Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസൗദിയുടെ...

സൗദിയുടെ പരിവര്‍ത്തനപദ്ധതിയും പ്രവാസത്തിന്‍െറ ഭാവിയും

text_fields
bookmark_border
സൗദിയുടെ പരിവര്‍ത്തനപദ്ധതിയും പ്രവാസത്തിന്‍െറ ഭാവിയും
cancel

കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള കുടിയേറ്റം അമ്പതുകളുടെ അവസാനത്തോടെയാണ് ആരംഭിച്ചത്. മലയാളിയുടെ ഗള്‍ഫ്വാസം അരനൂറ്റാണ്ട് പിന്നിടുമ്പോള്‍  ഏകദേശം 40 ലക്ഷത്തോളം മലയാളികള്‍ ഗള്‍ഫ്നാടുകളില്‍ കഴിയുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഇവരില്‍ ഭൂരിഭാഗവും യു.എ.ഇയിലും സൗദി അറേബ്യയിലുമായാണ് ജോലിചെയ്തുവരുന്നത്. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളിലുണ്ടാകുന്ന ചെറിയ ഇലയനക്കംപോലും കേരളത്തിലെ ജീവിതാവസ്ഥയില്‍ തിരയിളക്കമായി അനുഭവപ്പെടാറുണ്ട്.   
സമീപകാലത്തായി സ്വദേശിവത്കരണത്തിന്‍െറയും എണ്ണവിലയിടിവിന്‍െറ പശ്ചാത്തലത്തിലുള്ള ചെലവുചുരുക്കലിന്‍െറയും സാഹചര്യത്തില്‍ തൊഴിലെടുക്കുന്ന എല്ലാ വിദേശികളെയുമെന്ന പോലെ മലയാളികളെയും പ്രതികൂലമായി ബാധിക്കുന്ന മാറ്റങ്ങളിലൂടെയാണ് ഗള്‍ഫ്രാജ്യങ്ങള്‍ കടന്നുപോകുന്നത്. ഈ ഘട്ടത്തില്‍  കേരളം താമസിയാതെ പ്രവാസം കഴിഞ്ഞുള്ള തിരിച്ചുവരവിന് (Reverse migration) സാക്ഷ്യംവഹിക്കേണ്ടിവരും. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഏറ്റവും വലിയ തിരിച്ചുവരവ് ഉണ്ടാകാന്‍പോകുന്നത് സൗദി അറേബ്യയില്‍നിന്നായിരിക്കും. മിക്ക തൊഴില്‍മേഖലകളിലും സ്വദേശിവത്കരണത്തിന്‍െറ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സൗദി അറേബ്യ, സാമ്പത്തികവ്യവസ്ഥയെ എണ്ണയിതര വരുമാനത്തിന്‍െറ അടിസ്ഥാനത്തിലേക്ക്  വൈവിധ്യവത്കരിച്ച് സ്വയംപര്യാപ്തതയിലൂടെ വന്‍ കുതിച്ചുചാട്ടത്തിന് തയാറെടുക്കുകയാണ്.
1932ല്‍ സൗദി അറേബ്യ എന്ന രാജഭരണ പ്രദേശം നിലവില്‍വന്നശേഷം ഉണ്ടാകാന്‍ പോകുന്ന ഏറ്റവും വലിയ സാമ്പത്തിക, സാമൂഹിക തൊഴില്‍പരിഷ്കാരങ്ങളാണ് ത്വരിതഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മലയാളികള്‍ക്ക് പരമ്പരാഗത തൊഴില്‍മേഖലകളിലും  വമ്പിച്ച തോതില്‍ തൊഴില്‍നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ വരുംവര്‍ഷങ്ങളില്‍ പുതിയ മേഖലകളില്‍ ഏറ്റവും കൂടുതല്‍  വിദഗ്ധ തൊഴിലാളികളുടെ ഒഴുക്കുണ്ടാകാന്‍ പോകുന്നതും സൗദി അറേബ്യയിലേക്കു തന്നെയായിരിക്കും.  
