ദേശീയപാത വികസനം സംബന്ധിച്ച് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ ആരംഭിച്ചിട്ട് 12 വര്‍ഷത്തോളമായി. 30 വര്‍ഷം മുമ്പ് ഏറ്റെടുത്ത 30 മീറ്റര്‍ വീതിയിലുള്ള സ്ഥലം വെറുതെ കിടക്കുകയാണ്. പാതകള്‍ ഇപ്പോഴും ഇടുങ്ങിയതായിത്തന്നെ തുടരുന്നു. 45 മീറ്റര്‍ സ്ഥലമെടുത്താല്‍ മാത്രമേ ദേശീയ പാത വികസിപ്പിക്കാന്‍ കഴിയൂ എന്ന് ദേശീയപാത അതോറിറ്റി വാശിപിടിക്കുന്നു. അതും ബി.ഒ.ടി മാതൃകയില്‍ മാത്രം. കേരളത്തിലെ ആവാസവ്യവസ്ഥയും ജനസാന്ദ്രതയും റോഡിനിരുവശവും നടന്നിട്ടുള്ള റിബണ്‍ മാതൃകയിലുള്ള വികസനവും ഭൂമിവിലയും എല്ലാം പരിഗണിക്കുമ്പോള്‍ 45 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുക്കുക എന്നത് വലിയൊരു പ്രശ്നംതന്നെയാണ്. അതിന്‍െറ ചെലവും സാമൂഹിക-പാരിസ്ഥിതിക പ്രശ്നങ്ങളും പുനരധിവാസം സംബന്ധിച്ച ബുദ്ധിമുട്ടുകളും ആര്‍ക്കും എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. സ്വന്തമായുള്ള ഏക തുണ്ട് ഭൂമിയും കിടപ്പാടവും അല്ളെങ്കില്‍ ചെറിയ വ്യാപാര സ്ഥാപനവുമില്ലാതായാല്‍ തങ്ങള്‍ തെരുവാധാരമാകും എന്നറിയാവുന്ന ജനങ്ങള്‍ ഇതിനെ പ്രതിരോധിക്കുമ്പോള്‍ മറ്റുള്ളവര്‍ റോഡ് വികസനത്തിന് ഈ ഇരകളെ തടസ്സക്കാരായിക്കാണുന്നു. പലരും പറയുന്ന നല്ല പാക്കേജും പുനരധിവാസവും നല്‍കാന്‍ സര്‍ക്കാര്‍ തയാറായാല്‍ ഈ പദ്ധതി സാമ്പത്തികമായിപ്പോലും നടപ്പാക്കാന്‍ കഴിയാത്തതാണെന്ന് കാണാനും വിഷമമില്ല.
ഇതിനെല്ലാം പുറമെ ബി.ഒ.ടി വഴി അടിച്ചേല്‍പിക്കുന്ന ടോള്‍ ജനങ്ങള്‍ക്കാകെ വലിയ ഭാരമാകുമെന്ന് പാലിയക്കരയിലെ ടോള്‍ബൂത്തിലൂടെ ഒരു പ്രാവശ്യം പോകുന്നവര്‍ തിരിച്ചറിയുന്നു. എല്ലാ ഉപഭോഗവസ്തുക്കളും ഇതരസംസ്ഥാനത്തുനിന്ന് റോഡ് വഴി കേരളത്തിലത്തെുമ്പോള്‍ ചരക്കുവണ്ടിയുടെ ഡീസല്‍ച്ചെലവിനേക്കാളേറെ ടോള്‍ നല്‍കേണ്ടിവരുന്നതുവഴി എല്ലാ ജനങ്ങള്‍ക്കും ഇതു ഭാരമാകുന്നു. ബി.ഒ.ടി റോഡെന്നാല്‍ അതിവേഗത്തിലും സുരക്ഷിതമായും പോകാന്‍ കഴിയുന്ന ഒന്നാണെന്ന തെറ്റിദ്ധാരണയും ഇടപ്പള്ളി മണ്ണുത്തി പാത തെളിയിക്കുന്നു. 45 മീറ്റര്‍ ഏറ്റെടുത്തിട്ടും 14 മീറ്ററില്‍ മാത്രം നാലുവരി റോഡ് നിര്‍മിക്കുന്നു. മിക്കയിടത്തും സര്‍വിസ് റോഡ് പോലുമില്ല, ബസ് നിര്‍ത്താന്‍ ഷെല്‍ട്ടര്‍ ഇല്ല. ഇരുപതില്‍പരം സിഗ്നലുകള്‍ വരുക വഴി ശരാശരി വേഗം വളരെ കുറയുന്നു. പലയിടത്തും നീണ്ട ഗതാഗതക്കുരുക്കുണ്ടാകുന്നു. ഇനിയും ഇത്തരം പാതകളാണോ നമുക്ക് വേണ്ടത് എന്ന് എല്ലാവരും ചിന്തിക്കേണ്ട സമയമായി.
