Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവീണ്ടും ഒരു ഏക...

വീണ്ടും ഒരു ഏക സിവില്‍കോഡ് പരിശ്രമം

text_fields
bookmark_border
വീണ്ടും ഒരു ഏക സിവില്‍കോഡ് പരിശ്രമം
cancel

ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്ലിംകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. നരേന്ദ്ര മോദി ഭരണം കൈയാളാന്‍ തുടങ്ങിയതുമുതല്‍ മതേതര ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്ന തീവ്രയത്നത്തില്‍ ഏര്‍പ്പെട്ടിരിക്കയാണ് സംഘ്പരിവാര്‍. 1947 മാര്‍ച്ച് 28ന് അംബേദ്കറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഭരണഘടനാ നിര്‍മാണ കമ്മിറ്റി യോഗത്തില്‍ മൗലികാവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഡോ. എം.ആര്‍ മസാനിയാണ് ഏകസിവില്‍ കോഡ് എന്ന ആശയം ആദ്യമായി ഉന്നയിച്ചത്. ഇതില്‍ ഒളിഞ്ഞുകിടക്കുന്ന അബദ്ധം തിരിച്ചറിഞ്ഞ മതന്യൂനപക്ഷ പ്രതിനിധികള്‍ ഇതിനെ എതിര്‍ത്തെങ്കിലും ഒടുവില്‍ ഭരണഘടനയുടെ നാലാം പാര്‍ട്ടില്‍ 44ാം വകുപ്പില്‍ ഒരു പൊതു സിവില്‍കോഡിന് വേണ്ടി രാജ്യം പരിശ്രമിക്കും എന്നുകൂടി ചേര്‍ക്കപ്പെട്ടു.

പൊതുസിവില്‍ കോഡ് പൗരന്മാരില്‍ അടിച്ചേല്‍പിക്കാം എന്നായിരുന്നില്ല ഇതര്‍ഥമാക്കിയത്. സര്‍വമതങ്ങളുടെയും തുല്യ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നതാണ് ഭരണഘടന. വിവിധ ജാതി മത ഭാഷാ വൈവിധ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നാനത്വത്തില്‍ ഏകത്വം എന്നതാണ് അതിന്‍െറ സംസ്കാരം. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ മാത്രമല്ല അതിന്‍െറ ആചാരാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കാനും മതവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാനും ഭരണഘടന എല്ലാ പൗരന്മാര്‍ക്കും സ്വാതന്ത്ര്യം നല്‍കുന്നു. മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഇല്ലായ്മ ചെയ്തുകൊണ്ട് രാജ്യത്തെ ഹൈന്ദവ വത്കരിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗം തന്നെയാണ് ഏക സിവില്‍കോഡിനുള്ള നീക്കങ്ങളും. പൊതു സിവില്‍കോഡിനെക്കുറിച്ചുള്ള ഭരണഘടനയുടെ 44ാം ഖണ്ഡിക ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് അവരിപ്പോള്‍. അംബേദ്കറിന്‍െറയും ന്യൂനപക്ഷങ്ങളുടെയും ആശങ്ക യാഥാര്‍ഥ്യമായിരിക്കുന്നു.

ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് മതസ്വാതന്ത്ര്യവും തുല്യ അവകാശങ്ങളും ലഭിക്കുന്നു, എന്നതാണ് സംഘ്പരിവാറിനെയും അതിന്‍െറ ഇംഗിതങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഭരണകൂടത്തെയും ആശങ്കാകുലരാക്കുന്നത്. 1937ലാണ് ഇന്ത്യയില്‍ മുസ്ലിംകള്‍ക്കായി ശരീഅത്ത് ആക്ട് എന്ന പേരിലറിയപ്പെടുന്ന ‘ദ മുസ്ലിം പേഴ്സനല്‍ ലോ (ശരീഅത്ത്) അപ്ളിക്കേഷന്‍ ആക്ട് നിലവില്‍ വന്നത്. ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാന സ്രോതസ്സുകള്‍. ദൈവികനിയമങ്ങളില്‍ മനുഷ്യരുടെ കൈകടത്തലുകള്‍ അനുവദനീയമല്ല. മുത്തലാഖ്, ബഹുഭാര്യത്വം എന്നിവയാണ് പ്രധാനമായും മുസ്ലിം വ്യക്തിനിയമങ്ങളില്‍ പലപ്പോഴും വിമര്‍ശത്തിന് വിധേയമാക്കപ്പെടുന്നത്. മുത്തലാക്കും ബഹുഭാര്യത്വവും ദുര്‍വ്യാഖ്യാനം ചെയ്തു ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതാണ് ഇതിന് കാരണം. മുത്തലാഖ് ഖുര്‍ആനിക അധ്യാപനങ്ങള്‍ക്കെതിരാണ്. ബഹുഭാര്യത്വമാകട്ടെ അനിവാര്യമായ കാരണങ്ങളിലും സാഹചര്യങ്ങളിലും അനുവദിക്കപ്പെട്ടതും.  തുനീഷ്യ, സുഡാന്‍, പാകിസ്താന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ബഹുഭാര്യത്വം ശറഇല്‍ അധിഷ്ഠിതമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. തുര്‍ക്കി മാത്രമാണ് ബഹുഭാര്യത്വം നിരോധിച്ച ഏക മുസ്ലിം രാഷ്ട്രം. ശറഇല്‍ അധിഷ്ഠിതമായി ബഹുഭാര്യത്വം നിയന്ത്രണവിധേയമാക്കാന്‍ മുസ്ലിം പണ്ഡിത സമൂഹവും ഓള്‍ ഇന്ത്യ പേഴ്സനല്‍ ലോ ബോര്‍ഡും പരിശ്രമിക്കേണ്ടതും സമവായത്തിലെത്തേണ്ടതുമുണ്ട്.  മുത്തലാഖ് നിരോധിക്കുകയും വിവാഹമോചനം മൂന്ന് തവണയാക്കി ഖുര്‍ആനിക നിയമങ്ങള്‍ക്ക് വിധേയമാക്കേണ്ടതുമുണ്ട്.

ഇന്ത്യയില്‍ ബഹുഭാര്യത്വം നിലവിലുള്ള സമുദായങ്ങളുടെ സര്‍വേ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ മുസ്ലിം മതവിശ്വാസികളെക്കാള്‍ ബഹുഭാര്യത്വം നിലവിലുള്ളത് ഹിന്ദു ബുദ്ധഗോത്ര സമുദായങ്ങളിലാണെന്നു കാണാം. ഭാര്യമാര്‍ക്കിടയില്‍ തുല്യ നീതി പുലര്‍ത്തണമെന്നും എന്നാല്‍, ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പുലര്‍ത്തല്‍ ദുഷ്കരമാണെന്നും ഓര്‍മിപ്പിച്ചുകൊണ്ട് ബഹുഭാര്യത്വം നിരുത്സാഹപ്പെടുത്തുകയാണ് ഇസ്ലാം ചെയ്തത്. മദീനയില്‍ യുദ്ധത്തില്‍ പുരുഷന്മാര്‍ കൂട്ടത്തോടെ വധിക്കപ്പെട്ട സാഹചര്യത്തിലാണ് തത്സംബന്ധമായ സൂക്തങ്ങള്‍ അവതീര്‍ണമായത്. ജൂതരുടെ പഴയനിയമവും ക്രൈസ്തവ വിശ്വാസവും കൗടില്യന്‍െറ അര്‍ഥശാസ്ത്രവും ബഹുഭാര്യത്വം അനുവദിക്കുന്നുണ്ട്. കൃഷ്ണന് പതിനാറായിരം ഭാര്യമാരുണ്ടായിരുന്നത്രെ. ഏകഭാര്യത്വം പരിപാലിക്കപ്പെട്ട ഒരു സമൂഹവും ലോകത്തെവിടെയും ഉണ്ടായിട്ടില്ല. ബഹുഭാര്യത്വം നിരോധിക്കപ്പെട്ട ആധുനിക പാശ്ചാത്യ രാജ്യങ്ങളില്‍ ലൈംഗിക അരാചകത്വവും ജാരസന്താനങ്ങളുടെ പെരുപ്പവും ഉണ്ട്. ഇന്ത്യയില്‍ 20 ലക്ഷം സ്ത്രീകള്‍ വേശ്യാവൃത്തി സ്വീകരിച്ചവരാണ്.