സൗദി അറേബ്യയെ ഐശ്വര്യത്തുടര്‍ച്ചയിലേക്ക് നയിക്കാന്‍ 2016 ഏപ്രില്‍ 25ന്  പ്രഖ്യാപിച്ച ‘വിഷന്‍ 2030’ എന്ന പരിവര്‍ത്തനപദ്ധതി ഇന്ന്  ലോക വ്യാപകമായി ചര്‍ച്ചചെയ്തുവരുകയാണ്. സൗദി സര്‍ക്കാര്‍ അധീനതയിലുള്ള ഏറ്റവും  വിലപിടിപ്പുള്ള കമ്പനിയായ സൗദി അരാംകോ എന്ന എണ്ണക്കമ്പനിയുടെ അഞ്ച് ശതമാനം ഓഹരി വിറ്റഴിച്ച് ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ നിക്ഷേപക ഫണ്ട്  സ്വരൂപിക്കാനുള്ള സൗദി തീരുമാനമാണ് സാമ്പത്തികരംഗത്ത് സൗദി വിഷന്‍ 2030 വ്യാപകമായി ചര്‍ച്ചചെയ്യാന്‍ ഇടയാക്കിയത്. ഏകദേശം രണ്ടര ട്രില്യണ്‍ ഡോളര്‍, അതായത് ലോകത്തിലെ വന്‍ കമ്പനികളായ ഗൂഗ്ളും മൈക്രോസോഫ്റ്റും ബാക്ഷ ഹത്താവെയും ഒന്നിച്ചുവാങ്ങാന്‍ കഴിയുന്നത്രയും വന്‍തുകയായിരിക്കും  ഈവിധം സൗദി അറേബ്യയില്‍ എത്തിച്ചേരുക. സൗദി അറേബ്യയുടെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാന്‍ ആവശ്യമായ പണം കണ്ടത്തെുക എന്നതാണ് നിക്ഷേപകഫണ്ട് സ്വരൂപിക്കുന്നതിന്‍െറ ലക്ഷ്യം. സൗദി അരാംകോയെ എണ്ണ മേഖലയില്‍ മാത്രമായി ഒതുക്കാതെ നിര്‍മാണം, എന്‍ജിനീയറിങ് തുടങ്ങി വ്യവസായ മേഖലകളിലേക്കുകൂടി വികസിപ്പിച്ച്്,  ഈ ഫണ്ട് ഉപയോഗിച്ച് പ്രധാന രാജ്യങ്ങളില്‍ അരാംകോയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും അവിടങ്ങളില്‍ വിവിധ നിക്ഷേപങ്ങള്‍ നടത്താനുമാണ് വിഷന്‍ 2030 വിഭാവനം ചെയ്യുന്നത്. സൗദി അരാംകോ മുഖ്യമായും യു.എസ്, ഇന്ത്യ, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് സംയുക്തസംരംഭങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നതായി അരാംകോയുടെ പ്രസിഡന്‍റ് അമീന്‍ ഹസന്‍ നാസര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ സൗദി അരാംകോയുടെ കീഴില്‍ 66,000 പേരാണ് ജോലി ചെയ്യുന്നതെങ്കില്‍ പുതിയ നയം നടപ്പാക്കുന്നതിലൂടെ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ അഞ്ചു ലക്ഷം പേര്‍ക്കുകൂടി തൊഴിലവസരം സൃഷ്ടിക്കാനാകുമെന്ന് ഹസന്‍ അല്‍ നാസര്‍ പറയുന്നു.
