Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഭൂമിയിലെ...

ഭൂമിയിലെ സ്വര്‍ഗത്തില്‍ എന്തു സംഭവിക്കുന്നു?

text_fields
bookmark_border
ഭൂമിയിലെ സ്വര്‍ഗത്തില്‍ എന്തു സംഭവിക്കുന്നു?
cancel

പത്രങ്ങള്‍ നിരോധിക്കപ്പെട്ടു.  ഇന്‍റര്‍നെറ്റ്-ഫോണ്‍ കണക്ഷനുകള്‍ വിച്ഛേദിക്കപ്പെട്ടു. കശ്മീരില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണിപ്പോള്‍. അവിടെ അരങ്ങേറിക്കൊണ്ടിരുന്ന സംഭവവികാസങ്ങള്‍ അറിയാന്‍ മാര്‍ഗങ്ങളില്ല. സ്വേച്ഛാധിപത്യത്തിന്‍െറ ലക്ഷണങ്ങളായേ ഈ അവസ്ഥയെ വിശേഷിപ്പിക്കാനാകൂ. മനുഷ്യരും വാര്‍ത്തകളും ഹോമിക്കപ്പെടുന്ന ദുരന്തകാലം. നാം ഇരുണ്ടയുഗത്തിലേക്ക് മടങ്ങുകയാണോ?
കഴിഞ്ഞാഴ്ച മൂന്ന് പ്രമുഖ പത്ര ഓഫിസുകളില്‍ പൊലീസ് റെയ്ഡ് നടത്തി. കശ്മീര്‍ ടൈംസ്, റൈസിങ് കശ്മീര്‍, ദി ഗ്രേറ്റര്‍ കശ്മീര്‍ എന്നീ പത്രസ്ഥാപനങ്ങളിലായിരുന്നു പൊലീസ് ഇടപെടല്‍. പത്രങ്ങളുടെ ആയിരക്കണക്കിന് കോപ്പികള്‍ പിടിച്ചെടുത്ത പൊലീസ് ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു. പ്രസില്‍ കടന്നുകയറി അച്ചടി സാമഗ്രികള്‍ നശിപ്പിക്കുകയും പ്രസ് പൂട്ടിക്കുകയും ചെയ്തു. ജീവനക്കാര്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവവും ഉണ്ടായി.
ഭരണകര്‍ത്താക്കള്‍ എന്തിന് ഇത്തരം മാധ്യമവേട്ടകള്‍ നടത്തുന്നു? എന്ത് ഒളിച്ചുവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്? കശ്മീര്‍ ജനതയെ ഈവിധം ശ്വാസംമുട്ടിക്കേണ്ട അനിവാര്യ സാഹചര്യം വല്ലതും സംസ്ഥാനത്ത് സംജാതമാവുകയുണ്ടായോ? മാധ്യമസ്ഥാപനങ്ങളും പൊലീസ് എന്തിന് ഈവിധം അരിച്ചുപെറുക്കണം?
അതിനിടെ, കശ്മീരിലെ പൊലീസ്-സൈനിക വേട്ടയില്‍ കണ്ണും കാതും നഷ്ടപ്പെട്ടവരുടെയും വാരിയെല്ലുകള്‍ തകര്‍ന്നവരുടെയും ചിത്രങ്ങള്‍ പുറംലോകത്തേക്ക് എത്താന്‍ തുടങ്ങിയിരിക്കുന്നു. കുട്ടികളെപ്പോലും നിയമപാലകര്‍ വെറുതെ വിടുന്നില്ല. സൈനികര്‍ അവരെ വലിച്ചിഴക്കുന്നു. ഫലസ്തീന്‍ ബാലന്മാരെ ഇസ്രായേല്‍ സേന മര്‍ദിക്കുന്നതിന്‍െറ ഓര്‍മയുണര്‍ത്തുന്നു ഈ ചിത്രങ്ങള്‍. നമ്മുടെ രാജ്യം ഇസ്രായേല്‍ അല്ല.
