Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസ്വന്തം...

സ്വന്തം മുരിങ്ങാച്ചുവട്ടില്‍നിന്ന് ഖാദര്‍ നക്ഷത്രങ്ങളെ നോക്കുന്നു

text_fields
bookmark_border
സ്വന്തം മുരിങ്ങാച്ചുവട്ടില്‍നിന്ന് ഖാദര്‍ നക്ഷത്രങ്ങളെ നോക്കുന്നു
cancel
പ്രിയ ഉസ്സങ്ങാന്‍റകത്ത് മൊയ്തീന്‍ ഹാജിക്ക് ബര്‍മക്കാരിയായ മാമൈദിയില്‍ ബര്‍മയില്‍ പിറന്ന മകനാണ് ഖാദര്‍. ഖാദറിന്‍െറ അമ്മഭാഷ മലയാളമല്ല, ബര്‍മീസാണ്. ഏഴുവയസ്സുവരെ അവന്‍ ഓടിനടന്നത് റങ്കൂണിലെ ഐരാവതി തീരത്തുള്ള ബില്ലിന്‍ഗ്രാമത്തിലൂടെ. പഗോഡ എന്നറിയപ്പെടുന്ന ഉത്സവപ്പറമ്പുകളിലെ ഉത്സവാഘോഷങ്ങളാണ് അവന്‍െറ ശൈശവ കാല ഓര്‍മ.

പക്ഷേ, ബര്‍മീസ് മാതൃഭാഷയായ ഉസ്സങ്ങാന്‍റകത്ത് അബ്ദുല്‍ ഖാദറെ, ഏഴുവയസ്സുവരെ കേരളം കണ്ടിട്ടില്ലാത്ത, മലയാളം അറിഞ്ഞുകൂടാത്ത ആ ബാലനെ ഇന്ന് ലോകം അറിയും. യു.എ. ഖാദര്‍. ഇന്ന് എണ്‍പതിന്‍െറ നിറവടിവില്‍. എണ്‍പതോളം പുസ്തകങ്ങളെഴുതി, തൃക്കോട്ടൂരിന്‍െറ കഥകളെഴുതി മലയാളികളുടെ ഹൃദയത്തില്‍ കൂടുകൂട്ടിയ വലിയ എഴുത്തുകാരനാണിന്ന് യു.എ. ഖാദര്‍. മാതൃഭാഷ മലയാളമല്ലാതിരുന്നിട്ടും ഏഴു വയസ്സിനുശേഷം മലയാളം പഠിച്ച്, മലയാളഭാഷയുടെ തിരുമുറ്റത്ത് ഒരു സിംഹാസനം സ്വന്തമായി വലിച്ചിട്ട് ഖാദര്‍ ഇരിക്കുന്നു. ‘തൃക്കോട്ടൂര്‍ കഥകള്‍’ എഴുതി, ‘ചങ്ങല’പോലുള്ള നോവലുകളെഴുതി, മനസ്സിന്‍െറ മയിലാട്ടങ്ങള്‍ ചിത്രരൂപങ്ങളിലാക്കി ഖാദര്‍ ചിരിക്കുന്നു.

