Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightന്യായാധിപ...

ന്യായാധിപ നിയമനാനിശ്ചിതത്വം ഇനി എത്ര കാലം?

text_fields
bookmark_border
ന്യായാധിപ നിയമനാനിശ്ചിതത്വം ഇനി എത്ര കാലം?
cancel

ഉന്നത നീതിപീഠങ്ങളിലേക്കുള്ള ന്യായാധിപന്മാരെ നിയമിക്കുന്നതിന് പഴയ കൊളീജിയം രീതിയോ സര്‍ക്കാര്‍ പുതുതായി രൂപംനല്‍കിയ ദേശീയ ന്യായാധിപ നിയമന കമീഷനോ മികച്ചത് എന്ന തര്‍ക്കം അവസാനിക്കാതെ തുടരുമ്പോള്‍ ജഡ്ജിമാരുടെ നിയമനം അനിശ്ചിതമായി നീളുകയാണ്. ഹൈകോടതികളില്‍ 1074 ജഡ്ജിമാരുടെ തസ്തികകള്‍ ഉണ്ട്. എന്നാല്‍, ഇതില്‍ 458 എണ്ണവും ഒഴിഞ്ഞുകിടക്കുന്നു. ചില ഉന്നത കോടതികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാകട്ടെ, ആക്ടിങ് ചീഫ് ജസ്റ്റിസുമാരുടെ കീഴിലും. ഈ സ്ഥിതിയെ നിരുത്തരവാദപരം, പൊതുജനപ്രശ്നങ്ങളോടുള്ള അലംഭാവം, കൊള്ളരുതായ്മ തുടങ്ങിയ പദങ്ങള്‍കൊണ്ട് നമുക്ക് അധിക്ഷേപിക്കാം. ബഹളവുംവെക്കാം. എന്നാല്‍, നിയമവ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയായതിനാല്‍ ഈയുള്ളവന്‍ കൂകിയാര്‍ക്കാന്‍ മുതിരുന്നില്ല.
ഉദ്യോഗസ്ഥക്ഷാമവും തസ്തികകളുടെ ഒഴിവും ഭരണനിര്‍വഹണ വിഭാഗത്തിലായിരുന്നു നിലനില്‍ക്കുന്നതെങ്കില്‍ അഭിഭാഷകവൃന്ദവും രാഷ്ട്രീയ നേതാക്കളും പൊതുജനതാല്‍പര്യങ്ങള്‍ ഹനിക്കപ്പെടുന്നതിനെ സംബന്ധിച്ച് ശക്തമായ മുറവിളികള്‍ ഉയര്‍ത്തിയേനെ. നീതിന്യായ ബെഞ്ചിന്‍െറ നിത്യേനയുള്ള പഴിമൂലമാകാം ഇപ്പോള്‍ ഭരണനിര്‍വഹണ മേഖലയിലെ ചില വ്യക്തികള്‍ ജുഡീഷ്യറിക്കെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. ‘വൈദ്യരേ, ആദ്യം സ്വയം ചികിത്സിക്കൂ’ എന്ന മട്ടിലാണ് നീതിപീഠങ്ങള്‍ക്കുനേരെയുള്ള ആക്രോശങ്ങള്‍.