നമുക്ക് നാലുവരിപ്പാത അനിവാര്യമാണ്. 30 വര്‍ഷം മുമ്പ് സ്ഥലമേറ്റെടുത്തിട്ട് ഇപ്പോഴും പാത നിര്‍മിക്കാത്തതിന് കുടിയൊഴിക്കപ്പെടുന്ന ജനങ്ങളോ അവരെ സഹായിക്കുന്നവരോ ആണ് തടസ്സമെന്ന രീതിയില്‍ പ്രചാരണം നടത്തി, ജനങ്ങളെ തമ്മിലടിപ്പിച്ച്, അവര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തി കാര്യം നടത്താമെന്നോ സര്‍ക്കാര്‍ കരുതുന്നത്? സ്ഥലമേറ്റെടുക്കല്‍ എന്ന കടമ്പ അത്ര എളുപ്പം കടക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ദേശീയപാത വികസനം സംബന്ധിച്ച എല്ലാവിധ വസ്തുതകളും കണക്കുകളും ഉള്‍ക്കൊള്ളിച്ച് ഒരു ധവളപത്രം സര്‍ക്കാര്‍ പുറത്തിറക്കണം എന്നാണ് സമരസമിതികളും ദേശീയപാത സംരക്ഷണ സമിതിയും ആവശ്യപ്പെടുന്നത്.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ ഉടനെതന്നെ കേരളത്തിന്‍െറ സാമ്പത്തികസ്ഥിതി സംബന്ധിച്ച ധവളപത്രം ഇറക്കി. പാരിസ്ഥിതിക ധവളപത്രം ഇറക്കുമെന്ന് അവരുടെ മാനിഫെസ്റ്റോ തന്നെ പറയുന്നു. അതുപോലെ കേരളീയരെ മുഴുവന്‍ ബാധിക്കുന്ന ഒരു പ്രധാന വിഷയമെന്നനിലയില്‍ എല്ലാവരുടെയും തെറ്റിദ്ധാരണകള്‍ മാറ്റുന്നതിന് ദേശീയപാത വിഷയത്തിലും ഇതിനു സര്‍ക്കാര്‍ തയാറായാല്‍ സുതാര്യതയോടെ മുന്നോട്ടുപോകാം. ആരാണ് വികസനത്തിന് തടസ്സമെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകുകയും ചെയ്യും.
ഈ ധവളപത്രത്തില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് ഞങ്ങള്‍ കരുതുന്ന കാര്യങ്ങള്‍ താഴെ പറയുന്നു. ഇതിനപ്പുറം ഏതു വിവരങ്ങളും സര്‍ക്കാറിനോ പൊതുസമൂഹത്തിനോ കൂട്ടിച്ചേര്‍ക്കാം.
1 . 30 മീറ്റര്‍ സ്ഥലമേറ്റെടുത്ത് വികസനം നടത്താന്‍ ഇനി എത്ര ഭൂമി ഏറ്റെടുക്കണം? അതിന് എത്ര മതിപ്പുവില വരും? അതില്‍ എത്ര കെട്ടിടങ്ങള്‍ (വീടുകള്‍, കടകള്‍, ചെറുകിട സ്ഥാപനങ്ങള്‍, സ്കൂളുകള്‍, ദേവാലയങ്ങള്‍, ആശുപത്രികള്‍ മുതലായവ) ഉണ്ടാകും? ഇവ പൊളിക്കുന്നതിന് നല്‍കേണ്ടിവരുന്ന പണമെത്ര? ഇതില്‍ കുടിയൊഴിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ എത്ര ഭൂമി വേണം, എവിടെ അതു കിട്ടും? അതിനെത്ര ചെലവ് വരും?
