Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅഭിഭാഷകവൃത്തിയുടെ...

അഭിഭാഷകവൃത്തിയുടെ പരിശുദ്ധിക്ക് ഇത് കളങ്കം

text_fields
bookmark_border
അഭിഭാഷകവൃത്തിയുടെ പരിശുദ്ധിക്ക് ഇത് കളങ്കം
cancel

അഭിഭാഷകര്‍ ക്രിമിനല്‍ കേസുകളില്‍ അകപ്പെടുന്നത് നടാടെയല്ല. സൂര്യനെല്ലി കേസിലെ മുഖ്യ സൂത്രധാരന്‍ അഭിഭാഷകനായിരുന്നു. അയാള്‍ ഇപ്പോള്‍ ജയിലിലാണ്. വേറെയും അഭിഭാഷകര്‍ പ്രതികളോ പുള്ളികളോ ആയി മാറിയിട്ടുണ്ട്. അപ്പോഴൊന്നും ഉണ്ടായിട്ടില്ലാത്ത രൗദ്രസാഹോദര്യം ധനേഷ് മാത്യു മാഞ്ഞൂരാന്‍ എന്ന കാലാവധിയത്തെിയ സര്‍ക്കാര്‍ അഭിഭാഷകന്‍െറ കാര്യത്തില്‍ ഹൈകോടതി അഭിഭാഷകര്‍ക്ക് എങ്ങനെയുണ്ടായി? മാഞ്ഞൂരാനെ സംബന്ധിക്കുന്ന  വാര്‍ത്തയുടെ പേരിലാണ് ചോരത്തിളപ്പുള്ള അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ തിരിഞ്ഞത്. വെപ്പുകാല്‍ വെച്ച വനിതാ റിപ്പോര്‍ട്ടറെപ്പോലും അവര്‍ വെറുതെ വിട്ടില്ല. റിപ്പോര്‍ട്ടറായ അഭിഭാഷകനെയും തള്ളിവീഴ്ത്തി. രോഷം തെരുവിലേക്ക് ഒഴുകിയിറങ്ങി. അവിടെനിന്ന് സംസ്ഥാനത്തുടനീളം വ്യാപിക്കുന്നു.

അഭിഭാഷകവൃത്തിയുടെ വൃത്തി നശിപ്പിക്കുന്ന കറയാണ് നാടെങ്ങും പടരുന്നത്.കൊച്ചിയിലെ രോഷം മനസ്സിലാക്കാം. തിരുവനന്തപുരത്തെ അഭിഭാഷകരുടെ പ്രശ്നമെന്താണ്? ഹൈകോടതിയുടെ ബെഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ഹൈകോടതി അഭിഭാഷകര്‍ക്കൊപ്പം നില്‍ക്കുന്നതിനുള്ള അര്‍ഹതയും യോഗ്യതയും തെളിയിക്കുകയായിരുന്നു. പ്രമുഖരും പ്രഗല്ഭരുമായ അഭിഭാഷകശ്രേഷ്ഠര്‍ നേതൃത്വം നല്‍കിയിട്ടുള്ള ഹൈകോടതി അഭിഭാഷക സംഘടന പൈതൃകവും പാരമ്പര്യവും വിസ്മരിച്ച് യുവതിയെ പരസ്യമായി കടന്നു പിടിച്ച അഭിഭാഷകന്‍െറ സംരക്ഷകരായി. അത് ഉത്തമബോധ്യത്തിന്‍െറ അടിസ്ഥാനത്തിലാണെങ്കില്‍ ഞാന്‍ കുറ്റം പറയുന്നില്ല. സംഘടനയില്‍ അംഗമായ അഭിഭാഷകനെ ന്യായീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഉത്തരവാദിത്തം സംഘടനക്കുണ്ട്. എന്നാല്‍, അതിനോട് വിയോജിക്കുന്നതിനുള്ള അവകാശം അംഗങ്ങള്‍ക്കുണ്ട്. കാഡര്‍ പാര്‍ട്ടിയുടെ കര്‍ക്കശ സ്വഭാവത്തിലല്ല അഭിഭാഷക സംഘടന പ്രവര്‍ത്തിക്കേണ്ടത്.