ഒരുപാട് പ്രത്യേകതകളുള്ള എഴുത്തുകാരനാണ് ഖാദര്‍. മുമ്പൊരിക്കല്‍ ഒരു ചാനലിനുവേണ്ടി ഖാദര്‍ക്കയുടെ കൂടെ ഖാദര്‍ കഥകളുടെ പശ്ചാത്തലം തേടി സഞ്ചരിച്ച ഓര്‍മ. അമ്പലങ്ങള്‍, മഖാമുകള്‍, പള്ളികള്‍, ഖാദര്‍ക്കയുടെ തറവാട്, ചാലിയത്തെരുവ്, സര്‍പ്പക്കാവ്... ദേശത്തില്‍ ഇത്രയേറെ വേരുകളാഴ്ത്തിയ മറ്റൊരു എഴുത്തുകാരനില്ല. ‘പള്ളികള്‍, അവിടത്തെ നേര്‍ച്ചകള്‍, ത്വരീഖത്ത് ഒക്കെ എനിക്ക് പരിചയമുണ്ട്. തൃക്കോട്ടൂര്‍ കഥകളായതുകൊണ്ട് അമ്പലങ്ങളെക്കുറിച്ചും എനിക്കറിയാം. എല്ലാ മൗലൂദുകളും മന$പാഠമായിട്ടുള്ള ഒരു എഴുത്തുകാരന്‍ ഞാനാണ്. അതുപോലെ ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും എനിക്ക് പരിചിതമാണ്. തൃക്കോട്ടൂര്‍ കഥകളെഴുതുമ്പോള്‍ അതുപയോഗിച്ചിരുന്നു. ബാല്യം നഷ്ടപ്പെട്ടതിനാല്‍ അത് തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമമായിരുന്നു ഞാന്‍ നടത്തിയത്’ -ഖാദര്‍ പറയുന്നു.

ആധുനികത കേരളത്തില്‍ അരങ്ങ് തകര്‍ത്തപ്പോള്‍ നമ്മുടെ ജീവിതവുമായി ബന്ധമില്ലാത്ത, കടംവാങ്ങിയ ദര്‍ശനത്തിന്‍െറ തൂവലില്‍ മിനുങ്ങിനടന്ന കുറെ എഴുത്തുകാരാണ് ഇവിടെ ആടിത്തിമര്‍ത്തത്. അക്കൂട്ടത്തില്‍ യു.എ. ഖാദര്‍ ഉണ്ടായിരുന്നില്ല. ചെരിപ്പിനനുസരിച്ച് കാലുമുറിക്കാന്‍ ഈ കഥാകൃത്ത് കൂട്ടാക്കിയില്ല. അന്നും ഇന്നും രചനകളുടെ കാര്യത്തില്‍ ഖാദറിന് ചില ഉറച്ച നിലപാടുകളുണ്ട്. ഖാദര്‍ പറയുന്നു: ‘ഞാനെന്‍െറ മുരിങ്ങാച്ചോട്ടിലെ ഇലപ്പഴുതുകളിലൂടെയാണ് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയതും എണ്ണിയതും.’

തനിയെ തന്‍െറ കാലടിവെച്ച് ആരെയും കൂസാതെ യാത്രചെയ്താണ് ഖാദര്‍ സാഹിത്യത്തില്‍ ഇവിടെവരെ എത്തിയത്. ഈ എഴുത്തുകാരനെ കണ്ടത്തെിയതും തുണച്ചതും സി.എച്ച്. മുഹമ്മദ്കോയ എന്ന പത്രാധിപരായിരുന്നു. ‘എന്‍െറ സാഹിത്യജീവിതത്തില്‍ വലിയ കടപ്പാട് സി.എച്ചിനോടാണ്. അയല്‍പക്കത്തെ അനാഥക്കുട്ടിയുടെ ദു$ഖം ശമിപ്പിക്കാന്‍ ‘ബാല്യകാലസഖി’ ആദ്യം വായിക്കാന്‍ തന്നത് സി.എച്ച് ആണ്. ആദ്യത്തെ കഥ അച്ചടിച്ചുവന്നതും സി.എച്ചിന്‍െറ കൈകളിലൂടെയാണ്’ -ഖാദര്‍ പറയുന്നു. എഴുത്തുകാരില്‍ എം. ഗോവിന്ദനും ബഷീറും ടി. പത്മനാഭനും മാത്രമാണ് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചത്.

