Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസി.കെ. ശശീന്ദ്രനും...

സി.കെ. ശശീന്ദ്രനും കമ്മട്ടിപ്പാടവും

text_fields
bookmark_border
സി.കെ. ശശീന്ദ്രനും കമ്മട്ടിപ്പാടവും
cancel

കമ്മട്ടിപ്പാടം മലയാളസിനിമയുടെ മാറുന്ന ഭാവുകത്വ പരിസരമാണ് അടയാളപ്പെടുത്തുന്നത്. പാശ്ചാത്യ ആധുനികതയുടെ അനുകരണത്തിലും പുനരുത്ഥാനങ്ങളുടെ വേലിയേറ്റങ്ങളിലും മറഞ്ഞുപോയ യാഥാര്‍ഥ്യങ്ങള്‍ കമ്മട്ടിപ്പാടം ആവിഷ്കരിക്കുന്നു. എല്ലാ സൗന്ദര്യങ്ങളുടെയും യഥാര്‍ഥ നിര്‍മാതാക്കള്‍ എക്കാലത്തും ചരിത്രത്തിനുപുറത്ത് നിലയുറപ്പിക്കേണ്ട ഗതികേടിലാണ്. വരേണ്യവര്‍ഗ ജീവിതവ്യവസ്ഥയിലെ നായക/നായിക സങ്കല്‍പത്തിലാണ് നമ്മുടെ സിനിമകള്‍ മിക്കവാറും ആവിഷ്കരിക്കപ്പെടാറുള്ളത്. കീഴാള ജീവിതവും തൊഴിലാളിവര്‍ഗ ജീവിതവും ആവിഷ്കരിക്കുമ്പോള്‍പോലും വരേണ്യ കലാസങ്കല്‍പങ്ങളും സൗന്ദര്യ സങ്കല്‍പങ്ങളും രചനാ സങ്കേതങ്ങള്‍ നിര്‍ണയിക്കുന്നതായാണ് നമ്മുടെ സിനിമാചരിത്രം നല്‍കുന്ന തെളിവുകള്‍. നമ്മുടെ പ്രഗല്ഭരായ സംവിധായകര്‍ക്ക് കാണാന്‍ കഴിയാതെപോയ പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങള്‍ കമ്മട്ടിപ്പാടത്തില്‍ കാണാനാകുന്നു.

കേരളത്തിന്‍െറ പൊതുബോധത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു സമാന്തര സൗന്ദര്യസങ്കല്‍പവും രാഷ്ട്രീയവും ഈ സിനിമയുടെ രചനയെയും ആസ്വാദനത്തെയും സാധ്യമാക്കുന്നതായി കരുതണം. സി.കെ. ശശീന്ദ്രനെപ്പോലെ ചെരുപ്പ് ധരിക്കാത്ത, സാമ്പ്രദായിക സൗന്ദര്യസങ്കല്‍പത്തിന് ഇണങ്ങാത്ത ഒരു തൊഴിലാളി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും കമ്മട്ടിപ്പാടംപോലൊരു സിനിമ ആഴ്ചകളോളം കമ്പോളത്തില്‍ വിജയകരമായി പ്രദര്‍ശിപ്പിക്കപ്പെടുന്നുവെന്നതും ചേര്‍ത്തുവായിക്കേണ്ടതാണ്. സി.കെ. ശശീന്ദ്രന്‍ ചെരുപ്പ് ധരിക്കാതിരിക്കുന്നതും ലളിതമായി ജീവിക്കുന്നതും എന്തെങ്കിലും അന്ധവിശ്വാസത്തിന്‍െറ അടിസ്ഥാനത്തിലല്ല.

മറിച്ച് വയനാട്ടിലെ തോട്ടംതൊഴിലാളികളുടെയും ആദിവാസികളുടെയും മറ്റു സാധാരണക്കാരുടെയും അവകാശങ്ങള്‍ക്കുവേണ്ടി നിരന്തരം പ്രവര്‍ത്തിക്കുന്ന ഒരു തൊഴിലാളി നേതാവെന്ന നിലയില്‍ അവരുമായി താദാത്മ്യപ്പെട്ട് ജീവിക്കാനുള്ള സന്നദ്ധതയും രാഷ്ട്രീയ സദാചാരവുമാണ് ശശീന്ദ്രനെ മറ്റു എം.എല്‍.എമാരില്‍നിന്നു വ്യത്യസ്തനാക്കുന്നത്. തികച്ചും കീഴാളമായ ഒരു ‘ശരീരപ്രതിനിധാന’ത്തെ സ്വീകരിക്കുന്ന 72,959 വോട്ടര്‍മാരുണ്ടാവുന്നു എന്നത് ആഗോളീകരണകാലത്ത് ഗൗരവമായി പരിഗണിക്കേണ്ട കാര്യംതന്നെയാണ്. കോസ്മെറ്റിക് ഇന്‍ഡസ്ട്രി പരിപോഷിപ്പിക്കുന്ന കൃത്രിമ സൗന്ദര്യപ്രതിനിധാനങ്ങളും അനുകരണങ്ങളും പൊതുബോധത്തെ നിയന്ത്രിക്കുന്ന വര്‍ത്തമാനകാലത്ത് സമാന്തരയുക്തിയുടെയും സൗന്ദര്യസങ്കല്‍പത്തിന്‍െറയും കീഴാള ഇടങ്ങള്‍ ഉയര്‍ന്നുവരുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നുവെന്നത് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ സൂചനയാണ്.