2. ഇത് 45 മീറ്റര്‍ വീതിയിലാക്കിയാല്‍ എത്ര അധികഭൂമി വേണ്ടിവരും? അതിന് എത്ര മതിപ്പുവില വരും? അതില്‍ എത്ര കെട്ടിടങ്ങള്‍ (വീടുകള്‍, കടകള്‍, ചെറുകിട സ്ഥാപനങ്ങള്‍, സ്കൂളുകള്‍, ദേവാലയങ്ങള്‍, ആശുപത്രികള്‍ മുതലായവ) ഉണ്ടാകും? ഇവ പൊളിക്കുന്നതിനു നല്‍കേണ്ടിവരുന്ന പണമെത്ര? ഇതില്‍ കുടിയൊഴിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ എത്ര ഭൂമി വേണം, എവിടെ അതു കിട്ടും? അതിനെത്ര ചെലവുവരും?
മേല്‍പറഞ്ഞ രണ്ട് അവസ്ഥകളിലും ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനുമായി സര്‍ക്കാര്‍ നീക്കിവെക്കുന്ന തുക എത്രയാണ്? (കാലതാമസം തല്‍ക്കാലം കണക്കിലെടുക്കുന്നില്ല). ഇക്കഴിഞ്ഞ ബജറ്റില്‍ ദേശീയപാത, ഗെയില്‍ പൈപ്പ്ലൈന്‍, വിമാനത്താവളങ്ങള്‍ എന്നിവയുടെ ഭൂമി ഏറ്റെടുക്കലിനായി 8000 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി പറഞ്ഞിരുന്നു. ഇതില്‍ ഓരോന്നിനും എത്ര വകയിരുത്തിയിട്ടുണ്ട്? ആ തുക മതിയാകുമോ മുമ്പ് കണക്കാക്കിയ രീതിയില്‍ പുനരധിവാസ പാക്കേജ് നടപ്പാക്കാന്‍? ഈ തുക വളരെ കുറവാണെന്നു കണ്ടാല്‍ എന്തു ചെയ്യും?
3. റോഡ് നിര്‍മിക്കാന്‍ എത്ര ചെലവ് വരും? അതില്‍ എത്ര സര്‍ക്കാര്‍ ഗ്രാന്‍റായി നല്‍കുന്നു? 45 മീറ്റര്‍ ഏറ്റെടുത്ത് റോഡ് നിര്‍മിക്കുന്നതിന് വരുന്ന അധികച്ചെലവും റോഡ് നിര്‍മാണത്തിനായുള്ള ചെലവും തമ്മില്‍ എന്തു താരതമ്യം ഉണ്ട്? ഭൂമി ഏറ്റെടുക്കല്‍ ചെലവ് റോഡ് നിര്‍മാണത്തിന്‍െറ പല മടങ്ങാകുമെങ്കില്‍ പിന്നെ ബി.ഒ.ടിക്ക് സര്‍ക്കാര്‍ പോകുന്നതെന്തിന്?
4. ഭൂമികുറവും ഉയര്‍ന്ന വിലയും മൂലം നാം ഫ്ളാറ്റ് സംവിധാനത്തിലേക്ക് മാറുന്നു. അതുപോലെ വാഹനങ്ങള്‍ പെരുകുന്ന ഇന്നത്തെ സാഹചര്യങ്ങളും ഭാവി ആവശ്യങ്ങളും കണക്കിലെടുത്ത് എന്തുകൊണ്ട് പല വിദഗ്ധരും നിര്‍ദേശിക്കുന്ന എലവേറ്റഡ് ഹൈവേ എന്ന മാര്‍ഗം സ്വീകരിച്ചുകൂടാ? 45 മീറ്ററിന്‍െറ അധികച്ചെലവും അല്‍പം പണവും കൂട്ടിച്ചേര്‍ത്താല്‍ അതു സാധ്യമാകുമെങ്കില്‍ നമുക്ക് എട്ടുവരിപ്പാത ലഭിക്കില്ളേ? കുടിയൊഴിക്കല്‍ എന്ന വലിയൊരു സാമൂഹികപ്രശ്നവും ഒഴിവാക്കാനാകില്ളേ? പദ്ധതി വേഗം പൂര്‍ത്തിയാക്കാനും കഴിയും. ഈ മേല്‍പാത പൊതുവഴി അല്ളെന്നതിനാല്‍ അതിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തിയാല്‍ ആരും എതിര്‍ക്കില്ല.
