Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅയ്യങ്കാളിയുടെ...

അയ്യങ്കാളിയുടെ മേല്‍മീശയും തലപ്പാവും

text_fields
bookmark_border
അയ്യങ്കാളിയുടെ മേല്‍മീശയും തലപ്പാവും
cancel

അയ്യങ്കാളിക്കു മുമ്പുതന്നെ രണ്ടയ്യന്മാര്‍ കേരള നവോത്ഥാനത്തിലേക്കു വഴിനടന്നു.  അയ്യാ വൈകുണ്ഠനും തൈക്കാട് അയ്യാവുമാണവര്‍.  അയ്യങ്കാളിയുടെ പിതാവിന്‍െറ പേരും അയ്യന്‍ എന്നു തന്നെയാണ്. ഇന്തിരര്‍ദേസ സരിത്രമെന്ന ഇന്ത്യയുടെ ബൗദ്ധചരിത്രമെഴുതിയ പണ്ഡിറ്റ് അയ്യോതി താസരുടെ പേരിലും അയ്യാവിന്‍െറ വാക്കും പൊരുളും ഉള്ളടങ്ങുന്നു (അലോഷ്യസ് 1998). സഹോദരനയ്യപ്പന്‍െറ കൂടെ 1917ലെ ചേറായി പന്തിഭോജനത്തില്‍ സഹകരിച്ച ദലിത സോദരനാണ് അയ്യര്‍.  അയ്യര് പുലയനും മകന്‍ കണ്ണനുമാണ് പന്തിഭോജനത്തില്‍ പങ്കാളികളായത്. സഹോദരന്‍െറ അയ്യപ്പന്‍ എന്ന വിളിപ്പേരിലും ആദിയായിരിക്കുന്നത് അയ്യനാണ്, അപ്പന്‍ രണ്ടാമതും. ചേറായി കുമ്പളത്തു പറമ്പില്‍ പലതവണ വന്നു കുടിപ്പാര്‍ത്തു കഞ്ഞികുടിച്ചിട്ടുള്ള ചട്ടമ്പിസ്വാമികളുടെ യഥാര്‍ഥപേരും അയ്യപ്പനെന്നുതന്നെ. അയ്യന്‍ എന്നും അതിന്‍െറ ബഹുമാന സൂചകമായി അയ്യര് എന്നുമുള്ള വിളിപ്പേരുകള്‍ അവര്‍ണരുടെ ഇടയില്‍ 19ാം നൂറ്റാണ്ടിലും വ്യാപകമായിരുന്നു എന്നാണീ വ്യക്തിനാമങ്ങള്‍ തെളിയിക്കുന്നത്.  തമിഴില്‍ അയ്യന്‍ എന്നാല്‍ പുത്തന്‍ അഥവാ ബുദ്ധന്‍ എന്നാണര്‍ഥം എന്നു സി.വി. കുഞ്ഞിരാമന്‍ 20ാം നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.  തയ്യില്‍ അയ്യന്മാരും പള്ളിക്കല്‍ പുത്തരച്ചന്മാരും കരുമാടി കുട്ടന്മാരും എല്ലാം ബുദ്ധന്‍െറ കേരളത്തിലെ ഗ്രാമ്യനാമങ്ങളാണെന്നും സി.വി വ്യക്തമാക്കുന്നു.  അയ്യനും അച്ഛനും അപ്പനും അയ്യപ്പനും കുട്ടപ്പനും നാണപ്പനും മുത്തപ്പനും പൊന്നപ്പനും നാഗപ്പനും എല്ലാം ബുദ്ധനെയും ജൈനതീര്‍ഥങ്കരന്മാരെയും കുറിക്കുന്ന കേരളീയമായ പേരുകളാണ് (ശേഖര്‍ 2014).  നാണു എന്നായിരുന്നു നാരായണഗുരുവിന്‍െറ പേര്.