ഇഹലോക ക്ഷേമമല്ല ശരിയ നിയമങ്ങളുടെ ആത്യന്തിക ലക്ഷ്യമെങ്കിലും  ശരിയത്തില്‍ അധിഷ്ഠിതമായ സര്‍വനിയമങ്ങളും മനുഷ്യനന്മയും സാമൂഹികക്ഷേമവും ഉള്‍ക്കൊള്ളുന്നതാണ്. മുന്‍നിയമസംഹിതങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത് സാര്‍വലൗകികവും സര്‍വ ജനീനവുമാണ്. മദ്യം, വ്യഭിചാരം, മോഷണം, പലിശ, ചൂതാട്ടം, കളവ്, അക്രമം തുടങ്ങിയവയെല്ലാം തടയിടുന്നതോടൊപ്പം ഹൃദയശുദ്ധി കൈവരിക്കുന്നതിനും ഇത് ആഹ്വാനം ചെയ്യുന്നു. ചരിത്രത്തില്‍ ആദ്യമായി ലഹരിനിരോധനം കൈവരിച്ചത് ഇസ്ലാമിക ശരീഅത്തിന് കീഴിലാണ്. പലിശനിരോധമായിരുന്നു ഇസ്ലാമിക ശരീഅത്തിന് അധിഷ്ഠിധമായ ഭരണത്തില്‍ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ മാനവസമൂഹം നേടിയെടുത്ത മറ്റൊരു വിജയം. എല്ലാ നാഗരികതകളെയും പരിത$സ്ഥിതികളെയും ഉള്‍ക്കൊള്ളുന്ന ശറഇല്‍ നിയമങ്ങള്‍ പൗരാണിക അപരിഷ്കൃത നാടുകളുള്‍പ്പെടെ നീണ്ട 13 നൂറ്റാണ്ടുകാലം മുസ്ലിം സമൂഹങ്ങളെ നിയന്ത്രിച്ചു.

സമൂഹത്തിലെ അധ$സ്ഥിതര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇതര സമുദായക്കാരുടെ അവകാശങ്ങള്‍ക്കും വേണ്ടി പടപൊരുതിയ പ്രവാചകനെ തന്നെ ദുഷ്പ്രചാരണങ്ങള്‍ക്ക് ഇരയാക്കുമ്പോള്‍ നബിയുടെ അധ്യാപനങ്ങളെ പിന്തുടര്‍ന്ന അനുയായികള്‍ ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല.
പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടുകയും സ്ത്രീയെ വീടിന്‍െറ അകത്തളങ്ങളില്‍ ഒതുക്കപ്പെടുകയും ചെയ്ത 14ാം നൂറ്റാണ്ടില്‍ സ്ത്രീക്ക് സ്വത്തവകാശവും സ്വാതന്ത്ര്യവും നല്‍കി സ്ത്രീയുടെ ജീവനും അഭിമാനവും സംരക്ഷിച്ചുകൊണ്ടാണ് പ്രവാചകന്‍ കടന്നുവന്നത്.  നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ സഹധര്‍മിണിയോട് നന്നായി പെരുമാറുന്നവനാണെന്നും സ്വര്‍ഗം മാതാവിന്‍െറ കാല്‍ച്ചുവട്ടിലാണെന്നും പ്രഖ്യാപിച്ചുകൊണ്ട് സ്ത്രീയെ ആത്മാഭിമാനത്തിന്‍െറയും സുരക്ഷിതത്വത്തിന്‍െറയും ഉത്തുംഗങ്ങളിലേക്ക് ഉയര്‍ത്തുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയില്‍ ഏതൊരു പൗരനും മതസ്വാതന്ത്യം ഉറപ്പുനല്‍കുന്നതിനോടൊപ്പംതന്നെ വിവാഹം ദായക്രമം, അനന്തരാവകാശങ്ങള്‍ എന്നിവയില്‍ വ്യക്തിനിയമങ്ങള്‍ പിന്തുടരാന്‍ ഭരണഘടന അനുമതി നല്‍കുന്നു എന്നിരിക്കെ അതിനെ വീണ്ടും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വിധേയമാക്കപ്പെടുന്നത് അനൗചിത്യമാണ്. ഇത്തരം പരിശ്രമങ്ങള്‍ അപ്രായോഗികമാണെന്ന് മാത്രമല്ല  ന്യൂനപക്ഷസമുദായങ്ങളുടെ സുരക്ഷിതത്വബോധത്തിനും സ്വാതന്ത്ര്യബോധത്തിനും പോറലേല്‍പിക്കുകയും ചെയ്യും. പട്ടിണി, ദാരിദ്രം, സാമുദായിക കലഹങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടങ്ങി ഒട്ടനവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പരിശ്രമിക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങളുടെയും സ്വാതന്ത്ര്യത്തെയും തടയിടുന്നതുകൊണ്ടുതന്നെ അത് അപകടകരവുമാണ്. നാനാജാതി മതസ്ഥര്‍ ജീവിക്കുന്ന ഇന്ത്യയെ ഒരൊറ്റ നിയമത്തിന്‍െറ മേല്‍ക്കൂരക്ക് കീഴില്‍ കൊണ്ടുവരുക എന്നത് അപ്രായോഗികവും വങ്കത്തവുമാണ്.  

 

Show Full Article
TAGS:uniform civil code 
Next Story