വിദേശ രാജ്യങ്ങളില്‍നിന്നുള്ള മാനവവിഭവശേഷിയും സര്‍ക്കാര്‍ സഹായങ്ങളും (സബ്സിഡി) ആശ്രയിച്ചുശീലിച്ച ഒരു ജനതയെ സ്വയംപര്യാപ്തരാക്കി മാറ്റുകയാണ് പരിവര്‍ത്തനപദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി നാലു വര്‍ഷംകൊണ്ട്  രാജ്യത്തിന്‍െറ എണ്ണയിതര വരുമാനം 163.5 ബില്യണ്‍ റിയാലില്‍നിന്ന് 530 ബില്യണ്‍ ആയി ഉയര്‍ത്തുമെന്നാണ് പറയുന്നത്. കൂടാതെ, നാലുവര്‍ഷംകൊണ്ട് സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ നാലു ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്നും ഖനനമേഖലയിലെ വരുമാനം നിലവിലുള്ള 64 ബില്യണ്‍ റിയാലില്‍നിന്ന് 97 ബില്യണാക്കി ഉയര്‍ത്തുമെന്നും പറയുന്നുണ്ട്.
സൗദി അറേബ്യയുടെ സൈനികാവശ്യങ്ങള്‍ക്കായുള്ള ആയുധങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കുന്ന തുകയുടെ 50 ശതമാനവും രാജ്യത്തിനകത്തുനിന്നാക്കുക എന്ന ലക്ഷ്യവും വിഷന്‍ രൂപരേഖ മുന്നോട്ടു വെക്കുന്നു. നൂറുശതമാനം സര്‍ക്കാര്‍ അധീനതയിലുള്ള ഹോള്‍ഡിങ് കമ്പനി ഈ ആവശ്യങ്ങള്‍ക്കായി 2017ല്‍തന്നെ സ്ഥാപിക്കും. സൈനികവിമാനങ്ങള്‍ വരെ രാജ്യത്തിനകത്ത് നിര്‍മിക്കാനാണ് പദ്ധതി. കൂടാതെ, 10 ബില്യണ്‍ ഡോളര്‍ ചെലവില്‍ റിയാദില്‍ തുടക്കമിട്ട കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് ഒരു പ്രത്യേക സാമ്പത്തികമേഖലയായി തിരിച്ച് അവിടേക്കുള്ള വിസ വ്യവസ്ഥകള്‍ ഉദാരമാക്കാനാണ് ഉദ്ദേശിക്കുന്നത്. സാധനസാമഗ്രികളുടെ വിന്യാസരംഗത്തും ടൂറിസം, വ്യവസായം എന്നീ രംഗങ്ങളിലുമെല്ലാം നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പ്രത്യേകമേഖലകള്‍ വരാന്‍പോകുകയാണ്.
ദീര്‍ഘകാലം രാജ്യത്ത് താമസിക്കുന്ന വിദേശികളായ നിക്ഷേപകര്‍ക്ക്  ഉല്‍പാദനരംഗത്ത് പങ്കാളിത്തം ഉറപ്പിക്കുമെന്നും  വികസിത രാജ്യങ്ങളുടെ മാതൃക പിന്‍പറ്റി അവര്‍ക്ക്  ഗ്രീന്‍കാര്‍ഡ് നല്‍കുമെന്നുമുള്ള പ്രഖ്യാപനം വിഷന്‍ 2030ല്‍ ഉള്‍ച്ചേര്‍ത്തത്  കൂടുതല്‍ വിദേശ സംരംഭകര്‍ക്ക് സൗദിയിലേക്ക് കടന്നുവരാന്‍ പ്രചോദനമായി മാറും. ഇങ്ങനെ നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ സാമൂഹികരംഗത്തും തൊഴില്‍രംഗത്തുമെല്ലാം പ്രതിഫലിക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു. ഉംറയോടൊപ്പം ചരിത്ര, സാംസ്കാരിക മേഖലകളുമായി ബന്ധിപ്പിച്ചുള്ള ടൂറിസത്തെ പ്രോത്സാഹിപ്പിക്കും. ഉംറ തീര്‍ഥാടകരുടെ എണ്ണം വര്‍ഷംതോറും ഉയര്‍ത്താനുള്ള അടിസ്ഥാനസൗകര്യ വികസനവും  നടന്നുവരുന്നു. വിനോദത്തിന്‍െറയും സാംസ്കാരികവിനിമയത്തിന്‍െറയും വാതിലുകള്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം ജനങ്ങളുടെ സന്തോഷസൂചികയിലും മാറ്റംവരുമെന്നാണ് വിഷന്‍ പ്രമാണത്തില്‍ ഉദ്ധരിച്ചിരിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലുണ്ടാകാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ചും അടിസ്ഥാനസൗകര്യ വികസനം, നഗരവത്കരണം, ടൂറിസം എന്നീ മേഖലകളിലുംഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ചും വിഷന്‍ 2030 കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. സ്ത്രീശാക്തീകരണം, യുവതയുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുക എന്നിവയും ലക്ഷ്യമാണ്.