ജാതിനിയമങ്ങള്‍ ലംഘിക്കുന്നവരെ വര്‍ണാശ്രമ സംരക്ഷകരായ അനന്തപുരി നീചന്മാര്‍ പുലിമടയില്‍ തള്ളുന്ന സാഹചര്യത്തിലാണ് അവര്‍ണയോഗിയായ നാണുവാശാന്‍ നാരായണഗുരു എന്ന പേരു സ്വീകരിക്കുന്നത്. വഴിനടപ്പും തുണിയുടുപ്പും അവര്‍ണര്‍ക്കു നാട്ടുനടപ്പല്ലാത്ത ഈ കാലത്തുതന്നെയാണ് അയ്യങ്കാളി തന്‍െറ വലിയ യാത്രകള്‍ തുടങ്ങുന്നതും. 19ാം നൂറ്റാണ്ടിന്‍െറ മധ്യത്തില്‍തന്നെ ജാത്യാധികാരത്തെ വെല്ലുവിളിച്ച് ദലിതര്‍ക്കായി രാപ്പള്ളിക്കൂടവും വായനശാലയും ജ്ഞാനേശ്വര അമ്പലവും കളിയോഗവും തുറന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ജാത്യാധികാരത്തിന്‍െറ വാടകക്കൊലയാളികളിലൂടെ ചതിയില്‍ അതിദാരുണമായി കൊല്ലപ്പെടുകയാണുണ്ടായത്. അയ്യങ്കാളിയില്‍ വിശദമായി വിപുലീകരിക്കപ്പെട്ട മനുഷ്യാവകാശ, സഞ്ചാര, വിദ്യാഭ്യാസ, സ്ത്രീകളുടെ ആത്മാഭിമാന, ആത്മീയ സമരങ്ങള്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ പ്രാദേശികമായി 19ാം നൂറ്റാണ്ടിന്‍െറ ആദ്യപാദത്തില്‍തന്നെ സാധ്യമാക്കിയതും വാരണപ്പള്ളിയില്‍നിന്ന് വിവാഹം കഴിച്ച വേലായുധപ്പണിക്കരായിരുന്നു.  

കിരാതമായ ജാതിയുടെ ഇരുട്ട് അടിത്തട്ടിലമരുന്ന ജനതയെ തികച്ചും അപമാനവീകരിച്ച 19ാം നൂറ്റാണ്ടിന്‍െറ രണ്ടാം പാദത്തിലാണ് 1863 ആഗസ്റ്റ് 28ന് വെങ്ങാനൂരിലെ പ്ളാവറത്തറ കുടിയില്‍ അയ്യന്‍െറയും മാലയുടെയും മകനായി അയ്യങ്കാളി പിറന്നത്.  ക്രൈസ്തവ ബോധകരുടെ സുവിശേഷവേലകളും നാടുണര്‍ത്തിയ നാടാര്‍ കലാപങ്ങളും നാണുവാശാന്‍െറ 1888 ലെ വിധ്വംസകമായ പ്രതിഷ്ഠാപനകലയുമെല്ലാം ഒമ്പതാം നൂറ്റാണ്ടു മുതല്‍ തുടങ്ങിയ ബ്രാഹ്മണികവും വൈദികവുമായ ഹിന്ദുവാഴ്ചയെയും അതിന്‍െറ ജാതിസ്വരാജ്യത്തെയും പിടിച്ചുലച്ച കാലമായിരുന്നു അത്.  അയ്യങ്കാളിയും കൂട്ടാളികളും അരുവിപ്പുറത്തത്തെി നാണുഗുരുവിനെ സന്ദര്‍ശിച്ച് ദീര്‍ഘസംഭാഷണങ്ങള്‍ നടത്തി.  കാലത്തിനുമുമ്പേ നടന്ന നാണുഗുരുവിന്‍െറ സാമൂഹിക പരിഷ്കരണത്തിലും വിമോചനവേലയിലും ആകൃഷ്ടനായാണ് അയ്യന്‍ നാണുഗുരുവിനെ പലതവണ കൂടിക്കണ്ടതും ആഴത്തിലടുപ്പത്തില്‍ സംസാരിച്ചതും. പാണ്ടിപ്പറയനെന്നു മലയാള കുലീനരാല്‍ അധിക്ഷേപിക്കപ്പെട്ട സുബ്ബരായരെന്ന തൈക്കാടയ്യാവുമായും അയ്യങ്കാളി പലതവണ കൂടിക്കണ്ടിരുന്നു.  1893ല്‍ പട്ടിക്കും പശുവിനും കടക്കാവുന്ന വഴികളില്‍ മനുഷ്യരെ വിലക്കിയ ജാതിയിരുട്ടിന്‍െറ ഹിംസയെ വെല്ലുവിളിച്ച് അദ്ദേഹം സഞ്ചാര സ്വാതന്ത്ര്യമെന്ന അടിസ്ഥാന മനുഷ്യാവകാശത്തിനുവേണ്ടിയുള്ള ഐതിഹാസികപ്രക്ഷോഭം ആരംഭിച്ചു.