തലമുറകളെ കള്ളിതിരിച്ചുനിര്‍ത്തിയ നമ്മുടെ നിരൂപകരല്ല യു.എ. ഖാദര്‍ എന്ന കഥാകാരനെ ശ്രദ്ധേയനാക്കിയത്. മനുഷ്യന്‍െറ ഹൃദയപക്ഷത്തുനിന്ന ഈ എഴുകാരന്‍െറ രചനകളെ വായനക്കാര്‍ സ്വന്തം ഹൃദയത്തില്‍ പ്രതിഷ്ഠിക്കുകയായിരുന്നു. ഗ്രൂപ്പുകള്‍ക്കും ക്ളിക്കുകള്‍ക്കുമതീതനായി ഒരജ്ഞാത ജ്യോതിസ്സായി അധികാരപൂര്‍വം കടന്നുവന്ന് നമ്മുടെ കഥാസാഹിത്യത്തിന്‍െറ മുന്‍നിരയില്‍ നില്‍ക്കുന്നു ഖാദര്‍ കഥകള്‍. വാക്കുകള്‍ക്ക് പിശുക്കു കാണിക്കുന്ന സ്വഭാവം ഖാദറിനില്ല. സ്വല്‍പം പരിഹാസത്തോടെ നാടന്‍കഥ പറയുന്ന മട്ടില്‍ പലപ്പോഴും ഇദ്ദേഹം തൃക്കോട്ടൂരിന്‍െറ ചരിത്രം വിരചിക്കുന്നു.

സൗന്ദര്യംകൊണ്ടും തന്‍േറടംകൊണ്ടും ആണുങ്ങളെ അടിയറവ് പറയിപ്പിക്കുന്ന പെണ്ണുങ്ങള്‍ ഖാദറിന്‍െറ ഇഷ്ട കഥാപാത്രങ്ങളാണ്. മാധവി, കെട്ടിയവന്‍ തട്ടാന്‍ ചന്തുക്കുട്ടിയോട് പറയുന്നു: ‘ഉള്ളത് നക്കി ചെലക്കാണ്ട് കെടന്നോളിന്‍. കപ്പ മാന്തിക്കണ്ട. എനിക്കിഷ്ടംപോലെ കുറി നടത്ത്വേ, കണക്ക് എഴുതിക്വേ ചെയ്യും. ചോദിക്കാനും പറയാനും നിങ്ങളാരാ? പുതുപ്പണം വാഴുന്നോരോ? തച്ചോളി മേപ്പയില്‍ തേനക്കുറുപ്പോ? (തട്ടാന്‍ ഇട്ട്യേമ്പി) ആരാന്‍െറ ആഭരണങ്ങളെക്കുറിച്ചും ആരാന്‍െറ കുറ്റങ്ങളെക്കുറിച്ചും ആരായുന്ന ഉമ്മപ്പെണ്ണുങ്ങളും റാക്കുഷാപ്പും റങ്കൂണില്‍നിന്നു തിരിച്ചുവന്ന മാപ്പിളമാരും ഖാദര്‍കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നു.