കൊച്ചി മാത്രമല്ല, എല്ലാ നഗരങ്ങളും നാഗരികതകളും സാധാരണക്കാരായ തൊഴിലാളികളുടെ ചോരയും വിയര്‍പ്പും ചേര്‍ത്താണ് കെട്ടിപ്പൊക്കിയത്. സമ്പന്നവര്‍ഗവും ഭരണവര്‍ഗവും ആട്ടിപ്പുറത്താക്കിയ മനുഷ്യരാണ് എക്കാലത്തും ചേരികളായും പുറമ്പോക്കായും അധിവാസകേന്ദ്രങ്ങളായി മാറുന്നത്. മുഖ്യധാരയുടെ വിഴുപ്പ് വഹിക്കാനും തോട്ടിപ്പണിയെടുക്കാനും എക്കാലത്തും മാറ്റിത്താമസിക്കപ്പെട്ട മനുഷ്യര്‍ക്കിടയില്‍നിന്നുള്ള ആവിഷ്കാരങ്ങള്‍ വിരളമാണ്. അവരുടെ ആവാസവ്യവസ്ഥയും മദ്യപാനവും കലഹവും സ്റ്റണ്ടും നമ്മുടെ ദൃശ്യസംസ്കാരത്തിന് പുറത്താണ്. പുറത്താക്കപ്പെടുകയും പ്രാന്തവത്കരിക്കപ്പെടുകയും ചെയ്ത മനുഷ്യരുടെ അഭിനയങ്ങള്‍ ആവിഷ്കരിക്കപ്പെട്ടാലും മുഖ്യധാരയില്‍ ഇടംനേടാറില്ല.
കേരളത്തിലെ കീഴാള മുന്നേറ്റങ്ങള്‍ ഒരു പുതിയ ദിശയിലേക്ക് പ്രവേശിക്കുന്നതായി ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നു. കറുത്തവരും പല്ലുന്തിയവരും തെരുവിലും ചേരിയിലും ജീവിതം തള്ളിനീക്കുന്നവരും നടന്മാരും നടിമാരുമായി രംഗത്തുവരുമ്പോള്‍ കാണികളുടെ പതിവ് ധാരണകള്‍ തിരുത്തപ്പെടുന്നു.

ഇത്തരത്തിലുള്ള സൗന്ദര്യാത്മക മുന്നേറ്റത്തെ ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരു വലിയ ജനവിഭാഗം കേരളത്തിലുണ്ട്. കാരണം, ബ്യൂട്ടിപാര്‍ലറുകളില്‍ പോകാതെയും കോസ്മെറ്റിക് ഇന്‍ഡസ്ട്രിക്ക് കീഴടങ്ങാതെയും ജീവിക്കാന്‍ ആഗ്രഹിക്കുന്ന മധ്യവര്‍ഗവും ജീവിതസാഹചര്യങ്ങള്‍ അനുവദിക്കാത്തതുകൊണ്ട് യഥാര്‍ഥമായ ആകാരപ്രകൃതങ്ങള്‍ സൂക്ഷിക്കാന്‍ നിര്‍ബന്ധിതരായവരും ഇവിടെ ധാരാളമുണ്ട്. സ്വന്തം സൗന്ദര്യത്തെ സ്വയം തിരിച്ചറിയാനുള്ള അവസരംകൂടി ഇത്തരം സിനിമകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാം. വരേണ്യ സൗന്ദര്യസങ്കല്‍പങ്ങളോട് വിടപറയാനും നമ്മുടെ ജൈവിക രാഷ്ട്രീയത്തിലേക്ക് പിന്മടങ്ങാനും സമയമായെന്ന് രാഷ്ട്രീയ നേതൃത്വത്തെ സി.കെ. ശശീന്ദ്രനും കലാസാഹിത്യ നിര്‍മാതാക്കളെ സംവിധായകനായ രാജീവ് രവിയും ഓര്‍മിപ്പിക്കുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KAMMATTIPADAMpk pokker
Next Story