അയ്യങ്കാളിയുടെ വില്ലുവണ്ടി

സഞ്ചാരസ്വാതന്ത്ര്യ സമരത്തിന്‍െറ രാഷ്ട്രീയവും സാംസ്കാരികവുമായ അര്‍ഥതലങ്ങള്‍ മനസ്സിലാക്കാന്‍ സൂക്ഷ്മമായ ചരിത്രബോധവും വിമര്‍ശഭാവനയും ആവശ്യമാണ്. സവര്‍ണര്‍ക്കുമാത്രം അനുവദിച്ചിരുന്ന ഒരു വാഹനമായിരുന്നു വില്ലുവണ്ടി എന്ന മേല്‍ജാതി കാളവണ്ടി.  വില്ലുപോലുള്ള വളഞ്ഞ മേല്‍ക്കൂരവെച്ച്  മണികെട്ടി, പ്രൗഢിയേറിയ മനുഷ്യസഞ്ചാരത്തിനുവേണ്ടിയുള്ള കാളവണ്ടിയാണത്. രണ്ടു വെളുത്ത കാളക്കൂറ്റന്മാരെയാണതില്‍ ഉപയോഗിച്ചത്. അവയുടെ കഴുത്തിലും വലിയ വണ്ടിച്ചക്രങ്ങളിലും കിലുങ്ങുന്ന ഓട്ടുമണികള്‍ കെട്ടിയിരുന്നു.  ഒരു ദൃശ്യശബ്ദ സഞ്ചാരവും സമഗ്രാനുഭവവുംതന്നെയായിരുന്നു അയ്യന്‍െറ വില്ലുവണ്ടിയാത്ര.  മനുഷ്യന്‍െറ സ്വാഭിമാനത്തെയും സഞ്ചാരത്തെയും തടയുന്ന അനീതിപൂര്‍വകമായ ജാതിവിലക്ക് ലംഘിക്കുന്ന മാനവികവും നൈതികവുമായ വിമോചനയാത്രയുടെ തുടക്കമായിരുന്നു അത്. അയ്യന്‍െറ കാളക്കുട്ടികളുടെ മണികിലുക്കത്തില്‍ ആറാട്ടുപുഴയുടെ വെള്ളക്കുതിരയുടെ കുളമ്പടിയൊച്ച കലര്‍ന്നിരുന്നു. തിരുവിതാംകൂറിന്‍െറ വടക്കന്‍ അതിര്‍ത്തിയായ വൈക്കംവരെ വില്ലുവണ്ടിയില്‍ യാത്രചെയ്തു വന്ന അയ്യന്‍െറ സഞ്ചാരത്തില്‍ പൊയ്കയുടെ സഞ്ചാര പ്രസംഗങ്ങളും നാണുവാശാന്‍െറ ഈളത്തുപോക്കുമെല്ലാം അലയടിക്കുന്നു. നാണു ഗുരുവിന്‍െറ റിക്ഷാവണ്ടി തടഞ്ഞ തീണ്ടല്‍പ്പലകയും ജാതിക്കോമരങ്ങളും അയ്യന്‍െറ വില്ലുവണ്ടിയും അന്ത്യശാസനവും പഴകിയ പടവാള്‍ ഉയര്‍ത്തിക്കാട്ടി തടഞ്ഞു, വണ്ടിയില്‍ നിന്നിറങ്ങി, മാവേലിക്കരയിലെ കണ്ടിയൂരിനു ചുറ്റും ആനയും കാറും വിട്ടിറങ്ങിപ്പോന്ന ആലുംമൂട്ടില്‍ ചാന്നാരെപ്പോലെ,  തീണ്ടല്‍ വഴിയേ നടന്നുകയറിവരാന്‍ ബ്രാഹ്മണ്യത്തിന്‍െറ പാദജര്‍ ആ ജനനായകനെ നിര്‍ബന്ധിച്ചു. അയ്യന്‍ അത് തന്‍െറ ജനതയുടെയും എല്ലാ അവര്‍ണരുടെയും ആത്മാഭിമാനപ്രശ്നമായി കണ്ടറിഞ്ഞു. എന്നാല്‍, ആ നീക്കത്തെ അദ്ദേഹം ധീരമായി പ്രതിരോധിച്ചു.

