Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightയഥാര്‍ഥ ‘ഡിജിറ്റല്‍...

യഥാര്‍ഥ ‘ഡിജിറ്റല്‍ കേരളം’സൃഷ്ടിക്കപ്പെടണം

text_fields
bookmark_border
യഥാര്‍ഥ ‘ഡിജിറ്റല്‍ കേരളം’സൃഷ്ടിക്കപ്പെടണം
cancel

ഡിജിറ്റല്‍ രംഗത്ത് നടപ്പാക്കേണ്ട പരിഷ്കരണ നിര്‍ദേശങ്ങളുമായി ഇറാം സയന്‍റിഫിക് സൊലൂഷന്‍െറ സി.ഇ.ഒയും  അക്ഷയ മുന്‍ ഡയറക്ടറുമായ കെ. അന്‍വര്‍ സാദത്ത്

ഐ.ടിയും തൊ ഴിലും, ഓ ണ്‍ലൈന്‍ വ്യാപാരവും റീട്ടെയിലിങ്ങും, തൊഴില്‍ കമ്പോളം, ഓണ്‍ലൈന്‍  ടാക്സികള്‍ മുതല്‍ ഡ്രൈവര്‍ ഇല്ലാ വാഹനങ്ങള്‍ സാങ്കേതികവിദ്യകളെ വിദ്യാഭ്യാസ മേഖലയില്‍ പ്രയോജനപ്പെടുത്തല്‍, മെച്ചപ്പെട്ട ഭരണനിര്‍വഹണത്തിന് ഇ-ഗവേണന്‍സ്... എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പലപ്പോഴും ഉപരിപ്ളവമായും കക്ഷിരാഷ്ട്രീയാടിസ്ഥാനത്തിലും ചര്‍ച്ചചെയ്യപ്പെടുകയും സാങ്കേതികവിദ്യകളെയും അതുമായി ബന്ധപ്പെട്ട വ്യവസായത്തെയും അതിന്‍െറ സാധ്യതകള്‍ മുഴുവന്‍ കാണാതെ വികസനത്തിന്‍െറ ലാസ്റ്റ് ബസായി കണക്കാക്കി തീരുമാനമെടുക്കുന്ന രീതികളും ഉള്ള ഒരു സാമൂഹിക പരിസരം ഇവിടെയുണ്ട്. എന്നാല്‍, ലോകബാങ്കിന്‍െറ 2016ലെ വേള്‍ഡ് ഡെവലപ്മെന്‍റ് റിപ്പോര്‍ട്ടിലെ കണ്ടത്തെലുകള്‍ പരമ്പരാഗത രീതിയില്‍ ഉള്ള ഇത്തരം പല വിശകലനങ്ങള്‍ക്കും എതിരാണ്, ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ വളര്‍ച്ചനിരക്കുകള്‍ കൂട്ടാനും വിശാല അവസരങ്ങള്‍ നല്‍കാനും പൊതുവെ ഉപകരിച്ചിട്ടുണ്ടെങ്കിലും അവയുടെ ആത്യന്തിക ഗുണം പ്രതീക്ഷിച്ചതിലും പ്രചരിപ്പിച്ചതിലും വളരെ താഴെയാണ് എന്ന് മാത്രമല്ല, പലപ്പോഴും പ്രതിലോമകരംകൂടിയാണ് എന്നാണ് ഇതിലെ കണ്ടത്തെല്‍. അതായത്, ഉള്ളവര്‍ കൂടുതല്‍ മെച്ചപ്പെട്ടവരാവുകയല്ലാതെ ഡിജിറ്റല്‍ സംവിധാനങ്ങള്‍മൂലമുണ്ടായ ആളോഹരിലാഭം (ഡിജിറ്റല്‍ ഡിവിഡന്‍റ്) കുറവാണ്, ഇത് തൊഴിലില്ലായ്മ വളര്‍ത്തുന്നു, പരമ്പരാഗത വ്യവസായ മേഖലകളെ കൂടുതല്‍ ‘സ്കില്‍’ മെച്ചപ്പെടുത്തി വളര്‍ത്തുന്നതിനു  പകരം ഇവയെ തളര്‍ച്ചയിലേക്ക് തള്ളിവിടുന്നു... എന്നിങ്ങനെയുള്ള കണ്ടത്തെലുകളാല്‍ സമൃദ്ധമായ ഈ ലോകബാങ്ക് റിപ്പോര്‍ട്ട് ഇവിടെ ഒരു പുതിയ സര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ ‘നവകേരള’ സൃഷ്ടിക്കായി  പരിശ്രമിക്കുമ്പോള്‍ പ്രസക്തമാണ് എന്നു തോന്നുന്നു.
