Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅര്‍ഥമില്ലാത്ത...

അര്‍ഥമില്ലാത്ത പരാക്രമങ്ങള്‍

text_fields
bookmark_border
അര്‍ഥമില്ലാത്ത പരാക്രമങ്ങള്‍
cancel

പൊലീസുകാരന്‍ മണിയന്‍പിള്ളയെ കൃത്യനിര്‍വഹണത്തിനിടെ ആട് ആന്‍റണി  കൊലപ്പെടുത്തിയ കേസില്‍ കൊല്ലം ജില്ലാ കോടതി വിധി പറയേണ്ടത് ഇന്നലെയായിരുന്നു. വിധി പറയുന്നത് കോടതി മാറ്റിവെച്ചു. കൊല്ലം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ പറഞ്ഞത് വിധി റിപ്പോര്‍ട്ട് ചെയ്യാന്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ വാഹന സഹിതം എത്തുമെന്നും അവര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ളെന്നുമാണ്- കാര്യങ്ങള്‍ വളരെ വ്യക്തമാണ്.തൊഴില്‍ സുരക്ഷിതത്വം സംബന്ധിച്ച് അരക്ഷിതമായ ഒരു സാഹചര്യത്തിലാണ് കേരളത്തിന്‍െറ മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് തൊഴിലെടുക്കുന്നത്. അതിനിടയില്‍ ശാരീരിക സുരക്ഷ പോലും നഷ്ടമാകുന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ സംഭവങ്ങള്‍. നാല് ദിവസത്തിനകം  അഞ്ചിലേറെ തവണ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു.

തിരൂരില്‍ ഏഷ്യാനെറ്റ് ലേഖികയും കൊല്ലം ചാത്തന്നൂരില്‍ മീഡിയാവണ്‍ കാമറാമാനും ആക്രമിക്കപ്പെട്ടതിന് പിന്നാലെ  ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം ആക്രമണങ്ങള്‍ക്കിരയായി. വ്യാഴാഴ്ച തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. വിവിധ സംഭവങ്ങളിലായി മുപ്പതിലധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പലരും ചികിത്സയിലാണ്. സമൂഹത്തില്‍ നീതി നടപ്പാക്കാന്‍ തുണയാകേണ്ട അഭിഭാഷകവൃന്ദമാണ്  കൊച്ചിയിലും തിരുവനന്തപുരത്തും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞതെന്നത് സംഭവത്തിന്‍െറ ഗൗരവം വര്‍ധിപ്പിക്കുന്നതും പുതിയൊരു സാമൂഹിക ഭീഷണിയുമാണ്. ഹൈകോടതിയിലുണ്ടായ സംഭവങ്ങള്‍ അതിന്‍െറ ചരിത്രത്തിലാദ്യമാണ്.

 കൊച്ചിയില്‍ ഹൈക്കോടതിയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദിന്‍െറ നേതൃത്വത്തില്‍  അനുരഞ്ജന ചര്‍ച്ച നടക്കുന്നതിനിടെയാണ് തിരുവനന്തപുരത്ത് വഞ്ചിയൂര്‍ കോടതിവളപ്പില്‍ അഭിഭാഷകരില്‍ നിന്ന് ആക്രമണം ഉണ്ടായത്.നിരാശാജനകവും ഞെട്ടിപ്പിക്കുന്നതുമാണിത്. കേരള ചരിത്രത്തില്‍ ഇന്നുവരെ ഒരു മാധ്യമ പ്രവര്‍ത്തകനും പണിക്കിടയില്‍ ആരെയും ആക്രമിച്ചിട്ടില്ല. അതുണ്ടാവില്ളെന്ന് പറയാനും ഞങ്ങള്‍ക്ക് കഴിയും.