ഇപ്പോഴത്തെ സ്ഥിതിവിശേഷത്തിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് ജുഡീഷ്യറിക്കും അഭിഭാഷക സഹോദരങ്ങള്‍ക്കും ഒഴിഞ്ഞുമാറാനാകില്ല എന്ന് വ്യക്തമാക്കേണ്ടതുണ്ട്. സുതാര്യത ഇല്ല എന്നത് കൊളീജിയം രീതിയുടെ പ്രധാന പോരായ്മയാണ്. പൊതുജനങ്ങളോടോ ഭരണകര്‍ത്താക്കളോടോ ആലോചിക്കാതെയുള്ള രഹസ്യ നിയമന രീതിയാണത്. ഈ പോരായ്മ നികത്തേണ്ടത് നീതിപീഠംതന്നെയായിരുന്നു. എന്നാല്‍, പന്ത് കാല്‍ക്കീഴില്‍ വന്നതോടെ സര്‍ക്കാര്‍ ജഡ്ജിമാരെ നിയമിക്കാന്‍ കമീഷനുമായി രംഗപ്രവേശം ചെയ്തു. നീതിന്യായ വ്യവസ്ഥയുടെ ശേഷിയും സക്രിയതയും വെട്ടിച്ചുരുക്കുന്നതിന് ചില സാമാജികരും ഭരണനിര്‍വഹണ വിഭാഗത്തിലെ മന്ത്രിമാരും കരുക്കള്‍ നീക്കി എന്ന യാഥാര്‍ഥ്യം വിസ്മരിക്കപ്പെട്ടുകൂടാ. നിഷ്പക്ഷമായ ജുഡീഷ്യറി നിലവിലുള്ളതുകൊണ്ടാണ് തങ്ങള്‍ ഇപ്പോഴനുഭവിക്കുന്ന അധികാരാവകാശങ്ങള്‍ സിദ്ധമായത് എന്ന കാര്യം സാമാജികരും മന്ത്രിമാരും ഓര്‍മിക്കുന്നില്ല. ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ ‘ബ്രൂട്ടസേ, നീയും’ എന്ന അധിക്ഷേപം സാമാജികര്‍ക്കെതിരെ ഉയര്‍ന്നത് അതുകൊണ്ടായിരുന്നു.
നിയമന നടപടിക്രമം
ഈ പശ്ചാത്തലത്തില്‍ കൊളീജിയത്തിന്‍െറ പോരായ്മ നികത്തി ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ മാനദണ്ഡ പത്രിക (Memorandum of Procedure) തയാറാക്കാന്‍ സുപ്രീംകോടതി തയാറാവുകയുണ്ടായി. എന്നാല്‍, ഇതുസംബന്ധമായി ആഴ്ചകളോളം വാദംകേട്ടശേഷം ഇത്തരമൊരു മാനദണ്ഡ പത്രിക തയാറാക്കാനുള്ള ചുമതല കോടതി സര്‍ക്കാറിനുതന്നെ കൈമാറിയിരിക്കുന്നു. തീര്‍ത്തും ആശ്ചര്യമുളവാക്കുന്ന തീരുമാനമാണ് കോടതി കൈക്കൊണ്ടത്. സ്വയം നാശകരമായ ഈ നടപടിക്ക് പിന്നിലെ യുക്തി എനിക്ക് പിടികിട്ടുന്നില്ല. ജഡ്ജിമാരുടെ നിയമനത്തില്‍ അവസാന വാക്ക് കൊളീജിയത്തിന്‍േറതായിരിക്കുമെന്നും നിയമനാധികാരം സര്‍ക്കാറുമായി പങ്കുവെക്കാന്‍ തയാറല്ളെന്നും നേരത്തേ തീരുമാനിച്ച അതേ കോടതിയാണ് ഇപ്പോള്‍ സുപ്രധാനമായ ചുമതലകള്‍ സര്‍ക്കാറിന് കൈമാറിയിരിക്കുന്നത്.
സര്‍ക്കാറാകട്ടെ ഒട്ടും കൂസലില്ലാതെ അധിക്ഷേപാര്‍ഹമായ നിബന്ധനകളാണ് നടപടിക്രമപത്രികയില്‍ എഴുതിച്ചേര്‍ത്തത്. യോഗ്യരെന്ന് കണ്ടത്തെി കൊളീജിയം നിയമനത്തിനായി ശിപാര്‍ശ ചെയ്യുന്ന ന്യായാധിപന്മാരെ സംബന്ധിച്ച് സര്‍ക്കാര്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നപക്ഷം ശിപാര്‍ശകള്‍ നിരാകരിക്കപ്പെടേണ്ടതാണ് എന്നത് ഉള്‍പ്പെടെയുള്ള വികല വ്യവസ്ഥകളാണ് ഒരു സംഘം മന്ത്രിമാര്‍ എഴുതിച്ചേര്‍ത്തത്. ന്യായാധിപന്മാരെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ അറ്റോണി ജനറല്‍, അഡ്വക്കറ്റ് ജനറല്‍ തുടങ്ങിയവരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നതാണ് അനഭികാമ്യമായ മറ്റൊരു നിബന്ധന.
