Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightചുട്ടെരിക്കപ്പെട്ട...

ചുട്ടെരിക്കപ്പെട്ട മനുഷ്യരും പാതിവെന്ത നീതിയും

text_fields
bookmark_border
ചുട്ടെരിക്കപ്പെട്ട മനുഷ്യരും പാതിവെന്ത നീതിയും
cancel

‘ഗുജറാത്ത് സര്‍ക്കാറിലോ പ്രോസിക്യൂഷനിലോ എനിക്ക് അശേഷം വിശ്വാസമില്ല. 356ാം അനുച്ഛേദമനുസരിച്ച് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നല്ല പറയുന്നത്. ജനങ്ങളെ രക്ഷിക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യേണ്ട ബാധ്യത നിങ്ങള്‍ക്കുണ്ട്.  ‘രാജധര്‍മം’കൊണ്ട് പിന്നെന്താണ് വിവക്ഷിക്കുന്നത്? കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സാധിക്കുന്നില്ളെങ്കില്‍ രാജിവെച്ച് പുറത്തേക്ക് പോവൂ’ -2003 സെപ്റ്റംബര്‍ 13ന് അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വി.എന്‍. ഖരെ നല്‍കിയ മുന്നറിയിപ്പ് വലിയൊരു ദുരന്തം മുന്നില്‍ കണ്ടുകൊണ്ടായിരുന്നുവെന്ന് സമര്‍ഥിക്കപ്പെടുകയാണിപ്പോള്‍.  ബെസ്റ്റ് ബേക്കറി കേസില്‍ അതിവേഗകോടതി 21 പ്രതികളെയും വെറുതെവിട്ടതിനെതിരെ ദേശീയ മനുഷ്യാവകാശ കമീഷനും മുഖ്യസാക്ഷി സാഹിറ ശൈഖും നല്‍കിയ ഹരജി തങ്ങളുടെ മുന്നിലത്തെിയപ്പോഴായിരുന്നു മുസ്ലിംകളെ അറുകൊല ചെയ്തവരെ ശിക്ഷിക്കാന്‍ ഇച്ഛാശക്തിയില്ളെങ്കില്‍ മുഖ്യമന്ത്രിപദം വിട്ടുപോവാന്‍ നരേന്ദ്ര മോദിയോട് നീതിപീഠം ആവശ്യപ്പെട്ടത്. പിതാവും ഉറ്റവരുമടക്കം 14 പേര്‍ ചുട്ടെരിക്കപ്പെട്ട ബറോഡയിലെ ബെസ്റ്റ് ബേക്കറി സംഭവത്തില്‍ 15 മാസംകൊണ്ട് വിധി പുറത്തുവന്നപ്പോള്‍ ജസ്റ്റിസ് മഹീദ രാജ്യത്തെ ഞെട്ടിച്ചുകളഞ്ഞത് പല കാരണങ്ങളാലാണ്.  അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും കോടതിയും ചേര്‍ന്ന് നീതിയെ ചുട്ടെരിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ തെളിവുകളുടെ അംശംപോലും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ളെന്നായിരുന്നു ജഡ്ജിയുടെ ന്യായീകരണം.

