Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസമൂഹ മനോഭാവത്തിനും...

സമൂഹ മനോഭാവത്തിനും ചികിത്സ വേണം

text_fields
bookmark_border
സമൂഹ മനോഭാവത്തിനും ചികിത്സ വേണം
cancel
ദിവസങ്ങളായി കേരളത്തില്‍ എല്ലാ പത്രങ്ങളിലെയും പ്രധാന ചര്‍ച്ചാവിഷയം ഡിഫ്തീരിയയാണ്. എന്നാല്‍, വഴിതെറ്റിയത്  ഡിഫ്തീരിയ കുത്തിവെപ്പ് പ്രശ്നങ്ങളില്‍ മാത്രമാണോ? അത്യാവശ്യം അറിവും അതിലധികം തിരിച്ചറിവുമുള്ള കേരളീയ സമൂഹം ആരോഗ്യ വിഷയത്തില്‍ ഭീകരമായി തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നില്ളേ?
രോഗത്തിന് എത്രത്തോളം മരുന്നുചികിത്സ വേണം? എത്രത്തോളം മരുന്നില്ലാതെ പ്രകൃതിയുടെയും മനുഷ്യശരീരത്തിന്‍െറയും രോഗാതിജീവന ശേഷിയെ ആശ്രയിക്കാം? ഈ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം തിരിച്ചറിഞ്ഞ് പൂര്‍ണമായി ഉള്‍കൊള്ളുന്നതിലാണ് മലയാളിയുടെ ആരോഗ്യത്തിന്‍െറ ഭാവി കിടക്കുന്നത്.
മരുന്ന് കഴിപ്പിക്കല്‍ മാത്രമാണ് രോഗത്തിനുള്ള പ്രതിവിധിയെന്ന് ഡോക്ടര്‍മാരും മരുന്നുതിന്ന് മാത്രമേ രോഗം മാറൂ എന്ന് രോഗികളും വിശ്വസിച്ചിടത്താണ് പ്രശ്നങ്ങളുടെ തുടക്കം.  മുമ്പ് സാധാരണ രോഗങ്ങളായ പനി, ഛര്‍ദി ഇത്യാദികള്‍ക്ക് മന്ത്രവും മറ്റുമായിരുന്നു പ്രതിവിധി. ഇപ്പോള്‍ നമ്മള്‍ കാണുന്ന മിക്ക രോഗങ്ങളും രണ്ടുദിവസംകൊണ്ട് തനിയെ ശമിക്കുമായിരുന്നു. എന്നാല്‍, ഇന്ന് മിക്ക കുടുംബങ്ങളിലും കുട്ടികളുടെ എണ്ണം ഒന്നോ രണ്ടോ ആയതിനാലും അണുകുടുംബം വന്നതിനാലും മിക്കവാറും കുടുംബങ്ങളില്‍ അച്ഛനും അമ്മയും ജോലിക്കാരായതിനാലും പനിക്ക് പോലും ഉറക്കമൊഴിക്കാനുള്ള ക്ഷമ ആളുകള്‍ക്ക് നഷ്ടപ്പെട്ടതിനാലും മരുന്നുകഴിക്കല്‍ മലയാളി ശീലമാക്കി. നിസ്സാര രോഗങ്ങള്‍ക്കുപോലും വേഗം ചികിത്സതേടുന്ന അവസ്ഥ കൂടി വന്നു. മരുന്ന് കമ്പനികള്‍ക്ക് ചാകര. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരുന്നുകച്ചവടം നടക്കുന്ന സംസ്ഥാനമായി നമ്മുടെ കൊച്ചുകേരളം മാറി.
