Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഗാന്ധിയെ കൊന്നത്...

ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ് അല്ലാതെ മറ്റാര്?

text_fields
bookmark_border
ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ് അല്ലാതെ മറ്റാര്?
cancel

ഗാന്ധിവധത്തിലെ ആര്‍.എസ്.എസ് പങ്ക് വിശദീകരിച്ചതിന് മുഖ്യമന്ത്രിയായിരിക്കെ ഇ.കെ. നായനാരെ കോടതി കയറ്റുമെന്ന് ഭീഷണിപ്പെടുത്തി ചില ആര്‍.എസ്.എസ് നേതാക്കള്‍ രംഗത്തുവരുകയും അവര്‍ക്ക് ബി.ജെ.പി നേതാവ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പിന്തുണയുമായി എത്തുകയും ചെയ്തിരുന്നു. വെല്ലുവിളി ഏറ്റെടുത്ത നായനാര്‍ കോടതിയില്‍ കാണാമെന്ന് പറഞ്ഞെങ്കിലും കേസിന് ആര്‍.എസ്.എസുകാര്‍ പോയില്ല. എന്നാല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ക്കെതിരെ ഇതേ വിഷയത്തില്‍ ആര്‍.എസ്.എസ് നല്‍കിയ അപകീര്‍ത്തിക്കേസില്‍ മുംബൈ കോടതി അയച്ച നോട്ടീസിനെ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ഈ ചരിത്രവിഷയം കീഴ്കോടതി പരിശോധിക്കട്ടെയെന്നാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്‍െറ ജൂലൈ 19 ലെ ഉത്തരവ്.

 1948 ജനുവരി 30ന് ഡല്‍ഹിയിലെ ബിര്‍ള ഹൗസില്‍ പ്രാര്‍ഥനക്കത്തെിയ ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോദ്സെ ആ കുറ്റകൃത്യത്തില്‍ പശ്ചാത്തപിച്ചിരുന്നില്ല. ‘ഞാന്‍ ഗാന്ധിയെ വെടിവെച്ചു. ഞാന്‍ അദ്ദേഹത്തിനുമേല്‍ ബുള്ളറ്റുകള്‍ വര്‍ഷിച്ചു. എനിക്ക് പശ്ചാത്താപമില്ല. അത് ശരിയായ കാര്യമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു.’  ഗാന്ധിജി കൊല്ലപ്പെടേണ്ട ആളായിരുന്നുവെന്ന് വധക്കേസില്‍ പ്രതിയായി ശിക്ഷയനുഭവിച്ച നാഥുറാമിന്‍െറ സഹോദരന്‍ ഗോപാല്‍ ഗോദ്സെയും പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്. ‘ഹിന്ദുരാഷ്ട്രത്തെ അനുസ്യൂതം അപമാനിച്ച ഒരാളെ രാഷ്ട്രത്തിനുവേണ്ടി ഉന്മൂലനം ചെയ്യുകയായിരുന്നു എന്‍െറ സഹോദരന്‍’ എന്നാണ് ഗോപാല്‍ ഗോദ്സെ പറഞ്ഞത്. ഇങ്ങനെ തീരുമാനിച്ചുറപ്പിച്ചു നടത്തിയ കൊലപാതകമായിരുന്നു ഗാന്ധിവധം. ഗാന്ധിജി മുറുകെപ്പിടിച്ച മതനിരപേക്ഷതയോടും ഹിന്ദു-മുസ്ലിം സാഹോദര്യത്തോടുമുള്ള അമര്‍ഷമായിരുന്നു. ഇക്കാര്യത്തിലാണ് ഗോദ്സെയും ആര്‍.എസ്.എസും ഹിന്ദുമഹാസഭയും എല്ലാം ഒന്നാകുന്നത്.     