കശ്മീരില്‍ സൈനിക കോളനികള്‍ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയെ സംബന്ധിച്ച് കശ്മീരികള്‍ ചില ആശങ്കകള്‍ പങ്കുവെക്കുകയുണ്ടായി. കശ്മീരിന്‍െറ പ്രത്യേക പദവി തകര്‍ന്നതുകൊണ്ട് പ്രധാന സ്ഥലങ്ങള്‍ ഇതര സംസ്ഥാനക്കാര്‍ കൈയേറുന്ന അവസ്ഥയാണ് ഇതുവഴി സംഭവിക്കുകയെന്നും കശ്മീരികള്‍ക്കെതിരെ ആര്‍.എസ്.എസിന് നിയന്ത്രണം ലഭിക്കുമെന്നും കശ്മീരികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആശങ്കകള്‍ക്ക് പുല്ലുവിലയും കല്‍പിക്കാതെ പ്രതിസന്ധികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന രീതി അവലംബിക്കുന്ന ഭരണകര്‍ത്താക്കള്‍ പുതിയ ആശങ്കകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു. വീണ്ടും വീണ്ടും സൈനികരെ താഴ്വരയില്‍ നിയോഗിക്കുന്നതിന് പകരം ജനങ്ങള്‍ക്ക് സാന്ത്വനം പകരുന്ന കൗണ്‍സിലര്‍മാരെയും മധ്യസ്ഥരെയും ഡോക്ടര്‍മാരെയും സംസ്ഥാനത്ത് നിയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പത്രങ്ങള്‍ക്ക് നിരോധമേര്‍പ്പെടുത്തുന്നതിന് പകരം പൂര്‍ണ മാധ്യമ സ്വാതന്ത്ര്യം അനുവദിക്കാനാകണം സര്‍ക്കാര്‍ ഒൗത്സുക്യം പ്രകടിപ്പിക്കേണ്ടത്. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതിന് പകരം യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളിലത്തെിച്ചേരാന്‍ മാധ്യമസ്വാതന്ത്ര്യം മാത്രമാണ് പോംവഴി.
കശ്മീര്‍ ജനതയുടെ അന്യവത്കരണവും അതിനെതിരായ ക്ഷോഭപ്രകടനങ്ങളും വര്‍ഷം കഴിയുന്തോറും ശക്തിയാര്‍ജിക്കുകയാണ്. മോശമായ ഭരണനിര്‍വഹണം, ഏട്ടിലുറങ്ങുന്ന വാഗ്ദാനങ്ങള്‍, നിക്ഷിപ്ത താല്‍പര്യങ്ങള്‍, ജനവികാരങ്ങള്‍ മറികടന്നുള്ള നടപടികള്‍ എന്നിവയാണ് ഈ പ്രക്ഷുബ്ധാവസ്ഥയിലേക്ക് സംസ്ഥാനത്തെ നയിച്ച പ്രധാന ഘടകങ്ങള്‍. ജമ്മു-കശ്മീരിലെ മുന്‍ ടൂറിസം ഡയറക്ടര്‍ മുഹമ്മദ് അഷ്റഫ് ഈ ജീര്‍ണതയെ വിശദീകരിക്കുന്നത് ശ്രദ്ധിക്കുക. പറുദീസാ ജീവിതമായിരുന്നു ഒരുകാലത്ത് കശ്മീരികള്‍ നയിച്ചത്. എന്നാല്‍, ആ പറുദീസ നഷ്ടപ്പെട്ടുപോയിരിക്കുന്നു. രാഷ്ട്രീയ പ്രക്ഷുബ്ധാവസ്ഥ കശ്മീരിനെ നരകമാക്കി മാറ്റിയിട്ടുണ്ട്. പ്രത്യേകിച്ച് ഇക്കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ആയിരക്കണക്കിന് ജീവന്‍ പൊലിഞ്ഞു എന്നുമാത്രമല്ല, കശ്മീരിന്‍െറ ബഹുസ്വര സംസ്കാരത്തെയും ശിഥിലമാക്കിയിരിക്കുന്നു. സംഘര്‍ഷങ്ങളും ഹിംസയും പതിവായി കണ്ട് ഹൃദയങ്ങള്‍ വിറങ്ങലിച്ചുപോകുന്നു. രക്തം സംസ്ഥാനത്തെ ഏറ്റവും വിലകുറഞ്ഞ വസ്തുവായി മാറി.’