പ്രകൃതിചികിത്സയുടെ കടന്നുകയറ്റം
ഈ ദുരന്താവസ്ഥയെക്കുറിച്ച് മലയാളിയുടെ അബോധ മനസ്സിലുള്ള തിരിച്ചറിവിലേക്കാണ് ഒരു ആശ്വാസ സാന്നിധ്യമായി പ്രകൃതി ചികിത്സകരുടെ മന്ത്രണങ്ങള്‍ എത്തുന്നത്. ‘ഒൗഷധമുക്തമായ ഒരു ലോകത്തെക്കുറിച്ചുള്ള സ്വപ്നം’ എന്ന് തുടങ്ങി ‘പ്രകൃതിയുടെയും സ്വന്തം ശരീരത്തിന്‍െറയും സ്വയം സുഖപ്പെടുത്താനുള്ള കഴിവ്. കൃത്യമായ ഭക്ഷണവും തിളപ്പിക്കാത്ത ശുദ്ധമായ വെള്ളവും മതിയായ വിശ്രമവും എടുക്കൂ. 350 കോടി വര്‍ഷങ്ങളായി നിന്‍െറ ഡി.എന്‍.എയില്‍ എഴുതപ്പെട്ട ജീവപ്രക്രിയയെക്കുറിച്ചുള്ള അറിവിനെ സ്വതന്ത്രമായി വിട്ട് നാച്വറല്‍ ഇന്‍റലിജന്‍സിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തുറന്നുവിട്ടാല്‍ എല്ലാരോഗവും ശമിക്കും’ തുടങ്ങി പ്രകൃതി ചികിത്സകരുടെ പ്രലോഭനങ്ങള്‍ ആകര്‍ഷണീയമായിരുന്നു. ഇതിനുകിട്ടിയ സ്വീകാര്യത നല്‍കിയ തെറ്റായ ആത്മവിശ്വാസം അതിസാഹസത്തിന് മുതിരാന്‍ പ്രകൃതി ചികിത്സകരെ പ്രേരിപ്പിച്ചു. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങി പ്രത്യക്ഷത്തില്‍ മൃദുസ്വഭാവമുള്ള രോഗങ്ങള്‍ മോഡേണ്‍ മെഡിസിന്‍െറ തട്ടിപ്പാണ്, യഥാര്‍ഥ രോഗങ്ങളല്ല എന്ന് പറയുന്നിടംവരെ കാര്യങ്ങളത്തെി. ഇപ്പോഴും അഭ്യസ്തവിദ്യരായ ധാരാളംപേര്‍ പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും ശരിയായ നിയന്ത്രണമാര്‍ഗങ്ങള്‍ തേടാതെയും കൃത്യമായി നിരീക്ഷിക്കാതെയും പ്രകൃതിജീവന രീതി പിന്തുടരുന്നുണ്ട്. വര്‍ധിച്ചുവരുന്ന വൃക്കരോഗങ്ങള്‍ക്ക് അനിയന്ത്രിത പ്രമേഹവും രക്തസമ്മര്‍ദവുമാണ് പ്രഥമ കാരണം. ഈ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹാരം കാണാതെ വൃക്കരോഗികള്‍ക്കും ഡയാലിസിസ് കേന്ദ്രങ്ങള്‍ക്കും പിരിവുനടത്തിക്കൊണ്ടിരിക്കുന്നു. രക്തത്തില്‍ പഞ്ചസാര കൂടുന്നത് രോഗമല്ല, അധികമുള്ളത്് മൂത്രം ടെസ്റ്റ് ചെയ്യുമ്പോള്‍ കണ്ട് പേടിക്കേണ്ടതില്ല എന്ന പ്രചാരണങ്ങള്‍ സ്വാഗതം ചെയ്തവര്‍ ധാരാളം.
ഹൃദയാഘാതം വന്ന് ആഞ്ചിയോപ്ളാസ്റ്റി ചെയ്ത് നാട്ടിലേക്ക് കയറ്റിവിട്ട 43 വയസ്സുകാരനായ ഗള്‍ഫുകാരനോട് സോര്‍ബിട്രേറ്റ്, ആസ്പിരിന്‍ അടക്കമുള്ള മരുന്നുകള്‍ ഒറ്റയടിക്ക് നിര്‍ത്താന്‍ പറഞ്ഞ്, അന്ന് വൈകുന്നേരം ആകുമ്പോഴേക്ക് രോഗി മരിച്ച സംഭവം ഈയിടെ ഒരു പ്രകൃതി ചികിത്സാലയത്തിലുണ്ടായി. കാന്‍സര്‍ ബാധിച്ച എന്‍െറ ഒരു ബന്ധുവിനും ഒരുമാസത്തോളം ചില ഇലകളും മരുന്നും ചേര്‍ത്ത ഒരുകൂട്ട് കെട്ടിക്കൊടുത്ത സംഭവം ഓര്‍ക്കുകയാണ്. ഭാഗ്യത്തിന് രോഗി രക്ഷപ്പെട്ടു.
ഏറ്റവും കൗതുകകരം ഇന്ന് പ്രകൃതി ചികിത്സാവാദികളുടെ നേതാക്കളായ മിക്കവരും അടിസ്ഥാനപരമായി ഒരു മേഖലയില്‍പോലും ബിരുദമില്ലാത്തവരാണ് എന്നതാണ്. ഉര്‍ദു അധ്യാപകന്‍, മുന്‍ ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ പോകുന്നു പ്രകൃതിചികിത്സകരുടെ പട്ടിക.
