2016 മേയ് 30 തുര്‍ക്കിയിലെ ഇസ്തംബൂളില്‍ അവസാനിച്ച ഇന്‍റര്‍നാഷനല്‍ ഹിജ്റകലണ്ടര്‍ യൂനിയന്‍ കോണ്‍ഗ്രസില്‍ വിവിധ രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് പങ്കെടുത്ത 127 ഇസ്ലാമിക പണ്ഡിതന്മാര്‍ ഇനിമുതല്‍ ഇസ്ലാമിക ലോകത്തിന് ഒരു ഏകീകൃത ലൂണാര്‍ കലണ്ടര്‍ എന്ന ആശയത്തെ ഐകകണ്ഠ്യേന അംഗീകാരംനല്‍കി. തീരുമാനം എല്ലാ മുസ്ലിം രാജ്യങ്ങളിലും നടപ്പാക്കാന്‍ 57 മുസ്ലിം രാജ്യങ്ങളടങ്ങുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമികോഓപറേഷനോട് (ഒ.ഐ.സി) ആവശ്യപ്പെടുകയും ചെയ്തു.
ഇക്കാലമത്രയും ആഘോഷങ്ങളും വിശേഷദിനങ്ങളും തീരുമാനിച്ചിരുന്നത് നഗ്നനേത്രംകൊണ്ടുള്ള ചന്ദ്രദര്‍ശനത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നതിനാല്‍ ഒരേനാട്ടില്‍ വ്യത്യസ്തദിവസങ്ങളില്‍ ആഘോഷങ്ങള്‍ കൊണ്ടാടേണ്ട ദുര്‍ഗതി മുസ്ലിംലോകത്തെ വേട്ടയാടിയിരുന്നു. തുര്‍ക്കിയുടെ മതകാര്യവകുപ്പ് പുതിയ കലണ്ടര്‍പ്രകാരം ഈ വര്‍ഷംതന്നെ വിശുദ്ധറമദാന്‍ ആരംഭിക്കാന്‍ തീരുമാനിച്ചു എന്നത് ആശ്വാസകരമാണ്. ജി.സി.സി രാജ്യങ്ങളും ഈപാത പിന്തുടരുമെന്നാണ് പ്രതീക്ഷ.
‘യുക്തിരഹിതമായ കര്‍മശാസ്ത്ര തര്‍ക്കവിതര്‍ക്കങ്ങളില്‍ പുതിയ തലമുറക്ക് താല്‍പര്യമില്ല. വിജ്ഞാനംകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഇസ്ലാമിക സമൂഹം ഇന്ന് അനാവശ്യതര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് ദു$ഖകരമാണ്. ചൈനയില്‍ പോയിട്ടാണെങ്കിലും അറിവുനേടണമെന്ന് പഠിപ്പിച്ച പ്രവാചകന്‍െറ അനുയായികള്‍ ശാസ്ത്ര സാങ്കേതികനേട്ടങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്നതാണ് വിരോധാഭാസമെന്ന് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത ആഗോള മുസ്ലിം പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യുസുഫുല്‍ ഖറദാവി അഭിപ്രായപ്പെട്ടു. വൈകിയാണെങ്കിലും മുസ്ലിം രാജ്യങ്ങള്‍ ഈ കാര്യത്തില്‍ ഏകകണ്ഠമായ ഒരു തീരുമാനത്തിലത്തൊന്‍ ഉത്സാഹിച്ചതിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