5 . പാലിയക്കരയിലെ ടോള്‍പിരിവിലെ വരുമാനം എത്ര? വരുന്ന 10/20/30 വര്‍ഷക്കാലം ഈ കമ്പനി എത്ര ടോള്‍ പിരിക്കും? അവരുടെ നിര്‍മാണ നടത്തിപ്പ് ചെലവ് കഴിഞ്ഞുള്ള ലാഭമെത്ര? സര്‍ക്കാര്‍തന്നെ റോഡ് നിര്‍മിച്ച് ഇതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ടോള്‍ പിരിച്ചാല്‍ എത്ര വര്‍ഷം കൊണ്ട് മുടക്കുമുതല്‍ തിരിച്ചുകിട്ടും?
6 . ഈ നിരക്കില്‍ ഇവര്‍ ടോള്‍ പിരിക്കുമ്പോള്‍ ഗതാഗതച്ചെലവില്‍ (യാത്ര, ചരക്ക് മുതലായവയില്‍) സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ഉണ്ടാകുന്ന അധിക ഭാരം എത്ര?
7 . 45 മീറ്റര്‍ ഏറ്റെടുത്ത ഇടങ്ങളില്‍ അതിലെത്രമാത്രം ഉപയോഗിച്ചിട്ടുണ്ട്? 30 മീറ്ററില്‍ നിര്‍മിച്ച കരമന കളിയിക്കാവിള ആറുവരി ദേശീയപാതയെക്കാള്‍ എന്തു മെച്ചമാണ് ഇടപ്പള്ളി മണ്ണുത്തി നാലുവരി റോഡിനുള്ളത്?
8 . ഇടപ്പള്ളി മണ്ണുത്തി ടോള്‍പാതയിലെ സൗകര്യങ്ങള്‍ എത്രമാത്രമുണ്ട്? വര്‍ഷങ്ങള്‍ക്കുമുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയ സൗകര്യങ്ങള്‍ അവിടെ ഒരുക്കിയിട്ടുണ്ടോ? (സര്‍വിസ് റോഡ്, ബസ്ബേകള്‍, വഴിവിളക്കുകള്‍, നടപ്പാതകള്‍ മുതലായവ). അവിടെ ലഭിക്കുന്ന ശരാശരി വേഗം എത്ര? ഇവര്‍ പ്രവചിക്കുന്നതുപോലെ ഇന്ധനച്ചെലവിലോ വാഹനക്കുരുക്കിലോ മലിനീകരണത്തിന്‍െറ തോതിലോ അപകടങ്ങളിലോ കാര്യമായ കുറവുണ്ടോ? (അഥവാ കൂടുതലുണ്ടോ?)
ഇനിയും നിരവധി കാര്യങ്ങള്‍ ഉണ്ടാകാം. അത് രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരും വിദഗ്ധരും സമരസമിതി പ്രവര്‍ത്തകരുമെല്ലാമായി ചര്‍ച്ചചെയ്ത് തീരുമാനിക്കണം. ഈ ധവളപത്രം പൊതുസമൂഹം ചര്‍ച്ചചെയ്യട്ടെ. ഇതിലൂടെ 45 മീറ്റര്‍തന്നെ വേണമെന്ന് തീരുമാനിക്കപ്പെട്ടാല്‍ അതിനാരും എതിരുനില്‍ക്കില്ല. ഈ ധവളപത്രം മറിച്ചാണ് തെളിയിക്കുന്നതെങ്കില്‍ നിലപാട് മാറ്റാന്‍ സര്‍ക്കാറും തയാറാകണം. ഇത്തരം പ്രവര്‍ത്തനം വഴി മുഴുവന്‍ സമൂഹത്തിന്‍െറയും പിന്തുണയോടെ ദേശീയപാത വികസനം സര്‍ക്കാറിന് വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാം.