Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightജനത്തെക്കൊണ്ട്...

ജനത്തെക്കൊണ്ട് ടാങ്കുകളെ ജയിച്ച ഭരണം

text_fields
bookmark_border
ജനത്തെക്കൊണ്ട് ടാങ്കുകളെ ജയിച്ച ഭരണം
cancel

2010 ജൂണില്‍ തുര്‍ക്കി സന്ദര്‍ശിക്കുന്നതിനിടെ ഇസ്തംബൂളിലെ ജവാഹിര്‍ ഹോട്ടലില്‍നിന്ന് ഗോള്‍ഡന്‍ ഹോണ്‍ ജലാശയവും ബോസ്ഫറസ് പാലവും കാണാന്‍ ടാക്സിയില്‍ പോവുകയായിരുന്നു. ദീര്‍ഘയാത്രയില്‍ ടാക്സി ഡ്രൈവറുമായി സംഭാഷണം തുടങ്ങി. ഇസ്തംബൂള്‍ നഗരത്തിന്‍െറ ചരിത്രപൈതൃകങ്ങള്‍, ടൂറിസം തുടങ്ങിയ വിഷയങ്ങളിലൂടെ കയറിയിറങ്ങി സംസാരം വ്യക്തിപരമായ കാര്യങ്ങളിലേക്കു കടന്നപ്പോള്‍ ഡ്രൈവര്‍ മനസ്സു തുറന്നു: ‘ഞാനിപ്പോള്‍ വളരെ സന്തോഷത്തിലാണ്. 25 വര്‍ഷമായി ഞാന്‍ ഈ പണി തുടങ്ങിയിട്ട്. കുറെ കാലമായി ഞാനും കുടുംബവും കഷ്ടപ്പാടിലായിരുന്നു. ഇപ്പോള്‍ ജീവിതം പച്ചപിടിച്ചിരിക്കുന്നു. കാരണം, ടൂറിസ്റ്റുകള്‍ ധാരാളമായി എത്തിക്കൊണ്ടിരിക്കുന്നു. കാറിനിപ്പോള്‍ വിശ്രമമില്ല. വിദ്യാഭ്യാസ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുന്നു. കഴിഞ്ഞ വര്‍ഷം ഞാന്‍ സ്വന്തമായി വീടുവെച്ചു താമസം മാറ്റി. ടൂറിസ്റ്റ് ടാക്സി ഡ്രൈവര്‍മാര്‍ക്ക് സര്‍ക്കാര്‍ വക പ്രത്യേക പാക്കേജുണ്ട്. കാരണം, ഇപ്പോഴത്തെ പ്രധാനമന്ത്രിയായിരുന്ന ഉര്‍ദുഗാന്‍ നല്ല ഭരണാധികാരിയാണ്...’

സാധാരണക്കാരായ തുര്‍ക്കികളുടെ പൊതുവികാരമാണതെന്നു പിന്നീടുള്ള ദിവസങ്ങളില്‍ ബോധ്യമായി. രാഷ്ട്രീയമായും ചിന്താപരമായും വിപരീത ചേരിയില്‍ നില്‍ക്കുന്നവരുടെ പോലും പിന്തുണയാര്‍ജിക്കുന്നതില്‍ ഉര്‍ദുഗാനും അദ്ദേഹത്തിന്‍െറ സര്‍ക്കാറും വിജയിച്ചിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം, അടിസ്ഥാന സൗകര്യ വികസനം, സൈനികശേഷി തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ 14 വര്‍ഷത്തിനുള്ളില്‍ ആരെയും അദ്ഭുതപ്പെടുത്തുന്ന പുരോഗതിയാണ് രാജ്യം കൈവരിച്ചത്. 2013ല്‍ ദേശീയോല്‍പാദനം ഏതാണ്ട് 1100 ബില്യണിലത്തെി. ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ 20 സാമ്പത്തിക ശക്തികളുടെ സഖ്യമായ ജി-20ല്‍ അംഗമാണ് തുര്‍ക്കി. ഏറ്റവും ഒടുവിലത്തെ ജി-20 ഉച്ചകോടിക്ക് ആതിഥ്യമേകിയത് ഇസ്തംബൂളാണ്.  