പാശ്ചാത്യലോകവും പൗരസ്ത്യലോകവും തമ്മില്‍ സമയക്രമത്തില്‍ വലിയ അന്തരം ഭൂമിശാസ്ത്രപരമായ ഒരു യാഥാര്‍ഥ്യമാണെന്നിരിക്കെ ലോകംമുഴുവനും ഒരേദിവസം നോമ്പെടുക്കുകയെന്നത് പ്രായോഗികമല്ളെങ്കിലും നന്നേ ചുരുങ്ങിയത് യൂറോപ്പിലും പൗരസ്ത്യനാടുകളിലും തൊട്ടടുത്ത ദിവസങ്ങളിലെങ്കിലും നോമ്പും പെരുന്നാളുമാക്കാന്‍ ജ്യോതിശാസ്ത്രത്തിന്‍െറ അടിസ്ഥാനത്തിലുള്ള ഏകീകൃതകലണ്ടറിനു സാധിക്കുമെന്നായിരുന്നു ഖറദാവിയുടെ അഭിപ്രായം. അതേസമയം, ഒരേനാട്ടിലും ഭൂഖണ്ഡത്തിലും മാസം തുടങ്ങുന്നതില്‍ രണ്ടും മൂന്നും ദിവസങ്ങളുടെ അന്തരം ഒരുനിലക്കും അംഗീകരിക്കാനാവില്ളെന്നും അതിനൊരു പരിഹാരം കാണാന്‍ തുര്‍ക്കിയുടെ നേതൃത്വത്തില്‍നടക്കുന്ന ശ്രമങ്ങള്‍ക്ക് വിഭാഗീയതകള്‍മറന്ന് എല്ലാവരും പിന്തുണനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, മൊറോക്കോ, ഈജിപ്ത്, മലേഷ്യ തുടങ്ങിയമുസ്ലിം രാജ്യങ്ങള്‍ക്ക് പുറമെ അറുപതോളം മറ്റു രാജ്യങ്ങളില്‍നിന്നും വിവിധ മുസ്ലിം വിഭാഗങ്ങളെ പ്രതിനിധാനംചെയ്ത് പണ്ഡിതന്മാര്‍ എത്തിച്ചേര്‍ന്ന സമ്മേളനത്തില്‍ ഏകീകൃത കലണ്ടറിന്‍െറ പ്രായോഗികരൂപങ്ങള്‍ വിശദമായി ചര്‍ച്ചചെയ്തു. സമാനമായ ഒരു സമ്മേളനത്തിന് 1979ല്‍ തുര്‍ക്കിതന്നെ സാക്ഷ്യംവഹിച്ചിരുന്നുവെങ്കിലും മുസ്ലിംലോകം സാമ്പ്രദായികരീതികളെ ഉപേക്ഷിക്കാന്‍ ഇന്നത്തെപോലെ പാകപ്പെടാതിരുന്നതുകൊണ്ടാവാം അന്ന് സമവായത്തിലത്തൊന്‍ സാധിച്ചിരുന്നില്ല.
ഇസ്ലാമിക കര്‍മശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും അവഗാഹമുള്ള പണ്ഡിതന്മാരുടെ ഒരു കമീഷന്‍ മൂന്നു വര്‍ഷം മുമ്പുതന്നെ ഇന്‍റര്‍നാഷനല്‍ ഹിജ്റകലണ്ടര്‍ യൂനിയന്‍ കോണ്‍ഗ്രസിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. രാജ്യാന്തരതലത്തില്‍ വിവിധനാടുകളിലെ ഉത്തരവാദപ്പെട്ടവരുമായി നിരവധി ചര്‍ച്ചകള്‍ കമീഷന്‍ നടത്തുകയുണ്ടായി. ഇത്തവണത്തെ കോണ്‍ഗ്രസില്‍ സമവാക്യം ഉണ്ടാവണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് തുര്‍ക്കി മതകാര്യവകുപ്പ് അധ്യക്ഷന്‍ മുഹമ്മദ് ഗൊര്‍മെശ് പറഞ്ഞു.
