Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനാം...

നാം നിശ്ശബ്ദരായിരിക്കേണ്ട സമയമല്ലിത്

text_fields
bookmark_border
നാം നിശ്ശബ്ദരായിരിക്കേണ്ട സമയമല്ലിത്
cancel

ജനാധിപത്യ ഇന്ത്യയില്‍ ഭരണകൂടത്തെ ഭയന്ന് മാധ്യമങ്ങള്‍ മൗനംപാലിച്ചത് പത്രപ്രവര്‍ത്തക വിദ്യാര്‍ഥികള്‍ക്ക് അറിയണമെങ്കില്‍ 2016 മേയ് 25ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച അപൂര്‍വ പുസ്തകപ്രകാശനത്തെക്കുറിച്ച് അന്വേഷിച്ചാല്‍ മതി. പ്രശസ്ത പത്രപ്രവര്‍ത്തക റാണ അയ്യൂബ് സ്വയം പ്രസിദ്ധീകരിച്ച ‘Gujarat Files: Anatomy of a Cover Up’  എന്ന പുസ്തകത്തിന്‍െറ പ്രകാശനവും ചര്‍ച്ചയുമായിരുന്നു മുഖ്യധാരാ മാധ്യമങ്ങള്‍ അസാമാന്യ മെയ്വഴക്കത്തോടെ തമസ്കരിച്ചത്. അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങള്‍ ഭരണകൂടത്തിനുമുന്നില്‍ ഇഴയുകയായിരുന്നുവെങ്കില്‍ മോദിയുടെ ഭരണകാലത്ത് നിശ്ശബ്ദതയാണ് അവര്‍ക്ക് ആഭരണം.

നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്തിലുണ്ടായ വ്യാജ ഏറ്റുമുട്ടലുകളെയും ഭരണകൂട ഭീകരതയെയും കുറിച്ച്  റാണ അയ്യൂബ്  ഒളികാമറ ഉപയോഗിച്ച് എട്ടുമാസം അതിസാഹസികമായി നടത്തിയ അന്വേഷണമായിരുന്നു പുസ്തകത്തിന്‍െറ ഉള്ളടക്കം. രാഷ്ട്രീയക്കാരും പൊലീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്‍െറ നേര്‍ചിത്രമാണിതിന്‍െറ ഉള്ളടക്കം. പുസ്തകപ്രകാശന ചടങ്ങിനത്തെിയത് പ്രമുഖ അഭിഭാഷക ഇന്ദിര ജയ്സിങ്, ഇന്ത്യടുഡേ കണ്‍സല്‍ട്ടിങ് എഡിറ്റര്‍ രജ്ദീപ് സര്‍ദേശായി, കാരവന്‍ മാഗസിന്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ ഹര്‍തോഷ് സിങ് ബാല്‍ തുടങ്ങിയ പ്രമുഖരായിരുന്നു. മുന്‍ സുപ്രീംകോടതി ജഡ്ജി ബി.എന്‍. ശ്രീകൃഷ്ണയുടേതാണ് അവതാരിക. കേന്ദ്രസര്‍ക്കാറിലെ പ്രമുഖര്‍ക്കെതിരെ കോളിളക്കം സൃഷ്ടിക്കാവുന്ന വെളിപ്പെടുത്തലുകളുള്ള പുസ്തകത്തിന്‍െറ പ്രകാശനത്തെക്കുറിച്ച് ഒന്നുമറിഞ്ഞില്ളെന്ന മട്ടിലായിരുന്നു മുഖ്യധാരാ മാധ്യമങ്ങളുടെ ഉറക്കം. ഇന്ത്യന്‍ എക്സ്പ്രസ് മാത്രമായിരുന്നു പുസ്തകപ്രകാശന വാര്‍ത്ത നല്‍കിയ ഒരേയൊരു പത്രം. ചടങ്ങിന് ക്ഷണിച്ച പ്രമുഖരില്‍ പലരും അവസാനനിമിഷം പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറിയതും ഭരണകൂടത്തെ ഭയന്നുതന്നെയാണ്.

പ്രശസ്ത പത്രപ്രവര്‍ത്തക റാണ അയ്യൂബ് സ്വയം പ്രസിദ്ധീകരിച്ച ‘Gujarat Files: Anatomy of a Cover Up’  എന്ന പുസ്തകത്തിന്‍െറ പ്രകാശനം മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്കരിക്കുകയാണുണ്ടായത്. അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങള്‍ ഭരണകൂടത്തിനുമുന്നില്‍ ഇഴയുകയായിരുന്നുവെങ്കില്‍ മോദിയുടെ ഭരണകാലത്ത് നിശ്ശബ്ദതയാണ് അവര്‍ക്ക് ആഭരണം.

റാണ അയ്യൂബ് 2010ല്‍ തെഹല്‍കയില്‍ റിപ്പോര്‍ട്ടറായിരിക്കുമ്പോഴാണ് ഗുജറാത്തില്‍ ഒളികാമറ ഓപറേഷന്‍ തുടങ്ങിയത്. എന്നാല്‍, രാഷ്ട്രീയസമ്മര്‍ദം കാരണം തെഹല്‍ക ഈ വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിച്ചില്ളെന്ന് റാണ പറയുന്നു. ബി.ജെ.പി പ്രസിഡന്‍റായിരുന്ന ബംഗാരു ലക്ഷ്മണ്‍ കൈക്കൂലിവാങ്ങുന്നത് ഒളികാമറയില്‍ പകര്‍ത്തി രാജ്യത്തെ ഞെട്ടിച്ച വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിച്ചത് തെഹല്‍കയായിരുന്നു. എന്നാല്‍, ദേശീയ രാഷ്ട്രീയത്തില്‍ ശക്തനാകുന്ന മോദിയെ പിണക്കിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് തെഹല്‍ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലും മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരിയും തന്നോട് വ്യക്തമാക്കിയതായി റാണ പറയുന്നു. ഉദ്യമത്തില്‍നിന്ന് പിന്മാറുകയാണ് നല്ലതെന്ന് ഇരുവരും ആവശ്യപ്പെട്ടുവെങ്കിലും തന്‍െറ ഒളികാമറ ഓപറേഷനുമായി റാണ മുന്നോട്ടുപോവുകയായിരുന്നു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ അവര്‍ നിരവധി മാധ്യമസ്ഥാപനങ്ങളെയും ചാനലുകളുടെ എഡിറ്റര്‍മാരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് പുസ്തകം പ്രസിദ്ധീകരിക്കാനും ആരും തയാറായില്ല. ഒടുവില്‍ വേറെ വഴിയില്ലാതെയാണ് റാണ അയ്യൂബ് സ്വയം പ്രസിദ്ധീകരിച്ചത്.

2001 മുതല്‍ 2010 വരെ ഗുജറാത്തില്‍  ഉയര്‍ന്നപദവി വഹിച്ചവരെയാണ് റാണ അഭിമുഖം നടത്തിയത്. വൈബ്രന്‍റ് ഗുജറാത്ത് എന്നപേരില്‍ സിനിമയെടുക്കാന്‍ അമേരിക്കയില്‍നിന്നുവന്ന മൈഥിലി ത്യാഗി എന്ന പേരിലാണ് റാണ ഉന്നതോദ്യോഗസ്ഥരുമായി അടുപ്പം സ്ഥാപിച്ചത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെയാണ് ആദ്യം അഭിമുഖം നടത്തിയത്. ഇതിന്‍െറ ടേപ് കണ്ടപ്പോഴാണ് ഒളികാമറ ഓപറേഷന്‍ നിര്‍ത്താന്‍ ഷോമ ചൗധരി ആവശ്യപ്പെട്ടത്. ഫ്രഞ്ചുകാരനായ ശാസ്ത്ര വിദ്യാര്‍ഥിയായിരുന്നു റാണയുടെ സഹായിയായി കൂടെയുണ്ടായിരുന്നത്.
30 മിനിറ്റ് നീണ്ട അഭിമുഖത്തിനൊടുവില്‍ തന്നെക്കുറിച്ചുവന്ന ലേഖനങ്ങളും മറ്റും അവര്‍ക്കുകൊടുക്കാന്‍ നരേന്ദ്ര മോദി ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി സഞ്ജയ് ബാവ്സറിനോട് ആവശ്യപ്പെട്ടു. കനത്ത സുരക്ഷയുള്ള ഗാന്ധിനഗറിലെ മുഖ്യമന്ത്രിയുടെ ഒൗദ്യോഗികവസതിയിലാണ് അഭിമുഖം നടത്തിയത്. മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയെക്കുറിച്ചുള്ള രണ്ടു പുസ്തകങ്ങള്‍ കണ്ടപ്പോള്‍ താങ്കള്‍ അടുത്ത പ്രധാനമന്ത്രിയാകുമോ എന്ന് റാണ ചോദിച്ചു. ഒബാമയാണ് തനിക്ക് പ്രചോദനമെന്ന് മോദി മറുപടി നല്‍കിയെന്ന് റാണ വിശദീകരിക്കുന്നു.