എന്നല്ല, ഈ കേസ് തന്നെ ബറോഡ നഗരത്തിന് കളങ്കമായിപ്പോയെന്ന തരത്തില്‍ ഇരകളെ അപമാനിക്കാനും സെക്കുലറിസത്തിന്‍െറ പേരില്‍ തോന്ന്യാസങ്ങളാണ് ഒരുവിഭാഗം കാണിക്കുന്നതെന്ന്  അഭിപ്രായപ്പെടാനും വരെ കോടതി ധൈര്യംകാണിച്ചു. ഏറെ വിമര്‍ശിക്കപ്പെട്ട ഈ വിധിക്കെതിരെ ഹൈകോടതിയില്‍ അപ്പീല്‍ പോയപ്പോഴാണ് മോദിയുടെ ഭരണത്തില്‍ ജുഡീഷ്യറി പൂര്‍ണമായും ഹിന്ദുത്വവത്കരിച്ചുകഴിഞ്ഞെന്ന് ലോകത്തിന് മനസ്സിലാക്കാന്‍ സാധിച്ചത്.  പുനര്‍വിചാരണയുടെ ആവശ്യമില്ളെന്ന് തുറന്നടിച്ച ഹൈകോടതി സംസ്ഥാനത്തെയും രാജ്യത്തെയും മോശമായി ചിത്രീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരാണ് കേസിന് പിന്നിലെന്നും ‘ദേശവിരുദ്ധരും’ സാമൂഹികവിരുദ്ധരുമാണ് പ്രശ്നം വഷളാക്കുന്നതെന്നും പറഞ്ഞ് നീതിക്കായി പോരാടുന്ന സന്നദ്ധസംഘടനകളുടെ മേല്‍ കുതിരകയറാനാണ് ധാര്‍ഷ്ട്യം കാണിച്ചത്. അതോടെയാണ് ഗുജറാത്തിനുപുറത്ത് കേസ് പുനര്‍വിചാരണ നടത്തണമെന്ന അഭ്യര്‍ഥനയുമായി ദേശീയ മനുഷ്യാവകാശ കമീഷനും മറ്റും പരമോന്നത നീതിപീഠത്തെ സമീപിക്കുന്നത്. വാജ്പേയിയുടെ നേതൃത്വത്തില്‍ ബി.ജെ.പി രാജ്യംഭരിക്കുന്ന കാലമായിരുന്നു അത്. മോദി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നേതാവാണെന്നും മുമ്പൊന്നുംതന്നെ മുഖ്യമന്ത്രിമാര്‍ക്ക്  മറ്റാരെയും ആശ്രയിക്കേണ്ടിവന്നിട്ടില്ളെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടിയപ്പോള്‍, ജസ്റ്റിസ് ഖരെ ഒരു കാര്യം ചോദിച്ചു: ‘ജനാധിപത്യമെന്നാല്‍ നിങ്ങള്‍ കുറ്റവാളികളെ ആരെയും പ്രോസിക്യൂട്ട് ചെയ്യില്ല എന്നാണോ?’

അന്ന് ബെസ്റ്റ് ബേക്കറി കേസില്‍ നീതി ചുട്ടെരിക്കപ്പെട്ടെങ്കില്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി കേസില്‍ പാതിവെന്ത വികലമായ നീതിയാണ് ഇപ്പോള്‍  പ്രത്യേക കോടതിയില്‍നിന്ന് ഇരകള്‍ക്ക് ലഭിച്ചിരിക്കുന്നത്.  ഗുജറാത്ത് വംശഹത്യാ പരമ്പരയിലെ കേട്ടാല്‍ ചോര മരവിപ്പിക്കുന്ന ഒരു കൊടുംപാതകത്തില്‍, 69 മനുഷ്യരെ ആസൂത്രിതമായി അറുകൊല ചെയ്ത കേസില്‍ ഗൂഢാലോചനയുടെ അംശംപോലും തെളിയിക്കാന്‍ സാധിച്ചില്ലത്രെ.  പ്രോസിക്യൂഷന്‍െറ കള്ളക്കളി അതേപടി അംഗീകരിച്ച്  36 പ്രതികളെ വിട്ടയക്കുകയായിരുന്നു കോടതി.  24 പേരെയെങ്കിലും കുറ്റവാളികളായിക്കാണാന്‍ സൗമനസ്യംകാണിച്ചത് ബെസ്റ്റ് ബേക്കറി കേസിലെ വിധിയില്‍നിന്ന് ചില പാഠങ്ങള്‍ ഉള്‍ക്കൊണ്ടാവണം. മുസ്ലിം മധ്യവര്‍ഗം താമസിക്കുന്ന, അഹ്മദാബാദ് നഗരത്തില്‍നിന്ന് മൂന്നു കി.മീറ്റര്‍ അകലെയുള്ള ഗുല്‍ബര്‍ഗ് സൊസൈറ്റി ഹൗസിങ് കോളനിയിലേക്ക്  20,000 ആളുകള്‍ സായുധരായി ഇരച്ചുകയറിയതും അക്രമം അഴിച്ചുവിട്ടതും പെട്ടെന്നുള്ള വികാരക്ഷോഭത്തിന്‍െറ പുറത്താണെന്ന് കണ്ടത്തൊന്‍ അപാര ബുദ്ധിവൈഭവംതന്നെ വേണം.

കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്സഭാംഗവുമായ ഇഹ്സാന്‍ ജാഫരി കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍പെട്ടതാണ്് ചമന്‍പുര പ്രദേശത്തെ ഈ  അറുകൊല ഇത്രയേറെ ശ്രദ്ധിക്കപ്പെടാന്‍ കാരണം. 2002 ഫെബ്രുവരി 27ന് ഗോധ്രസംഭവം ഉണ്ടായ പിറ്റേന്ന് വി.എച്ച്.പി ഗുജറാത്ത് ബന്ദ് പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജേന്ദ്രസിന്‍ഹ റാണ ബന്ദിന് പിന്തുണ നല്‍കിയതോടെ  മോദി സര്‍ക്കാറിന്‍െറ എല്ലാ ആശീര്‍വാദവും അതിനുണ്ടെന്ന സന്ദേശം കൈമാറ്റപ്പെട്ടു. അതിനിടയില്‍ ‘ഹര്‍ ക്രിയ കീ പ്രതിക്രിയ ഹോത്തീ ഹൈ’ (എല്ലാ ക്രിയകള്‍ക്കും പ്രതിക്രിയയുണ്ട്) എന്ന പ്രഖ്യാപനത്തോടെ  മുഖ്യമന്ത്രി നരേന്ദ്ര മോദി യഥാര്‍ഥ ആര്‍.എസ്.എസ് പ്രചാരകിന്‍െറ ഉത്തരീയമെടുത്തണിഞ്ഞു.  തുടര്‍ന്നുള്ള ദിവസങ്ങളില്‍ അഹ്മദാബാദും സമീപപ്രദേശങ്ങളും ആളിക്കത്തി. അങ്ങനെയാണ് അക്രമിസംഘം ഗുല്‍ബര്‍ഗ് സൊസൈറ്റിയുടെ കീഴിലുള്ള താമസകേന്ദ്രങ്ങളിലത്തെുന്നത്.

