Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിശ്വാസിയുടെ പ്രതിരോധ...

വിശ്വാസിയുടെ പ്രതിരോധ കവചം

text_fields
bookmark_border
വിശ്വാസിയുടെ പ്രതിരോധ കവചം
cancel

പോയ്മറഞ്ഞ കാലങ്ങളിലെ പോരായ്മകള്‍ പരിഹരിക്കാനും വരാനിരിക്കുന്ന നാളയെ ശോഭനമാക്കാനും ഒരിക്കല്‍കൂടി വിശുദ്ധ റമദാന്‍ സമാഗതമായി. ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണായകമായ നിരവധി  സംഭവങ്ങള്‍ക്ക് സാക്ഷിയായ ഈ പുണ്യമാസം ഓരോ വിശ്വാസിയെ  സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഓരോ റമദാനും അതതു കാലഘട്ടത്തിനുനേരെ തിരിച്ചുവെച്ച സഹാനുഭൂതിയുടെയും സഹജീവി സ്നേഹത്തിന്‍െറയും പരസ്പരസഹായത്തിന്‍േറയും കണ്ണാടിയാണ്. ആ കണ്ണാടിയില്‍ നോക്കി ഓരോ വിശ്വാസിയും സ്വയം വിചാരണ ചെയ്യുകയും പോയ്പോയ ദിവസങ്ങളില്‍ തന്‍െറ ചെയ്തികള്‍, തന്‍െറ ജീവിതത്തില്‍ വന്നുപോയ പാളിച്ചകള്‍, പിഴവുകള്‍ എല്ലാം അപഗ്രഥിക്കുന്നു. പാപമോചനം തേടി ദൈവത്തോട് കണ്ണീര്‍വാര്‍ക്കുന്നു. പുതിയ പ്രതിജ്ഞകള്‍ ചെയ്യുന്നു. ഒടുവില്‍ സ്വയം ശുദ്ധീകരിച്ച മനസ്സിന്‍െറ വെളിച്ചവുമായി അവന്‍ ലോകത്തോട് സംവദിക്കുന്നു. സൗഹൃദത്തിന്‍െറയും സഹിഷ്ണുതയുടെയും ആ സംഭാഷണത്തില്‍ ശുദ്ധീകരണത്തിന്‍െറ പുതിയ പാതകള്‍ വെട്ടിത്തെളിക്കപ്പെടുന്നു. അവയിലൂടെ സഹജീവികള്‍ വെളിച്ചത്തിലേക്ക് വഴിനടക്കുന്നു.

കേവലം വിശപ്പും ദാഹവും സഹിക്കലല്ല യഥാര്‍ഥ നോമ്പ്. ദാര്‍ശനികനായ ഇമാം ഗസ്സാലി പറയുന്നത് നോക്കുക: വ്രതം ഭക്ഷണം, സംസാരം, വികാരം എന്നീ മൂന്നു ഘടകങ്ങളെ നിയന്ത്രിക്കുന്നതിലാണ്. ഇതില്‍ ഭക്ഷണം കഴിക്കുന്നതു മാത്രം നിര്‍ത്തുന്നതുകൊണ്ട് നോമ്പിന്‍െറ പ്രാഥമിക ലക്ഷ്യം മാത്രമേ പൂര്‍ത്തിയാക്കപ്പെടുന്നുള്ളൂ. ആത്യന്തിക ലക്ഷ്യങ്ങള്‍ പിന്നെയും ബാക്കിനില്‍ക്കുകയാണ്.

റമദാനിന്‍െറ അകം വിശുദ്ധ ഖുര്‍ആനാണ്.  ഖുര്‍ആന്‍ തുടങ്ങുന്നതു തന്നെ ഇഖ്റഅ് (നീ വായിക്കുക) എന്ന പദത്തോടെയാണ്. അഥവാ, വായനയുടെയും ഗവേഷണത്തിന്‍െറയും ജ്ഞാനാന്വേഷണത്തിന്‍െറയും മാസം കൂടിയാണ് റമദാന്‍. കേവല പാരായണത്തിലൂടെ മാത്രം ലഭ്യമാകുന്നതല്ല ആ സത്ത. വായന ആദ്യഘട്ടം മാത്രം. അതില്‍നിന്നും പ്രവഹിക്കുന്ന വായനയുടെയും അന്വേഷണത്തിന്‍െറയും വഴികള്‍ പലപ്പോഴും അടച്ചുവെക്കുകയും കേവലം പാരായണത്തില്‍ മാത്രം ഒതുക്കുകയും ചെയ്യുന്നതുകൊണ്ട് നാം ലക്ഷ്യസാക്ഷാത്കാരത്തിന്‍െറ വിശാലമായ അകക്കാമ്പുകള്‍ നഷ്ടപ്പെടുത്തുകയാണ്. വിശ്വാസിയുടെ നഷ്ടപ്പെട്ട സ്വത്താണ് അറിവ് എന്ന പ്രവാചക വാക്യം റമദാന്‍െറ ആമുഖ വാക്യമാണ്. എവിടെ കണ്ടാലും അതിനെ പെറുക്കിയെടുക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. വ്യത്യസ്ത മേഖലകളില്‍ ഖുര്‍ആനിക പഠനമനന ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. മാനവികവും ജൈവികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ അതുവഴി അപഗ്രഥിക്കപ്പെടണം. രാഷ്ട്രത്തിനും ലോകത്തിനും നിരവധി സംഭാവനകള്‍ നടത്താന്‍ അതുവഴി സാധിക്കും. ലോകം അഭിമുഖീകരിക്കുന്ന സകല സമകാലിക പ്രശ്്നങ്ങള്‍ക്കും പരിഹാരം പ്രദാനംചെയ്യുന്ന വിശുദ്ധ ഖുര്‍ആനെ ഉപരിപ്ളവമായി മാത്രം മനസ്സിലാക്കുകയും കേവലം പാരായണ ഗ്രന്ഥം മാത്രമായി ഒതുക്കിനിര്‍ത്തുകയും ചെയ്യുന്നുഎന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പോരായ്മ.