അന്തിമഘട്ടത്തില്‍ പ്രധാനമായും രണ്ട് നിര്‍ദേശങ്ങളാണ് ഉണ്ടായിരുന്നത്. ഒരു ഡ്യുവല്‍ കലണ്ടര്‍ സിസ്റ്റം അല്ളെങ്കില്‍ ഒരു ഏകീകൃത കലണ്ടര്‍. പടിഞ്ഞാറന്‍ അര്‍ധഗോളത്തിലുള്ള മുസ്ലിംകള്‍ക്കുവേണ്ടിയാണ് ഡ്യുവല്‍ കലണ്ടര്‍ എന്ന അഭിപ്രായം വന്നതെങ്കിലും അത് നിലവിലുള്ള ആഗോളപ്രശ്നങ്ങള്‍ക്ക് പരിഹാരമാവില്ല എന്നതിനാല്‍ ലോകത്തെങ്ങുമുള്ള വിശ്വാസികള്‍ക്ക് ഒരുപോലെ പിന്തുടരാന്‍ കഴിയുന്ന കലണ്ടര്‍ എന്ന ആശയത്തിന് ഞങ്ങള്‍ ഏകമനസ്സോടെ ഊന്നല്‍നല്‍കി. ഭൂരിഭാഗം അംഗീകരിച്ച് വോട്ടിങ്ങിലൂടെ ആ മഹത്ലക്ഷ്യംസാക്ഷാത്കരിക്കുകയുംചെയ്തു- ഗൊര്‍മെശ് കൂട്ടിചേര്‍ത്തു.
ഇസ്ലാമിക കര്‍മശാസ്ത്ര വിചക്ഷണന്‍ അലി മുഹ്യുദ്ദീന്‍ അല്‍ഖറദാഗി, യു.എ.ഇയിലെ പ്രമുഖ ഗോളശാസ്ത്രജ്ഞന്‍ മുഹമ്മദ് ശൗകത് അവ്ദ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
ലോകത്തിന്‍െറ ഏത് മുക്കിലുംമൂലയിലുമുള്ള മുസ്ലിംകള്‍ക്ക് ഏകീകൃതസ്വഭാവമുള്ള ഒരു കലണ്ടര്‍ നിര്‍മിക്കുകയെന്നത് അത്ര നിസ്സാരമായ കാര്യമായിരുന്നില്ല.
അമേരിക്കയിലെ ഇസ്ലാമിക് എജുക്കേഷന്‍ഓര്‍ഗനൈസേഷന്‍െറയും ഇസ്ലാമിക അക്കാദമി ഓഫ് സയന്‍റിഫിക് റിസര്‍ച്ചിന്‍െറയും തലവനായ ഡോ. മുസ്തഫ അബ്ദുല്‍ ബാസിത് അഹ്മദ് ചന്ദ്രമാസങ്ങളെ നിര്‍ണയിക്കുന്നതിനെക്കുറിച്ച് പറഞ്ഞതിപ്രകാരമാണ്: മാസപ്പിറവി നഗ്നനേത്രം കൊണ്ട് തന്നെകാണണം എന്ന് വാശിപിടിക്കുന്നതില്‍ അര്‍ഥമില്ല, ബാങ്ക് വിളി മൈക്രോഫോണില്‍ പാടില്ളെന്നും, സമയംനോക്കാന്‍ വാച്ചുപയോഗിക്കരുതെന്നും, കോമ്പസ് ഉപയോഗിച്ച് ഖിബില നിര്‍ണയിക്കരുതെന്നും പറയുന്നതുപോലെ പരിഹാസ്യമാണത്. മാസപ്പിറവികാണുക എന്നതല്ല മറിച്ചു വ്രതാനുഷ്ഠാനമാണ് ലക്ഷ്യം. ടെക്നോളജിയുടെ ഈ കാലത്ത് ലക്ഷ്യംമറന്ന് അതുമായിബന്ധപ്പെട്ട ഒരു കാരണത്തെക്കുറിച്ച് തര്‍ക്കിച്ചു സമയംകളയുന്നത്പ്രവാചക വചനങ്ങളുടെ അന്തസ്സത്ത മനസ്സിലാവാത്തതുകൊണ്ട് മാത്രമാണ്. പ്രവാചകന്‍ ഉപയോഗിച്ച അറബിഭാഷയിലെ (റുഅ്യ) എന്നപദത്തിന് കാണുക എന്നു മാത്രമല്ല, അറിയുക, മനസ്സിലാക്കുക എന്നും അര്‍ഥമുണ്ട്. അപ്പോള്‍ ഇന്നത്തെ എല്ലാ തര്‍ക്കങ്ങളും അസ്ഥാനത്താണ്.