പെണ്ണിനെ പിടിച്ച കേസില്‍ തെറ്റായ വാര്‍ത്ത കൊടുത്തുവെന്നാണ് മാധ്യമങ്ങള്‍ക്കെതിരെയുള്ള ആക്ഷേപം. പൊലീസ് അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന്‍െറ മുന്നില്‍ ഹാജരാക്കിയ കേസ് വ്യാജവാര്‍ത്തയാകുന്നതെങ്ങനെ? അങ്ങനെയൊരു ആക്ഷേപത്തെ മുന്‍നിര്‍ത്തി കോടതിക്കെട്ടിടത്തിലും പരിസരപ്രദേശത്തും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വന്‍തോതില്‍ അതിക്രമം നടത്തിയതിന് ന്യായീകരണമില്ല. ഹൈകോടതിയുടെ മുന്നില്‍ നിരോധിതമേഖലയില്‍ ധര്‍ണ നടത്തിയെന്ന കുറ്റം മാധ്യമപ്രവര്‍ത്തകരില്‍ ആരോപിക്കാം. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അത്യാചാരങ്ങള്‍ക്ക് അത് സാധൂകരണമാകുന്നില്ല. നിയമവിരുദ്ധമായ മാര്‍ച്ചും ധര്‍ണയും തടയേണ്ടത് പൊലീസിന്‍െറ ചുമതലയാണ്. പൊലീസിന്‍െറ ജോലി ഗുണ്ടകള്‍ ഏറ്റെടുക്കരുത്.

അഭിഭാഷകര്‍ കോടതി ബഹിഷ്കരിക്കുന്നതിനെതിരെ സുപ്രീംകോടതിയുടെ വിലക്കുണ്ട്. അത് പാലിക്കപ്പെട്ടില്ല. കുതിരവട്ടം പപ്പുവിന്‍െറ വക്കീല്‍ കഥാപാത്രത്തെ അനുസ്മരിപ്പിച്ചുകൊണ്ട് അവര്‍ കോട്ടും ഗൗണുമിട്ട് തെരുവിലേക്കിറങ്ങി. കറുത്ത കോട്ടിട്ട യുവഅഭിഭാഷകന്‍ നടുറോഡില്‍ കിടന്ന് പൊലീസിന്‍െറ അടി വാങ്ങുന്ന ചിത്രം കണ്ടു. ബെഞ്ചിന്‍െറയോ ബാറിന്‍െറയോ അന്തസ്സിനു വേണ്ടിയുള്ളതായിരുന്നില്ല ആ അടി. കോടതി കോമ്പൗണ്ടില്‍ അടച്ചിട്ട ഗേറ്റിന്‍െറ സുരക്ഷിതത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കല്ലും ബിയര്‍ കുപ്പിയുമെറിഞ്ഞ് അവര്‍ തിണ്ണമിടുക്ക് കാണിച്ചു. അരുത് എന്ന വിവേകത്തിന്‍െറ ശബ്ദം ഉയര്‍ത്തിയവരെ അവര്‍ സംഘടനയില്‍നിന്ന് പുറത്താക്കി ശിക്ഷിക്കാനൊരുങ്ങുന്നു. നിയമവാഴ്ചയുടെ സംരക്ഷകര്‍ നിയമവാഴ്ചയുടെ കുഴിതോണ്ടുന്നു. കോടതികള്‍ പ്രവര്‍ത്തിക്കാതാകുന്നത് ഭരണഘടനാപരമായ പ്രതിസന്ധിയാണ്. അഭിഭാഷകരാണ് അതിന് ഉത്തരവാദികള്‍.

