Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസഹവര്‍ത്തിത്വ-മതേതര...

സഹവര്‍ത്തിത്വ-മതേതര പാഠങ്ങളുടെ തിരസ്കാരം

text_fields
bookmark_border
സഹവര്‍ത്തിത്വ-മതേതര പാഠങ്ങളുടെ തിരസ്കാരം
cancel

വത്തിക്കാന്‍, മക്കയിലെ കഅ്ബ, ബ്രിട്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ആബി ചര്‍ച്ച്, താജ്മഹല്‍ തുടങ്ങിയവ ഒരുകാലത്ത് ഹൈന്ദവ ക്ഷേത്രങ്ങളായിരുന്നു എന്നുപറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍, വിദ്യാലയങ്ങള്‍ വഴിയും ശാഖകളിലൂടെയും ഈ അസംബന്ധം പറഞ്ഞുവിശ്വസിപ്പിക്കാന്‍ കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് സംഘ്പരിവാരം. ഇളംമനസ്സുകളെ ചെറുപ്പത്തിലെ വിദ്വേഷഭരിതവും ആക്രമണോത്സുകവുമാക്കാനുള്ള അനേക കൗശലങ്ങളില്‍ ഒന്നുമാത്രമാണിത്. സാംസ്കാരിക സ്ഥാപനങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തുകൊണ്ടും ചരിത്രവസ്തുതകള്‍ വക്രീകരിച്ചു സിലബസുകളില്‍ കൈകടത്തിയും രാഷ്ട്രീയാധികാരത്തെ ബി.ജെ.പി ദുരുപയോഗം ചെയ്യുന്നതിന്‍െറ അശുഭവാര്‍ത്തകള്‍ പുതുമയല്ല.
2014 മേയിലെ തെരഞ്ഞെടുപ്പ് വിജയം പകര്‍ന്ന ആത്മവിശ്വാസം നല്‍കിയ ആവേശത്താല്‍ അധികാരാവരോഹണത്തിന്‍െറ തൊട്ടടുത്ത ദിവസങ്ങളില്‍തന്നെ സിലബസ് പുനര്‍രചിക്കുമെന്ന ബി.ജെ.പിയുടെ പ്രഖ്യാപനം ഓര്‍മിക്കുക. പൊതു വിദ്യാലയ സിലബസ് കാവിവത്കരിക്കുന്നതിനുള്ള പദ്ധതികള്‍ സ്വന്തമായി ഭരണമുള്ള ഓരോ സംസ്ഥാനത്തും നടപ്പാക്കുന്നതില്‍ ഭാരതീയ ജനതാ പാര്‍ട്ടി വിജയിച്ചിരിക്കുന്നു. ഉദാഹരണമായി ഗുജറാത്തില്‍ ഒന്നുമുതല്‍ 12 വരെ ക്ളാസുകളിലെ സിലബസ് ഇതിനകം പാര്‍ട്ടി ഇംഗിതപ്രകാരം പരിഷ്കരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
ശ്രീരാമന്‍ ശ്രീലങ്കയില്‍നിന്ന് അയോധ്യയിലേക്ക് മടങ്ങാന്‍ ഉപയോഗിച്ചിരുന്ന പുഷ്പക വിമാനമാണ് ഇന്ത്യയില്‍ കണ്ടുപിടിച്ച പ്രഥമ വിമാനം, ആധുനിക ശാസ്ത്രത്തേക്കാള്‍ വികസിച്ച ശാസ്ത്രസിദ്ധാന്തങ്ങള്‍ പുരാതന ഇന്ത്യയില്‍ പ്രാബല്യം നേടിയിരുന്നു തുടങ്ങിയ വിചിത്ര വിജ്ഞാനങ്ങളാല്‍ നിര്‍ഭരമാണ് ഈ പരിഷ്കൃത പാഠാവലികള്‍. ദീന ബത്ര എന്നയാളാണ് ഗുജറാത്ത് വിദ്യാലയങ്ങളില്‍ അഭ്യസിപ്പിക്കുന്ന എട്ടു പുസ്തകങ്ങളുടെ രചയിതാവ്.  