ട്രഷറി ബെഞ്ചിലായതായിരിക്കണം. സര്‍ക്കാര്‍ മേഖലയിലുള്ള കരിപ്പൂരിനെ തകര്‍ക്കാനും സ്വകാര്യവ്യക്തികള്‍ ലാഭം കൊയ്യുന്ന നെടുമ്പാശ്ശേരിയെ കൊഴുപ്പിക്കാനുമുള്ള ആസൂത്രിത നീക്കം ഇതിന്‍െറ പിന്നിലില്ളേ എന്ന് പലരും സംശയമുയര്‍ത്തിയതാണ്. ഈ വിഷയത്തില്‍  പുതിയ സര്‍ക്കാര്‍ ആത്മാര്‍ഥശ്രമങ്ങള്‍ നടത്തേണ്ടതായുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്താന്‍ എമിറേറ്റ്സ് പോലുള്ള വിമാന കമ്പനികള്‍ ഇപ്പോഴും തയാറാണെങ്കിലും തടസ്സം നില്‍ക്കുന്നത് വിമാനത്താവള അധികൃതരാണ്. വ്യോമയാന മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ട് , പ്രത്യേക പരിണനയിലെങ്കിലും തീര്‍ഥാടകരുടെ യാത്ര കരിപ്പൂരിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചാല്‍ ഹാജിമാര്‍ക്ക് വലിയ സൗകര്യമാവും.

 ഹാജിമാരില്‍നിന്നും സര്‍ക്കാരില്‍നിന്നും ശേഖരിച്ച നാലര കോടി മുടക്കി സ്ഥാപിച്ച ഹജ്ജ് ഹൗസ് സംസ്ഥാന ഹജ്ജ് കമ്മിറ്റി നിസ്സങ്കോചം കല്യാണമണ്ഡപമായി മാറ്റിയിരിക്കയാണിപ്പോള്‍. കല്യാണമണ്ഡപ നടത്തിപ്പുകാരായി തരംതാഴുന്നത് ഹജ്ജ് കമ്മിറ്റി പോലുള്ള സ്റ്റാറ്റ്യൂട്ടറി പദവിയുള്ള ഒരു ബോഡിക്ക് ഭൂഷണമാണോ? ഹജ്ജ് ഹൗസ് എങ്ങനെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താമെന്നതിനെ കുറിച്ച്് വകുപ്പ് മന്ത്രി കൂലങ്കശമായി ആലോചിക്കണം. സമുദായസംഘടനകളുമായി ഈ വിഷയത്തില്‍ ചര്‍ച്ചയാവാം. കരിപ്പൂരില്‍നിന്ന് തീര്‍ഥാടകപ്രയാണം പുനരാരംഭിക്കുന്നത് വരെ സമുദായ മേല്‍ഗതിക്കായുള്ള ഏതെങ്കിലും ക്രിയാത്മക പദ്ധതിക്കായി കെട്ടിടം വിനിയോഗിക്കുന്നതിനെ കുറിച്ചാണ് സഗൗരവം ചിന്തിക്കേണ്ടത്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഉപകാരപ്പെടുന്ന കോളജായോ ഉന്നതപഠനത്തിനുള്ള കോച്ചിങ് സെന്‍ററായോ അതുമല്ളെങ്കില്‍ വര്‍ക്കിങ് വുമന്‍സ് ഹോസ്റ്റലായോ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ സാമൂഹികസമുദ്ധാരണ വഴിയില്‍ അത് നാഴികക്കല്ലായേനെ. നിലവിലെ കെട്ടിടം കല്യാണമണ്ഡപമാക്കി മാറ്റിയിട്ടും ലാഭക്കൊതി തീരാത്ത സംസ്ഥാന ഹജ്ജ് കമ്മിറ്റി 16കോടി മുടക്കി പുതിയ ഏഴുനില ഹജ്ജ് ഹൗസിന്‍െറ നിര്‍മാണം തുടങ്ങാനുള്ള ധൃതിയിലാണത്രെ. എംബാര്‍ക്കേഷന്‍പോയന്‍റ് കരിപ്പൂരിലേക്ക് തിരിച്ചുപിടിച്ച ശേഷം മതി ഇനി ഏത് തരത്തിലുള്ള കെട്ടിടനിര്‍മാണവും.

കരിപ്പൂര്‍ വിമാനത്താവള വിപുലീകരണം
മലബാറിന്‍െറ അടിസ്ഥാനവികസന കാര്യം പരാമര്‍ശിക്കവെ, കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ വിപുലീകരണത്തിനു മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ്നല്‍കിയിട്ടുണ്ട്. റണ്‍വേ വികസനത്തിനു 213ഏക്കര്‍ അടക്കം 485ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്യാന്‍ കഴിയാത്തതിന്‍െറ പേരില്‍ ഒരു മേഖലയുടെ വികസനം തന്നെ അവതാളത്തിലാകുന്ന അവസ്ഥ എത്ര പരിതാപകരം! ജില്ലയില്‍നിന്നുള്ള 16 എം.എല്‍.എമാരും അഞ്ച് മന്ത്രിമാരും വിചാരിച്ചാല്‍ നടക്കാത്ത കാര്യമായിരുന്നുവോ ഇത്?  ജില്ലയില്‍നിന്നുള്ള മന്ത്രി എന്ന നിലയില്‍ കരിപ്പൂരിന്‍െറ നഷ്ടപ്രതാപം തിരിച്ചുകൊണ്ടുവരുവാന്‍ ജലീല്‍ കഠിനയത്നം നടത്തിയേ പറ്റൂ. അതല്ളെങ്കില്‍, കണ്ണൂര്‍ വിമാനത്താവളവും കൂടി തുറന്നുകൊടുത്താല്‍ കരിപ്പൂരില്‍നിന്ന് കാക്ക പോലും പറക്കാത്ത അവസ്ഥ സംജാതമായേക്കാം.
 സംസ്ഥാന ഹജ്ജ്കമ്മിറ്റിയും വഖഫ് ബോര്‍ഡും പുന$സംഘടിപ്പിക്കുമ്പോള്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കാന്‍ മന്ത്രി ജലീല്‍ ശുഷ്കാന്തി കാട്ടുമെന്നാണ് നിഷ്പക്ഷമതികള്‍ പ്രതീക്ഷിക്കുന്നത്. ഹജ്ജ് വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ പോലും രാഷ്ട്രീയപക്ഷപാതിത്വത്തോടെ ഇന്‍റര്‍വ്യു എന്ന പ്രഹസനം വഴി വളണ്ടിയര്‍മാരെ തെരഞ്ഞെടുത്തപ്പോള്‍ 90 ശതമാനം പേരും ഒരേ ജില്ലയില്‍നിന്ന് ഒരേ പാര്‍ട്ടിക്കാരായത് ആകസ്മികമല്ല. ഈ വര്‍ഷത്തെ വളണ്ടിയര്‍ തെരഞ്ഞെടുപ്പ് ഇലക്ഷന്‍ കമീഷന്‍ തടഞ്ഞപ്പോള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലേക്ക് വിഷയം വിട്ട് കുറുക്ക്വഴിയിലൂടെ നിയമനം നടത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അതിനു അനുവദിക്കാതെ, അപേക്ഷസമര്‍പ്പിച്ച മുഴുവനാളുകളെയും ഇന്‍റര്‍വ്യൂവിന് വിളിച്ച് എല്ലാ ജില്ലകള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കും വിധം വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുകയാണ് വേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kt jaleel
Next Story