ഗാന്ധിജിയെ എന്തിനു കൊന്നെന്ന് ആര്‍.എസ്.എസുകാര്‍ ഇന്നും ആരാധിക്കുന്ന  ഹിന്ദു മഹാസഭയുടെ നേതാവ് സവര്‍ക്കര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ‘ഗാന്ധിവധ വാര്‍ത്ത എന്നെ ദു$ഖിതനാക്കി... ഒരു എളിയ ദേശസ്നേഹിപോലും ഗാന്ധിയുടെ നിലപാടുകളോട് യോജിക്കില്ല. ജമ്മു-കശ്മീരില്‍ ആക്രമണം നടത്തിക്കൊണ്ടിരുന്നിട്ടും പാകിസ്താന് 55 കോടി രൂപ പ്രതിഫലം നല്‍കാന്‍ അദ്ദേഹം നിര്‍ബന്ധിച്ചു. ആ വധം അദ്ദേഹത്തിന്‍െറ വികാരത്തിന്‍െറ ഫലമാണ്.’ ഗോപാല്‍ ഗോദ്സെ ഇതുതന്നെ കുറച്ചുകൂടി തുറന്നുപറഞ്ഞു: ‘മുസ്ലിം അനുകൂലാവസ്ഥകള്‍ക്കുവേണ്ടിയായിരുന്നു ഗാന്ധിയുടെ സത്യഗ്രഹങ്ങളും അഹിംസാ സിദ്ധാന്തവും. മുസ്ലിം മതഭ്രാന്തന്മാര്‍ക്കെതിരെ ഒരിക്കലും അദ്ദേഹം ഒന്നും ചെയ്തില്ല. ഇന്ത്യക്കാര്‍ അപമാനം സഹിക്കില്ളെന്ന് ഇന്ത്യക്കാരെ മുഴുവന്‍ പഠിപ്പിക്കുകയായിരുന്നു ഞങ്ങള്‍.’ അതുകൊണ്ടാണ് ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍.എസ്.എസിന്‍െറ എല്ലാ ശാഖകളും മധുരപലഹാരവിതരണം നടത്തിയത്. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ആര്‍.എസ്.എസുകാര്‍ മധുരം വിതരണം ചെയ്തത് നായനാര്‍ മുമ്പ് വിവരിച്ചിരുന്നു.

ഇങ്ങനെ ഹിന്ദുത്വ ആശയത്താല്‍ പ്രചോദിതനായി മാത്രമല്ല, ദേശവ്യാപകമായി ആര്‍.എസ്.എസുകാര്‍ ഏറെക്കാലമായി ആഗ്രഹിച്ച നിഷ്ഠുരത നടപ്പാക്കുകയായിരുന്നു നാഥുറാം ഗോദ്സെ. ഇതുകൊണ്ടാണ് ദേശനായകനായി പ്രഖ്യാപിച്ച് ഗോദ്സെയെപ്പറ്റി ഇന്ത്യയിലെ സ്കൂളുകളില്‍ പഠിപ്പിക്കണമെന്ന് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള അമേരിക്കയിലെ ഗ്ളോബല്‍ ഹിന്ദു ഫൗണ്ടേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മാനവവിഭവശേഷിമന്ത്രിയായിരുന്ന സ്മൃതി ഇറാനിക്കും നിവേദനം നല്‍കിയത്. ഇത്തരം ആവശ്യങ്ങള്‍ അനാവശ്യമാണെന്ന് എന്തേ ഇതുവരെ മോദിയോ സ്മൃതിയോ പറഞ്ഞില്ല?
ഗാന്ധിവധ ശേഷം ആര്‍.എസ്.എസിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു.

