Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതദ്ദേശഭരണം കൂടുതല്‍...

തദ്ദേശഭരണം കൂടുതല്‍ ജനക്ഷേമകരമാക്കണം

text_fields
bookmark_border
തദ്ദേശഭരണം കൂടുതല്‍ ജനക്ഷേമകരമാക്കണം
cancel

യു.ഡി.എഫ് സര്‍ക്കാറില്‍ മൂന്ന് മന്ത്രിമാര്‍ ചുമതലവഹിച്ചിരുന്ന തദ്ദേശഭരണവകുപ്പ് പുതുതായി അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാറില്‍ ഡോ. കെ.ടി. ജലീലിലാണ് നിക്ഷിപ്തമായിരിക്കുന്നത്. മുനിസിപ്പല്‍ കോര്‍പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ജില്ലാ പഞ്ചായത്തുകള്‍, ബ്ളോക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ് തദ്ദേശഭരണ വകുപ്പിന്‍െറ കീഴില്‍വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. കേരളത്തിന്‍െറ സമഗ്രമായ വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാപ്തമാക്കാന്‍ 10 വര്‍ഷത്തെ നിയമസഭാ പരിചയവും നൂതന ആശയങ്ങളും കാഴ്ചപ്പാടുകളുമുള്ള മന്ത്രി ഡോ. ജലീലിന് കഴിയുമെന്നത് ഉറപ്പാണ്.

ഭരണഘടനയുടെ വിവിധ ഭേദഗതികളിലൂടെ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ഭരണഘടനാ പദവി ലഭിക്കുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പുറമെ മൂന്നാംതല സര്‍ക്കാറുകളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാറുകയും ചെയ്തു. ഭരണഘടനയുടെ അനുച്ഛേദം 243 (ബി), 243 (ക്യു) എന്നിവ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെപ്പറ്റിയുള്ള നിയമനിര്‍മാണം സംസ്ഥാന സര്‍ക്കാറിന്‍െറ ഉത്തരവാദിത്തമാവുകയും ചെയ്തു. 1994ല്‍ കേരള പഞ്ചായത്തീരാജ് നിയമവും കേരള മുനിസിപ്പാലിറ്റി നിയമവും നിലവില്‍ വരുകയുമുണ്ടായി. അധികാരം ജനങ്ങളിലേക്ക് എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിന് ആസൂത്രണ വികസന പ്രക്രിയകളില്‍ ജനനേതൃത്വവും ജനപങ്കാളിത്തവും ഉറപ്പാക്കി സുസ്ഥിര സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുക എന്നതാണ് ഈ നിയമത്തിലൂടെ ലക്ഷ്യമാക്കുന്നത്.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ഏകാംഗീകൃത നികായവും നിയമപരമായി അംഗീകരിക്കപ്പെട്ടതുമായ സ്ഥാപനങ്ങളായിരിക്കുമെന്ന് കേരള പഞ്ചായത്തീരാജ് നിയമവും കേരള മുനിസിപ്പാലിറ്റി നിയമവും നിഷ്കര്‍ഷിക്കുന്നുണ്ട്. ഏകാംഗീകൃത നികായം എന്നാല്‍ സുസ്ഥാപിതമായ ഏക സമിതിയോട് കൂടിയതും ഭരണ-പ്രതിപക്ഷ ഭേദമില്ലാത്തതുമായ സ്വയംഭരണ സ്ഥാപനമെന്നാണ് അര്‍ഥം. പാര്‍ലമെന്‍റ്, സംസ്ഥാന നിയമസഭകള്‍ എന്നിവയില്‍നിന്ന് വ്യത്യസ്തമായി ഭരണ-പ്രതിപക്ഷ ഭേദമില്ലാത്ത ഒറ്റ സഭയായിരിക്കുമെന്ന് തദ്ദേശ സ്വയംഭരണ നിയമങ്ങള്‍ നിര്‍വചിക്കുന്നു.

