ആമൂലാഗ്രം ഉപയോഗപ്പെടുത്താവുന്ന അപൂര്‍വ വൃക്ഷമാണ് തെങ്ങ്. ഓലവെട്ടി മെടഞ്ഞ് പുരമേയുന്നത് നാടിന്‍െറ ആഘോഷമായിരുന്നു. മൂപ്പത്തെിയ തെങ്ങ് വീടുപണിക്ക് മരമായി ഉപയോഗിച്ചു. അത്തരം തടികള്‍ നൂറിലേറെ വര്‍ഷം കരുത്തോടെ നിലനിന്നിരുന്നു. മറ്റ് വസ്തുക്കള്‍ വിറകായും ഉപയോഗിച്ചു. ഈ കൃഷി ഉപജീവനമാക്കിയ അരക്കോടിയോളം വരുന്ന ജനത പ്രതിസന്ധികളില്‍ നട്ടം തിരിയുമ്പോള്‍ പുതിയ വഴി അനിവാര്യമാണ്. ഏറെ സാധ്യതകള്‍ ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്താനാവാതെ മാറിനിന്നതിന്‍െറ പ്രയാസം നാളികേരകര്‍ഷകര്‍ക്ക് മാത്രമല്ല, വ്യവസായ, സാമ്പത്തിക മേഖലകള്‍ക്കും തിരിച്ചടിയായി. ഈ പശ്ചാത്തലത്തിലാണ് മൂല്യവര്‍ധിത നാളികേരോല്‍പന്നങ്ങളുടെ ഉല്‍പാദനത്തിനും വിപണനത്തിനും വിപുലമായ നടപടികളുമായി നാളികേര വികസന ബോര്‍ഡ് കച്ചകെട്ടിയിറങ്ങിയത്. പറഞ്ഞതല്ലാതെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല.
കൊപ്രയും വെളിച്ചെണ്ണയും മാത്രമാണ് പരമ്പരാഗതമായി കേട്ടും കണ്ടും ശീലിച്ച നാളികേര ഉപോല്‍പന്നങ്ങള്‍. വിളഞ്ഞ നാളികേരം കേരളത്തില്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത് രണ്ട് ശതമാനമാണെന്നാണ് നാളികേര വികസന ബോര്‍ഡിന്‍െറ കണക്ക്. വെളിച്ചെണ്ണ വില ഇടിഞ്ഞാല്‍ തേങ്ങാവിലയും താഴോട്ടാവും. വെളിച്ചെണ്ണയുടെ വില നിശ്ചയിക്കുന്ന കുത്തക കമ്പനികള്‍ കേരളത്തിന് തിരിച്ചടിയാവുന്നു. എന്നാല്‍, ഇന്തോനേഷ്യ, ശ്രീലങ്ക, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ വൈവിധ്യമാര്‍ന്ന നാളികേരോല്‍പന്നങ്ങളിലൂടെ വെല്ലുവിളിയെ അതിജീവിക്കുന്നു.
നാളികേര ഉല്‍പാദനത്തില്‍ കേരളത്തെക്കാള്‍ പിന്നിലായ ചില രാജ്യങ്ങളുടെ പോലും കയറ്റുമതിയില്‍നിന്നുള്ള വരുമാനം, ഇന്ത്യയുടെ നാളികേരോല്‍പന്നങ്ങളുടെ കയറ്റുമതി വരുമാനത്തിന്‍െറ എത്രയോ ഇരട്ടിയാണ്. ഇവിടെയൊന്നും വെളിച്ചെണ്ണയുടെ വിലയിടിവ് തേങ്ങയുടെ വിലയെ ബാധിക്കാറില്ല. തേങ്ങയില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ് നാളികേരവിലയെയും കൃഷിക്കാരുടെ വരുമാനത്തെയും നിര്‍ണയിക്കുന്നതുകൊണ്ടാണിങ്ങനെ കഴിയുന്നത്.