കശ്മീര്‍ ജനതയുടെ സഹനം അമര്‍ഷത്തിന് വഴിമാറിയത് എങ്ങനെ എന്നറിയാന്‍ അജിത് ഭട്ടാചാര്യയുടെ ട്രാജിക് ഹീറോ ഓഫ് കശ്മീര്‍: ശൈഖ് മുഹമ്മദ് അബ്ദുല്ല’ എന്ന കൃതിയുടെ പാരായണം നിങ്ങളെ സഹായിക്കാതിരിക്കില്ല. അദ്ദേഹം എഴുതുന്നു: ‘ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ വര്‍ഗീയ കലാപങ്ങളില്‍ രക്തപ്പുഴകള്‍ ഒഴുകിയ 1947ലെ വിഭജനാനന്തര ഘട്ടത്തില്‍ കശ്മീര്‍ തലസ്ഥാനനഗരം ശ്രീനഗര്‍ ശാന്തിയുടെ തുരുത്തായി നിലകൊണ്ടു. ഡല്‍ഹിയില്‍ വര്‍ഗീയശക്തികള്‍ മുസ്ലിംകളെ വധിച്ചുകൊണ്ടിരുന്നപ്പോഴും ശ്രീനഗര്‍ മതമൈത്രിയുടെ അന്തരീക്ഷം നിലനിര്‍ത്തി.
ശ്രീനഗറിലെ ജനങ്ങള്‍ ഹിന്ദുക്കളെയും സിഖുകാരെയും സൈനികരെയും സ്വീകരിച്ചു. പുതുതായി രൂപംകൊണ്ട പാകിസ്താന്‍ ഹിന്ദു-സിഖ് വിഭാഗങ്ങളെ അടിച്ചോടിച്ചപ്പോള്‍ ശ്രീനഗര്‍ അവര്‍ക്ക് അഭയമരുളി. 1947 ഒക്ടോബറിലാണ് ഞാന്‍ ശ്രീനഗറില്‍ എത്തിയത്.
എത്ര ശാലീനസുന്ദരമായ ഇടം. എന്‍െറ പ്രത്യാശകളെ ജ്വലിപ്പിക്കുന്ന ഈ താഴ്വര ഡല്‍ഹിയിലെ സംഘര്‍ഷങ്ങളില്‍നിന്ന് എത്ര വ്യത്യസ്തമായിരിക്കുന്നുവെന്ന് ഞാന്‍ ആലോചിച്ചുപോയി.
പ്രലോഭനീയമായ ആ പ്രശാന്തത കശ്മീരില്‍നിന്ന് എങ്ങനെ തിരോഭവിച്ചു?  ജനങ്ങള്‍ രോഷാകുലരായി ഇങ്ങനെ തെരുവുകളില്‍ പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ടാകും? സര്‍വരാഷ്ട്രീയ ഉപായങ്ങളും പരാജയമടയുകയാണോ? ആത്മാര്‍ഥത തീണ്ടാത്ത രാഷ്ട്രീയ പ്രഭാഷണങ്ങളില്‍ കശ്മീര്‍ ജനതക്ക് ഇപ്പോഴും വിശ്വാസമര്‍പ്പിക്കാനാകുമോ? കശ്മീരിനെ ഹതഭാഗ്യരുടെ ദേശമായി മാറ്റുന്നതില്‍ സംസ്ഥാന-കേന്ദ്ര ഭരണകര്‍ത്താക്കള്‍ വഹിച്ച പങ്ക് തിട്ടപ്പെടുത്തുക പ്രയാസം. മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുന്നതില്‍ സര്‍ക്കാര്‍ മെഷീനറികള്‍ മത്സരിക്കുമ്പോള്‍ ഒരുജനതയുടെ അന്യവത്കരണം പൂര്‍ണമാവുകയാണ്.
തെരഞ്ഞെടുപ്പുകള്‍ നടത്തുക എന്നത് ഒൗപചാരികത മാത്രം. സദ്ഭരണം കാഴ്ചവെക്കുക എന്നതാണ് അധികാരികളുടെ ബാധ്യത. ജനങ്ങളുമായി ഉറ്റ സമ്പര്‍ക്കം സ്ഥാപിക്കാനും അധികൃതര്‍ തയാറാകേണ്ടതുണ്ട്. എന്നാല്‍, ഇക്കാര്യങ്ങളില്‍ രാഷ്ട്രീയക്കാരും ഭരണനേതൃത്വവും അമ്പേ പരാജയപ്പെട്ടിരിക്കുന്നു. ജനാഭിലാഷങ്ങളെ മറികടക്കുന്ന തീരുമാനങ്ങള്‍കൊണ്ടും ഇരകളെ വീണ്ടും വീണ്ടും വേട്ടയാടുന്ന ഹിംസാത്മകതകൊണ്ടും നമുക്ക് എത്രനാള്‍ സമാധാനം സ്ഥാപിക്കാനാകും?

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu and kashmir
Next Story