വെളുത്ത മുണ്ടും തലപ്പാവും

വെളുത്ത മുണ്ട്, വെളുത്ത അരക്കൈയന്‍ ബനിയന്‍, വെളുത്ത തലേക്കെട്ട് എന്നിങ്ങനെയായിരുന്നു അയ്യങ്കാളിയുടെ വേഷം. തികച്ചും ശാന്തനും അക്ഷോഭ്യനുമായിരുന്നു ആ മൂകനായകന്‍. മുഖത്താണെങ്കില്‍ തികച്ചും വ്യക്തമായ ഒരു വലിയ മേല്‍മീശയും ഉണ്ടായിരുന്നു. 1200 കൊല്ലങ്ങളായി ജാതിയുടെ ഇരുട്ടും അതിന്‍െറ ഉറവിടമായ സനാതന വൈദിക വര്‍ണാശ്രമധര്‍മവും മര്‍ദിച്ചൊതുക്കിയ അവര്‍ണരുടെ കരുത്തും പൗരുഷവുമായിരുന്നു ആ മേല്‍മീശ.  തിരുക്കുറള്‍ പാടിയ വള്ളുവരുടെ കാലത്തിനും എത്രയോ മുമ്പുതന്നെ ഈ കേരളഭൂമിയുടെ വിധാതാക്കളായിരുന്ന അടിസ്ഥാന ജനതയുടെ നാഗരികമായ നേതൃത്വസൂചനയായിരുന്നു ആ ഞൊറിയിട്ട വെള്ളത്തലപ്പാവ്. വെങ്ങാനൂരു നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു 1893ലെ ഈ ഐതിഹാസിക യാത്ര.  ഈ ദൃശ്യഛായകളും അവയുടെ അടയാള വിജ്ഞാനീയവും ചരിത്രപരമായും വിമര്‍ശാത്മകമായും വിശകലനം ചെയ്യേണ്ടതുണ്ട്.  അന്നുവരെ അരയ്ക്കു മേലോട്ടും മുട്ടിനു കീഴോട്ടും മുണ്ടു നീട്ടിയുടുക്കാന്‍ അവര്‍ണര്‍ക്ക് വിലക്കുണ്ടായിരുന്നു.  എന്തെങ്കിലും കീറത്തുണി അരയ്ക്കു ചുറ്റി നാണം മറയ്ക്കാം (ഭാസ്കരനുണ്ണി 2002).  സവര്‍ണരുടെ മുന്നിലത്തെിയാല്‍ അവര്‍ണ സ്ത്രീകള്‍ മേല്‍മാറാപ്പുകൂടി നീക്കിക്കാട്ടണം എന്നായിരുന്നല്ളോ.  19ാം നൂറ്റാണ്ടിന്‍െറ ആദ്യപാദത്തില്‍തന്നെ കായംകുളം ഭാഗത്ത് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ അവര്‍ണ സ്ത്രീകള്‍ക്കായി മേല്‍ശീലക്കലാപവും മൂക്കുത്തി കലാപവും നടത്തുകയുണ്ടായി.  മേല്‍ശീല ധരിച്ച ചില അവര്‍ണസ്ത്രീകളെ അപമാനിച്ച സവര്‍ണമാടമ്പിമാരെ അദ്ദേഹവും സുഹൃത്തുക്കളും സമര്‍ഥമായി ചെറുക്കുകയുണ്ടായി. ഇതിലെല്ലാം കലിയേറിയാണല്ളോ അദ്ദേഹത്തെ വാടകക്കൊലയാളികളെയയച്ച് സവര്‍ണമാടമ്പിത്തവും ബ്രാഹ്മണാധിപത്യവും രാജാധികാരവും കൂടി ഒതുക്കത്തില്‍ ചതിയിലൂടെ വകവരുത്തിയത്.