നേരത്തേ പ്രാബല്യത്തില്‍വന്ന ജഡ്ജസ് ആക്ടില്‍പോലും ഇത്തരമൊരു നിബന്ധന ഇല്ലാതിരിക്കെ കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് വഴിമരുന്നാകുന്ന ഈ നിബന്ധന എങ്ങനെ നടപടിക്രമ പത്രികയില്‍ കടന്നുകൂടി? ഈ നിബന്ധന അത്യധികം ആശങ്കജനകമാണെന്ന് പറയേണ്ടതില്ല. ഇതിന് ഉടനടി പരിഹാരം കണ്ടേ മതിയാകൂ.
ഈ ഘട്ടത്തില്‍ വിവേകപൂര്‍വമായ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ മുന്‍ ചീഫ് ജസ്റ്റിസുമാരും നിലവിലെ സുപ്രീംകോടതി ജഡ്ജിമാരും തയാറാകണമെന്ന നിര്‍ദേശമാണ് എനിക്ക് അവതരിപ്പിക്കാനുള്ളത്. ഈ നിര്‍ദേശത്തില്‍ ഒട്ടും അയുക്തി കാണേണ്ടതില്ല. നേരത്തേ നടപടിക്രമ പത്രിക തയാറാക്കാന്‍ പരമോന്നത കോടതിയുടെ അഞ്ചംഗ ബെഞ്ച് പൊതുജനങ്ങളില്‍നിന്നുപോലും അഭിപ്രായങ്ങള്‍ ക്ഷണിക്കുകയുണ്ടായി. വിലപ്പെട്ട അഭിപ്രായങ്ങള്‍ ബെഞ്ചിന് സമര്‍പ്പിച്ചുകൊണ്ട് വിരമിച്ച ന്യായാധിപന്മാര്‍ മാതൃക കാട്ടുകയുമുണ്ടായി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യംതന്നെ വെല്ലുവിളിക്കപ്പെട്ട ഈ സന്ദര്‍ഭത്തില്‍ മുന്‍ ന്യായാധിപന്മാരുടെ അഭിപ്രായങ്ങള്‍ സമാഹരിക്കപ്പെടേണ്ടത് അനുപേക്ഷണീയമാണ്. ഭരണഘടനാവിരുദ്ധമായ നിബന്ധനകള്‍ ഉന്നയിച്ചുകൊണ്ടാണ് ഭരണനിര്‍വഹണ വിഭാഗം നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന്‍െറ കടയ്ക്കല്‍ കത്തിയാഴ്ത്താന്‍ മുതിരുന്നത്. ഈയൊരു പ്രതിസന്ധിയുടെ ഗൗരവം മുന്‍കൂട്ടി വിലയിരുത്തിയതുകൊണ്ടായിരുന്നു ഭരണനിര്‍വഹണ വിഭാഗത്തില്‍നിന്ന് ജുഡീഷ്യറിയുടെ അധികാരം സ്വതന്ത്രമാക്കാന്‍ മൊണ്ടെസ്ക്യൂ ആവശ്യപ്പെട്ടത്. സര്‍വാംഗീകൃത പ്രമാണങ്ങള്‍ ലംഘിക്കാന്‍ പാടില്ളെന്ന് ഭരണനിര്‍വഹണ വിഭാഗത്തെ കര്‍ശനമായി ഓര്‍മിപ്പിക്കേണ്ടിയിരിക്കുന്നു.
ജെയിംസ് ഒന്നാമന് ലഭിച്ച മറുപടി
ഇംഗ്ളണ്ടിലെ ജെയിംസ് ഒന്നാമന്‍ രാജാവിന് ഒരു ന്യായാധിപന്‍ നല്‍കിയ സമുചിത മറുപടിയുടെ കഥ ഇവിടെ പരാമര്‍ശിക്കാം. മാഗ്നാ കാര്‍ട്ട ഒപ്പുവെച്ച് നൂറ്റാണ്ടുകള്‍ പിന്നിട്ടശേഷമായിരുന്നു ആ സംഭവം. ജെയിംസ് രാജാവ് സ്വാഭീഷ്ടപ്രകാരം ചില വിശേഷാധികാര കോടതികള്‍ക്ക് രൂപംനല്‍കി. ഈ പുതിയ കോടതികളും നിലവിലുണ്ടായിരുന്ന വ്യവസ്ഥാപിത കോടതികളും തമ്മില്‍ പല ഘട്ടങ്ങളിലും ഉരസലുണ്ടാകുന്നത് ബോധ്യമായ രാജാവ് ചീഫ് ജസ്റ്റിസ് സര്‍ എഡ്വേഡ് കോക്കിനെ വരുത്തി സംഭാഷണങ്ങള്‍ക്കു തുടക്കം കുറിച്ചു. വിശേഷാധികാര കോടതിയില്‍ എഡ്വേഡ് കോക്ക് ഇടപെടേണ്ടതില്ളെന്ന് രാജാവ് കല്‍പിച്ചു. താന്‍ രാജ്യത്തെ പൊതുനിയമങ്ങളെയാണ് മാനിച്ചുകൊണ്ടിരിക്കുന്നതെന്നും രാജാവും അതിന് കീഴ്പ്പെടേണ്ടവനാണെന്നും ജസ്റ്റിസ് മറുപടി നല്‍കി.