നെഹ്റു മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലാണ് അതുചെയ്തത്. കോണ്‍ഗ്രസുകാര്‍ക്ക് ആര്‍.എസ്.എസ് അംഗത്വമാകാമെന്ന ദ്വയാംഗത്വ സിദ്ധാന്തക്കാരനായിരുന്നിട്ടും പട്ടേല്‍ ആര്‍.എസ്.എസ് നിരോധത്തിന് തയാറായി എന്നോര്‍ക്കുക. 1948 ഫെബ്രുവരി നാലിന് ആര്‍.എസ്.എസിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായത് ഗാന്ധിവധത്തിലെ ആര്‍.എസ്.എസിന്‍െറ കുറ്റകരമായ പങ്കാളിത്തം ബോധ്യമായതിനാലാണ്. ഗോള്‍വാള്‍ക്കര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അന്ന് തടങ്കലിലാക്കി. ഗാന്ധിവധത്തില്‍ പങ്കില്ളെന്ന് പില്‍ക്കാലത്ത് പ്രചരിപ്പിക്കാനുള്ള പിടിവള്ളിയായത് കുറ്റകൃത്യം ചെയ്യുമ്പോള്‍ താന്‍ ആര്‍.എസ്.എസ് അംഗമല്ളെന്ന ഗോദ്സെയുടെ  വിചാരണമൊഴിയാണ്. അംഗങ്ങളുടെ ഒൗദ്യോഗികരേഖ ഇല്ലാതിരുന്നതും ആര്‍.എസ്.എസിന് തുണയായി. എന്നാല്‍, 1948ല്‍ ഗോദ്സെ ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തകന്‍ മാത്രമല്ല ആര്‍.എസ്.എസിന്‍െറ ബൗദ്ധിക് കാര്യവാഹ് കൂടിയായിരുന്നുവെന്ന് ഹിന്ദുമഹാസഭയുടെ അധ്യക്ഷനായിരുന്ന എന്‍.സി. ചാറ്റര്‍ജിയും ഗോദ്സെയുടെ സഹോദരന്‍ ഗോപാല്‍ ഗോദ്സെയും വെളിപ്പെടുത്തിയിട്ടുണ്ട്.

1994 ജനുവരിയില്‍ ‘ഫ്രണ്ട്ലൈന്‍’ പ്രസിദ്ധീകരിച്ച ഗോപാല്‍ ഗോദ്സെ പറയുന്നു: ‘ഞങ്ങള്‍ സഹോദരങ്ങളെല്ലാം ആര്‍.എസ്.എസിലായിരുന്നു. നാഥുറാം, ദത്താത്രേയ, ഗോവിന്ദ്- ഞങ്ങളെല്ലാം. ഞങ്ങള്‍ വീട്ടില്‍ വളര്‍ന്നതിനേക്കാള്‍ കൂടുതല്‍ ആര്‍.എസ്.എസിലാണ് വളര്‍ന്നതെന്ന് പറയാം. ആര്‍.എസ്.എസ് ഞങ്ങള്‍ക്കു കുടുംബംപോലെയായിരുന്നു. ആര്‍.എസ്.എസിന്‍െറ ബൗദ്ധിക് കാര്യവാഹ് ആയി നാഥുറാം മാറി. അദ്ദേഹത്തിന്‍െറ മൊഴിയില്‍ ആര്‍.എസ്.എസ് വിട്ടെന്ന് പറയുന്നു. ഗാന്ധിവധത്തിനുശേഷം ഗോള്‍വാള്‍ക്കറും ആര്‍.എസ്.എസും വലിയ പ്രതിസന്ധിയിലായിരുന്നതുകൊണ്ടാണ് നാഥുറാം അങ്ങനെ പറഞ്ഞത്.  അല്ലാതെ നാഥുറാം ആര്‍.എസ്.എസ് വിട്ടിരുന്നില്ല. ആര്‍.എസ്.എസില്‍ ബൗദ്ധിക് കാര്യവാഹ് ആയിരിക്കുമ്പോള്‍തന്നെ 1944 ല്‍ നാഥുറാം ഹിന്ദുമഹാസഭയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു.’