സാമ്പത്തിക മുന്നേറ്റം
നിരവധി വന്ധ്യമായ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്കും പട്ടാള അട്ടിമറികള്‍ക്കും ജനാധിപത്യ കശാപ്പുകള്‍ക്കും വേദിയായ തുര്‍ക്കിയില്‍ ഉര്‍ദുഗാന്‍ നേതൃത്വം നല്‍കുന്ന മതാഭിമുഖ്യമുള്ള ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടി 2002ല്‍ അധികാരത്തിലേറിയതു മുതല്‍ രാജ്യം അസൂയാവഹമായ പുരോഗതിയാണ് കൈവരിച്ചത്. ഉര്‍ദുഗാനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് 10 വര്‍ഷംകൊണ്ട് തുര്‍ക്കിയെ ലോക സാമ്പത്തിക ശ്രേണിയില്‍ 16ാം സ്ഥാനത്തത്തെിച്ചു. 2002ല്‍ 111ാം സ്ഥാനത്തായിരുന്നു രാജ്യം. അന്ന് അന്താരാഷ്ട്ര നാണയനിധിക്ക് 26 ബില്യണ്‍ ഡോളറിനു കടപ്പെട്ടിരുന്ന രാജ്യം മുഴുവന്‍ സംഖ്യയും തിരിച്ചടച്ചുവെന്നു മാത്രമല്ല ഇന്ന് അഞ്ച് ബില്യണ്‍ അങ്ങോട്ട് കടംകൊടുത്ത് നിക്ഷേപകരാജ്യമായിരിക്കുന്നു. അന്ന് 2700 ഡോളറില്‍ പരിമിതമായിരുന്ന ആളോഹരി വരുമാനം ഇന്ന് 13,000 ഡോളര്‍ കടന്നിരിക്കുന്നു.

സിവിലിയന്‍ ഭരണത്തിലൂടെ കടന്നുപോകുന്ന രാജ്യം അതിന്‍െറ ചരിത്രത്തിലാദ്യമായി സ്വന്തമായി ടാങ്കുകളും യുദ്ധവിമാനങ്ങളും പൈലറ്റില്ലാവിമാനങ്ങളും മുങ്ങിക്കപ്പലുകളും നിര്‍മിക്കാന്‍ ആരംഭിച്ചിരിക്കുന്നു. കൂടാതെ സ്വന്തമായി വിവിധോദ്ദേശ്യ നവീന സൈനികോപഗ്രഹം നിര്‍മിച്ച് വിക്ഷേപിച്ച രാജ്യം അടുത്ത വര്‍ഷം സ്വന്തമായി വിമാനവാഹിനി നിര്‍മിച്ച് നീറ്റിലിറക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 125 പുതിയ സര്‍വകലാശാലകള്‍, 189 പുതിയ സ്കൂളുകള്‍, 510 ആതുരാലയങ്ങള്‍ എന്നിവ നിര്‍മിച്ചതിനു പുറമെ 1,69,000 പുതിയ ക്ളാസ്മുറികളുമുണ്ടാക്കി. എല്ലാ പൗരന്മാര്‍ക്കും പ്രയോജനപ്പെടുംവിധം സാര്‍വത്രിക ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയ രാജ്യം 2023 ആകുമ്പോഴേക്ക് മൂന്നു ലക്ഷം ശാസ്ത്രജ്ഞന്മാരെ വാര്‍ത്തെടുക്കാനുള്ള സാഹസിക ദൗത്യവുമായി മുന്നോട്ടു പോവുകയാണ്. ലോകത്ത് ഏറ്റവുമേറെ സാംസ്കാരിക നാഗരിക പാരമ്പര്യവും പൈതൃകങ്ങളുമുള്ള രാജ്യമാണ് തുര്‍ക്കി. കിഴക്കന്‍ റോമാ സാമ്രാജ്യത്തിന്‍െറയും ഉസ്മാനിയാ ഖിലാഫത്തിന്‍െറയും ആസ്ഥാനമായിരുന്ന രാജ്യത്ത് മറ്റൊരിടത്തും കാണാത്ത ചരിത്രപൈതൃകങ്ങളും പുരാതനശേഷിപ്പുകളും കാണാം. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഇസ്തംബൂള്‍ അറിയപ്പെടുന്നതുതന്നെ ‘ആയിരം മിനാരങ്ങളുടെ നഗരി’ എന്നാണ്. തീവ്രമതേതരത്വം മൂത്ത് മതവിരുദ്ധ ഭ്രാന്ത് തലക്കു പിടിച്ചിരുന്ന അത്താതുര്‍ക്ക് മുതല്‍ക്കുള്ള ഭരണാധികാരികള്‍ രാജ്യത്തെ പുരാതനശേഷിപ്പുകളില്‍ മതാംശം കണ്ടതിനാല്‍ അവയെ പുനരുദ്ധരിക്കാതെ ‘സ്വയംനാശ’ത്തിനായി വിട്ടേച്ചിരിക്കുകയായിരുന്നു. ഉര്‍ദുഗാന്‍ അധികാരത്തില്‍ വന്ന ശേഷം അത്തരത്തിലുള്ള പല ചരിത്രസ്മാരകങ്ങളും സന്ദര്‍ശകര്‍ക്ക് കണ്‍കുളിര്‍ക്കുംവിധം പുനരുദ്ധരിക്കുകയുണ്ടായി.