ഈ തീരുമാനം മുസ്ലിം രാജ്യങ്ങളും സംഘടനകളും ഏറ്റെടുത്ത് നടപ്പാക്കുകയാണെങ്കില്‍ അത് ഇസ്ലാമിക ചരിത്രത്തിലെ തന്നെ വഴിത്തിരിവായിരിക്കുമെന്ന് ആഗോള മുസ്ലിം ചിന്തകന്മാരും എഴുത്തുകാരും വിലയിരുത്തുന്നു. ഗ്രിഗോറിയന്‍ കലണ്ടര്‍ മുസ്ലിം ലോകത്തിന്‍െറ മാസ വര്‍ഷ ഗണനാ നിര്‍ണയത്തില്‍ അപ്രായോഗികമാണെന്നുവാദിച്ച നിരവധി പണ്ഡിതന്മാര്‍ ഇസ്ലാമിക ലോകത്തുണ്ട്. അവരില്‍ പ്രമുഖനാണ് ഗോളശാസ്ത്രജ്ഞനും സമുദ്ര ഗവേഷകനുമായ അലി മണിക്ഫാന്‍. അദ്ദേഹത്തിന്‍െറ ചിന്തകള്‍ മുസ്ലിംലോകത്ത് വലിയ സ്വീകാര്യത നേടുന്നവുണ്ട്.
മാസവര്‍ഷ ഗണനാനിര്‍ണയം എളുപ്പമാക്കാന്‍ ഗ്രിഗോറിയന്‍ കലണ്ടറിന് പകരമായി മണിക്ഫാന്‍ വളരെ കാലമായി മുന്നോട്ടുവെക്കുന്ന ആശയമാണ് ഏകീകൃത ഹിജ്റ കലണ്ടര്‍. അക്കാര്യത്തില്‍ അദ്ദേഹത്തിന്‍െറ ചിന്തകള്‍ ഇപ്രകാരമാണ്: ‘സൂര്യചന്ദ്രന്മാരും ഭൂമിയും ഒരേതലത്തില്‍ വരുന്നതിനെ വാവ് (ന്യൂ മൂണ്‍) എന്നുപറയുന്നു. ഈ ദിവസം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അതടുത്ത ദിവസം ചന്ദ്രമാസത്തിലെ ഒന്നാം ദിവസമായിരിക്കും. ശാസ്ത്രലോകം ചന്ദ്രമാസ നിര്‍ണയം നടത്തുന്നത് ഈ ഗണിതമനുസരിച്ചാണ്. വളരെ ലളിതമായ സത്യമാണിത്. ഈ ജോത്യശാസ്ത്ര പഞ്ചാംഗ നിര്‍ണയം തന്നെയാണ് പഴയകാലം മുതല്‍ തുടര്‍ന്നുവരുന്നതും. ചന്ദ്രസഞ്ചാരഗതികിറുകൃത്യമായിജോതിശാസ്ത്രത്തിന്നറിയാം. അതിനാലാല്‍ ലോകം മുഴുവന്‍ ബാധകമായ ഒരേകീകൃത ഹിജ്റ കലണ്ടറിന് രൂപം നല്‍കാന്‍ ഒരു പ്രയാസവുമില്ല. ഖുര്‍ആനിന്‍െറയും പ്രവാചക വചനങ്ങളുടെയും ഒരു പ്രമാണങ്ങള്‍ക്കും ശാസ്ത്രത്തിന്‍െറ ഒരുനിഗമനത്തിനും ഇത് എതിരല്ല. മണിക്ഫാനെപോലെ പ്രസിദ്ധ സൗദി ജ്യോതിശാസ്ത്രജ്ഞനായ ഡോ. ഫദ്ലാ നൂര്‍ മുഹമ്മദ് അഹമ്മദ് ഈ വിഷയത്തില്‍ നടത്തിയ പഠനവും ശ്രദ്ധേയമാണ്.