ഐ.ടി വികസനം പിറകോട്ട്
ഐ.ടി എന്നത് കേവലം വ്യവസായമല്ളെന്നും സമഗ്രമായ ഒരു തലം   അതിനുണ്ടെന്നും അടിവരയിട്ടുകൊണ്ടായിരുന്നു 1998ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യ ഐ.ടി വകുപ്പ് പുറത്തിറക്കിയ ഐ.ടി പോളിസി. 2002ലെ ഐ.ടി നയം ഐ.ടിയെ കേവലം വ്യവസായമായി ചുരുക്കിയെങ്കിലും ഈ സര്‍ക്കാറിന്‍െറ കാലത്താണ് അക്ഷയപദ്ധതി ഉടലെടുത്തത്. തുടര്‍ന്ന് 2007ലെ ഐ.ടി നയം യഥാര്‍ഥ ഐ.ടി വികസനത്തിനുള്ള പാഠപുസ്തകമായിരുന്നു. എന്നാല്‍, കഴിഞ്ഞ സര്‍ക്കാറിന്‍െറ  കാലത്ത് കേരളം പൂര്‍ണമായും ഡിജിറ്റല്‍ ആയി എന്നൊക്കെയുള്ള  തെറ്റായ വാദഗതികള്‍ ഉയര്‍ത്തുകയല്ലാതെ യഥാര്‍ഥ ഐ.ടി വികസനം പിറകോട്ട് പോയി. ഐ.ടി എന്നത് കേവലം വ്യവസായമല്ളെന്നും അതിനുപരി സമസ്ത മേഖലകളിലും അതിന്‍െറ ഗുണപരമായ വിന്യാസം സാധ്യമാകണമെന്നും (വിദ്യാഭ്യാസം, ആരോഗ്യം, കൃഷി...) ഉള്ള തീരുമാനത്തിന്‍െറ കൂടി അടിസ്ഥാനത്തിലാകണം ഇപ്പോള്‍  മുഖ്യമന്ത്രി തന്നെ ഐ.ടി വകുപ്പ് ഏറ്റെടുത്തത്. അല്ളെങ്കില്‍ അതൊരു വകുപ്പിന്‍െറ മാത്രം പ്രവര്‍ത്തനങ്ങളായി, മെച്ചപ്പെട്ട കോഓഡിനേഷന്‍ സാധ്യമാവാതെ പോകുമായിരുന്നു. ഭരണം സുതാര്യവും കാര്യക്ഷമവും അഴിമതിമുക്തവുമാക്കാനും ജനകീയ സേവനങ്ങള്‍ എളുപ്പത്തിലും കൈയത്തെും ദൂരത്തിലും ലഭ്യമാക്കാനും സഹായിക്കുന്ന ഇ-ഗവേണന്‍സ് ഫലപ്രദമായി നടപ്പാക്കുമ്പോള്‍ അതു മൊത്തം വികസനസൂചിക ഉയര്‍ത്തും. സര്‍ക്കാര്‍ ഫയലുകളുടെ കൈമാറ്റം ഡിജിറ്റല്‍ രൂപത്തിലാക്കുക, ഉത്തരവുകള്‍ അന്നന്ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുക, ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫിസുകളില്‍ പോകാതെതന്നെ അവരുടെ ഫയലുകളുടെ അവസ്ഥ അറിയാന്‍ കഴിയുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍പോലും ഇതുവരെ പൂര്‍ണമായി കേരളത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇ-ഡിസ്ട്രിക്  പദ്ധതി കേവലം റവന്യൂ വകുപ്പിന്‍െറ പോര്‍ട്ടല്‍ എന്ന നിലയില്‍നിന്ന് മുഴുവന്‍ വകുപ്പുകളുടെയും വിവരാവകാശ അപേക്ഷകള്‍വരെ ഓണ്‍ലൈനായി സ്വീകരിക്കുന്ന തലത്തിലേക്ക് മാറണം.