ജനക്ഷേമ പദ്ധതികളും അടിസ്ഥാന സൗകര്യ വികസനവും വിദ്യാഭ്യാസ സാമ്പത്തിക സാമൂഹിക പുരോഗതിയും സ്വപ്നതുല്യമായി മുന്നേറിയപ്പോള്‍ മറുവശത്ത് രാജ്യത്തെ ജനാധിപത്യപാതയില്‍ ഉറപ്പിച്ചുനിര്‍ത്താനും പട്ടാളത്തെ രാഷ്ട്രീയമുക്തമാക്കാനും തീവ്രമതേതര ഭ്രാന്ത് ശമിപ്പിച്ച് മതരഹിതര്‍ക്കും മതഭക്തര്‍ക്കും ഒരുപോലെ തുല്യപൗരന്മാരായി ജീവിക്കാനാവുന്ന സാഹചര്യമൊരുക്കാനും ഉര്‍ദുഗാനും അക് പാര്‍ട്ടിയും കഠിനമായി യത്നിച്ചു.

വിദേശനയം
എന്നാല്‍, കഴിഞ്ഞ പതിറ്റാണ്ടിനിടയില്‍ രാഷ്ട്രാന്തരീയ തലത്തില്‍ തുര്‍ക്കി ഏറ്റവുമേറെ ശ്രദ്ധിക്കപ്പെട്ടത് അതിന്‍െറ ഉജ്ജ്വലവും സത്യസന്ധവുമായ വിദേശനയംകൊണ്ടുകൂടിയാണ്. ഉര്‍ദുഗാന്‍െറ ജീവിതത്തില്‍ മൊഴിഞ്ഞ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച അമൂല്യ വാചകം ‘വണ്‍ മിനിറ്റ്!’ ആണ്. അദ്ദേഹമതു പറഞ്ഞത് ഇസ്രായേല്‍ പ്രധാനമന്ത്രിയായിരുന്ന ഷിമോണ്‍ പെരസിനോടായിരുന്നു. 2009ല്‍ ദാവോസില്‍ നടന്ന ഒരു സെമിനാറില്‍ ഇരുവരും വേദി പങ്കിടവെ പെരസ് ഇസ്രായേല്‍ രാഷ്ട്രം തീവ്രവാദത്തിനെതിരെ മനുഷ്യാവകാശങ്ങള്‍ക്കായി നിലകൊള്ളുന്നതായി ഗീര്‍വാണം മുഴക്കിയപ്പോഴാണ് സഹികെട്ട ഉര്‍ദുഗാന്‍ ‘വണ്‍ മിനിറ്റ്!’ എന്നു പറഞ്ഞ് സടകുടഞ്ഞെഴുന്നേറ്റത്. അങ്ങനെ അവിടെവെച്ചുതന്നെ പെരസിനു കണക്കിനു കൊടുത്തു. ഇസ്രായേലിന്‍െറ ഗസ്സ ആക്രമണമുള്‍പ്പെടെയുള്ള നരഹത്യകളും മനുഷ്യാവകാശ ധ്വംസനങ്ങളും സയണിസ്റ്റ് വ്യാജോക്തികളും അക്കമിട്ടു നിരത്തി തുറന്നടിച്ച ഉര്‍ദുഗാന്‍െറ വാക്ധോരണിക്കു മുന്നില്‍ അന്നു ലോകം സ്തംഭിച്ചുനിന്നു.