പഞ്ചായത്തീരാജ് നിയമത്തിലോ മുനിസിപ്പാലിറ്റി നിയമത്തിലോ ഭരണപക്ഷം, പ്രതിപക്ഷം എന്നീ പദങ്ങളോ അവയുടെ നിര്‍വചനങ്ങളോ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ ഭരണപക്ഷമെന്നും പ്രതിപക്ഷമെന്നും വേര്‍തിരിച്ച് നിയമത്തിലെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമായ രീതിയാണ് അനുവര്‍ത്തിച്ചുവരുന്നത്. ഇതിന് പുറമെ ഭരണകക്ഷി നേതാവ്, പ്രതിപക്ഷ നേതാവ് എന്നീ പദവികള്‍ നല്‍കി അവര്‍ക്ക് ഓഫിസ് സൗകര്യങ്ങളും മറ്റും പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നല്‍കിവരുകയും ചെയ്യുന്നു. എന്നാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമായ ഭരണ-പ്രതിപക്ഷ ഭേദം തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനോ അത് തിരുത്താനോ മാറിമാറി വന്ന സര്‍ക്കാറുകളോ തദ്ദേശഭരണ വകുപ്പോ ഇന്നേവരെ തയാറായിട്ടില്ല. പുതിയ തദ്ദേശ ഭരണ മന്ത്രിയും തദ്ദേശ ഭരണവകുപ്പും തദ്ദേശ സ്ഥാപനങ്ങള്‍ ഏക സഭകളായി പ്രവര്‍ത്തിക്കുന്നതിന് യുക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കേരള മുനിസിപ്പാലിറ്റി നിയമം വകുപ്പ് 5 മുനിസിപ്പല്‍ അധികാര സ്ഥാനങ്ങളുടെ രൂപവത്കരണത്തെപ്പറ്റിയും മുനിസിപ്പാലിറ്റിയുടെ ചുമതലകളുടെയും കര്‍ത്തവ്യങ്ങളുടെയും നിര്‍വഹണത്തെപ്പറ്റിയും 20ാം വകുപ്പ് കര്‍ത്തവ്യനിര്‍വഹണത്തിന് വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ രൂപവത്കരണത്തെപ്പറ്റിയും 29ാം വകുപ്പ് മുനിസിപ്പാലിറ്റിയുടെ ഭരണത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. ഓരോ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലും അതിന്‍െറ ചെയര്‍മാന്‍ ഉള്‍പ്പെടെ കൗണ്‍സില്‍ നിശ്ചയിക്കുന്നത്ര അംഗങ്ങള്‍ ഉണ്ടായിരിക്കേണ്ടതും ചെയര്‍പേഴ്സനും ഡെപ്യൂട്ടി ചെയര്‍പേഴ്സനും ഒഴികെ മറ്റെല്ലാ കൗണ്‍സിലര്‍മാരും ഏതെങ്കിലും സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ അംഗമായി തെരഞ്ഞെടുക്കപ്പെടേണ്ടതുമാകുന്നു. അതായത് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ കൗണ്‍സിലര്‍മാരും കക്ഷിരാഷ്ട്രീയത്തിനതീതമായി വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ അംഗങ്ങളായിരിക്കുന്നതാണ്. അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റികളാണ് വിവിധ വകുപ്പുകളുടെ ഭരണനിര്‍വഹണം നടത്തിവരുന്നത്. ചുരുക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ കൗണ്‍സിലര്‍മാരും അവരുടെ കക്ഷിരാഷ്ട്രീയ അഭിപ്രായങ്ങള്‍ക്ക് അതീതമായി കൂട്ടായി ഭരണം നിര്‍വഹിക്കണമെന്ന് പഞ്ചായത്തീരാജ് നിയമവും മുനിസിപ്പാലിറ്റി നിയമവും വ്യവസ്ഥചെയ്യുന്നു.

പൗരാവകാശ രേഖ

കേരള മുനിസിപ്പാലിറ്റി നിയമവും 2000ലെ കേരള മുനിസിപ്പാലിറ്റി (പൗരാവകാശരേഖ തയാറാക്കല്‍) ചട്ടങ്ങളും 2004ലെ കേരള പഞ്ചായത്തീരാജ് (പൗരാവകാശരേഖ തയാറാക്കല്‍) ചട്ടങ്ങളും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ആ പ്രദേശത്ത് താമസിക്കുന്ന പൗരന്മാര്‍ക്കുവേണ്ടി പൗരാവകാശരേഖ പ്രസിദ്ധീകരിക്കണം. പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ് സമിതികള്‍ രൂപവത്കരിക്കപ്പെട്ട് ആറുമാസത്തിനകം പൗരാവകാശ രേഖ പ്രസിദ്ധീകരിക്കണമെന്ന് മേല്‍പറഞ്ഞ ചട്ടങ്ങള്‍ നിഷ്കര്‍ഷിക്കുന്നു. പൗരാവകാശരേഖയുടെ രത്നച്ചുരുക്കം ഒരു ബോര്‍ഡില്‍ പെയിന്‍റുകൊണ്ട് എഴുതി പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം ഓഫിസില്‍ പ്രദര്‍ശിപ്പിക്കണമെന്നും പൗരാവകാശരേഖ അച്ചടിച്ച് സൗജന്യമായി വിതരണംചെയ്യണമെന്നും നിയമം വ്യവസ്ഥചെയ്യുന്നു. കൂടാതെ, പൗരാവകാശരേഖ പ്രസിദ്ധപ്പെടുത്തിയശേഷം ആദ്യമായി ചേരുന്ന വാര്‍ഡ്സഭ, വാര്‍ഡ് കമ്മിറ്റിയോഗങ്ങളില്‍ പൗരാവകാശ രേഖയിലെ ഉള്ളടക്കം അംഗങ്ങളെ വായിച്ച് കേള്‍പ്പിക്കണമെന്നും ഈ ചട്ടങ്ങള്‍ അനുശാസിക്കുന്നു. ഇപ്രകാരം പൗരാവകാശരേഖ പ്രസിദ്ധീകരിക്കുന്നതില്‍ വീഴ്ച വരുത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം പിരിച്ചുവിടുന്നതിന് സര്‍ക്കാറിന് അധികാരം നല്‍കുന്ന വ്യവസ്ഥകളും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1995 മുതല്‍ 2015 വരെയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ ഭൂരിപക്ഷം സ്ഥാപനങ്ങളും പൗരാവകാശരേഖ പ്രസിദ്ധീകരിച്ചിട്ടില്ളെന്ന് വ്യക്തമാകുന്നതാണ്. 2015 നവംബറില്‍ നിലവില്‍വന്ന കോഴിക്കോട് മുനിസിപ്പല്‍ കോര്‍പറേഷന്‍ ആറുമാസത്തിനുള്ളില്‍  പൗരാവകാശ രേഖ പ്രസിദ്ധീകരിച്ചുവെന്നത് കേരളത്തിലെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാതൃകയാക്കേണ്ടതാണ്.

