ഇറാഖിലെ സൈനിക നീക്കത്തിന് അമേരിക്ക സന്നാഹങ്ങള്‍ ഒരുക്കുന്ന സമയം. പല യുദ്ധങ്ങളുടെ കെടുതികള്‍ കണ്ട ലോകം ഒന്നടങ്കം അമേരിക്കയുടെയും ജോര്‍ജ് ബുഷിന്‍െറയും നീക്കത്തിനെതിരെ പ്രതിഷേധിച്ചു നില്‍ക്കുന്ന സമയം. പെട്ടെന്നൊരു ദിവസം ഞെട്ടിക്കുന്ന ഒരു വാര്‍ത്ത ലോകം കേട്ടു. നായിറ അസ്സബാഹ് എന്ന പതിനഞ്ചു വയസ്സുള്ള കുവൈത്തി പെണ്‍കുട്ടി മാധ്യമങ്ങള്‍ക്കുമുന്നില്‍ വന്ന് വിതുമ്പിക്കൊണ്ട് പറഞ്ഞു: ഇറാഖി സൈനികര്‍ കുവൈത്ത് സിറ്റിയിലെ അല്‍ അദാന്‍ ആശുപത്രിയില്‍ അതിക്രമിച്ചുകയറി അവിടത്തെ ഇങ്കുബേറ്ററുകളും രക്ഷാസംവിധാനങ്ങളും തകര്‍ക്കുകയും ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയും നവജാത ശിശുക്കളെ തറയില്‍ എറിഞ്ഞു കൊല്ലുകയും ചെയ്യുന്നത് ഞാന്‍ നേരില്‍ കണ്ടെന്ന്. ആ വാര്‍ത്ത പടിഞ്ഞാറന്‍ മാധ്യമങ്ങളും സാമ്രാജ്യത്വ രാഷ്ട്രീയ നിലപാടുകള്‍ക്ക് പിന്തുണ നല്‍കുന്നവരും കാട്ടുതീ വേഗത്തില്‍ പ്രചരിപ്പിച്ചു. ഇറാഖിനുമേല്‍ അമേരിക്കയുടെ സൈനിക നീക്കത്തിന് ആക്കം കൂട്ടാന്‍ ‘പെട്ടെന്നുള്ള’ കാരണമായി ഈ വാര്‍ത്ത വിലയിരുത്തപ്പെട്ടു.
പിന്നീട് പെരും നുണകളുടെ ഒരു ഘോഷയാത്രതന്നെ ഉണ്ടായി. ഇറാഖി സൈന്യം നിഷ്ഠുരമായികൊന്നുകളഞ്ഞ നവജാത ശിശുക്കളുടെ എണ്ണം ദിനേന എന്നോണം പെരുകാന്‍ തുടങ്ങി. ഇരുപത്തിരണ്ടു മുതല്‍ മുന്നൂറ്റി പതിനാലുവരെ പിഞ്ചു കുട്ടികളെ അവര്‍ വകവരുത്തി എന്നൊക്കെ മാധ്യമങ്ങള്‍ സ്റ്റോറികള്‍ അടിച്ചുവിട്ടു. വസ്തുതകള്‍ക്ക് പ്രസക്തി ഇല്ലാത്തതുകൊണ്ട് ആ കുട്ടിയെയോ ഈ സംഭവം നടന്നെന്നു പറയപ്പെടുന്ന ആശുപത്രിയെയോ ആരും അന്വേഷിച്ചതേയില്ല.
ഈ ‘വെളിപ്പെടുത്തല്‍’ വഴി ഒരു രാജ്യം, സമ്പന്നമായ മെസപ്പൊട്ടോമിയന്‍ സംസ്കാരം, ഒരു ഭൂപ്രദേശം, കരുത്തുറ്റ ഒരു ഭരണകൂടം, എല്ലാറ്റിലുമുപരി സമാധാനത്തോടെ ജീവിച്ചിരുന്ന അറബ് ദേശമാകെ യുദ്ധത്തിന്‍െറ കെടുതിയിലും അതിന്‍െറ ഭീകരതയിലും തകര്‍ന്നമര്‍ന്നു. അമേരിക്കയും ബുഷും പശ്ചിമേഷ്യയില്‍ എന്നന്നേക്കുമായി തങ്ങളുടെ രാഷ്ട്രീയാധീശത്വം ഉറപ്പിക്കുകയും ചെയ്തു. ഒന്നാം ലോക യുദ്ധത്തില്‍ ജര്‍മന്‍ പടക്കെതിരെ തൊടുത്തു വിട്ട അതേ പ്രചാരണം തന്നെ ഇറാഖിനുമേലും വിജയിപ്പിച്ചെടുക്കുകയായിരുന്നു അമേരിക്ക. നവജാത ശിശുക്കളെ ആക്രമിക്കുന്നെന്നരീതിയിലുള്ള വാര്‍ത്തകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതതന്നെയാണ്, ഈ കാമ്പയിന്‍െറ പ്രധാന വിജയസാധ്യതയായി അവര്‍ കണ്ടത്.
