പത്താംതരം പാസായവരും പ്ളസ് ടു പാസായവരും തുടര്‍കോഴ്സുകളെപ്പറ്റി ചിന്തിച്ച് ആശയക്കുഴപ്പത്തിലാവാറുണ്ട്. എത്രതന്നെ കരിയര്‍ ഗൈഡന്‍സ് കോഴ്സുകള്‍ കിട്ടിയാലും കൗണ്‍സലിങ്ങുകള്‍ കഴിഞ്ഞാലും ഒന്നും വ്യക്തമാവാതെ തീരുമാനങ്ങള്‍ പുകനിറഞ്ഞുകിടക്കും. കുട്ടികളെക്കാള്‍ രക്ഷിതാക്കളാണ് ഭാവിസാധ്യതകളെപ്പറ്റി കൂടുതല്‍ വേവലാതിപ്പെടുന്നത്.
ഏതെങ്കിലും ഒരു സുഹൃത്ത് പറഞ്ഞ വിവരംവെച്ച് ഒട്ടും യോജിക്കാത്ത കോഴ്സുകള്‍ക്കുവേണ്ടി വാശിപിടിക്കുന്ന കുട്ടികളുണ്ട്. ഈയിടെ ഒരു രക്ഷിതാവ് അയാളുടെ പഠിക്കാന്‍ മിടുക്കനായ മകന് കാര്‍ റേസിങ്ങിനാണ് താല്‍പര്യം എന്നുപറഞ്ഞ് വിഷമിക്കുന്നതുകണ്ടു. മാതാപിതാക്കള്‍ പറയുന്ന കോഴ്സിലേക്ക് കുഞ്ഞാടുകളെപ്പോലെ നടന്നുകയറുന്ന കുട്ടികളാണ് മറുവശത്ത്. ഈ കുട്ടികളെപ്പറ്റി മാതാപിതാക്കളുടെ ആശങ്കകള്‍ ഇഷ്ടകോഴ്സില്‍ വാശിപിടിക്കുന്ന കുട്ടികളുടേതിനെക്കാള്‍ കൂടുതലാണ്. അവര്‍ക്കുവേണ്ടി തങ്ങള്‍ തെരഞ്ഞെടുത്ത കോഴ്സ് ശരിയായോ, അതു വിജയിപ്പിക്കാന്‍ അവര്‍ക്ക് കഴിയുമോ, അതവര്‍ക്ക് ജീവിതമാര്‍ഗം നേടിക്കൊടുക്കുമോ എന്നെല്ലാമായിരിക്കും അപ്പോള്‍ ആധി.
ഡോക്ടറും എന്‍ജിനീയറും അല്ലാത്ത നൂറുകണക്കിന് കോഴ്സുകള്‍ ഉണ്ടെന്നും അവയിലെല്ലാം ജോലിസാധ്യത കൂടുതലാണെന്നും കരിയര്‍ ഗൈഡന്‍സ് ക്ളാസുകളിലൂടെ എത്രതന്നെ ബോധവത്കരിച്ചാലും അതെല്ലാം ഒറ്റദിവസംകൊണ്ട് ചിന്തിച്ച് ഒഴിവാക്കി വീണ്ടും ഭാരിച്ച കോഴ്സ് ഫീസും കടുത്ത നിബന്ധനകളുമുള്ള എന്‍ട്രന്‍സ് കോച്ചിങ് ക്യാമ്പുകളിലേക്കുതന്നെ രക്ഷിതാക്കള്‍ കുട്ടികളെയും തെളിച്ച് നടന്നുകയറുന്നു. മറ്റു മേഖലകളെപ്പറ്റിയുള്ള ബോധവത്കരണം ഫലിക്കാതെപോവുന്നത് അവിടങ്ങളില്‍ എന്തുനടക്കുന്നു അല്ളെങ്കില്‍, അതുവഴി ജീവിതവിജയം എത്രത്തോളം സാധ്യമാണ് എന്ന ഒരവബോധം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇല്ലാതെ പോയതുകൊണ്ടാണ്.
ഇവിടെയാണ് ഇതര തൊഴില്‍മേഖലകള്‍ പരിചയപ്പെടുത്തേണ്ട ആവശ്യകത ഉയര്‍ന്നുവരുന്നത്. 10ാംതരം കഴിഞ്ഞവര്‍ക്ക് ഒരു മാസവും പ്ളസ് ടു കഴിഞ്ഞവര്‍ക്ക് രണ്ടു മാസവും ഇത്തരം പരിചയകോഴ്സുകള്‍ നടത്താവുന്നതാണ്. മറ്റു പരീക്ഷകളെ ബാധിക്കാത്തതരത്തിലും നിര്‍ബന്ധപൂര്‍വമല്ലാതെയുമാണ് ഇത് നടത്തേണ്ടത്. ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന ഇളവും അനുവദിക്കാം. തുടര്‍ന്നുവരുന്ന കോഴ്സുകളുടെ അഡ്മിഷന്‍ഘട്ടത്തിലോ അല്ളെങ്കില്‍, ആറുമാസത്തിനുള്ളിലോ ഏതെങ്കിലും രണ്ടുവിഷയത്തില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിഷ്കര്‍ഷവെക്കാം. എം.ബി.ബി.എസ് പാസായവര്‍ക്ക് നിര്‍ബന്ധ ഗ്രാമീണസേവനം നടപ്പിലാക്കുന്നതുപോലെയോ എന്‍.സി.സി, എന്‍.എസ്.എസ് കഴിഞ്ഞവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതുപോലെയോ ഉള്ള സംവിധാനത്തെപ്പറ്റി ചിന്തിക്കണം.