അഭിഭാഷകരും ജഡ്ജിമാരും ചേര്‍ന്നാല്‍ കോടതിയാവില്ല. തുറന്ന കോടതിയിലാണ് നടപടികള്‍ നടക്കേണ്ടത്. സ്വതന്ത്രവും നീതിപൂര്‍വകവുമായ നീതിനിര്‍വഹണം ഉറപ്പാക്കുന്ന തത്ത്വമാണിത്. മാധ്യമപ്രവര്‍ത്തകരുടെ കോടതിയിലെ സാന്നിധ്യമാണ് കോടതിയെ തുറന്ന കോടതിയാക്കുന്നത്. അവിടെ കാണുന്നതും കേള്‍ക്കുന്നതും അവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം. അഭിഭാഷകര്‍ തല്ലിപ്പൊട്ടിക്കുന്ന കാമറ ലോകത്തിന്‍െറ കണ്ണാണ്. അത് കുത്തിപ്പൊട്ടിക്കരുത്. കോടതിയിലായാലും പുറത്തായാലും റിപ്പോര്‍ട്ട് എപ്രകാരമായിരിക്കണമെന്ന് നിര്‍ദേശിക്കാനുള്ള അധികാരം ആര്‍ക്കുമില്ല. അത് സെന്‍സര്‍ഷിപ്പാണ്. അടിയന്തരാവസ്ഥയുടെ സന്തതിയാണ് സെന്‍സര്‍ഷിപ്.

കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ആക്ഷേപമുണ്ട്. ജഡ്ജി ഒപ്പിടുന്ന ഉത്തരവുകളല്ലാതെ മറ്റു വര്‍ത്തമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെതിരെ മാര്‍കണ്ഠേയ കട്ജു പ്രതികരിച്ചിട്ടുണ്ട്. കോടതി റിപ്പോര്‍ട്ടിങ്ങിന് ബാധകമാകുന്ന തത്ത്വങ്ങള്‍ ആവിഷ്കരിക്കാന്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് സഹാറ കേസില്‍ ആലോചിച്ചെങ്കിലും അപ്രായോഗികമെന്നുകണ്ട് ഉപേക്ഷിച്ചു. വാര്‍ത്ത ഹിതകരമല്ലാതാകുമ്പോള്‍ അസഹിഷ്ണുത ഉണ്ടാകുന്നു. വാര്‍ത്ത ഹിതകരമാക്കാന്‍ കഴിയില്ല. തെറ്റിയാല്‍ തിരുത്താം. പരാതി പരിശോധിക്കുന്നതിന് പ്രസ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ട്. അപകീര്‍ത്തി തുടങ്ങിയ കാര്യങ്ങള്‍ക്ക് കോടതിയെ സമീപിക്കാം. ഇതെല്ലാം അറിയാവുന്ന അഭിഭാഷകര്‍ അജ്ഞത ഭാവിക്കുന്നത് ആ സമൂഹത്തോട് മൊത്തത്തില്‍ അവമതിക്കു കാരണമാകുന്നു.

ഹൈകോടതിയില്‍ നിന്നാരംഭിച്ച് നാടാകെ കത്തിപ്പടരുന്ന അതിക്രമങ്ങള്‍ നിര്‍ദോഷമോ യാദൃച്ഛികമോ അല്ല. അവ ആസൂത്രിതമാണെന്ന് കരുതേണ്ടിയിരിക്കുന്നു. അഭിഭാഷക സമൂഹത്തിനാകെ അപമാനകരമായ വൃത്തികേട് കഴുകിക്കളയുന്നതിനു പകരം അവര്‍ മേലാകെ വാരിപ്പൂശുന്നു. വിവേകികളെ നിശ്ശബ്ദരാക്കിക്കൊണ്ട് എല്ലാറ്റിന്‍െറയും നിയന്ത്രണം അക്രമികള്‍ ഏറ്റെടുത്തിരിക്കുന്നു. ഇവിടെ നിശ്ശബ്ദരാകുന്ന അഭിഭാഷകര്‍ വലിയ അപകടങ്ങള്‍ വരുമ്പോഴും നിഷ്ക്രിയരാകും. അഭിഭാഷകര്‍ തന്നെയാണോ ഇതിനു പിന്നിലെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. മാധ്യമങ്ങളെ നിശ്ശബ്ദമാക്കാന്‍ ചിലര്‍ പരിശ്രമിക്കുന്നത് നാളെ മറ്റു പലരേയും നിശ്ശബ്ദരാക്കുന്നതിനുള്ള പരിശ്രമത്തിന്‍െറ തുടക്കമായി കാണണം.
ഭരണഘടനയെ വേദപുസ്തകമായി കാണേണ്ടവരാണ് അഭിഭാഷകര്‍. അതല്ലാതെ മറ്റൊരു വിശുദ്ധ ഗ്രന്ഥം അവര്‍ക്കില്ല. എന്നാല്‍, ഭരണഘടന വായിക്കാത്തവരും അക്കൂട്ടത്തിലുണ്ട്. വായിച്ചാല്‍ മനസ്സിലാകാത്തവരും കുറവല്ല. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ഭരണഘടനയില്‍ ഒന്നും പറയുന്നില്ളെന്ന് ഒരു അഭിഭാഷകന്‍ പറയുന്നത് കേട്ടു. അദ്ദേഹത്തിന്‍െറ സന്നത് മടക്കിവാങ്ങി ലോ കോളജിലേക്ക് തിരിച്ചയക്കണം. വിയോജിപ്പിന്‍െറ വില അറിയാത്തവരാണ് ഹൈകോടതിയില്‍ ശൗചാലയം പണിത അഭിഭാഷകര്‍. അവര്‍ക്ക് ഉചിതമായ പണി അവര്‍ കണ്ടത്തെി. അവര്‍ മാധ്യമപ്രവര്‍ത്തകരുടെ ലിംഗപരിശോധന നടത്തുന്നു.