വടിവാളും മുപ്പല്ലിയും പെട്രോളുമായി ഇരച്ചത്തെിയ അക്രമിസംഘത്തെ കണ്ടമാത്രയില്‍തന്നെ സാമൂഹികപ്രവര്‍ത്തകനും വയോധികനുമായ ഇഹ്സാന്‍ ജാഫരി തന്‍െറ വസതിയില്‍ അഭയംതേടിയ സ്ത്രീകളോടും കുഞ്ഞുങ്ങളോടും ഏറ്റവും മുകളിലത്തെ മുറിയില്‍ചെന്ന് വാതിലടച്ച് രക്ഷപ്പെടാന്‍ ഉപദേശിക്കുകയായിരുന്നു. എന്തിനും തയാറായി വന്നുനില്‍ക്കുന്ന ഹിന്ദുത്വസംഘത്തില്‍നിന്ന് പ്രദേശവാസികളെ രക്ഷപ്പെടുത്താന്‍ അദ്ദേഹം നടത്തിയ ഓരോ ശ്രമവും പരാജയപ്പെടുന്ന ഭീതിതമായ സംഭവവികാസങ്ങളാണ് പിന്നീടുണ്ടായത്. അഹ്മദാബാദ് പൊലീസ് സൂപ്രണ്ടിനും സംസ്ഥാന പൊലീസ് മേധാവിക്കും എന്തിന് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കുപോലും ഫോണ്‍ ചെയ്ത് നിരപരാധികളായ തങ്ങളെ രക്ഷപ്പെടുത്തണമെന്ന് കേണപേക്ഷിച്ചു. തന്‍െറ പഴയ സഹപ്രവര്‍ത്തകരെയും കോണ്‍ഗ്രസുകാരെയും വിളിച്ച് മരണവക്ത്രത്തില്‍നിന്നുള്ള രോദനങ്ങള്‍ മണിക്കൂറുകളോളം കേള്‍പ്പിച്ചെങ്കിലും നിരാര്‍ദ്രമായ മനസ്സുകളില്‍ അത് ഒരു ചലനവുമുണ്ടാക്കിയില്ല. അസ്തമയ സൂര്യന്‍ മറയുംമുമ്പ്,  മാരകായുധങ്ങളുമായി ചാടിവീണ  അക്രമികള്‍ ജാഫരിയെ  വലിച്ചിഴച്ച് കൊണ്ടുപോയി കൈയുംകാലും അറുത്തുമാറ്റി  പെട്രോളൊഴിച്ച് തീവെച്ചു കൊന്നുകഴിഞ്ഞിരുന്നു.  മുഖ്യമന്ത്രി മോദിയുടെ പൂര്‍ണ ഒത്താശയോടെയാണ് ഈ അക്രമങ്ങളൊക്കെ അരങ്ങേറിയതെന്നും അദ്ദേഹത്തെയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് സകിയ ജാഫരി നടത്തിയ നിയമപോരാട്ടം വിജയിച്ചില്ളെങ്കിലും സ്വതന്ത്ര ഇന്ത്യ കണ്ട അതിനിഷ്ഠുരമായ ഈ കൈരാതങ്ങളില്‍ ഭരണകൂടത്തിന് പങ്കില്ളെന്ന് നാളത്തെ തലമുറപോലും വിശ്വസിക്കില്ളെന്ന്ഉറപ്പാണ്.

എന്തുകൊണ്ട് സുപ്രീംകോടതി നേരിട്ട് നിയമിച്ച അന്വേഷണസംഘത്തിനുപോലും യഥാര്‍ഥ പ്രതികളെ കണ്ടത്തെി നിയമത്തിനുമുന്നില്‍ ഹാജരാക്കാന്‍ സാധിച്ചില്ളെന്ന ചോദ്യത്തിന് 1984ലെ സിഖ്വിരുദ്ധ കലാപം അന്വേഷിച്ച ജസ്റ്റിസ് രംഗനാഥ് മിശ്ര കമീഷന്‍ നല്‍കുന്ന ഒരുത്തരമുണ്ട്. ചിട്ടയില്ലാത്ത പൊലീസ് അന്വേഷണം വിചാരണ തുടങ്ങുംമുമ്പുതന്നെ അതിനെ തോല്‍പിക്കുകയാണ്.  ഇവിടെ ബി.ജെ.പി സര്‍ക്കാറിന്‍െറ കാലാള്‍പ്പടയായി പ്രവര്‍ത്തിക്കുന്ന പൊലീസ്-ആര്‍.എസ്.എസ് നേതൃത്വം ആസൂത്രിതമായി  നടപ്പാക്കിയ  കൈരാതങ്ങള്‍ സത്യസന്ധമായി അന്വേഷിക്കുമെന്നോ പ്രതികള്‍ക്കെതിരെ തെളിവുകള്‍ വേണ്ടവിധം ശേഖരിക്കുമെന്നോ പ്രതീക്ഷിക്കുന്നതുപോലും പോഴത്തമല്ളേ? അതുകൊണ്ടാണ് ഗുല്‍ബര്‍ഗ് സൊസൈറ്റി, ബെസ്റ്റ് ബേക്കറി കേസുകളടക്കം 12 എണ്ണം സി.ബി.ഐ അന്വേഷിക്കണമെന്നും ഗുജറാത്തിനുപുറത്ത് വിചാരണ നടത്തണമെന്നും ദേശീയ മനുഷ്യാവകാശ കമീഷന്‍  നിരന്തരം ആവശ്യപ്പെട്ടത്.