ഇരുപത് കോടിയോളം തെങ്ങുകളുള്ള കേരളത്തില്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണവും വിപണനവും വഴി മാത്രമേ തേങ്ങക്ക് സ്ഥിരവിലയും കര്‍ഷകര്‍ക്ക് സ്ഥിരവരുമാനവും നേടിയെടുക്കാന്‍ കഴിയൂ. ഈ രീതിയിലുള്ള നീക്കങ്ങള്‍ക്ക് നാമേറെ വൈകിയതാണ് തിരിച്ചടികള്‍ ഇത്ര രൂക്ഷമാകാന്‍ കാരണം. നാളികേരോല്‍പാദനത്തിന്‍െറ ഇരുപത്തിയഞ്ച് ശതമാനമെങ്കിലും ഇളനീരായിരിക്കണം. വിളഞ്ഞ നാളികേരത്തിന്‍െറ നാല്‍പത് ശതമാനമെങ്കിലും കൊപ്രക്കും വെളിച്ചണ്ണെക്കും പുറമെയുള്ള ഉല്‍പന്നങ്ങളുമാക്കാന്‍ കഴിഞ്ഞാല്‍ വിലസ്ഥിരത നേടാനാകും.
ഇളനീരിന്‍െറ വിപണി
ഏറെ പോഷകഗുണങ്ങള്‍ പറയുന്ന ഇളനീര്‍ വെള്ളത്തിന് ആഗോളതലത്തില്‍തന്നെ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പോഷകസമൃദ്ധമെന്നതിന് പുറമെ പരിശുദ്ധിയുടെ പ്രതീകവുമായ ഇളനീരിന്‍െറ മാര്‍ക്കറ്റ് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് ആകെ ഉല്‍പാദിപ്പിക്കുന്ന 580 കോടി നാളികേരത്തിന്‍െറ നാലിലൊന്നുപോലും ഇളനീരെന്ന നിലയില്‍ വിപണനം നടത്താന്‍ കഴിയുന്നില്ല. നമ്മുടെ ദാഹം ശമിപ്പിക്കാന്‍ തമിഴ്നാടിന്‍െറ ഇളനീര്‍ വേണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഇളനീര്‍ പായ്ക്കറ്റിലാക്കി വിപണിയിലത്തെിക്കുന്ന ഒരു യൂനിറ്റ് മാത്രമാണ് നിലവില്‍ കേരളത്തിലുള്ളത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഇളനീര്‍ വെള്ളം ബോട്ടിലിലാക്കി ഉല്‍പാദിപ്പിക്കുന്ന യൂനിറ്റുകള്‍ പലതുണ്ട്.
തമിഴ്നാട്ടില്‍നിന്ന് അമേരിക്കയിലേക്ക് കയറ്റുമതിയുമുണ്ട്. പൊതുവെ മറ്റ് ശീതളപാനീയങ്ങള്‍ വിഷമയമാണെന്നതിന്‍െറ പേരില്‍ സംശയത്തിന്‍െറ നിഴലില്‍ കിടക്കുമ്പോള്‍ ഇളനീര്‍ വിപണിയില്‍ ഒന്നാം സ്ഥാനം നേടേണ്ടതാണ്. വരും നാളുകളില്‍ ഇളനീരിനായുള്ള മത്സരം തന്നെ ഉണ്ടാവുമെന്നാണ് വിവിധ കമ്പനികളുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ബ്രിട്ടന്‍, നെതര്‍ലന്‍ഡ്, കാനഡ, മെക്സികോ, യു.എ.ഇ, ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് നാളികേരോല്‍പന്ന കയറ്റുമതിക്ക് അനന്തസാധ്യതകളാണുള്ളത്. കരിക്കിന്‍വെള്ളവും നാളികേരവും സംസ്കരിച്ച് വില്‍പനയും കയറ്റുമതിയും നടത്തുന്ന അഞ്ഞൂറിലേറെ കമ്പനികള്‍ ശ്രീലങ്കയിലും ആയിരത്തിലേറെ ഫിലിപ്പീന്‍സിലുമുണ്ട്.