തൊഴിലുടമകളെ സംബന്ധിച്ച് ഇത് ബാധ്യതയാവുന്ന പ്രശ്നമില്ല. മറിച്ച്, ചെറിയ തോതിലെങ്കിലും കുട്ടികളുടെ സേവനം സ്ഥാപനത്തിന് ഉപകാരപ്പെടുകയാണ് ചെയ്യുക. കുട്ടികളുടെ സുരക്ഷ, അവകാശസംരക്ഷണം എന്നിവ സംബന്ധിച്ച നിയമപ്രകാരമുള്ള ഉത്തരവാദിത്തം സ്ഥാപനമേധാവികള്‍ കൈക്കൊള്ളേണ്ടതായി വരും. ബോധനം പൂര്‍ത്തിയാക്കുന്ന മുറക്ക് സ്ഥാപനമേധാവിയും തദ്ദേശസ്വയംഭരണ അധികാരിയും ഒപ്പിട്ട ഒരു സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥിക്ക് ലഭിക്കും. സാധിക്കുമെങ്കില്‍ ഒരു ആകര്‍ഷണമെന്നോണം ഈ പരിശീലനകാലത്ത് കുട്ടിക്ക് ഒരു സ്റ്റൈപന്‍ഡും അനുവദിക്കാം.
പൊതു തൊഴിലിടങ്ങളായ സര്‍ക്കാര്‍ ആശുപത്രി, സ്കൂള്‍, ബാങ്ക്, പോസ്റ്റ് ഓഫിസ്, ഇലക്ട്രിസിറ്റി, ജല അതോറിറ്റി, കൃഷി ഓഫിസ്, റെയില്‍വേ സ്റ്റേഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊലീസ് സ്റ്റേഷന്‍ തുടങ്ങിയവയും കോര്‍പറേറ്റ് ഓഫിസ്, ഐ.ടി സ്ഥാപനം, ക്ളിനിക്കുകള്‍, ഹോള്‍സെയില്‍ മെഡിക്കല്‍ ഡിസ്ട്രിബ്യൂട്ടേഴ്സ്, കൊറിയര്‍, ടെക്സ്റ്റൈല്‍സ്, ചെറുകിട വ്യവസായസംരംഭങ്ങള്‍, ഹാര്‍ഡ് വെയര്‍ ഇന്‍ഡസ്ട്രി തുടങ്ങിയ സ്വകാര്യസ്ഥാപനങ്ങളും ഇതിനായി പരിഗണിക്കാം. വന്‍കിട കമ്പനികള്‍, ആശുപത്രികള്‍, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍, ഇന്‍ഷുറന്‍സ്, ടൂറിസം, ഹോട്ടല്‍ മാനേജ്മെന്‍റ് എന്നിവയും ഉള്‍പ്പെടുത്താം. വക്കീല്‍, ഡോക്ടര്‍, കോണ്‍ട്രാക്ടര്‍, സിവില്‍ എന്‍ജിനീയര്‍ എന്നിവര്‍ക്കും ചില നിബന്ധനകള്‍ക്ക് വിധേയമായി അപ്രന്‍റിസുകളായി കുട്ടികളെ നിയമിക്കാം. എല്ലാം നിയമപരമായ സുരക്ഷയും അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടായിരിക്കണം എന്നുമാത്രം.
ഈ സ്ഥാപനങ്ങളിലെല്ലാം കുട്ടികള്‍ ശ്രദ്ധിക്കേണ്ടത് താഴെപറയുന്ന കാര്യങ്ങളാണ്.
1. താന്‍ അഭ്യസിച്ച കാര്യങ്ങള്‍ ഈ മേഖലയില്‍ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്തിയിരിക്കണം?
2. കൂടുതലായി അറിവുനേടണമെന്ന് തനിക്കുതോന്നുന്നത് ഏത് മേഖലയിലാണ്?
3. തന്‍െറ കഴിവും സാഹചര്യവും പരിഗണിച്ച് തനിക്ക് ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടോ?
4. ഓരോ തസ്തികയിലും ജോലി ചെയ്യുന്നത് എന്തെന്ത് യോഗ്യതകള്‍ ഉള്ളവരാണ്, അവരുടെ ജീവിതനിലവാരം എങ്ങനെ?
5. ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരും പൊതുജനവും തമ്മില്‍ ഇടപെടുന്നത് എങ്ങനെയെല്ലാം?
6. എങ്ങനെയെല്ലാമാണ് ഒരു സ്ഥാപനം വരുമാനമുണ്ടാക്കുന്നത്?
ഇങ്ങനെ പല വീക്ഷണകോണുകളിലൂടെ നോക്കിയും വിശകലനം ചെയ്തും ശാരീരികവും മാനസികവുമായി അതില്‍ ഇടപെട്ടും ഒരു വിദ്യാര്‍ഥിക്ക് സ്വയം കണ്ടത്തൊനാവും താന്‍ ഏതുതരം ജോലിക്ക് പ്രാപ്തനാണെന്നും അതില്‍ താന്‍ നേടിയെടുക്കേണ്ട യോഗ്യതകള്‍ എന്തെല്ലാമെന്നും. ഇതുവഴി തന്‍െറ തുടര്‍ പഠനമേഖല തീരുമാനിക്കാനും ഭാവിയിലെ ഒരുപാട് മോഹഭംഗങ്ങളില്‍നിന്ന് മോചിതനാകാനും അവന്‍ പ്രാപ്തനാകും.