കൂറുമാറ്റ നിരോധ നിയമം

ആധുനിക ജനാധിപത്യ ഭരണ സംവിധാനത്തില്‍ പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമാണ്.  ജനങ്ങളുടെ ഈ രാഷ്ട്രീയാധികാരം തെരഞ്ഞെടുക്കുന്ന ജന പ്രതിനിധികളിലൂടെയാണ് പ്രാവര്‍ത്തികമാക്കപ്പെടുന്നത്. അതിനാല്‍, ജന പ്രതിനിധികള്‍ തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളോട്  ഉത്തരവാദിത്തമുള്ളവരും അവരുടെ ജനാധിപത്യാവകാശം സംരക്ഷിക്കാന്‍ ബാധ്യസ്ഥരുമാണ്. ചില ജനാധിപത്യ രാജ്യങ്ങളില്‍ തക്ക കാരണങ്ങളാല്‍ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, നമ്മുടെ ഭരണഘടനയിലോ ജനപ്രാതിനിധ്യ നിയമത്തിലോ അത്തരം വ്യവസ്ഥകളില്ല. 1999ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ (കൂറുമാറ്റം നിരോധിക്കല്‍) നിയമവും 2000ലെ കേരള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ (കൂറുമാറിയ അംഗങ്ങള്‍ക്ക് അയോഗ്യത കല്‍പിക്കല്‍) ചട്ടങ്ങളും കൂറുമാറുന്ന അംഗങ്ങളെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ അംഗങ്ങളായി തുടരുന്നതിന് അയോഗ്യത കല്‍പിക്കുന്നു. ചില രാജ്യങ്ങളില്‍ ജനപ്രതിനിധികളെ തിരിച്ചുവിളിക്കുന്നതിനുള്ള നിയമ വ്യവസ്ഥകള്‍ക്ക് സമാനമാണ് കൂറുമാറ്റ നിരോധ നിയമം.

 രാഷ്ട്രീയ കക്ഷിയുടെ ബാനറില്‍ വിജയിച്ച അംഗത്തിന്‍െറ കൂറുമാറ്റം മാത്രമല്ല പ്രശ്നം. രാഷ്ട്രീയ കക്ഷിയുടെയോ സഖ്യത്തിന്‍െറയോ പിന്തുണ കൂടാതെ സ്വതന്ത്രനായി ജയിച്ച അംഗം മറ്റേതെങ്കിലും രാഷ്ട്രീയ കക്ഷിയിലോ സഖ്യത്തിലോ ചേരുന്നപക്ഷം ഈ നിയമപ്രകാരം ആ അംഗം അയോഗ്യനായി തീരുന്നതാണ്.  
അങ്ങനെയെങ്കില്‍ അത്തരമൊരു സ്വതന്ത്ര അംഗം ചെയര്‍പേഴ്സന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സന്‍ എന്നിവരുടെ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷിക്കോ സഖ്യത്തിനോ അനുകൂലമായി വോട്ട് രേഖപ്പെടുത്തുന്നതും  കൂറുമാറ്റ നിരോധ നിയമത്തിന്‍െറ പരിധിയില്‍ വരുന്നതായി കണക്കാക്കേണ്ടതല്ളേ? ഈ കാര്യത്തില്‍ കോടതികളോ സര്‍ക്കാറോ ഒരു അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതാണ്. നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന പക്ഷം നിലവിലുള്ള  പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ കഴിയുന്നതാണ്.  അങ്ങനെ നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഭരണ-പ്രതിപക്ഷ ഭേദമില്ലാത്ത, ജനങ്ങളുടെ  അഭിവൃദ്ധിക്കും വികസനത്തിനും  ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന മാതൃകാ ഭരണ കേന്ദ്രങ്ങളാക്കി  മാറ്റാന്‍ പുതിയ സര്‍ക്കാര്‍ തയാറാകണം.

(കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍മേയറാണ് ലേഖകന്‍)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:self bodies
Next Story