നാലാം ലിംഗത്തെയാണ് വഞ്ചിയൂരിലെ അഭിഭാഷകര്‍ തിരഞ്ഞത്. ഫോര്‍ത് എസ്റ്റേറ്റ് എന്ന വിശ്രുതമായ വിശേഷണത്തിന്‍െറ വികലമായ വകഭേദമാണത്. ഫോര്‍ത് എസ്റ്റേറ്റ് നാലാം ലിംഗമാണെങ്കില്‍ തേഡ് എസ്റ്റേറ്റോ? ധനേഷ് മാത്യു മാഞ്ഞൂരാന്‍ ഭാഗ്യംകെട്ട കഥാപാത്രമാണ്. അദ്ദേഹം തൊട്ടതും പിടിച്ചതും ഇന്ന് ലോകപ്രസിദ്ധമാണ്. പിടിക്കുകയും പിടിക്കപ്പെടുകയും ചെയ്ത വക്കീലിനുവേണ്ടി വക്കാലത്താകാം. പക്ഷേ, ആരും മറുപക്ഷം പറയരുതെന്ന നിര്‍ബന്ധം ജനാധിപത്യവിരുദ്ധമായ കുത്സിതത്വമാണ്. അയാള്‍ക്കുവേണ്ടി പ്രമേയം പാസാക്കാനിറങ്ങിയ അസോസിയേഷന്‍ ഏതു പക്ഷത്താണ് നില്‍ക്കുന്നത്?

അസോസിയേഷനില്‍ അഭിപ്രായഭിന്നതയെന്ന വാര്‍ത്തയാണ് അസോസിയേഷനെ പ്രകോപിപ്പിച്ചത്. അഭിപ്രായഭിന്നത പാപമല്ല. ഏതു സംഘടനയുടെയും ജനാധിപത്യസ്വഭാവത്തിന്‍െറ ലക്ഷണമാണത്. സംഘടനയില്‍ അഭിപ്രായഭിന്നത ഉള്ളതുകൊണ്ടാണ് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകുന്നത്. അങ്ങനെ വ്യത്യസ്തത പ്രകടിപ്പിച്ച ആറ് അഭിഭാഷകര്‍ക്കെതിരെയാണ് അച്ചടക്കനടപടി വരുന്നത്. സംസാരം മാത്രമല്ല പ്രവൃത്തിയും അച്ചടക്കത്തിനു വിധേയമാകണം. പ്രവൃത്തിദോഷത്തെ ന്യായീകരിക്കുന്നവര്‍ സ്വതന്ത്രമായ സംസാരത്തിന് വിലങ്ങിടാന്‍ ശ്രമിക്കുന്നു.

 

Show Full Article
TAGS:judge attack tvpm 
Next Story