ഏതാണ്ട് എല്ലാ മലയാളികളും ഇവരുടെ വലയില്‍വീണു എന്നതാണ് വലിയ ദുരന്തം. പ്രകൃതിചികിത്സയുടെ നേതാവ് അവകാശപ്പെടുന്നത് താന്‍ വി.എസ്. അച്യുതാനന്ദന്‍െറ പേഴ്സനല്‍ ഡോക്ടറാണെന്നാണ്. ഇവരുടെ ലഘുലേഖകളില്‍ എം.എ. ബേബിയുടെയും ബിഷപ്പുമാരുടെയും വാക്കുകള്‍ ഫോട്ടോസഹിതം ഉദ്ധരിക്കപ്പെടുന്നു. കോളജുകളുടെ സയന്‍സ് ഫോറങ്ങളില്‍പോലും ശാസ്ത്രീയമായി അടിസ്ഥാന വിദ്യാഭ്യാസമില്ലാത്ത പ്രകൃതി ചികിത്സകന്‍ മുഖ്യപ്രഭാഷകനായി. പത്ര-മാസികകളില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇവരുടെ ലേഖനങ്ങള്‍ നിറഞ്ഞു.
എന്നാല്‍, ഇതൊന്നും സാമൂഹിക സേവനമല്ല, മറിച്ച് വമ്പിച്ച ബിസിനസായാണ് നടത്തപ്പെടുന്നത്. ‘നിങ്ങള്‍ക്കും ഒരു ഡോക്ടറാകാം’ എന്ന ഏഴുദിവസ കോഴ്സിന് 7000 രൂപയാണ് ഫീസ്.
ചിരസ്ഥായിയായ എല്ലാ ശാസ്ത്രസിദ്ധാന്തങ്ങളെയും വെല്ലുവിളിക്കുന്ന കൂട്ടത്തില്‍ രോഗാണുസിദ്ധാന്തം തെറ്റാണെന്നും വാക്സിന്‍ പ്രത്യുല്‍പാദനം കുറക്കും, ഓട്ടിസം ഉണ്ടാക്കുമെന്നുമൊക്കെയുള്ള പടിഞ്ഞാറ് വിശദപഠനങ്ങള്‍ക്കു ശേഷം എഴുതിത്തള്ളിയ ആരോപണങ്ങള്‍ ജനമനസ്സുകളില്‍ സ്വീകാര്യത നേടിത്തുടങ്ങി. സമൂഹത്തിന്‍െറ ഓരോ മുക്കുമൂലയിലും ഈ ആശയങ്ങള്‍ എത്തിക്കാന്‍ ഇവരുടെ ക്ളാസുകളില്‍ പരിശീലനം പൂര്‍ത്തിയാക്കി ഡോക്ടറായി എന്ന് വിശ്വസിപ്പിക്കപ്പെട്ട ധാരാളം ആളുകള്‍ കേരളം നിറയെ ലഭ്യമായി. ഈ ആളുകളുടെ സാന്നിധ്യമാണ് ഇത്ര ആഴത്തില്‍ സമൂഹമനസ്സില്‍ വാക്സിന്‍ വിരുദ്ധതക്കും ശാസ്ത്രവിരുദ്ധതക്കും സ്വാധീനം ലഭിക്കാന്‍ സഹായിച്ചത്. അതേയവസരത്തില്‍ മലയാളി പുതിയതായി ശീലിച്ച തെറ്റായ ജീവിതശൈലിയും അതിന്‍െറ ഭാഗമായി നേടിയ രോഗങ്ങളും ഈ പ്രകൃതിജീവന രീതിയിലൂടെ അതിജീവിക്കാന്‍ കഴിയുമെന്ന തോന്നല്‍ ഇവരുടെ സ്വീകാര്യത കൂട്ടി.
ആരോഗ്യ സാക്ഷരത
പിടിച്ചമര്‍ത്തി നിര്‍ത്തിയിടത്തുനിന്ന് ഒരു ഡിഫ്തീരിയ കെട്ടുപൊട്ടിച്ച് എങ്ങനെ ഇത്രവലിയ ദുരന്തമായി എന്നതിന്‍െറ കാരണം ഈ പശ്ചാത്തലവുമായി ചേര്‍ത്തുവെച്ചാണ് നമ്മള്‍ തിരയേണ്ടത്. യഥാര്‍ഥത്തില്‍ ഡിഫ്തീരിയ ഇവിടെ ഒരു രോഗമല്ല. രോഗലക്ഷണമാണ്. സമൂഹത്തിന്‍െറ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ളെങ്കില്‍ ഇന്ന് ഡിഫ്തീരിയക്ക് പിറകെയാണെങ്കില്‍ നാളെ മറ്റൊരു രോഗത്തിന് പിറകെ നെട്ടോട്ടമോടാനേ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരമുണ്ടാകൂ. ഇത്രയും വിശദമായ മാനങ്ങളുള്ള ഒരു രോഗമാണ് സമൂഹത്തിന് സംഭവിച്ചിരിക്കുന്നത് എന്നതിനാല്‍ ഡോക്ടര്‍മാരെയും ആരോഗ്യവകുപ്പ് ജീവനക്കാരെയും മാത്രം ഉത്തരവാദിത്തമേല്‍പിച്ചാല്‍ പ്രശ്നങ്ങള്‍ തീരില്ല. പ്രകൃതിജീവനത്തിന്‍െറയും തക്ക സമയത്തുള്ള മരുന്നുചികിത്സയുടെയും പ്രതിരോധപ്രവര്‍ത്തനങ്ങളുടെയും കൃത്യമായ വര സമൂഹത്തിനുമുന്നില്‍ വരച്ചിടണം. കൃത്യമായ ആരോഗ്യസാക്ഷരത നേടേണ്ട കാലം അതിക്രമിച്ചു എന്ന് ചുരുക്കം.
ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും മരണങ്ങള്‍ സംഭവിച്ചിട്ടും ‘ഡിഫ്തീരിയഭീതി തട്ടിപ്പാണ്, മരുന്ന് ലോബിയുടെ തന്ത്രമാണ്, രണ്ട് കുട്ടികളെ ഡോക്ടര്‍മാര്‍ മനപ്പൂര്‍വം കൊന്നതാണ്’ എന്നീ ദു$ഖകരമായ ആരോപണങ്ങള്‍ അടങ്ങിയ ഒരു പ്രകൃതിവാദി ലേഖനം പ്രസിദ്ധീകരിച്ചു കണ്ടു. മലയാളിയുടെ നിഷ്ക്രിയത്വത്തെക്കുറിച്ച അമിതമായ ആത്മവിശ്വാസം, നമ്മുടെ നിയമവ്യവസ്ഥയുടെ പോരായ്മയെക്കുറിച്ച വ്യക്തമായ ധാരണ ഇതൊക്കെയാകാം ഈ സാഹസത്തിന് ഇവരെ പ്രേരിപ്പിച്ചിരിക്കുക. മോഡേണ്‍ മെഡിസിന്‍ ഡിഫ്തീരിയ എന്ന് പേരിട്ട് വിളിക്കുന്ന ഈ പ്രതിഭാസം തട്ടിപ്പാണെങ്കില്‍ സധൈര്യം ഈ കേസുകള്‍ ഏറ്റെടുത്ത് ബദല്‍ ചികിത്സ സമര്‍പ്പിക്കുകയാണ് ഇവര്‍ ചെയ്യേണ്ടിയിരുന്നത്. അല്ലാതെ നിലവിലുള്ള ഒരു സംവിധാനം തകര്‍ത്ത് ജനങ്ങളെ അപകടത്തിലാക്കുകയല്ല. ഇതുകൊണ്ടുതന്നെയാണ് ഡോക്ടര്‍മാരും ആരോഗ്യവകുപ്പ് ജീവനക്കാരും ശ്രമിച്ചാല്‍ മാത്രം സമൂഹത്തെ ബാധിച്ച ഈ രോഗത്തിന് പരിഹാരമാകില്ളെന്ന് പറയുന്നത്. വ്യാജ സയന്‍സിന്‍െറ ലേബലില്‍ വരുന്ന ചൂഷകരെ നിയന്ത്രിക്കാന്‍ നിയമസംവിധാനങ്ങള്‍ കരുത്തുകാട്ടണം.
ഡിഫ്തീരിയ മാത്രം ചികിത്സിച്ചാല്‍ തീരുന്നതല്ല പ്രശ്നം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ഘടകങ്ങള്‍, രോഗപ്രതിരോധ സംവിധാനങ്ങള്‍ താറുമാറായതിനുള്ള കാരണങ്ങള്‍, പൊതു ആരോഗ്യ സംവിധാനത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടാനുണ്ടായ കാരണങ്ങള്‍ എന്നിവക്ക് കാരണം സമൂഹത്തിലെ ഏത് ഘടകങ്ങളാണെന്ന് കണ്ടത്തെി തിരുത്തിയില്ളെങ്കില്‍ ആരോഗ്യമേഖലയിലെ ദുരന്തങ്ങള്‍ അവസാനിക്കില്ല.  
അതുകൊണ്ട് നമുക്ക് നിസ്സംശയം പറയാന്‍ കഴിയും കേരളത്തില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന ഡിഫ്തീരിയ അല്ല പ്രധാനഭീഷണി മറിച്ച്, നാടിന്‍െറ എല്ലാ മുക്കുമൂലകളിലും പിടിമുറുക്കിയ ശാസ്ത്രവിരുദ്ധ ചിന്തകളാണ്.
 (എത്തിക്കല്‍ മെഡിക്കല്‍ ഫോറം പ്രസിഡന്‍റും എം.ഇ.എസ് മെഡിക്കല്‍ കോളജ് ശിശുരോഗ
വിഭാഗം അസി. പ്രഫസറുമാണ് ലേഖകന്‍)
Show Full Article
TAGS:vaccination 
Next Story