ബദല്‍ വഴികള്‍ നിരവധി
മധുരപലഹാര നിര്‍മാണത്തിനും ഭക്ഷ്യവ്യവസായത്തിനും ഏറെ പ്രാധാന്യമുള്ള തൂള്‍ത്തേങ്ങ, പായ്ക്ക് ചെയ്ത തേങ്ങാപ്പാല്‍, കൊഴുപ്പകറ്റിയ ശേഷമുള്ള സ്കിംഡ് തേങ്ങാപ്പാല്‍, പശുവിന്‍ പാലിന് പകരം ഉപയോഗിക്കാവുന്ന തേങ്ങാപ്പാല്‍, തേങ്ങാപ്പാലില്‍നിന്ന് ജലാംശം അകറ്റിയ തേങ്ങപ്പാല്‍ പൊടി, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, കോക്കനട്ട് ഐസ്ക്രീം, കോക്കനട്ട് ഷുഗര്‍ തുടങ്ങി ഏറെ പ്രാധാന്യമുള്ള മൂല്യവര്‍ധിത നാളികേര ഉല്‍പന്നങ്ങള്‍ ഏറെയാണ്.
ഒരു ലക്ഷം തേങ്ങ സംസ്കരിക്കുന്ന യൂനിറ്റില്‍ ഏഴര ടണ്‍ വെര്‍ജിന്‍ വെളിച്ചെണ്ണ, ഒമ്പത് ടണ്‍ തൂള്‍ തേങ്ങ, 11500 ലിറ്റര്‍ തേങ്ങാവെള്ളം, 16.5 ടണ്‍ സ്കിം മില്‍ക്ക്, 11.5 ടണ്‍ ചിരട്ട എന്നിവ ലഭിക്കുമെന്നാണ് നാളികേര വികസന ബോര്‍ഡിന്‍െറ കണക്ക്. ചിരട്ടയില്‍നിന്ന് ചിരട്ടപ്പൊടി, ചിരട്ടക്കരി, ആക്ടിവേറ്റഡ് കാര്‍ബണ്‍ എന്നിവയും നിര്‍മിക്കാം. ഇളനീരും കാമ്പും കലര്‍ത്തിയ പാനീയം (കോക്കനട്ട് ലസ്സി), കോക്കനട്ട് ഹണി, കോക്കനട്ട് സ്പ്രെഡ് എന്നിവക്കും വിപണിയില്‍ സാധ്യതകളുണ്ട്. തേങ്ങാവെള്ളത്തില്‍നിന്നും തേങ്ങാപ്പാലില്‍നിന്നും തയാറാക്കാവുന്ന സസ്യവളര്‍ച്ചാ ഹോര്‍മോണായ കൊക്കൊഗ്രോ, തേങ്ങാപ്പാല്‍ യോഗര്‍ട്ട്, തേങ്ങ പഞ്ചസാര (പാം ഷുഗര്‍), പുളിപ്പിച്ച തേങ്ങാവെള്ളം ഉപയോഗിച്ച് നിര്‍മിക്കുന്ന നാളികേര വിനാഗിരി ... അങ്ങനെ ഉല്‍പന്നങ്ങള്‍ നിരവധിയാണ്. ഇതിനുപുറമെ, തെങ്ങിന്‍ തടിയില്‍ നിന്നുള്ള ഉല്‍പന്നങ്ങളും.
ഈ മേഖലയിലേക്ക് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ സാങ്കേതികവിദ്യയും 25 ശതമാനം സാമ്പത്തിക സഹായവും നാളികേരവികസനബോര്‍ഡ് നല്‍കുന്നുണ്ട്. കര്‍ഷകരുടെ ഉല്‍പാദകകമ്പനികള്‍ക്ക് നബാര്‍ഡിന്‍െറയും വിവിധ പദ്ധതികളില്‍ സഹായം ലഭ്യമാണ്. പുതിയ സംരംഭങ്ങള്‍ക്ക് വിപണന പ്രചാരണ ചെലവിന്‍െറ 50 ശതമാനം തുകയും ബോര്‍ഡ് നല്‍കുന്നുണ്ട്. ഇതിനുപുറമെ സംസ്ഥാനസര്‍ക്കാറും 25 ശതമാനം തുക സബ്സിഡിയായി നല്‍കും. നാളികേര ഉല്‍പാദകസംഘങ്ങളും അവയുടെ ഫെഡറേഷനുകളും മൂല്യവര്‍ധിത ഉല്‍പാദനരംഗത്തേക്ക് കടന്നുവരുന്നുണ്ട്. എന്നാല്‍, മനം മടുപ്പിക്കുന്ന സാങ്കേതിക കുരുക്കുകള്‍ അവിടെയും വിഘ്നങ്ങള്‍ തീര്‍ക്കുന്നു.
(തുടരും)