മുസ്ലിം സാമൂഹികജീവിതം തീക്ഷ്ണമായി വരച്ചിട്ട നോവലാണ് ‘ചങ്ങല’. എന്‍.കെ. ദാമോദരന്‍െറ ആമുഖത്തോടെയാണ് അത് പുസ്തകമായത്. മുസ്ലിംകളുടെ ‘ഇന്ദുലേഖ’ എന്നാണ് അക്കാലത്ത് അത് വിശേഷിപ്പിക്കപ്പെട്ടത്. എന്തുകൊണ്ടോ ആ കൃതി മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. ആ ജീവിതപശ്ചാത്തലംവെച്ച് മറ്റ് ചിലര്‍ എഴുതിയത് പലപ്പോഴും ‘ചങ്ങല’യോളം മികച്ചതല്ലാതിരുന്നിട്ടും അവ ആഘോഷിക്കപ്പെട്ടു. പക്ഷേ, മലയാളത്തിലെ ഒരു ക്ളാസിക് കൃതിയായി ചങ്ങല വരുംകാലങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടും. വടക്കന്‍  പാട്ടുകളും നാടന്‍ശൈലികളും ഖാദറിനെ സ്വാധീനിച്ചിട്ടുണ്ട്. ആ കഥകളില്‍ മണ്ണിന്‍െറ ഗന്ധമുണ്ട്. ചരിത്രകാരന്മാര്‍ ഗ്രാമചരിതം പറയുംപോലെ ചൊടിയും ചുണയുമുള്ള ഭാഷയില്‍ ഖാദര്‍ കഥ പറയുന്നു. ‘ഖാദറിന്‍െറ ചരിത്രകാരന്‍ ചിത്രകാരനുമാണ്. ചിത്രങ്ങളിലൂടെ മാത്രം ചരിത്രം കാണുമ്പോള്‍ ഓര്‍മകള്‍ കഥകളായും അതിലൂടെ അവ മറ്റുള്ളവരുടെ ഓര്‍മകളിലും അങ്ങനെ ഓര്‍മകളുടെ വലിയൊരു വലയായും പരിണമിക്കുന്നു’-ഇ.വി. രാമകൃഷ്ണന്‍ നിരീക്ഷിക്കുന്നു. സ്വത്വ രാഷ്ട്രീയത്തിന്‍െറ സന്ദര്‍ഭത്തില്‍ വായിക്കേണ്ട നോവലാണ് ‘അഘോരശിവം’ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഖാദറിലെ ചിത്രകാരന്‍ തെയ്യങ്ങളുടെ ദൃശ്യവിസ്മയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതില്‍ അദ്ഭുതമില്ല എന്ന് കെ.പി. മോഹനന്‍. എന്നാല്‍, അത്രക്കത്രക്ക് ഇസ്ലാമിക മതബോധം പുലര്‍ത്തുന്ന ഒരു ‘മാപ്ളക്കുട്ടി’യുടെ മനസ്സും ഖാദറിനുണ്ട് എന്ന് അദ്ദേഹം പറയുന്നു.
മലയാളത്തില്‍ ഒട്ടേറെ എഴുത്തുകാരുണ്ട്. ജന്മംമുതല്‍ മുലപ്പാലിനൊപ്പം മാതൃഭാഷ നുണഞ്ഞ് എല്ലാ സൗഭാഗ്യങ്ങളോടെയും വളര്‍ന്നവര്‍. എന്നാല്‍, യു.എ. ഖാദര്‍ അങ്ങനെയായിരുന്നില്ല. മറ്റൊരു നാട്ടില്‍നിന്നത്തെി ഏറെക്കഴിഞ്ഞ് മലയാളം പഠിച്ച ഒരാള്‍. മാതൃഭാഷയല്ല, പിതൃഭാഷയാണ് ഖാദറിന് മലയാളം. എന്നിട്ടും പലരെയും പിന്നിലാക്കി അക്ഷരങ്ങള്‍കൊണ്ട് കരവിരുതുണ്ടാക്കുന്ന വിദ്യ അദ്ദേഹം സ്വന്തമാക്കി. ‘അക്ഷര’ത്തിലിരുന്ന് മലയാളികളെ മോഹിപ്പിക്കുന്ന ഒട്ടേറെ കൃതികളെഴുതി. 80ന്‍െറ നിറവിലും ഖാദറിന്‍െറ പ്രാര്‍ഥന ഇങ്ങനെ: ‘എപ്പോഴും എപ്പോഴും ഉറയുവാനും  തട്ടകം കിടുങ്ങേ കാര്യം വിളിച്ചോതുവാനും കഥ എന്നില്‍ ആവേശിച്ചു കയറേണമേ? അതിനുള്ള കഥാന്തരീക്ഷത്തിന്‍െറ കേളികൊട്ടുകള്‍ എന്‍െറ ചുറ്റും മുഴങ്ങേണമേ?’ യു.എ. ഖാദര്‍ സ്വന്തം മുരിങ്ങാച്ചുവട്ടിലിരുന്ന് ആകാശത്തിലെ നക്ഷത്രങ്ങള്‍ നോക്കുന്നു. ജ്വലിക്കുന്ന, വിസ്മയിപ്പിക്കുന്ന ആ നക്ഷത്രങ്ങള്‍ അദ്ദേഹം വായനക്കാര്‍ക്കും കാട്ടിക്കൊടുക്കുന്നു.
Show Full Article
TAGS:ua khader 
Next Story