Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഉപവാസത്തിലൂടെ...

ഉപവാസത്തിലൂടെ ദിവ്യബോധത്തിലേക്ക്

text_fields
bookmark_border
ഉപവാസത്തിലൂടെ ദിവ്യബോധത്തിലേക്ക്
cancel

ഭക്ഷണം കുറയുമ്പോള്‍ ആയുസ്സ് കൂടുന്നു. ഡെല്‍ഗാദോ എന്ന വിഖ്യാത മന$ശാസ്ത്രജ്ഞന്‍ മൃഗങ്ങളുടെ ഭക്ഷണത്തെ മുന്‍നിര്‍ത്തി ഒരു പരീക്ഷണം നടത്തി. എലികള്‍ക്ക് ഒരുനേരം മാത്രം ഭക്ഷണം കൊടുത്തപ്പോള്‍ അവ രണ്ടിരട്ടിക്കാലം ജീവിക്കുന്നതായി കണ്ടത്തെി. ദിവസം രണ്ടുനേരം ഭക്ഷണം കഴിച്ച എലികള്‍ പകുതിസമയം കൊണ്ടുതന്നെ ചാവുന്നതായും. ഭക്ഷണവും ആയുസ്സും സൂക്ഷ്മതലത്തില്‍ എങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടത്തെുകയായിരുന്നു.
ദിവസം രണ്ടു നേരമല്ല, അഞ്ചും ആറും തവണ ഭക്ഷിക്കുന്ന ആധുനികകാലത്തെ മനുഷ്യന്‍ തനിക്ക് സഹജമായുള്ള ആയുസ്സിന്‍െറ ദൂരം വളരെവേഗം ഓടിത്തീര്‍ക്കുകയാണോ? കെന്നത്ത് വാക്കര്‍ എന്ന മഹാനായ വൈദ്യചിന്തകന്‍ തന്‍െറ ആത്മകഥയില്‍ ഇങ്ങനെയെഴുതി: ഒരാള്‍ തിന്നുന്നതിന്‍െറ പകുതി അയാളുടെ വയറ് പൂരിപ്പിക്കുന്നു; ബാക്കി പാതി ഡോക്ടര്‍മാരുടെ വയറുകളേയും’. ഒരാള്‍ സാധാരണ കഴിക്കുന്നതിലും പാതിയാണ് അയാള്‍ തിന്നുന്നതെങ്കില്‍ അയാളൊരിക്കലും രോഗിയാവില്ല. ചിലര്‍ രോഗികളാകുന്നത് അവര്‍ക്കാവശ്യമായ ആഹാരം കിട്ടാത്തതുകൊണ്ടാണ്. വേറെ ചിലര്‍ രോഗികളാകുന്നത് ആവശ്യത്തിലേറെ തിന്നുന്നതുകൊണ്ടും. വിശന്നുമരിക്കുന്നതിനെക്കാള്‍ മനുഷ്യര്‍ ഇന്ന് അമിതാഹാരംകൊണ്ട് മരിക്കുന്നു!

‘ഒരാളെത്രകാലം ജീവിക്കുമെന്നു പറയാനാവില്ല. എന്നാല്‍, ഒരാളുടെ പേരിലുള്ള ഭക്ഷണം തീരുമാനിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ ഒരാള്‍ ഏറെ ഭക്ഷിക്കുന്നുവെങ്കില്‍ വേഗം മരിക്കും. മിതമായി ഭക്ഷിക്കുകയാണെങ്കില്‍ ഏറെ ജീവിക്കും’ -വിനോബ ഭാവെ. ഇതിനെ സാധൂകരിക്കുന്ന ഒരു നരവംശശാസ്ത്ര പഠനത്തില്‍ ദിവസം ഒരുനേരം മാത്രം ഭക്ഷണം കഴിക്കുകയും വെയിലത്ത് പണിയെടുക്കുകയും ചെയ്യുന്ന ഗോത്രവര്‍ഗങ്ങളില്‍ 120 വര്‍ഷവും അതിലധികവും മനുഷ്യര്‍ ജീവിക്കുന്നതായി പറഞ്ഞിരിക്കുന്നു. ആര്‍ത്തിയും വെപ്രാളവും പരക്കംപാച്ചിലും വെടിഞ്ഞ് മനുഷ്യരൊക്കെയും ജീവിക്കാന്‍ തുടങ്ങിയാല്‍, പുതിയൊരവബോധത്തോടെ സ്വയംമാറിയാല്‍ ഭൂമിയാകെ സ്വര്‍ഗമായി മാറും. ഇതിലേക്ക്, മനുഷ്യവംശത്തിനാകെയുള്ള സൂക്ഷ്മമായ വാര്‍ഷിക ഹോംവര്‍ക്കാണ് ഇസ്ലാമിക ഉപവാസചര്യ.