സാധാരണ കോടതി റിപ്പോര്‍ട്ടിങ് വളരെ ചുരുങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യുന്ന ജോലിയാണ്. മിക്കവരും നിയമബിരുദധാരികള്‍. ചില സ്ഥാപനങ്ങള്‍ക്ക് വേണ്ടി  കോടതി റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രാക്ടിസിങ്  അഭിഭാഷകരുമാണ്. പ്രസിന്‍െറ ഭാഗമായിരിക്കുമ്പോള്‍ തന്നെ അവര്‍ കോടതിയുടെയും ഭാഗമാണ്. അങ്ങനെയൊരു ആത്മബന്ധം നിലനില്‍ക്കുമ്പോഴാണ് എല്ലാം തകിടം മറിച്ച് ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കപ്പെട്ടത്.  
 കൊച്ചിയില്‍ ഗവണ്‍മെന്‍റ് പ്ളീഡറായ ധനേഷ് മാത്യു മാഞ്ഞൂരാന്‍  ഒരു യുവതിയോട് അപമര്യാദയായി പെരുമാറിയതാണ് പ്രശ്നങ്ങളുടെ തുടക്കം. അവിടെയുണ്ടായിരുന്നവര്‍  ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. അത് വാര്‍ത്തയായി.അടുത്ത ദിവസം യുവതിക്ക് ആളുമാറിപ്പോയതാണെന്ന് വാര്‍ത്ത വന്നു. അതിനാല്‍ അയാള്‍ക്ക് ജാമ്യം ലഭിച്ചു. അതോടെ തന്നെ പൊലീസ് കള്ളക്കേസില്‍ കുടുക്കുകയാണ് ചെയ്തതെന്നും മറ്റും ആരോപിച്ച് പ്ളീഡര്‍ രംഗത്ത് വന്നു. തങ്ങളെ പ്രതിക്കൂട്ടില്‍ കയറ്റാനാണ് ഭാവമെന്ന് മനസ്സിലാക്കിയ പൊലീസ് പ്രതിരോധം തീര്‍ക്കാന്‍ തീരുമാനിച്ചു. ധനേഷിന്‍െറ കുടുംബം യുവതിയോട് കേണപേക്ഷിച്ചിട്ടാണ് യുവതി മൊഴി മാറ്റിയതെന്നും  മകന്‍െറ പിഴവ് തുറന്ന് സമ്മതിച്ച് ധനേഷിന്‍െറ  അച്ഛന്‍ മുദ്രപ്പത്രത്തില്‍ എഴുതിക്കൊടുത്തിട്ടുണ്ടെന്നും പൊലീസ് അന്വേഷിച്ച് കണ്ടത്തെി. മജിസ്ട്രേറ്റിന് മുന്നില്‍ എത്തിച്ച് 164 പ്രകാരം പൊലീസ്  യുവതിയുടെ മൊഴിയെടുപ്പിച്ചു. തുടര്‍ന്ന് ജാമ്യം റദ്ദാക്കപ്പെട്ടു.

കേസ് കോടതിയിലാണ്. അറസ്റ്റ് നടന്നപ്പോഴേ കൊച്ചിയിലെ ചുരുക്കം ചില അഭിഭാഷകര്‍ പൊലീസ് പകപോക്കുന്നതായി പരാതി പറഞ്ഞിരുന്നു. നല്ളൊരു വിഭാഗം അഭിഭാഷകര്‍ കേസിനെ നിയമപരമായി നേരിടണം എന്ന അഭിപ്രായക്കാരായിരുന്നു. ഒരു വിഭാഗം അഭിഭാഷകര്‍ പ്രക്ഷോഭത്തിനൊരുങ്ങിയത് അവസാന നിമിഷം മാറ്റിവെച്ചു. ഇതുസംബന്ധിച്ച് ഡെക്കാന്‍ ക്രോണിക്കിള്‍ പത്രത്തില്‍ വാര്‍ത്ത വന്നു. അടുത്ത ദിവസം കോടതിയിലത്തെിയ ഡെക്കാന്‍ ക്രോണിക്കിള്‍ ലേഖകനെ അഭിഭാഷകരില്‍ ചിലര്‍ ചോദ്യം ചെയ്യുകയും കൈകാര്യം ചെയ്യുകയും ചെയ്തു. ഇവിടെ നിന്നാണ് സംഭവങ്ങളുടെ തുടക്കം. പിന്നീടുണ്ടായത് സമൂഹം കണ്ടതാണ്.വാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്യണമെങ്കില്‍ കഴിഞ്ഞ കുറെ കൊല്ലങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും എത്ര തവണ ആക്രമണത്തിന് ആഹ്വാനം ചെയ്യണമായിരുന്നു. വാര്‍ത്തയെ വാര്‍ത്തയായി കാണാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്നതാണ് കാര്യം.

കൊച്ചിയില്‍ അനുരഞ്ജന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ പുറത്ത് വന്നപ്പോള്‍ മീഡിയാറൂമിന് മുകളില്‍ ശൗചാലയം എന്ന് എഴുതിവെച്ചാണ് അഭിഭാഷകര്‍ നേരിട്ടത്. അത് അവരുടെ സംസ്കാരമായിരിക്കാം. കൊച്ചിയിലെ ചര്‍ച്ചയുടെ തീരുമാനങ്ങള്‍ പുറത്ത് വന്നപ്പോഴാണ് തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം രൂക്ഷമായത്. മദ്യക്കുപ്പികളും ട്യൂബ് ലൈറ്റുകളും കൂട്ടത്തോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ചീറിപ്പാഞ്ഞ് വന്നു. ലൈവ് റിപ്പോര്‍ട്ടിങ്ങിനിടയിലായിരുന്നു ഇതെന്നതിനാല്‍ കൂട്ടിച്ചേര്‍ത്തതെന്നോ മുറിച്ച് മാറ്റിയതെന്നോ പറയാനാവില്ല. ഓടി രക്ഷപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ ദയനീയ ചിത്രങ്ങള്‍ മാധ്യമങ്ങളിലുണ്ട്. യുദ്ധമുന്നണിയില്‍ പോലും സുരക്ഷ ലഭിക്കുന്നതാണ് മാധ്യമപ്രവര്‍ത്തനം. എന്നാല്‍, ഒരു ജനാധിപത്യ രാജ്യത്തില്‍ മാധ്യമപ്രവര്‍ത്തനത്തിനിടയില്‍ ഓടി രക്ഷപ്പെടേണ്ടി വരുന്നത് നല്ല അവസ്ഥയല്ല സൂചിപ്പിക്കുന്നത്.