തുടര്‍ന്ന് അറബ് വസന്തവേളയിലും ഈജിപ്തില്‍ പട്ടാള അട്ടിമറി നടന്നപ്പോഴും ആ സത്യസന്ധമായ  നിലപാട് വീണ്ടും വ്യക്തമായി. ഈജിപ്തിലെ പട്ടാള ഭരണാധികാരി യു.എന്‍ ജനറല്‍ അസംബ്ളിയില്‍ പ്രസംഗിക്കാനത്തെിയതിനെ ഉര്‍ദുഗാന്‍ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. സിറിയയില്‍ ബശ്ശാറിന്‍െറ ഏകാധിപത്യത്തിനും അയാള്‍ നടത്തുന്ന നരനായാട്ടിനുമെതിരെ ശക്തമായി നിലകൊണ്ട തുര്‍ക്കി ദശലക്ഷക്കണക്കിനു സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിച്ച് അഭയമരുളുകയുണ്ടായി.

ഉര്‍ദുഗാന്‍െറ ആഹ്വാനം കേട്ട് തെരുവിലിറങ്ങിയ ജനലക്ഷങ്ങള്‍ കൈയിലേന്തിയത് അദ്ദേഹത്തിന്‍െറ പടമല്ല; മറിച്ച്, തുര്‍ക്കി പതാകയായിരുന്നുവെന്നത് നല്‍കുന്ന സന്ദേശം വ്യക്തമാണ്. രാജ്യാതിര്‍ത്തി കാക്കേണ്ട പട്ടാളം ബാരക്കില്‍നിന്ന് തെരുവിലേക്കിറങ്ങിയാല്‍ അപകടത്തിലാവുന്നത് ഉര്‍ദുഗാന്‍ എന്നതിലുപരി രാജ്യത്തിന്‍െറ ഭാവിയും പൗരാവകാശങ്ങളുമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇസ്തംബൂളിലെ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍നിന്നു പുറത്തുകടക്കവെ ഉര്‍ദുഗാന്‍ രാജ്യത്തോടു നടത്തിയ ഹ്രസ്വമായ പ്രഭാഷണത്തില്‍ ആ സന്ദേശം ആവര്‍ത്തിച്ചു: ‘നാം വാങ്ങുന്ന ആയുധങ്ങളും കൈവശംവെക്കുന്ന വിമാനങ്ങളും മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനാണ്. സ്വന്തം പൗരന്മാരെ കൊല്ലാനല്ല.’

ഖത്തറിലെ അശ്ശര്‍ഖ് ചീഫ് എഡിറ്റര്‍ ജാബിറുല്‍ ഹറമി പറഞ്ഞതുപോലെ ‘ടാങ്കുകള്‍കൊണ്ട് ജനങ്ങളെ നേരിടുന്ന ഭരണാധികാരികള്‍ക്കിടയില്‍ ജനങ്ങളെക്കൊണ്ട് ടാങ്കുകളെ നേരിട്ട ഉര്‍ദുഗാന്‍ വേറിട്ടുനില്‍ക്കുന്നു!!’

 

Show Full Article
TAGS:turkey 
Next Story