ഇതെല്ലാം അയ്യങ്കാളിയും അറിഞ്ഞിരുന്നു. ധര്‍മരാജ്യമായിരുന്ന തിരുവിതാംകൂറിലങ്ങളോളമിങ്ങോളം വില്ലുവണ്ടിയിലുള്ള സഞ്ചാരങ്ങള്‍ വെറിതേയായിരുന്നില്ല. നല്ലഭാഷ സംസാരിക്കുക എന്നതുപോലെ വെളുത്ത മുണ്ടുടുക്കുക എന്നതും അവര്‍ണര്‍ക്കു കുറ്റമായിരുന്നു.  പുതിയ മുണ്ടുപോലും ചളിയില്‍ മുക്കി നിറംമാറ്റിവേണം ഉടുക്കാന്‍.  നട്ടെല്ലുനിവര്‍ത്തിയവര്‍ക്കു നടന്നുകൂടാ.  കൂനിക്കൂടി മാറാപ്പുമായി കുമ്പിട്ടുവേണം അവര്‍ നടക്കാന്‍.  കുപ്പായമോ ബനിയനോ ഒട്ടും പാടില്ല. തലേക്കെട്ടു കെട്ടാനോ മാനുഷികമായ രീതിയില്‍ നിവര്‍ന്നുനടക്കാനോ പാടില്ല എന്നതായിരുന്നു കീഴ്വഴക്കം.  ഇതൊക്കെ ഏതെങ്കിലും തരത്തില്‍ ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിക്കുകയും അവഹേളിക്കുകയും ചെയ്തിരുന്നു സവര്‍ണര്‍.