ചാനല്‍ ചര്‍ച്ചകളില്‍ ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സംഭവങ്ങളില്‍ ഗൂഢാലോചനയുള്ളതായി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് അത് അദ്ദേഹത്തിന് മാറ്റിപ്പറയേണ്ടി വന്നു. സംഭവങ്ങളില്‍ നേരത്തെ അഭിഭാഷകരുടെ നടപടികള്‍ ശരിയല്ളെന്ന്  പറഞ്ഞ പല സീനിയര്‍ അഭിഭാഷകരും നിശ്ശബ്ദരാക്കപ്പെട്ടു. ഇന്നിപ്പോള്‍ അവരില്‍ പലരെയും ഹൈകോടതി അഭിഭാഷക സംഘടനയില്‍ നിന്ന് പുറത്താക്കാനാണ് നീക്കം. ഇപ്പോഴും ആര്‍ജവത്തോടെ ഡോ. സെബാസ്റ്റ്യന്‍ പോളിനെയും അഡ്വ. ഉദയഭാനുവിനെയും  പോലുള്ളവര്‍ ഉറച്ച് നില്‍ക്കുന്നുവെന്നത് രജതരേഖയാണ്. അഭിഭാഷക സമൂഹത്തിലെ വലിയ വിഭാഗം ഇപ്പോഴും മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട്  തങ്ങളുടെ നിസ്സഹായത പ്രകടിപ്പിക്കുന്നുണ്ട്. സംഭവങ്ങളില്‍ ഗൂഢാലോചനയുള്ളതായി പത്രപ്രവര്‍ത്തക യൂനിയനും അഭിപ്രായമുണ്ട്. ഒരു മുതിര്‍ന്ന അഭിഭാഷകന്‍െറ ഇടപെടല്‍ ഇതിലുള്ളതായി അഭിഭാഷകര്‍ തന്നെ പറയുന്നു. ശരിയായിരിക്കാം. അല്ലായിരിക്കാം. പക്ഷേ, സാഹചര്യ തെളിവുകള്‍ ഇത് ശരിവെക്കുന്നതാണ്. വിവാദം കൊണ്ട് നേട്ടമുണ്ടായത് ഇവര്‍ക്കാണുതാനും. ഇതുസംബന്ധിച്ച് വാര്‍ത്തകളും വന്നുകഴിഞ്ഞു.

വഞ്ചിയൂര്‍ കോടതിയില്‍ മീഡിയാറൂമിന് മുകളില്‍ ‘നാലാം ലിംഗകാര്‍ക്ക് പ്രവേശനമില്ല’ എന്ന് എഴുതി ഒട്ടിച്ചായിരുന്നു പ്രകോപനം. ഇത് കാണാനെനത്തെിയ പത്രപ്രവര്‍ത്തകരുടെ വാഹനങ്ങളിലും ഈ സ്റ്റിക്കര്‍ പതിക്കാന്‍ ധൈര്യപ്പെടുന്നിടം വരെയത്തെി. അവരെ കൂക്കി വിളിച്ച് ഓടിച്ചു. മീഡിയാ റൂം പൂട്ടി പുറത്താക്കി ഗേറ്റടച്ചു.  അക്രമം അഴിച്ചുവിട്ടു. ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന പത്രപ്രവര്‍ത്തക സമൂഹത്തിന്‍െറ വിശേഷണമാണ് നാലാംലിംഗക്കാര്‍ എന്ന് വകഭേദം വരുത്തിയെങ്കില്‍ അത് എഴുതിയ മൂന്നാം തൂണിന്‍െറ ഭാഗമായവരെ എന്താണ് വിളിക്കേണ്ടത്?ഇതൊക്കെ നടക്കുമ്പോഴും  പ്രത്യാശയുണര്‍ത്തുന്ന കാര്യങ്ങളും നടന്നിട്ടുണ്ട്. വ്യാഴാഴ്ച രാത്രി തന്നെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി യൂനിറ്റ് പസിഡന്‍റ് പ്രശാന്ത് രഘുവംശത്തിന്‍െറ നേതൃത്വത്തില്‍ സുപ്രീംകോടതി ജഡ്ജിമാരായ കുര്യന്‍ ജോസഫിനെയും ചെലമേശ്വറിനെയും അശോക് ഭൂഷണെയും കണ്ട് സ്ഥിതിഗതികള്‍ ധരിപ്പിച്ചു.

കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ നന്നായറിയാവുന്ന, പ്രത്യേകിച്ച് കൊച്ചിയില്‍ കോടതി റിപ്പോര്‍ട്ട് ചെയ്യുന്നവരെ പേരെടുത്തറിയാവുന്ന ജസ്റ്റിസ് കുര്യന്‍ ജോസഫ് സജീവമായി ഇടപെട്ടു. അതിനനുസരിച്ച് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസും ഇടപെട്ടു. വെള്ളിയാഴ്ച രാവിലെ രണ്ടു ഹൈകോടതി ജഡ്ജിമാര്‍ തിരുവനന്തപുരത്തത്തെി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. ചര്‍ച്ചകള്‍ നടത്തി. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലേക്കത്തെിക്കാന്‍ സഹായിച്ചു.  ഇന്നലെയും ഡല്‍ഹിയിലെ കെ.യു.ഡബ്ള്യു.ജെ സംഘം ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറിനെ കണ്ടിരുന്നു. വിഷയത്തില്‍ ഇടപെടുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്. നടപടികള്‍ ആരംഭിച്ചിട്ടുമുണ്ട്.

ആശങ്കാജനകമായ കാര്യം തീയണക്കാന്‍ ഏറ്റവും മുകളിലുള്ളവര്‍ തന്നെ ഇറങ്ങിവന്നപ്പോള്‍ ഇന്നലെയും പല സ്ഥലങ്ങളിലും അഭിഭാഷകര്‍ സംഘം ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പ്രകടനം നടത്തി പത്രം കത്തിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു എന്നതാണ്.  എ.ജിയുമായി ധാരണയുണ്ടാക്കിയ എറണാകുളത്തെ അഭിഭാഷകര്‍  പ്രസ്ക്ളബിന് സമീപംവരെ മുദ്രാവാക്യങ്ങളുമായത്തെി. പത്രപ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് തെരുവിലിറക്കി ധാരണ പൊളിക്കുകയായിരുന്നു  ലക്ഷ്യം. ഇത്രയൊക്കെയുണ്ടായിട്ടും അസാമാന്യമായ ക്ഷമയും സഹനവുമാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത്. ഹൈകോടതിയില്‍നിന്ന് തെരുവിലിറങ്ങിയ അഭിഭാഷകരെപ്പോലെ കാമ്പസിന്‍െറ ആവേശം വിട്ടുമാറാാത്ത ചെറുപ്പക്കാര്‍ മാധ്യമപ്രവര്‍ത്തകരുടെ ഇടയിലുമുണ്ട്. അവര്‍ കേവലം മുദ്രാവാക്യം വിളിക്കും ഒരു കുത്തിയിരിപ്പിനുമപ്പുറത്തേക്ക് പോയിട്ടില്ല.കേരള പത്രപ്രവര്‍ത്തക യൂനിയന്‍ എന്ന ഈ തൊഴില്‍ ചെയ്യുന്നവരുടെ ഏക സംഘടനയുടെ ആര്‍ജവം ഈ തൊഴിലിന്‍െറ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ അവരോട് നിര്‍ദേശിച്ചത് മൂലമാണ്. പക്ഷേ, ഉയര്‍ത്തിപ്പിടിക്കാന്‍  ജീവനുണ്ടാകണമെന്നതാണ് പ്രധാനകാര്യം.

ഒന്നുപറയാം- ഞങ്ങള്‍ പേനയും കാമറയും താഴെ വെക്കില്ല; പ്രകോപിതരാവാതെ പിടിച്ചുനില്‍ക്കും. ഭരണകൂടവും നീതിപീഠവും അതിലെല്ലാത്തിലുമുപരി സമൂഹം ഉറപ്പാക്കേണ്ടത് അതാണ്. ആ പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്. കാരണം, ഞങ്ങള്‍ ജോലി ചെയ്യുന്നത് സമൂഹത്തിന് വേണ്ടിയാണ്. കേരളത്തിന് ഒരു സംസ്കാരമുണ്ടെന്നത് മറക്കരുത്- സഹിഷ്ണുതയുടെ സംസ്കാരം. അതിനനുസൃതമായി ജോലി ചെയ്യാന്‍ അനുവദിക്കുക. സത്യം സമൂഹത്തോട് വിളിച്ചുപറയാന്‍ അവസരം നല്‍കുക.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:judge attack tvpm
Next Story