‘ഞാനും നിയമത്തിനു കീഴില്‍ വരുമെന്നാണോ താങ്കളുടെ വാദം’ -ക്രുദ്ധനായ രാജാവിന്‍െറ ചോദ്യം.
മധ്യകാല പണ്ഡിതനായ ബ്രോക്ടന്‍െറ ആശയം ഉദ്ധരിച്ചുകൊണ്ടായിരുന്നു രാജാവിന് ജസ്റ്റിസ് മറുപടി നല്‍കിയത്:
‘രാജാവ് ഒരിക്കലും ഒരു മനുഷ്യന് കീഴ്പ്പെടേണ്ടിവരുന്നില്ല. എന്നാല്‍, ദൈവത്തിനും നിയമത്തിനും കീഴിലായിരിക്കണം ഏതു രാജാവും’. നിയമവാഴ്ചയുടെ പരമോന്നത സ്ഥാനം വിളംബരം  ചെയ്യുന്ന ഈ സംഭവകഥ ചരിത്രത്തിലെ ഓരോ ദശാസന്ധിയിലും ഉദ്ധരിക്കപ്പെട്ടതായി കാണാം. രാജാവ് ധര്‍മം പാലിക്കണമെന്ന പ്രമാണം ഭാരതീയ പാരമ്പര്യങ്ങളുടെ ഭാഗമാണെന്നും ഓര്‍മിക്കുക.
ലിഖിത ഭരണഘടന നടപ്പാക്കിയ സര്‍വ രാജ്യങ്ങളിലും അന്തിമസ്ഥാനം ഭരണഘടനാ നിയമങ്ങള്‍ക്കുതന്നെ. ഈ യാഥാര്‍ഥ്യം പാര്‍ലമെന്‍റ് അംഗീകരിക്കുമ്പോഴേ ജനാധിപത്യം സമ്പൂര്‍ണമാകൂ. പാര്‍ലമെന്‍റിന്‍െറ അധികാരം വെട്ടിക്കുറക്കുന്ന സംവിധാനമാണ് ഭരണഘടന എന്ന് ഇതിന് വിവക്ഷയില്ല. നീതിന്യായാവസ്ഥ, ഭരണനിര്‍വഹണ വിഭാഗം എന്നിവയുടെ അധികാരങ്ങള്‍ ഭരണഘടനാ നിയന്ത്രിതമാണെന്നതുപോലെ നിയമനിര്‍മാണസഭകളുടെ അധികാരവും ഭരണഘടനാവിധേയമായിരിക്കണം എന്നാണ് ഇതിന് നല്‍കേണ്ട അര്‍ഥം.
ഭരണനിര്‍വഹണ വിഭാഗം കൂടുതല്‍ അന്തസ്സോടെ പെരുമാറണമെന്ന് നാം പ്രതീക്ഷിക്കുന്നു. സര്‍വാധികാരങ്ങളും തന്നിലേക്ക് കേന്ദ്രീകരിക്കുന്ന ഹെന്‍റി ഏഴാമന്മാര്‍ ഇനി ഉണ്ടാകരുത്. പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമാണ് എന്ന നമ്മുടെ ഭരണഘടനവാക്യം കളിവാക്കായി കലാശിക്കാനും പാടില്ല.

Show Full Article
TAGS:judge appointment  supreme court judicial appointment 
Next Story