അക്ഷയകേന്ദ്രങ്ങള്‍ കേവലം കഫേകളല്ല, യഥാര്‍ഥ വിവരവിനിമയകേന്ദ്രങ്ങളാകണം. സാങ്കേതികമായി ബുദ്ധിമുട്ടില്ലാത്ത കാര്യങ്ങള്‍ ആയിരുന്നിട്ടും ഇവ പലതും നടപ്പാക്കാതെ പോയത് ഭരണാധികാരികള്‍ക്ക് ഇച്ഛാശക്തി ഇല്ലാത്തതുകൊണ്ടുമാത്രമായിരുന്നു. കേരളത്തിന്‍െറ മേന്മയായി ദേശീയ-  അന്തര്‍ദേശീയ തലത്തില്‍ പ്രശംസിക്കപ്പെട്ട ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസം ഒന്നുമുതല്‍ ഏഴുവരെ  ക്ളാസുകളില്‍ പൂര്‍ണമായും ഇല്ലാതാക്കിയത് പുന$സ്ഥാപിക്കണം. ഹയര്‍ സെക്കന്‍ഡറി തലത്തിനും അപ്പുറം ഈ മാതൃക വിപുലീകരിക്കണം. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വിപണി കണ്ടത്തൊന്‍ ആവിഷ്കരിച്ച ഇ-കൃഷി, ആരോഗ്യ മേഘലയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഇ-ഹെല്‍ത്ത് തുടങ്ങിയ ജനക്ഷേമ പദ്ധതികള്‍ ശക്തിപ്പെടുത്തി യഥാര്‍ഥ ഗുണഫലം സാധാരണക്കാര്‍ക്ക് ലഭ്യമായി തുടങ്ങണം. മൊബൈല്‍ ഗവേണന്‍സ് വാചകങ്ങള്‍ക്ക് അപ്പുറം യാഥാര്‍ഥ്യം ആക്കണം.
സര്‍ക്കാറിന്‍െറ ചുമതല
ഐ.ടി വ്യവസായ പുരോഗതിക്ക് നേരിട്ടുള്ള ഇടപെടലിനെക്കാള്‍ മെച്ചപ്പെട്ട സഹായസംവിധാനങ്ങള്‍ ഒരുക്കലാണ് സര്‍ക്കാറിന്‍െറ  ചുമതല. 2014-15ല്‍ പതിനായിരം കോടി രൂപ ഉണ്ടായിട്ടും ഐ.ടിയില്‍ ദേശീയ കയറ്റുമതിയുടെ ഒരു ശതമാനം മാത്രം കേരളത്തില്‍ നിന്നുമുണ്ടാകുന്ന അവസ്ഥയുടെ പ്രധാനകാരണം മറ്റു വ്യവസായങ്ങളുടെ ചുവടുപിടിച്ചാണ് മറ്റിടങ്ങളില്‍ ഐ.ടി വ്യവസായം വളര്‍ന്നത് എന്നതാണ്.