ന്യൂനപക്ഷവിരുദ്ധ കലാപങ്ങളിലെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്ന അനുഭവം നമ്മുടെ നാട്ടിന് വിധിച്ചിട്ടില്ളെന്ന് തോന്നുന്നു. കടുത്ത പക്ഷപാതികളും വര്‍ഗീയവാദികളുമായ പൊലീസ് തൊട്ട്, നീതി യഥോചിതം നടപ്പാവണമെന്ന് ആഗ്രഹമില്ലാത്ത ന്യായാസനങ്ങള്‍വരെ ഈ പാതകത്തില്‍ പങ്കാളികളാണ്. ഗുജറാത്തിലെ പൊലീസ് മാത്രമല്ല, പ്രോസിക്യൂട്ടര്‍മാരും ശുദ്ധഹിന്ദുത്വ ഉപാസകരായിരുന്നു. ബെസ്റ്റ് ബേക്കറി കേസില്‍ ഹാജരായ പബ്ളിക് പ്രോസിക്യൂട്ടര്‍ രഘുവീര്‍ പാണ്ഡ്യ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചയാളാണ്. വി.എച്ച്.പിയുടെയും  ബജ്റംഗ്ദളിന്‍െറയും ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരെയാണ് മോദി സര്‍ക്കാറിനെ പ്രതിനിധാനംചെയ്യാന്‍ കോടതികളിലത്തെിയിരുന്നത്.  ഗോധ്രയില്‍ 59 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഭീകരവാദികളെ നേരിടാനുള്ള ‘പോട്ട’ അനുസരിച്ചാണ് കേസെടുത്തതെങ്കില്‍ 2000ത്തിലേറെ മനുഷ്യര്‍ കൊല്ലപ്പെട്ട ഗോധ്രാനന്തര കൂട്ടക്കുരുതിയുടെ പേരില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെമേല്‍  സാദാ ഐ.പി.സി പ്രകാരമാണ് കുറ്റം ചുമത്തിയത്.

ഭരിക്കുന്ന സര്‍ക്കാറിന്‍െറ ആള്‍ക്കാര്‍ക്കെതിരെ മൊഴികൊടുക്കാന്‍ ജീവന്‍ പണയംവെച്ച്  എത്രപേര്‍ മുന്നോട്ടുവരും? ഗുല്‍ബര്‍ഗ് സൊസൈറ്റി കേസിലും സംഭവിച്ചത് അതാണ്. പൊലീസും പ്രോസിക്യൂഷനും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചപ്പോള്‍ ഭരണകൂടത്തിന് ഹിതകരമാവുന്ന വിധം വിധിപറയാന്‍ കോടതിക്ക് വിഷമിക്കേണ്ടിവന്നില്ല. തെളിവുകളില്ളെന്ന ഒഴിവുകഴിവ് പറഞ്ഞ് മുഖം രക്ഷിക്കാം.  കേന്ദ്രവും ഒമ്പത് സംസ്ഥാനങ്ങളും ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ മുന്നില്‍ നിയമവും നീതിന്യായ വ്യവസ്ഥയും തങ്ങളുടെ അജണ്ടകളും പ്രത്യയശാസ്ത്രപദ്ധതികളും നടപ്പാക്കാനുള്ള ആയുധം മാത്രമായി ചുരുങ്ങുകയാണോയെന്ന ഉത്കണ്ഠാകുലമായ ചോദ്യമാണ് ഈ അവസ്ഥ ഉയര്‍ത്തുന്നത്.   നിരപരാധികളായ ആയിരങ്ങള്‍  ചുട്ടെരിക്കപ്പെട്ട കിരാതനടപടികളില്‍ ഏര്‍പ്പെട്ടവരെപ്പോലും നിയമത്തിന് സ്പര്‍ശിക്കാന്‍ കഴിയാതെ പോകുമ്പോള്‍ ജനാധിപത്യവ്യവസ്ഥയുടെ അസ്തിവാരമായ നിയമവാഴ്ചക്ക് എന്തര്‍ഥം?

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulberg massacre
Next Story