എന്നാല്‍, കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ക്കുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനോടൊപ്പം ചെലവുചുരുക്കാനുള്ള നിര്‍ദേശങ്ങളും സൗദി വിഷന്‍ മുന്നോട്ടുവെക്കുന്നു. അതുകൊണ്ടു തന്നെ സൗദിയില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് വിഷന്‍ 2030 ഒരേസമയം അവസരങ്ങളും വെല്ലുവിളികളും നിറഞ്ഞതാണ്. വിദേശികള്‍ക്ക് നാട്ടിലയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കമുണ്ടെന്നപോലെ ആദായനികുതിയും പരിഗണിച്ചുവരുകയാണ്.
സൗദി വിഷന്‍ 2030 സൗദിപൗരന്മാരെ അവസരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുകൊണ്ടുപോകുമ്പോള്‍ വിദേശ ഇന്ത്യക്കാര്‍ക്ക് അവരുടെ ജോലിസ്ഥിരത സംബന്ധിച്ച ഭാവി നിര്‍ണയിക്കുന്ന പരിഷ്കാരങ്ങളായിരിക്കും ഇനി എല്ലാ തൊഴില്‍മേഖലകളിലും കടന്നുവരാന്‍ പോകുന്നത്. ഈ അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കാന്‍ തൊഴില്‍ സാമൂഹികവികസന  മന്ത്രാലയം ലക്ഷ്യമിടുന്നില്ല എന്ന കാര്യം തൊഴില്‍മന്ത്രി ഡോ.  മുഫറജ് അല്‍ ഹഖ്ബാനി മാധ്യമങ്ങളെ അറിയിക്കുകയുണ്ടായി.
സൗദി അറേബ്യയിലെ മൊബൈല്‍ കടകളില്‍ 50 ശതമാനം സൗദിവത്കരണം വന്നതോടെ ഈ മേഖലയില്‍ ജോലിചെയ്തു രുന്ന ആയിരങ്ങള്‍ക്കാണ് ഇപ്പോള്‍ ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. സെപ്റ്റംബര്‍ മാസത്തോടെ മൊബൈല്‍ കച്ചവടം നൂറുശതമാനം സൗദിവത്കരിക്കുന്നതോടെ ഈ മേഖലയില്‍ ജോലിചെയ്യുന്ന എല്ലാ മലയാളികളും നാട്ടിലേക്ക് മടങ്ങിയേക്കും. താമസിയാതെ ഇലക്ട്രോണിക്സ്, ചെറുകിട അനാദിക്കടകള്‍ എന്നീ മേഖലകളിലും    ഈ അവസ്ഥ സംജാതമായേക്കും. അങ്ങനെ വരുമ്പോള്‍  വര്‍ഷാവസാനത്തോടെ സൗദി അറേബ്യയില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചത്തെുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കും. ഈ പശ്ചാത്തലത്തില്‍ വിഷയത്തിന്‍െറ പ്രാധാന്യം പരിഗണിച്ച് തിരിച്ചുവരുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ ആസൂത്രണംചെയ്യാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയാറാകണം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
Next Story