എന്നാല്‍, ഇത് അഞ്ച് ശതമാനമായി വളര്‍ത്താനായാല്‍ തന്നെ മികച്ച നേട്ടമുണ്ടാകും. നിലവിലെ ഒരു ലക്ഷം ഐ.ടി പ്രഫഷനലുകളുടെ എണ്ണവും പതിന്മടങ്ങ് വര്‍ധിപ്പിക്കാനാകും. റോഡുകള്‍, ജലവൈദ്യുതി  ലഭ്യത തുടങ്ങിയ അനുബന്ധ പശ്ചാത്തല സംവിധാനങ്ങള്‍ ഒരുക്കല്‍ ഇവയില്‍ പ്രധാനപ്പെട്ടതാണ്. ചെറുകിട സംരംഭങ്ങളും സ്റ്റാര്‍ട്ടപ്പുകളും കേവലം മേനി പറയാന്‍ തുടങ്ങുകയല്ലാതെ അവയുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനും ഇവര്‍ക്ക് അന്താരാഷ്ട്രവിപണി പരിചയപ്പെടുത്തുന്നതിനും സ്ഥായിയായ ശ്രമങ്ങള്‍ വേണം. നവസംരംഭങ്ങളില്‍ പത്ത് ശതമാനം മാത്രം വിജയത്തിലത്തെുന്നു എന്ന വസ്തുത മുന്നില്‍ കണ്ടുകൊണ്ടാവണം നൂതനാശയങ്ങളും സംരംഭങ്ങളും വളര്‍ന്നുവരേണ്ടത് അഥവാ അവയെ വളര്‍ത്തിക്കൊണ്ടുവരേണ്ടത്. ഇക്കാര്യത്തില്‍ സാങ്കേതിക സ്ഥാപനങ്ങള്‍ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും പ്രത്യേക ശ്രദ്ധ വേണ്ടത് നമ്മുടെ സര്‍വകലാശാലകളിലാണ്. ഇത്തരം കാര്യങ്ങള്‍ക്ക് സുതാര്യമായ ഏകജാല സംവിധാനങ്ങള്‍ ആവിഷ്കരിക്കുന്നത് കേവലം ഭൂമിക്കച്ചവടത്തിന് ഐ.ടി വ്യവസായ ലേബല്‍ നല്‍കി സാധൂകരണം നല്‍കാന്‍ ശ്രമിച്ചപോലുള്ള അപകടങ്ങള്‍ ഒഴിവാക്കാം.
2007ലെ ഐ.ടി നയം സ്വതന്ത്ര സോഫ്റ്റ്വെയറിനു പ്രാമുഖ്യം നല്‍കിയിരുന്നുവെങ്കിലും ഇതിനും  തുടര്‍ച്ചയുണ്ടായില്ല. ഫലപ്രദമായ ഇ-ഗവേണന്‍സ് നിര്‍വഹണത്തിനും വ്യവസായ വളര്‍ച്ചക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും അത്യാവശ്യം എന്ന നിലയില്‍ (ഇതൊരു കേവലമായ പൈങ്കിളി സങ്കല്‍പമായല്ല) സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗം ഉറപ്പാക്കണം. സൈബര്‍ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനും ബോധവത്കരണം നടത്താനും, സുരക്ഷാ ഓഡിറ്റിങ്ങിനുമെല്ലാം ഫലപ്രദമായ സംവിധാനം ഇനിയും നടപ്പാക്കേണ്ടിയിരിക്കുന്നു.
കണക്ടിവിറ്റിയില്‍ കേരളം മുന്നിലാണെങ്കിലും നാഷനല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല പോലുള്ളവയുടെ യഥാര്‍ഥമായ വിനിയോഗം ഇനിയും കാണാനിരിക്കുന്നതേയുള്ളൂ. നമ്മുടെ ചെറുകിട കച്ചവടക്കാര്‍, പരമ്പരാഗത വ്യവസായ മേഖലയിലുള്ളവര്‍, ടാക്സി തൊഴിലാളികള്‍ തുടങ്ങി സമസ്തമേഖലകളിലും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് ഇത്തരം മേഖലകളെ അപ്പാടെ വിഴുങ്ങാനായി മത്സരിക്കുന്ന ഇ- ഭീമന്മാരില്‍നിന്ന് ഇവരെ രക്ഷിക്കാനായി മാത്രമല്ല, അവരുടെ സേവനം ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ടതായി ലഭിക്കാന്‍ കൂടിയാകണം. കേവലം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം കമ്പോളാധിഷ്ഠിത മത്സരത്തില്‍ ഇവര്‍ക്കൊപ്പം ഒന്നാമതാവാന്‍ കഴിയുന്നവിധത്തിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും ആവണം ഇവയുടെ നിര്‍വഹണം.