ആത്മീയതക്ക് ആഴമാണ്, പരപ്പല്ല വേണ്ടത്. ദേഹംകൊണ്ടും മനസ്സുകൊണ്ടും ഒരാള്‍ ആഴത്തിലാകുന്നത് ഇവ രണ്ടിനെയും വിശ്രമിക്കാനനുവദിക്കുമ്പോഴാണ്. ഉപവാസത്തില്‍ ദേഹവും മനസ്സും വിശ്രമിക്കുന്നു, സ്വസ്ഥമാകുന്നു. ഇത്തരം വിശ്രമാവസ്ഥയില്‍ ദേഹവും മനസ്സും കുറെക്കൂടി ഉന്നതമായ ഒരവസ്ഥയിലേക്ക് കടക്കുന്നു. യഥാര്‍ഥമായ ദിവ്യബോധത്തിലേക്ക് ക്ഷണികമായ ഒരുനോട്ടം. ഇതൊരാളില്‍ സംഭവിക്കുന്നതോടെ അയാള്‍ ജീവിതത്തെ ഒരു പുതിയ മനസ്സോടെ കാണാന്‍ പഠിക്കുകയാണ്.

ജീവിതത്തിന്‍െറ പരമമായ ധര്‍മമെന്തെന്ന ചോദ്യം ഒരാളില്‍നിന്നു താനേ ഉണര്‍ന്നുവരുന്നു. തിന്നും കുടിച്ചും രമിച്ചും മരിച്ചുപോകാനുള്ളതല്ല തന്‍െറ ജന്മമെന്ന് അയാള്‍ ജീവിതത്തിലാദ്യമായി തിരിച്ചറിയുന്നു. ഉള്ളില്‍ സ്നേഹവും കരുണയും നിറയുന്നു. അയാള്‍ തന്‍െറ മുഴുവന്‍ ഇന്ദ്രിയങ്ങള്‍കൊണ്ടും പ്രപഞ്ചത്തെ, പരമമായതിനെ അറിയാനാരംഭിക്കുന്നു. ഒരാളിലുള്ള മൃഗബുദ്ധിയും മാനവബുദ്ധിയും കൊഴിഞ്ഞുപോകുന്നു. ദിവ്യബുദ്ധിയിലേക്ക് അയാളത്തെുന്നു.
മൃഗബുദ്ധിയുള്ള ഒരാള്‍ പറയും: ‘എന്‍േറത് എന്‍േറത്, നിന്‍േറതും എന്‍േറത്’.
മാനവബുദ്ധിയുള്ള ഒരാള്‍ പറയും: ‘എന്‍േറത് എന്‍േറത്, നിന്‍േറത് നിന്‍േറത്’.
ദിവ്യബുദ്ധിയുള്ള ഒരാള്‍ പറയും: ‘എന്‍േറതായി ഒന്നുമില്ല, നിന്‍േറതായി ഒന്നുമില്ല’.

ഈ യഥാര്‍ഥമായ ദിവ്യബോധത്തിലേക്ക് മനുഷ്യവംശത്തിന്‍െറ ജീവിതത്തെ എത്തിക്കണമെന്ന മുഹമ്മദ് നബിയുടെ ഒരു മഹാബോധത്തിന്‍െറ സ്വപ്നസാക്ഷാത്കാരമാണ്, വര്‍ഷന്തോറും ലോകമെമ്പാടും മുസ്ലികള്‍ മാത്രമല്ല, അമുസ്ലിംകളും ദിവ്യബോധത്തിലേക്ക് കടക്കാന്‍ വെമ്പുന്ന മുഴുവന്‍ മനുഷ്യരും ആചരിക്കുന്ന ഉപവാസം. ഉപവാസം വഴി ഭക്ഷണത്തിലും ഉറക്കത്തിലുമുള്ള മിതത്വം ആഗ്രഹങ്ങളുടെ ശക്തിക്ക് ക്ഷീണംവരുത്തുന്നു. ബുദ്ധിയില്‍ അത് മഹത്തായ വ്യക്തതയരുളുന്നു.

Show Full Article
TAGS:pn das 
Next Story