ഹില്‍ ആന്‍ഡ് നോള്‍ട്ടന്‍ എന്ന അമേരിക്കന്‍ പബ്ളിക് റിലേഷന്‍സ് ഏജന്‍സിയെ ഉപയോഗപ്പെടുത്തി കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ച് നടത്തിയ ഒരു നാടകമായിരുന്നു നായിറ അസ്സബാഹിന്‍െറ വെളിപ്പെടുത്തല്‍ എന്ന് ലോകം തിരിച്ചറിയുമ്പോഴേക്കും അറബ് മേഖലയാകെ തരിശാക്കപ്പെട്ടിരുന്നു. അതിലേറെ ഞെട്ടിപ്പിക്കുന്ന വസ്തുത, നായിറ അസ്സബാഹ് അക്കാലത്ത് വാഷിങ്ടണില്‍ കുവൈത്ത് അംബാസഡര്‍ ആയിരുന്ന സൗദ് നാസര്‍ അസ്സബാഹിന്‍െറ മകളായിരുന്നെന്നും ഈ സംഭവം നടന്നെന്നു പറയപ്പെടുന്ന കാലം അവര്‍ കുടുംബസമേതം വാഷിങ്ടണില്‍ സുഖവാസത്തിലായിരുന്നെന്നും ലോകം അറിഞ്ഞത് പിന്നീടായിരുന്നു. ഇറാഖ് കുവൈത്ത് യുദ്ധത്തില്‍ അമേരിക്കയുടെ സാന്നിധ്യം ഉറപ്പിക്കാനും അതിന് ന്യായീകരണം കണ്ടത്തൊനും രൂപം കൊണ്ട ‘സ്വതന്ത്ര കുവൈത്ത് ജനത’യുടെ പ്രചാരകര്‍ ആയിരുന്നു ഇരുവരും. യുദ്ധാനന്തരം നായിറയെ അന്വേഷിച്ചത്തെിയ ഒരു സംഘം മാധ്യമപ്രവര്‍ത്തകരോട്, അങ്ങനെ ഒരു സംഭവത്തിന് ഞാന്‍ ദൃക്സാക്ഷി അല്ളെന്നും എന്നോട് അഭിനയിക്കാന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ മീഡിയകള്‍ക്ക് മുന്നില്‍ ചെയ്തു കാണിക്കുക മാത്രമേ ചെയ്തുള്ളൂ എന്നും നായിറ പറഞ്ഞു എന്നാണ് വാര്‍ത്തകള്‍. ഒരു പി.ആര്‍ തന്ത്രം വഴി എങ്ങനെ ഒരു യുദ്ധം വില്‍ക്കാം എന്ന് പരമ്പരകള്‍ എഴുതിയ മാധ്യമങ്ങള്‍ വരെയുണ്ടായി അക്കാലത്ത്. അങ്ങനെ ചതിയിലൂടെയും കള്ള പ്രചാരണങ്ങളിലൂടെയും നേടിയെടുത്ത ആത്മവിശ്വാസത്തിന്‍െറ പുറത്തായിരുന്നു ഇറാഖ് ജനതയെ തകര്‍ത്തെറിഞ്ഞ യുദ്ധത്തിന്‍െറ അണിയറകള്‍ ഒരുക്കിയെടുത്തത്.
അതിനുശേഷം പിന്നീടങ്ങോട്ട് അറബ് മേഖല ശാന്തമായിട്ടേ ഇല്ല. ഓരോരോ രാജ്യങ്ങളിലായി രാഷ്ട്രീയ ആഭ്യന്തര സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥകളായി. ഇന്ത്യയിലെ പുതിയ പശ്ചാത്തലത്തില്‍ പഴയ ഇറാഖ്, കുവൈത്ത് കഥകള്‍ ഓര്‍ക്കാന്‍ കാരണമുണ്ട്. സാമ്രാജ്യത്വത്തിനെന്നപോലെ ഫാഷിസത്തിനും വേണം കലാപങ്ങള്‍ക്കും വംശീയതക്കും ഒരു കാരണവും അതിനു പറ്റിയ ഒരിരയും. ഇന്ത്യന്‍ ഫാഷിസം അതിന്‍െറ സമ്പൂര്‍ണഭാവങ്ങളില്‍ നില്‍ക്കുമ്പോള്‍, പുതിയ സംവാദങ്ങള്‍ക്കും കലാപങ്ങള്‍ക്കും വേണ്ടിയുള്ള കോപ്പുകള്‍ തിരഞ്ഞുകൊണ്ടേയിരിക്കുകയാണ്. തുടക്കം ആരെവെച്ച് വേണമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ്, സാകിര്‍ നായിക് മുന്നില്‍ വന്നുപെട്ടത്. ധാക്ക സ്ഫോടനത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് പ്രചോദനമായ ആ ‘മനോരോഗ വിശ്വാസി’യെ മുന്‍ നിര്‍ത്തി തുടങ്ങാം എന്ന മട്ടില്‍ മുന്‍നിര മാധ്യമങ്ങള്‍ അടക്കം പണികള്‍ തുടങ്ങിക്കഴിഞ്ഞു. അര്‍ണാബ് സ്വാമി മുതല്‍ ഇങ്ങ് മലയാളത്തില്‍വരെ ചാകര തേടി അലയുന്നവരെ കാണാം. വിചാരണക്കുമുമ്പേ വിധി പ്രഖ്യാപിച്ച് ശിക്ഷ നടപ്പാക്കുന്നവര്‍, സത്യം തെളിയുന്നകാലത്ത് നായിറയെപ്പോലെ, തങ്ങള്‍ വേഷം കെട്ടുക മാത്രമായിരുന്നെന്ന് തുറന്നുപറയാന്‍ ഇവിടെയൊക്കത്തെന്നെ ഉണ്ടാവും എന്ന് വെറുതേ ആശ്വസിക്കാം.