വര്‍ഗീയ സ്വഭാവം പുലര്‍ത്തുന്നതിനാല്‍ ഇദ്ദേഹത്തിന്‍െറ പുസ്തകങ്ങള്‍ക്ക് മൂന്നു പ്രസാധകര്‍ അനുമതി നിഷേധിച്ചിരുന്നു. പ്രഗല്ഭ ചരിത്രകാരന്മാരെ പദവികളില്‍നിന്ന് നീക്കംചെയ്തും കല്‍ബുര്‍ഗിയെപ്പോലുള്ള എഴുത്തുകാരുടെ ജീവന്‍ കവര്‍ന്നും പെരുമാള്‍ മുരുകനെപ്പോലെയുള്ള സര്‍ഗ പ്രതിഭകളെ ഊരുവിലക്കിയും ഹിന്ദുത്വ ശക്തികള്‍ വിശ്വരൂപം മറനീക്കി വെളിപ്പെടുത്തിയതിനും നാം സാക്ഷികളായി.
സമൂഹത്തിന്‍െറ സമസ്ത മേഖലകളിലും ഇരച്ചുകയറി നിയന്ത്രണം സ്ഥാപിക്കാനുള്ള ഹിന്ദുത്വ പദ്ധതികളെ എതിര്‍ക്കുന്നവരെ അറസ്റ്റ്ചെയ്തും കേസുകളില്‍ കുരുക്കിയും നിസ്തേജരാക്കുന്ന കുത്സിത നീക്കങ്ങളും വ്യാപകമായിരിക്കുന്നു. ഈ മാസാദ്യം എന്‍.എസ്.യു പ്രവര്‍ത്തകരായ 12 വിദ്യാര്‍ഥികള്‍ രാജസ്ഥാനില്‍ അറസ്റ്റ്ചെയ്യപ്പെടുകയുണ്ടായി. എന്തായിരുന്നു ഇവര്‍ ചെയ്ത കുറ്റം. നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ സിലബസില്‍നിന്ന് നീക്കംചെയ്തതില്‍ പ്രതിഷേധിച്ചു എന്നതായിരുന്നു ഈ വിദ്യാര്‍ഥികളുടെ കുറ്റം. പൊലീസ് മര്‍ദനത്തില്‍ പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം കര്‍ണാടകയിലും സമാന നടപടികള്‍ അരങ്ങേറി.
ഹിന്ദുത്വ ദേശീയത സംസ്ഥാപിക്കുന്നതിനുള്ള ഉപകരണമായി ചരിത്രത്തെ ദുരുപയോഗംചെയ്യുകയാണ് കാവി ബ്രിഗേഡുകള്‍. വസ്തുതകള്‍ക്കു പകരം മിത്തുകളെ അവര്‍ ചരിത്രവത്കരിക്കുന്നു. മുഗള്‍ കാലഘട്ടത്തെ സംബന്ധിച്ച വിവരണങ്ങള്‍ ചരിത്രപുസ്തകങ്ങളില്‍നിന്ന് നീക്കംചെയ്യാന്‍ പ്രചണ്ഡമായ കാമ്പയിനുകള്‍ നടത്തുന്നു. ‘ഹിന്ദുകേന്ദ്രിതമായി ചരിത്രം തിരുത്തി എഴുതേണ്ടത് ഇന്ത്യയുടെ ക്ഷേമത്തിനുവേണ്ടിയാകുന്നു’ എന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ പ്രഖ്യാപനമാകട്ടെ ഇത്തരം അജണ്ടകളെ വെള്ളപൂശാനുള്ള ശ്രമം മാത്രമായിരുന്നു. ഇന്ത്യയുടെ സഹവര്‍ത്തിത്വ മതേതര പാരമ്പര്യങ്ങളെ തിരസ്കരിക്കുന്ന ഇത്തരം പദ്ധതികള്‍ക്ക് പ്രവാസികളുടെ പിന്തുണ ആര്‍ജിക്കാനും ശ്രമങ്ങള്‍ അരങ്ങേറുന്നുണ്ട്. പുന$പ്രതിഷ്ഠാ സ്വഭാവമുള്ള പുസ്തകങ്ങളെ ശ്ളാഘിക്കുന്ന അവലോകനങ്ങള്‍ ചില വിദേശ ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ചെറിയ ഉദാഹരണം മാത്രം. അതേസമയം, പ്രവാസികള്‍ ഉയര്‍ത്തുന്ന പ്രതിഷേധവും കാണാതിരുന്നുകൂടാ. ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കെ പ്രവാസ ക്രൈസ്തവ ഗ്രൂപ്പുകളുടെ ഫെഡറേഷന്‍ ഇന്ത്യയിലെ മതേതരത്വ വിരുദ്ധ പ്രവണതകള്‍ക്കെതിരെ വാഷിങ്ടണില്‍ നടത്തിയ ജാഗ്രതാ റാലി അത്തരമൊന്നായിരുന്നു. കാലിഫോര്‍ണിയയില്‍ ഹിന്ദുത്വ അനുകൂലികളും കീഴാള ന്യൂനപക്ഷ പ്രതിനിധികളും ടെക്സ്റ്റ് ബുക്കുകളിലെ ചരിത്ര വിരുദ്ധ ആഖ്യാനങ്ങളെ ചൊല്ലി ഏറ്റുമുട്ടിയതാണ് മറ്റൊരു സംഭവം.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചില്‍ (ഐ.സി.എച്ച്.ആര്‍) ബി.ജെ.പി നടത്തിയ ശുദ്ധീകരണവും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ ഇളക്കിപ്രതിഷ്ഠയും വ്യാപകമായ രോഷപ്രകടനങ്ങള്‍ക്ക് തിരികൊളുത്തിയെങ്കിലും ശാഠ്യം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാവുകയുണ്ടായില്ല. ഇത്തരം വ്യാജ അവകാശവാദങ്ങള്‍ക്ക് ചരിത്രപരമായ തെളിവുകള്‍ ഇല്ല എന്നത് ഹിന്ദുത്വ ചരിത്രകാരന്മാരുടെ സങ്കുചിത അജണ്ടകള്‍ക്ക് വിഘാതമാകുന്നില്ല. ‘വസ്തുതകള്‍’ കൃത്രിമമായി സൃഷ്ടിക്കുകയും യഥാര്‍ഥ ചരിത്രകാരന്മാരെ മാറ്റിനിര്‍ത്തുകയും ചെയ്തുകൊണ്ട് മിത്തുകള്‍  പുന$പ്രതിഷ്ഠിക്കപ്പെടുന്ന ദൗര്‍ഭാഗ്യകരമായ ചരിത്ര സന്ധിയിലാണിപ്പോള്‍ രാജ്യം. ന്യൂനപക്ഷ സമുദായങ്ങള്‍ രാജ്യത്തിന് അര്‍പ്പിക്കുന്ന സംഭാവനകളെ വിലകുറച്ചുകാട്ടിയും കീഴാള പീഡനങ്ങള്‍ തമസ്കരിച്ചുകൊണ്ടും നടത്തുന്ന ചരിത്ര വക്രീകരണങ്ങളും മുമ്പില്ലാത്തവിധം വ്യാപകമാകുന്നു.
സ്റ്റാന്‍ഡ്ഫോര്‍ഡ് സര്‍വകലാശാലയിലെ ചരിത്ര പ്രഫസര്‍ ആഡ്രി ട്രഷ്കെയുടെ നിരീക്ഷണം ശ്രദ്ധിക്കുക: ‘ഇന്ത്യയിലെ മധ്യകാല  മുസ്ലിംകള്‍ വില്ലന്മാരായിരുന്നു എന്ന മിത്ത് എത്രയും വേഗം ഉപേക്ഷിക്കേണ്ടതാണ്. അല്ലാത്തപക്ഷം, ഇന്ത്യയുടെ സഹിഷ്ണുതയുടെ അടിത്തറകള്‍ ദ്രവിപ്പിക്കുന്ന വിഷവസ്തുവായി അത് മാരക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കും’.

 

Show Full Article
TAGS:article 
Next Story