ഇത്തരത്തിലുള്ള ഒരു സവര്‍ണ ജാതിജന്മിത്ത മുഠാളന്മാരുടെ കൂട്ടമാണ് 1898ല്‍ ബാലരാമപുരം തെരുവില്‍വെച്ച് അയ്യന്‍െറ സംഘത്തെ തല്ലിയോടിക്കാന്‍ വന്നത്. 1806 ലെ ദളവാക്കുളം കൂട്ടക്കൊലയുടെ പാഠങ്ങളും 1879 ലെ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കൊലപാതകവും അയ്യങ്കാളി വ്യക്തമായി പഠിച്ചിരുന്നു എന്നു നാം മനസ്സിലാക്കുന്ന സന്ദര്‍ഭമാണിത്.  എന്നാല്‍,  അയ്യനെ എന്നല്ല അദ്ദേഹത്തിന്‍െറ ഒരൊറ്റ അനുയായിയെപ്പോലും പിന്തിരിപ്പിക്കാന്‍ മണിക്കൂറുകളോളം നീണ്ട സംഘട്ടനത്തിനു മുതിര്‍ന്ന കുപ്പിണികളുടെ ക്ഷുദ്രപ്പടക്കായില്ല.  1907ല്‍ നാണുവാശാന്‍െറ 1903ലെ സംഘടനാ സ്ഥാപനത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സാധുജനപരിപാലന സംഘമാണ് അദ്ദേഹം സ്ഥാപിച്ചത്. 1910ല്‍ ആണല്ളോ പൊയ്കയിലപ്പച്ചന്‍ പി.ആര്‍.ഡി.എസിന് രൂപംകൊടുക്കുന്നത്. അയ്യന്‍െറ സംഘത്തിലെ ഒരംഗമായിരുന്നു അപ്പച്ചനും 1907ല്‍. ഉപജാതികളെ മറികടക്കാനുള്ള ശ്രമം ഈ സംഘടനകളിലെല്ലാം ദൃശ്യമായിരുന്നു. നവോത്ഥാന കാലത്തിനുശേഷം ഈ മാനവികബോധം കൈമോശം വരുകയാണുണ്ടായത്.   അയ്യങ്കാളിയെന്ന ജ്ഞാനരൂപത്തെ വീണ്ടെടുത്ത് കെ.കെ. കൊച്ചും മറ്റും ഈ തല്ലുകാരനെന്ന ബിംബത്തെ ഒരു സവര്‍ണാധീശ നിര്‍മിതിയായി തള്ളിക്കളയുന്നു (കൊച്ച് 2014). ചെന്താരശ്ശേരിയുടെ അയ്യങ്കാളിയുടെ ജീവചരിത്രം വായിച്ചത് തന്‍െറ ജീവിതത്തെ മാറ്റിമറിച്ചതായി കൊച്ചു പറയാറുണ്ട്.   സമുദായത്തില്‍നിന്നും 10 ബിരുദധാരികളെ കാണണമെന്ന അദ്ദേഹത്തിന്‍െറ അഭിലാഷംതന്നെ ആ ജ്ഞാനബോധത്തിന്‍െറ പ്രകാശനമാണ്. അടിസ്ഥാനജനതക്ക് അക്ഷരം നിഷേധിച്ച് അവരെ ഇരുട്ടിലേക്കു തള്ളിയ അറിവധികാര കുത്തകയായ ബ്രാഹ്മണിസത്തോടുള്ള അഗാധമായ വിമര്‍ശവും പുലയരാജാവെന്നുവിളിച്ച ഗാന്ധിയോടുള്ള വിയോജിപ്പും അയ്യന്‍െറ വിദ്യാദാഹത്തിലടങ്ങിയതായി കാണാം.
അയ്യങ്കാളിയുടെ ജീവനുതന്നെ ഭീഷണിയുണ്ടായിരുന്നു.  പൊയ്കയിലപ്പച്ചന്‍ നേരിട്ടതുപോലെ സ്വന്തം ജീവനുനേരെയുള്ള അക്രമങ്ങളും അദ്ദേഹം ധീരനായി നേരിട്ടു.  ഒരിക്കല്‍പോലും ആക്രാമകമായ ഹിംസയിലേക്കു നീങ്ങാതെ കേവലം ജൈവികമായ ആത്മ പ്രതിരോധം മാത്രമായിരുന്നു അദ്ദേഹം സ്വീകരിച്ചത്.   1911ല്‍ അദ്ദേഹം പ്രജാസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.  അദ്ദേഹത്തിന്‍െറ പ്രജാസഭാ പ്രസംഗങ്ങള്‍ മാത്രമാണ് ഇന്ന് ലഭ്യമായ പാഠങ്ങള്‍. ആ പാഠങ്ങളെ വികസിപ്പിച്ചും കാലികമായി വ്യാഖ്യാനിച്ചുമായിരിക്കണം കെ.കെ. കൊച്ചും മറ്റും അഭിലഷിക്കുന്നപോലെ  ജ്ഞാനരൂപമായും നവോത്ഥാനത്തിലെ നവീന മനുഷ്യകര്‍തൃത്വമായും പരിവര്‍ത്തന ചേതനയായും വിദ്യയിലൂടെയും സംഘടനയിലൂടെയും പ്രബുദ്ധമായ കേരളത്തിന്‍െറ  ആധുനികതയുടെ വെളിച്ചമായും അയ്യങ്കാളിയെ വരും തലമുറകള്‍ വീണ്ടെടുക്കുക. നാണുഗുരുവിന്‍െറ പേരിലെന്നപോലെ അയ്യങ്കാളിയുടെ പേരിലും പുത്തന്‍ കലാശാലകള്‍ ഉയിര്‍ക്കേണ്ടിയിരിക്കുന്നു.

(കാലടി സര്‍വകലാശാലയില്‍ ഇംഗ്ളീഷ് വിഭാഗം അസി. പ്രഫസറാണ് ലേഖകന്‍)

 

Show Full Article
TAGS:ayyankali 
Next Story