പൊതുമേഖല
ചുരുക്കത്തില്‍ ഐ.ടിയുടെ ഫലപ്രദമായ നിര്‍വഹണത്തിനുള്ള   ഒരു സാഹചര്യം ഇവിടെ സംജാതമായിട്ടുണ്ട്, പ്രത്യേകിച്ച് മുഖ്യമന്ത്രിതന്നെ ഐ.ടി വകുപ്പ് കൈകാര്യം ചെയ്യുന്നതിലൂടെ. ഇക്കാര്യങ്ങള്‍ അതിന്‍െറ സമാഗ്രതയോടെ സമീപിച്ചുകൊണ്ടുള്ളതാണ് ഇടതുപക്ഷ മുന്നണിയുടെ പ്രകടന പത്രികയും എന്ന് കാണാവുന്നതാണ്. മലയാളം കമ്പ്യൂട്ടിങ്ങുള്‍പ്പെടെ പ്രത്യേകമായി പരാമര്‍ശിച്ചത് ഇതിനുദാഹരണമാണ്. ഇക്കാര്യങ്ങള്‍ മുന്‍ഗണന അനുസരിച്ച് നടപ്പാക്കാനുള്ള കൃത്യമായ പദ്ധതി തയാറാക്കി (സമയക്രമം നിശ്ചയിച്ച്) മോണിറ്റര്‍ ചെയ്യണം. ഇ-ഗവേണന്‍സ് പദ്ധതികള്‍ക്ക് വികസിപ്പിക്കുന്ന ആപ്ളിക്കേഷനുകള്‍ ഒട്ടും ചരടുകള്‍ ഇല്ലാത്തവയാകണം, കഴിവതും പൊതുമേഖലയില്‍ വികസിപ്പിക്കണം. ഒരേ കാര്യങ്ങള്‍ പല വകുപ്പുകള്‍ ചെയ്യുക, ഒടുവില്‍ എവിടെയും എത്താതിരിക്കുക, അനാവശ്യ ഹാര്‍ഡ്വെയറുകള്‍ വാങ്ങിക്കൂട്ടി ബാധ്യത ഉണ്ടാക്കുക തുടങ്ങിയവ ഇവിടെ പതിവാണ്. ഇതൊക്കെ ഇല്ലാതാക്കാനും ഫലപ്രദമായ നിര്‍വഹണത്തിനും മുഖ്യ മന്ത്രി ചെയര്‍മാന്‍ ആയ ഇ-ഗവേണന്‍സ് കൗണ്‍സിലും ചീഫ് സെക്രട്ടറി ചെയര്‍മാനായ ഇ-ഗവേണന്‍സ്  എംപവേര്‍ഡ് കമ്മിറ്റിയും ചലനാത്മകമാക്കണം. കഴിഞ്ഞ ഇരുപത് വര്‍ഷത്തെയെങ്കിലും മുഴുവന്‍ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങളും സമഗ്രമായ ഓഡിറ്റിനു വിധേയമാക്കല്‍ അത്യാവശ്യമാണ്. ഏട്ടിലെ പശുവായി നില്‍ക്കുന്ന 2011ലെ കേന്ദ്ര സര്‍ക്കാറിന്‍െറ  ഇലക്ട്രോണിക് സര്‍വിസസ് ഡെലിവറി ബില്ലില്‍ (മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കല്‍) പറയുന്നതിനപ്പുറം ചെയ്യാന്‍ നമുക്കിന്ന് ശക്തിയുണ്ട്. ഐ.ടിയെ വ്യവസായ കണക്കുകളുടെ ബഹളങ്ങള്‍ക്കപ്പുറം സര്‍വതല സ്പര്‍ശിയായ വികസനരഥമാക്കി മാറ്റാന്‍ പുതിയ സര്‍ക്കാറിനു കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:digital kerala
Next Story