റമദാന്‍െറ ദിനരാത്രങ്ങളെ മൂന്നു പ്രധാന ഉപവിഭാഗങ്ങളായി തിരിക്കപ്പെട്ടിട്ടുണ്ട്. ആദ്യഭാഗം അനുഗ്രഹത്തിന്‍േറത്. ദൈവികാനുഗ്രഹത്തിന്‍െറ വഴികള്‍ തുറക്കപ്പെടുന്ന ഭാഗം. പിശാചിന്‍െറ വേലകള്‍ക്ക് ഫലം നഷ്ടപ്പെടുന്നു. അനുഗ്രഹത്തിന്‍െറ മാലാഖമാര്‍ മനുഷ്യര്‍ക്കിടയിലേക്കിറങ്ങുന്നു.
തീവ്രവാദവും ഭീകരവാദവും ഭരണകൂട ഫാഷിസവും അരങ്ങുതകര്‍ക്കുന്ന ഇക്കാലഘട്ടത്തില്‍ വിശ്വാസിസമൂഹത്തിന്‍െറ പ്രതിരോധ കവചമാണ് ഈ ദിനങ്ങള്‍. രണ്ടാമത്തെ ഭാഗം പാപ മോചനത്തിന്‍േറതാണ്. പാപങ്ങളുടെ തുടര്‍ച്ചകള്‍ക്ക് ആത്മവിമര്‍ശത്തിന്‍െറയും മുന്നേറ്റത്തിന്‍െറയും ശുദ്ധീകരണത്തിന്‍േറയും ഗന്ധം നല്‍കുന്നു.

മൂന്നാമത്തെ ഭാഗം സ്വര്‍ഗാന്വേഷണത്തിന്‍േറതാണ്. വിശ്വാസിയെ പാരത്രിക ലോകത്തിന്‍െറ ചിന്തയിലേക്ക് നയിക്കുന്ന ദിനരാത്രങ്ങള്‍. ഈ മൂന്ന് ഉപവിഭാഗങ്ങളിലൂടെ ജീവിതത്തിന്‍െറ നിഖില മേഖലകളിലെ വികാസം സാധ്യമാക്കുന്നു. പുരോഗതിയുടെ പുതിയ വാതിലുകള്‍ തുറക്കുന്നതില്‍ ഇന്ന് മനുഷ്യന്‍ ഏറെ മുന്നിലത്തെി. ആശയവിനിമയത്തിന്‍െറ വാതിലുകള്‍ വിസ്തൃതമായി. ദിവസങ്ങളോളമെടുക്കുന്ന മുന്‍കാല സംഭാഷണരീതികളില്‍നിന്ന് മാറി നിമിഷത്തിന്‍െറ നൊടിയിടകൊണ്ട് അകലങ്ങളില്‍ സംസാരിക്കാമെന്നായി. ഇന്‍റര്‍നെറ്റും സോഷ്യല്‍ മീഡിയയും മനുഷ്യന്‍െറ അവിഭാജ്യഘടകമായി മാറി. പക്ഷേ, സ്വാര്‍ഥതയും സങ്കുചിത മാനസികാവസ്ഥയും പുലര്‍ത്തുന്നവര്‍ ഏറ്റവും പുതിയ സംവിധാനങ്ങളുപയോഗപ്പെടുത്തി ഏറ്റവും പഴകിയ സങ്കുചിതത്വത്തിന്‍െറ സന്ദേശങ്ങള്‍ വിതറാന്‍ തുടങ്ങി. ഈ സമയത്ത് കാലം ആവശ്യപ്പെടുന്ന തുറന്നിട്ട വാതിലുകളുടെ വിശാലതകളാണ് റമദാന്‍ നല്‍കുന്നത്. പ്രതീക്ഷകളുടെ ശുഭോദര്‍ക്കമായ നിറച്ചാര്‍ത്തുമായി റമദാന്‍ നമ്മെ വിളിക്കുകയാണ് വീണ്ടും; വിളികേള്‍ക്കാന്‍ നാം തയാറാണെങ്കില്‍.                                     

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:munavvar ali thangal
Next Story