സൊഹ്റാബുദ്ദീന്‍ ശൈഖ്, ഇശ്റത്ത് ജഹാന്‍ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്ത് ദിവസങ്ങള്‍ക്കുശേഷം നിഷ്കരുണം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്.  2002ല്‍ ഗുജറാത്തിലെ ഭീകരവിരുദ്ധ സംഘത്തിന്‍െറ തലവനായിരുന്ന ജി.എല്‍. സിംഗാള്‍, അഹ്മദാബാദ് പൊലീസ് കമീഷണര്‍ പി.സി. പാണ്ഡെ, ഗുജറാത്ത് ഇന്‍റലിജന്‍സ് വിഭാഗം തലവന്‍ ജി.സി. റെയ്ഗാര്‍ എന്നിവരൊക്കെ ഒളികാമറയില്‍ കുടുങ്ങിയിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ പ്രതിയായി ഒരു ആഭ്യന്തരമന്ത്രി  രാജ്യത്ത് ജയിലിലടക്കപ്പെട്ടത് ആദ്യമാണെന്നും ഇതേ അമിത് ഷായെ ബി.ജെ.പി പ്രസിഡന്‍റാക്കിയപ്പോള്‍ താന്‍ ഞെട്ടിയെന്നും റാണ പറയുന്നു. പുസ്തകപ്രകാശന ചടങ്ങിനിടെ പലപ്പോഴും വിതുമ്പിയ റാണ, നിശ്ശബ്ദരായിരിക്കേണ്ട സമയമല്ലിതെന്ന് വ്യക്തമാക്കി. കലാപങ്ങളിലൂടെയും ഏറ്റുമുട്ടലുകളിലൂടെയും അധികാരംപിടിക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ക്കിടെ  ജീവന്‍ ഹോമിക്കേണ്ടി വന്നവരും ജീവിതത്തില്‍നിന്ന് നിഷ്കാസനം ചെയ്യേണ്ടി വന്നവരും നിരവധിയാണ്.

ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹിരേന്‍ പാണ്ഡ്യയുടെ വധവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും പുസ്തകത്തിലുണ്ട്. തന്‍െറ കൈവശമുള്ള രഹസ്യ ടേപ്പുകള്‍ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറാന്‍ റാണ തയാറാണ്. വ്യാജ ഏറ്റുമുട്ടല്‍ കൊലകളുമായി ബന്ധപ്പെട്ട ശക്തമായ തെളിവുകളാണ് പുസ്തകത്തിലുള്ളതെന്ന് പ്രശസ്ത അഭിഭാഷകയും മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലുമായ ഇന്ദിര ജയ്സിങ് പറയുന്നു. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐക്കുവേണ്ടി മുമ്പ് സുപ്രീംകോടതിയില്‍ ഹാജരായതും ഇവരായിരുന്നു.

മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്കരിച്ചെങ്കിലും പുസ്തകം ദേശീയതലത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചക്ക് തിരി കൊളുത്തിയിരിക്കുകയാണ്. പുസ്തകം പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കുള്ളില്‍ലക്ഷത്തിലേറെ ബുക്കിങ്ങാണ് ലഭിച്ചത്. ഓണ്‍ലൈന്‍ വഴി പുസ്തകവില്‍പന നടത്തുന്ന ആമസോണ്‍ ഡോട്കോമിന്‍െറ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ റാണ അയ്യൂബിന്‍െറ പുസ്തകത്തിന് ഒന്നാം സ്ഥാനമാണുള്ളത്. ഒരു പത്രപ്രവര്‍ത്തക സ്വയം പ്രസിദ്ധീകരിച്ച പുസ്തകം വില്‍പനയില്‍ റെക്കോഡ് സൃഷ്ടിച്ച ചരിത്രം മുമ്പുണ്ടായിട്ടില്ല. ഒൗട്ട്ലുക് മാഗസിനിലും എന്‍.ഡി.ടി.വിയിലും സ്വതന്ത്ര കോളമിസ്റ്റായി പ്രവര്‍ത്തിച്ചുവരുകയാണ് ഇപ്പോള്‍ റാണ അയ്യൂബ്.

Show Full Article
TAGS:rana ayyub 
Next Story