ഗോപാല്‍ ഗോദ്സെയുടെ ഈ വിലയിരുത്തല്‍ ആര്‍.എസ്.എസ് ഇതുവരെ ഒൗദ്യോഗികമായി തിരുത്തിയിട്ടില്ല. ആര്‍.എസ്.എസിന്‍െറ ‘ഹിന്ദുരാഷ്ട്ര’ ആശയത്തിന്‍െറ ഭാഗമായിരുന്നു ഗാന്ധിവധം. ‘ഹിന്ദുരാഷ്ട്ര’ ദിനപത്രത്തിന്‍െറ എഡിറ്ററുമായിരുന്നു നാഥുറാം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ഗാന്ധി വിസമ്മതിച്ചതിന്‍െറ രോഷം തീര്‍ക്കാന്‍ അദ്ദേഹത്തെ കൊല്ലാന്‍ പലതവണ ഹിന്ദുത്വഭ്രാന്തന്മാര്‍ ആലോചിച്ചിരുന്നു. 1933ല്‍ ആര്‍.എസ്.എസില്‍ ചേര്‍ന്ന ഗോദ്സെ ഹിന്ദുമഹാസഭയില്‍ ചേര്‍ന്നത് രണ്ടും ഒരേ കൈവഴിയിലൂടെ ഒഴുകുന്നതുകൊണ്ടാണ്. ഹിന്ദുത്വ അജണ്ടയില്‍ ഊന്നിയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള വേദിയായിരുന്നു ഹിന്ദു മഹാസഭ. ഒരര്‍ഥത്തില്‍ ഇന്നത്തെ ബി.ജെ.പിയുടെ ആദ്യരൂപം. അതിന്‍െറ പുണെ യൂനിറ്റ് ജനറല്‍ സെക്രട്ടറിയായിരുന്നു. ഈ സംഘടനയെ 1923 മുതല്‍ നയിച്ചത് സവര്‍ക്കറായിരുന്നു. അപ്പോള്‍ പിന്നെ ഹിന്ദുത്വ രാഷ്ട്രീയ കാമ്പ് തെളിയുമല്ളോ. ഹിന്ദുമഹാസഭയും ആര്‍.എസ്.എസും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍െറ ഭാഗമായിരുന്നില്ല.

പലപ്പോഴും എതിര്‍ശക്തിയായി നില്‍ക്കുകയും ചെയ്തു. താന്‍ ആര്‍.എസ്.എസ് വിട്ടുവെന്ന ഗോദ്സെയുടെ കോടതിയിലെ മൊഴി ഗോള്‍വാള്‍ക്കര്‍ അടക്കമുള്ള അന്നത്തെ ആര്‍.എസ്.എസ് നേതാക്കളെ രക്ഷിക്കാനാണെന്ന് ചരിത്രം വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ വ്യക്തമാകും. കൊലമരം കയറുംമുമ്പ് നാഥുറാം ഗോദ്സെ ഉരുവിട്ടത് ആര്‍.എസ്.എസ് ശാഖകളില്‍ ആലപിച്ച ശ്ളോകമാണ്. ഗോദ്സെയുടെ ഗാന്ധിവധത്തില്‍ തങ്ങള്‍ക്കുള്ള പങ്കാളിത്തം സംഘ്പരിവാര്‍ പരസ്യമായി നിഷേധിക്കുന്നുണ്ടെങ്കിലും സ്വകാര്യമായി ആ നീചകൃത്യത്തെ വാഴ്ത്തുന്നുണ്ട്. അതിനാലാണ് ഗോദ്സെയുടെ പേരില്‍ അമ്പലം പണിയാനും പ്രതിമ നിര്‍മിക്കാനും ഉത്സാഹംകാട്ടുന്ന സംഘികള്‍  ഇന്ത്യയുടെ രാഷ്ട്രപിതാവായി ഗാന്ധിജിയെ അംഗീകരിക്കാന്‍ കൂട്ടാക്കാത്തതും.

Show Full Article
TAGS:gandhi assassination rss kodiyeri balakrishnan 
Next Story